ലോകസമാധാനത്തിന് വഴിതെളിച്ച വത്തിക്കാൻ ലോകമതപാര്‍ലമെന്‍റ്
സച്ചിദാനന്ദ സ്വാമി
'മനുഷ്യരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം' എന്ന് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞുവെച്ചിട്ടുണ്ട്. മനുഷ്യരാശിയുടെ ഏകതയ്ക്ക് വേണ്ടിയാണ് ഗുരു നിലകൊണ്ടത്.
മനുഷ്യരുടെ വാക്കിലും വിചാരത്തിലും പ്രവൃത്തിയിലുമുള്ള സകലവിധ ഭേദങ്ങളേയും വിപാടനം ചെയ്ത് മനുഷ്യരെയെല്ലാം ഒരേയൊരു അദ്വൈതസത്യത്തിന്‍റെ സ്ഫുരണങ്ങള്‍ മാത്രമാണെന്ന് ഗുരു കണ്ടു. അദ്വൈതം ഗുരുദേവനെ സംബന്ധിച്ച് സര്‍വ്വതിന്‍റേയും ഏകതയ്ക്കുവേണ്ടിയുള്ള ദര്‍ശനമായിരുന്നു. ഗുരുദേവന്‍ അദ്വൈതിയായിരുന്നു. അ ദ്വൈതവാദിയായിരുന്നില്ല. അദ്വൈതത്തെ ഒരു ചിന്താപദ്ധതി എന്നതിനപ്പുറത്ത് അതിനെ ഒരു ജീവിതപദ്ധതിയായി പ്രായോഗികവേദാന്തം ഗുരുദേവന്‍ ചമച്ചു. അതിന്‍റെ വെളിച്ചത്തില്‍ ജാതിമത ചിന്തകള്‍ക്കതീതമായി ലോകമെമ്പാടും അധിവസിക്കുന്ന മുഴുവന്‍ ജനതയും ഏകമായ പരംപൊരുളിന്‍റെ ആവിഷ്ക്കാരമായി ദര്‍ശിച്ച ഗുരു 'എല്ലാവരും ആത്മസഹോദരര്‍' എന്ന് പാടി. ഇതാണ് ഗുരുവിന്‍റെ ജീവിതദര്‍ശനം. ഇതിനെ കേന്ദ്രീകരിച്ച് ഗുരുദേവന്‍ ഏകലോകദര്‍ശനം വിഭാവനം ചെയ്തു. ഈ ഏകലോക ദര്‍ ശനത്തിന്‍റെ വെളിച്ചത്തിലാണ് വത്തിക്കാനില്‍ വച്ച് ലോകമത പാര്‍ലമെന്‍റ് നടന്നത്. ശ്രീനാരാ യണ ഗുരുദേവന്‍ ആലുവാ അദ്വൈതാശ്രമ ത്തില്‍ വച്ചു നടത്തിയ സര്‍വ്വമത സമ്മേളനത്തി ന്‍റെ ശതാബ്ദി പ്രമാണിച്ചാണ് ശിവഗിരിമഠം ഈ സമ്മേളനം സംഘടിപ്പിച്ചത്. ക്രിസ്തുദേവന്‍റെ പ്രതിപുരുഷനായി ലോകം അംഗീകരിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആശീര്‍വാദവും അനുഗ്രഹവുമാണ് ഈ സമ്മേളനം സംഘടിപ്പി ക്കുവാന്‍ അവസരമൊരുക്കിയത്. വലിയൊരു ഹൃദയത്തിനുടമയാണ് ശ്രീഫ്രാന്‍സിസ് മാര്‍പാപ്പ. ജീവിച്ചിരിക്കുന്ന ക്രിസ്തുവായി വിലയിരുത്തപ്പെടുന്ന ആ മഹാത്മാവ് വിശ്വഗുരുവിന്‍റെ മഹിമാവ് അറിഞ്ഞുകൊണ്ടാണ് 'ശ്രീനാരായണഗുരു ലോകം ഒരു കുടുംബമാണെന്ന് അഭിപ്രായപ്പെട്ട മഹാനാണ്' എന്ന് പ്രഖ്യാപിച്ചത്. ഇത് കേരളത്തിന്‍റെയും ലോകത്തിന്‍റെയും മതചരിത്രത്തിലെ ഒരു സംഭവമാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഗുരുദേവനെ ലോകം ഉള്‍ക്കൊള്ളുകയായിരുന്നു.
