ഗുരുദേവനില്‍ മഹാത്മജി കണ്ടെത്തിയ സത്യദര്‍ശനം വിശ്വാമാകെ സ്വീകാര്യമാകട്ടെ

മഹാത്മജി - ഗുരുദേവ സമാഗമത്തിന് ഇന്ന് ശതാബ്ദി

സ്വാമി ശാരദാനന്ദ
        ട്രഷറര്‍
  ശ്രീനാരായണ ധര്‍മ്മസംഘംട്രസ്റ്റ്

 

"തിരുവിതാംകൂര്‍ രാജ്യം സന്ദര്‍ശിക്കാനിടയായതും പുണ്യാത്മാവായ  ശ്രീനാരായണ ഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദര്‍ശിക്കാന്‍ ഇടയായതും എന്‍റെ ജീവിതത്തിലെ പരമഭാഗ്യമായി ഞാന്‍ കരുതുന്നു". ശ്രീനാരായണ ഗുരുദേവനെ നേരില്‍ കണ്ട ശേഷം മഹാത്മാഗാന്ധിജി രേഖപ്പെടുത്തിയതാണ് മേല്‍പ്പറഞ്ഞ മൊഴികള്‍. ലോകം ഗുരുദേവന് തുല്യമായി പിന്നീടങ്ങോട്ട് മറ്റൊരു പുണ്യാത്മാവിനെ ദര്‍ശിച്ചിട്ടില്ലായെന്ന് കാണാനാകുന്നു. യുഗസൃഷ്ടാവായ ഗുരുദേവന്‍റെ അവതാരം ലോകത്തെ നവീകരിക്കുകയെന്നതിന് വേണ്ടിയായിരുന്നു. ഒരു മഹാത്മാവിനും കൈവരിക്കാനാവാത്ത സ്വീകാര്യതയാണ് ഗുരുദേവനുള്ളത്. ഏതെങ്കിലും ഒരു പ്രത്യേക ജനവിഭാഗത്തിന്‍റെ ഇടയില്‍ പ്രവര്‍ത്തിച്ച് അവരുടെ മാത്രം പുരോഗതിയായിരുന്നില്ല ഗുരുദേവന്‍ ലക്ഷ്യം വച്ചിരുന്നത്. വിശ്വമാകെയുള്ള ജനതയെ ഏകമായി ദര്‍ശിച്ചുകൊണ്ട് മാനവ സമൂഹത്തിന്‍റെ പരിപൂര്‍ണ്ണമായ ഉന്നതി ഗുരുദേവന്‍ ലക്ഷ്യം  വയ്ക്കുകയായിരുന്നു. 'മനുഷ്യാണാം മനുഷ്യത്വം' എന്ന തിരുവാക്കുകളിലൂടെ മനുഷ്യനു വേണ്ടത്  മനുഷ്യത്വമെന്ന് ഗുരു പ്രഖ്യാപിച്ചു. അവിടെ വേറൊരു ഭേദചിന്തകള്‍ക്കും അടിസ്ഥാനമില്ലായിരുന്നു. അതുകൊണ്ടാണ് ഗുരുദേവദര്‍ശന ത്തിനെത്തുമ്പോള്‍ മഹാത്മജിയുടെ ചിന്തയിലുണ്ടായിരുന്ന പലതും ഉപേക്ഷിക്കേണ്ടി വന്നതും. ഗാന്ധിജി ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദര്‍ശിച്ചതിന്‍റെ ശതാബ്ദി ഇന്ന് നാം ആഘോഷിക്കുമ്പോള്‍ മനുഷ്യമനസ്സുകളിലേക്ക് കൂടുതല്‍ പ്രകാശം ചൊരി യേണ്ടതുണ്ട്. ഗുരുവിന്‍റെ മനമറിഞ്ഞ മഹാത്മജീ  പിന്നീടങ്ങോട്ട് നയിച്ച ജീവിതത്തി ലുടനീളം പാലിച്ചത് മഹാഗുരുവില്‍ നിന്നും ലഭ്യമായ ചിന്തകളുടെ വീഥിയിലൂടെ യായിരുന്നു. ഗാന്ധിജിയുടെ തായി പ്രസിദ്ധീകരിച്ചു  പോന്ന യങ് ഇന്ത്യ പത്രം ഹരിജനെന്ന പേരിലായി തുടര്‍പ്രസിദ്ധീ കരണം. ജാതി സമ്പ്രദായം പ്രകൃതിയുമായി ബന്ധപ്പെട്ട ഒന്നായിരുന്നുവെന്ന വാദത്തില്‍ നിന്നും ഗുരുദേവന്‍റെ നിലപാട് ഏറ്റെടുത്തശേഷം മാറ്റേണ്ടതായി വന്നു ഗാന്ധിജിക്ക്. ഗുരുദേവനെ ഒരു മാതൃകാപുരുഷനായി ഉള്‍ക്കൊള്ളുവാന്‍ കഴിഞ്ഞു. അതുവരെ വിചാരിച്ചു പോന്ന പലതില്‍ നിന്നും പിന്തിരിപ്പിയാന്‍ ഗാന്ധിജി ശ്രദ്ധിച്ചു. പിന്നീടങ്ങോട്ട് ഗുരുദേവന് തുല്യം മറ്റൊരവതാരം സംഭവിച്ചിട്ടില്ലായെന്നും കൂടി തിരിച്ചറിഞ്ഞു. ഈതിരിച്ചറിവാണ് ലോകം ഗുരുദേവനും ഗുരുദേവ ദര്‍ശനത്തിനും നല്‍കിവരുന്ന മഹത്വമേറിയ അംഗീകാരം.