ഗുരുദേവന്‍ പ്രഖ്യാപിച്ച ഏകലോകദര്‍ശനത്തിന്‍റെ ആദ്യ ഉദ്ബോധനമാണ്
ജാതിഭേദം മതദ്വേഷ-
മേതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്.
എന്ന അരുവിപ്പുറം സന്ദേശമെന്നുപറയാം. ജാതിമതഭേദവ്യത്യാസങ്ങള്‍ യാതൊന്നുമില്ലാ തെ സര്‍വ്വജനതയും ഒന്നായി സുഖസമൃദ്ധിയില്‍ സമത്വാധിഷ്ഠിതമായി കഴിയുന്ന ഒരേക ലോക വ്യവസ്ഥിതി ഇതായിരുന്നു ഗുരുവിന്‍റെ ചിന്താമണ്ഡലത്തിലുണ്ടായിരുന്നത്. ഇ തിന്‍റെ അംഗീകാരമാണ് അഭിവന്ദ്യ മാര്‍പാപ്പയില്‍കൂടിയും നിരവധി മതനേതാക്കന്മാരില്‍ നിന്നും വത്തിക്കാനില്‍ വെച്ച് മുഴങ്ങിക്കേട്ടത്. 1888 മുതല്‍ 1928 വരെയുള്ള 40 വര്‍ഷക്കാലം ആയുസ്സും വപുസ്സും ആത്മതപസ്സും ബലിയര്‍പ്പിച്ച് ആഹര്‍നിശം ഗുരുദേവന്‍ കര്‍മ്മപ്രപഞ്ചത്തില്‍ വ്യാപരിച്ചത് സര്‍വ്വരും സഹോദരന്‍മാരായി കഴിയുന്ന ഈ ഏകലോക വ്യവസ്ഥിതിക്ക് വേണ്ടിയായിരുന്നു.
ഭാരതത്തിന്‍റെ അഭിമാനമായ വിവേകാനന്ദസ്വാമികള്‍ 1893 ല്‍ ചിക്കാഗോയിലെ സര്‍വ്വമത സമ്മേളന വേദിയില്‍ വെച്ച് 'അമേരിക്കയിലെ എന്‍റെ സഹോദരീ സഹോദരന്‍മാരെ' എന്ന വിശ്വസാഹോദര്യമന്ത്രം മുഴക്കുന്നതിനും 5 വര്‍ഷം മുമ്പാണ് തികച്ചും ഗ്രാമീണനായിരുന്ന ഒരവധൂതന്‍ ഈ ഏകലോക സന്ദേശം അരുവിപ്പുറത്ത് നിന്നും മുഴക്കിയത് എന്ന് നാം അറിയണം. ഗുരുവിന്‍റെ അനുയായികള്‍ തന്നെ ഈ ആദ്യസന്ദേശത്തിന്‍റെ അര്‍ത്ഥതലം വേണ്ടവണ്ണം അവധാരണം ചെയ്തിട്ടുണ്ടോ എന്ന് സംശയമാണ്. ശ്രീനാരായണസമൂഹം പോ ലും മഹാഗുരുവിനെ സാമുദായികതലത്തില്‍ കാണുന്നുവെന്നതാണ് ഏറ്റവും വലിയ ദുര്യോഗം. വത്തിക്കാന്‍ ലോകമതപാര്‍ലമെന്‍റ് ഗുരു വിന്‍റെ ഈ ഏകലോകദര്‍ശനം ഉള്‍ക്കൊണ്ടി രിക്കുന്നു. അഭിവന്ദ്യനായ മാര്‍പാപ്പ ചെയ്ത അനുഗ്രഹപ്രഭാഷണത്തില്‍ ഇത് ഉദ്ബോധി പ്പിച്ചു. അദ്ദേഹം പറഞ്ഞു 'ശ്രീനാരായണഗുരു സംഘടിപ്പിച്ച ആദ്യ സര്‍വ്വമത സമ്മേളനത്തി ന്‍റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ കേരളത്തില്‍ നിന്നും ഇന്ത്യയില്‍ നിന്നും ലോകത്തിന്‍റെ ഇതര ഭാഗങ്ങളില്‍ നിന്നും എ ത്തിയ വിവിധ മതവിശ്വാസികളെ ഞാന്‍ സ ന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ആദരണീ യരായ ശിവഗിരിമഠം സ്വാമിമാര്‍ക്കും ശ്രീനാരാ യണഗുരുവിന്‍റെ അനുയായികള്‍ക്കും മറ്റു സു ഹൃത്തുക്കള്‍ക്കും സ്വാഗതം. ഇന്ത്യയിലേയും ഏഷ്യയിലേയും മതസംവാദങ്ങളുടെ ചരിത്ര ത്തിലെ നാഴികക്കല്ലായിരുന്നു ആദ്യസര്‍വ്വ മതസമ്മേളനം. മതസംവാദങ്ങളുടെ പുണ്യസ ങ്കേതമായ ഇവിടെ വൈവിദ്ധ്യമാര്‍ന്ന മതസമൂ ഹങ്ങളുടെ പ്രാര്‍ത്ഥനാനിര്‍ഭരമായ സംഗമമാ ണിത്. 'സര്‍വ്വമത സമന്വയം മാനവരാശിക്കായി എന്നതാണ് ഈ സമ്മേളനത്തിന്‍റെ ആശയം. ഇന്ന് ഏറെ പ്രസക്തിയുള്ള വിഷയമാണിതെ ന്നും' മാര്‍പാപ്പ പറഞ്ഞു. നവംബര്‍ 30 ന് രാവി ലെ മാര്‍പാപ്പയുടെ അരമനയോട് ചേര്‍ന്ന ഹാളി ല്‍ വെച്ചാണ് ആ പ്രതിപുരുഷന്‍ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്. കേരളത്തില്‍ നിന്നും ലോ കത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 160 പ്രതിനിധികളും വത്തിക്കാനില്‍ നിന്നും ഇരു പത് പ്രതിനിധികളും മാര്‍പാപ്പയുടെ അരമന യിലെ വൈദീകരടക്കം 200-ഓളം പ്രതിനിധികള്‍ ഈ ലോകമത പാര്‍ലമെന്‍റില്‍ സംബന്ധിച്ചു. മാര്‍പാപ്പയുടെ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തിരുന്നു. ഒന്നരമണിക്കൂര്‍ നേരം അദ്ദേഹം പ്രതിനിധികളുമായി സമയം പങ്കിട്ടു. ശിവഗിരി മഠത്തിന്‍റെ ഉപഹാരം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ മാര്‍പാപ്പക്ക് നല്‍കി. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി കള്‍ ശിവഗിരി മഠത്തിന്‍റേയും ഗുരുദേവന്‍റേയും ചിത്രം ആലേഖനം ചെയ്ത മഞ്ഞഷാള്‍ പുത പ്പിച്ചു. ഈ ഷാളിനെക്കുറിച്ച് മാര്‍പാപ്പ ആരാ യുന്നത് വൈറലാവുകയും ചെയ്തു. സമ്മേ ളനത്തിന്‍റെ സംഘാടക സെക്രട്ടറി വീരേശ്വരാ നന്ദ സ്വാമി, ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എം.എല്‍. എ., കെ.ജി. ബാബു രാജന്‍ ബഹ റിന്‍ (ചെയര്‍മാന്‍) എന്നിവര്‍ വിവിധ ഉപഹാ രങ്ങളും മാര്‍പാപ്പക്ക് നല്‍കി. ശിവഗിരിമഠ ത്തിലെ സംന്യാസിമാര്‍ സ്വാമി ഋതംഭരാനന്ദ (മുന്‍ ജനറല്‍ സെക്രട്ടറി), സ്വാമി വിശാലാനന്ദ (മുന്‍ ഖജാന്‍ജി), സ്വാമി ധര്‍മ്മചൈതന്യ, (ആലുവ അദ്വൈതാശ്രമം സെക്രട്ടറി), സ്വാമി ഹംസതീര്‍ത്ഥ (ശിവഗിരി ശാരദാമഠം), സ്വാമി അസംഗാനന്ദഗിരി (സെക്രട്ടറി ജി.ഡി.പി. എസ്.) സ്വാമിനി ആര്യനന്ദാദേവി, (ശ്രീനാരായ ണമഠം, വൈക്കം) തുടങ്ങിയവരും മാര്‍പാപ്പ യെ സന്ദര്‍ശിച്ച് തങ്ങളുടെ ആദരവ് പ്രക ടിപ്പിച്ചു.