മഹാപുരുഷന്മാരുടെ ജീവിതദര്‍ശനം ലോകത്തിനെന്നും വഴി കാട്ടുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം. ഗുരുദേവന്‍റെ ആ ദര്‍ശനമഹിമ ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിരുന്നു. ഗാന്ധിജിയെ ഏറെ സ്വാധീനിച്ചിരുന്നുവെന്നതിനാലാണ് 1925 മാര്‍ച്ച് 12 ലെ ശിവഗിരി സന്ദര്‍ശനത്തിന് പിന്നാലെ രണ്ടുതവണകൂടി ശിവഗിരിയില്‍ എത്തുവാന്‍ മഹാത്മജിയെ പ്രേരിപ്പിച്ചതെന്ന്  ചിന്തിക്കാം. ഗുരുദേവന്‍ സ:ശരീരനായിരിക്കെ ശിവഗിരിയിലെത്തിയതിനു പിന്നാലെ ഗുരുവിന്‍റെ മഹാസമാധിയെത്തുടര്‍ന്ന് 1934, 1936 വര്‍ഷങ്ങളിലായി പിന്നീടുള്ള സന്ദര്‍ശനം. ഈ സന്ദര്‍ശനങ്ങളിലൂടെ കണ്ടെത്താനാവുക ഗുരുദേവനും ഗുരുദര്‍ശനവും അത്രമാത്രം മഹാത്മജിയുടെ മനസ്സ് കീഴടക്കുകയുണ്ടായി എന്നതാണ.് ഗുരുദേവന്‍റെ സത്യദര്‍ശനം തന്‍റെ വിചാരവീഥികളില്‍ വരുത്തിയ മാറ്റത്താലാണ് ഗുരുസ്വാമി തൃപ്പാദങ്ങളെ സന്ദര്‍ശിക്കാനിടയായത് തന്‍റെ ജീവിതത്തിലെ പരമഭാഗ്യമായി എന്ന് രേഖപ്പെടുത്തിയത്. മഹാത്മജിയുടെ ഈ വരികള്‍ ഇന്നും ലോകജനതയുടെ മനസ്സില്‍ മായാതുള്ള സുവര്‍ണ്ണ രേഖയായി നിലകൊള്ളുന്നുണ്ട്.


ലോകം ഓരോ പ്രതിസന്ധിഘട്ടങ്ങളെയും അഭിമുഖീകരിക്കേണ്ടി വരുമ്പോഴൊ ക്കെയും ലോകമനസ്സിലേക്ക് കടന്നുവരുന്നതു ഗുരുദേവനും ഗുരുദേവദര്‍ശനവുമാണ് അതുവഴി നാമറിയേണ്ടതു നിത്യപ്രകാശമാണ്, ഗുരുവും ഗുരുദര്‍ശനവും എന്നാണ്. ഇന്നലെകളില്‍ വിശ്വത്തിന് വഴികാട്ടിയായ ഗുരുവും ഗുരുദര്‍ശനവും ഇന്നത്തെയും നാളത്തെയും മാര്‍ഗദീപമായി നിലകൊള്ളും. ചരിത്രത്തെ ഏറെ സ്വാധീനിക്കുകയും ലോകത്തിനൊന്നാകെ സ്വീകാര്യവുമായ ഗുരുദേവനെയും ഗുരുദേവ ചിന്തകളെയും ഏറെ ശോഭയോടുകൂടി ഉലകമാകെ അവതരിപ്പിക്കാന്‍ ഗുരു-ഗാന്ധി സമാഗമ ശതാബ്ദി വേള ഉപകരിക്കണം. അതിനാകട്ടെ എല്ലാ മേഖലയില്‍ നിന്നുമുള്ള തുടര്‍പ്രവര്‍ത്തനങ്ങളും ചിന്തകളും. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മതസാമുദായിക കൂട്ടായ്മകളും ഇനിയുള്ള കാലത്തെ സമാധാനപരമായ അന്തരീക്ഷത്തില്‍ നിലനിര്‍ത്തുവാന്‍ ഒരു ദിവ്യഔഷധമായി മഹാത്മജി ഒരു നൂറ്റാണ്ടിനു മുമ്പ് ദര്‍ശിച്ച മഹായോഗിയും അവിടത്തെ ദിവ്യമായ ഉപദേശങ്ങളുമാകട്ടെ. വരുംലോകം ശ്രീനാരായണ ഗുരുദര്‍ശനത്താല്‍ നിത്യശോഭയില്‍ അധിഷ്ഠിതമാകട്ടെ.