സര്‍വ്വമത സമ്മേളനത്തിന്‍റെ ആദ്യയോഗം നടന്നത്. ലീ മെരിഡിയല്‍ ഹോട്ടലില്‍ വെച്ചായിരുന്നു. ഭാരതത്തിലെ വിവിധ സംസ്ഥാന ങ്ങള്‍ കൂടാതെ ബഹ്റിന്‍, ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, അയര്‍ലന്‍റ്, ഇംഗ്ലണ്ട്, ഇന്‍റോനേഷ്യ, സിംഗപ്പൂര്‍ തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികള്‍ ഈ ഉദ്ഘാടന യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ. സ്വാഗതം പറഞ്ഞു. ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമികള്‍ ആധ്യക്ഷം വഹിച്ച സമ്മേളനം കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍ ഉദ്ഘാടനം ചെയ്തു. വിവിധ രാജ്യങ്ങളില്‍ നിന്നും വന്ന പ്രതിനിധികള്‍ മതത്തിന്‍റെ ഏകതയേയും അതുവഴി ലോകസമാധാനം സൃഷ്ടമാക്കുന്ന തിനെയും കുറിച്ചു സംസാരിച്ചു. ചെയര്‍മാന്‍ കെ.ജി. ബാബുരാജന്‍ വിശദീകരണ പ്രസംഗവും സെക്രട്ടറി വീരേശ്വരാനന്ദ കൃതജ്ഞതയും പ്രകാശിപ്പിച്ചു. സമ്മേളനത്തില്‍ മുരളീധരന്‍ മുരള്യ, ഡോ. രവി സി.കെ. ചന്ദ്രികാഭവന്‍, ശ്രീമതി ഇന്ദിര രവി, വി.കെ. മുഹമ്മദ് ഭിലായി, എ. വി. അനൂപ് എം.ഡി., മെഡിമിക്സ്, ശ്രീ. സുരേഷ്കുമാര്‍ മധുസൂദനന്‍ മുംബൈ, സിജി ജോസഫ് എം. എല്‍. എ., നന്ദകുമാര്‍ മണപ്പുറം, ഗോപു നന്ദിലത്ത്, സണ്ണി ജോസഫ് ഇന്‍ഡോനേഷ്യ, അനില്‍ തടാലില്‍, ബൈജു പാലയ്ക്കല്‍ ലണ്ടന്‍ യു.കെ., അഹമ്മദ് അബുദാബി, മെല്‍ബിന്‍ ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.
നവംബര്‍ 30ന് രാവിലെ 10 മണിക്കായിരുന്നു മാര്‍പാപ്പയുടെ സമ്മേളനം. അന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വത്തിക്കാന്‍ അരമനയോട് ചേര്‍ന്ന് മറ്റൊരു ഹാളില്‍ വച്ച് ലോകമതപാര്‍ലമെന്‍റ് ആരംഭിച്ചു. ശ്രീനാരായണ ഗുരുദേവന്‍ സര്‍വ്വ മത പ്രാര്‍ത്ഥനയായി രചിച്ച ദൈവദശകത്തിന്‍റെ ഇറ്റാലിയന്‍ ഭാഷ തര്‍ജ്ജിമ (സിസ്റ്റര്‍ ആശാ ജോര്‍ജ്ജ്) പ്രൊഫ. ആല്‍വിന്‍ ജെന്‍റര്‍ ആലാ പനം ചെയ്തുകൊണ്ട് മതപാര്‍ലമെന്‍റ് ആരംഭിച്ചു. കര്‍ദ്ദിനാള്‍ ലസാരു ഹ്യുങ്സിക്ക് ഉദ്ഘാ ടനം ചെയ്തു. വിഭിന്നമതങ്ങളും ഭാഷകളും വിശ്വാസങ്ങളും പുലര്‍ത്തിപ്പോരുന്ന ലോകത്ത് ഏകതയുടെ പ്രായോഗികത ആവശ്യമാണ്. ഇ ത്തരം മഹാസമ്മേളനങ്ങളില്‍ പങ്കെടുക്കുന്ന വര്‍ക്ക് സഹിഷ്ണതയും സൗഹാര്‍ദ്ദവും സമാ ധാനവും സൃഷ്ടിക്കുവാന്‍ മഹത്തായ സംഭാ വനകള്‍ ചെയ്യുവാന്‍ സാധിക്കുമെന്ന് അദ്ദേഹം ഉദ്ബോധിപ്പിച്ചു. സരളഹൃദയനും വിശാലാശ യനും ഗുരുദേവന്‍റെ സ്നേഹരാജ്യത്തിന്‍റെ പ്രതിപുരുഷനുമായ മാര്‍പാപ്പ തിരുമേനിയുടെ വത്തിക്കാനിലെ കര്‍ദ്ദിനാളായ ലസാരു ഹ്യു ങ്സിക്ക് ഏറെ സ്നേഹസമ്പൂര്‍ണ്ണനായി ഏവര്‍ ക്കും അനുഭവപ്പെട്ടു. 'ഏകം സത് വിപ്രാഃ ബഹുധാ വദന്തി' എന്ന ഭാരതീയ ഗുരുക്കന്‍ മാരുടെ വിശ്വദര്‍ശനം വത്തിക്കാനില്‍ മാറ്റൊലി ക്കൊണ്ട് എന്നു പറയാം. വത്തിക്കാന്‍ ലോക ത്തെ ഭരിക്കേണ്ടതു സമാധാനമാണെന്നും അതിനായി പ്രയത്നിക്കണമെന്നും ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ വത്തിക്കാനില്‍ നടന്ന സര്‍വമത സമ്മേളനം ആഹ്വാനം ചെയ്തു. മാനവികതയുടെ ഏകത്വവും സാഹോദര്യ വു മാണ് അതിനാവശ്യമെന്നും സമ്മേളനം ഓര്‍മ്മിപ്പിച്ചു. കര്‍ദിനാള്‍ ലസാരു ഹ്യൂങ്സിക് ഉദ്ഘാടനം ചെയ്തു. നല്ല മനുഷ്യത്വത്തിനായി മതങ്ങള്‍ ഒരുമിച്ച് എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. മതം, രാഷ്ട്രം, ഭാഷ മുതലായ അതിര്‍വരമ്പുകളില്ലാത്ത മാനവികതയുടെ ഏകത്വമാണ് വേണ്ടതെന്ന് സെമിനാറില്‍ ശിവ ഗിരി മഠം പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
ശിവഗിരിമഠം ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, മോണ്‍സിങ്ങൂര്‍ ഇന്‍ഡുനില്‍ ജെ.കൊടിത്തുവാക്, കര്‍ദിനാള്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫരീദ്, പാണക്കാട് സയ്യിദ് സാ ദിഖ് അലി ശിഹാബ് തങ്ങള്‍, സംഘാടക സമിതി സെക്രട്ടറി സ്വാമി വീരേശ്വരാനന്ദ, ജനറല്‍ കണ്‍വീനര്‍ ചാണ്ടി ഉമ്മന്‍ എം.എല്‍. എ, കെ.മുരളീധരന്‍ മുരള്യ, സഞ്ജീവനി വെല്‍നെസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ രഘു നാഥന്‍ നായര്‍, കെ.ജി.ബാബുരാജന്‍, ഗ്യാനി രഞ്ജിത് സിങ്, ഫാ. ഡേവിഡ് ചിറമേല്‍, ഫാ. മിഥുന്‍ ജെ ഫ്രാന്‍സിസ്, മോണ്‍ സാന്തിയാ ഗോ മൈക്കേല്‍, റവ. ജോര്‍ജ് മുത്തോലില്‍, കുണ്ഡേലിംഗ് തത്സക് റിമ്പോച്ചെ. സ്വാമിനി സുധാനന്ദഗിരി, ഡോ. ലോറന്‍റ് ബോസനീസ്, ആന്‍റണി ബ്രൗണ്‍, ഫാ. ബെന്‍ ബോസ് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ പ്രസംഗിച്ചു.
വത്തിക്കാന്‍ സ്ക്വയറിലെ അഗസ്റ്റിരിയന്‍ ഹാളില്‍ നടന്ന സെമിനാറില്‍ എം.എല്‍.എ. മാരായ സജീവ് ജോസഫ്, സനീഷ് കുമാര്‍ ജോസഫ്, പി.വി. ശ്രീനിജന്‍, മാര്‍ത്തോമാ സഭ അല്‍മായ ട്രസ്റ്റി അഡ്വ. ആന്‍സില്‍ കോമാട്ട് തുടങ്ങി പ്രതിനിധികള്‍ പങ്കെടുത്തു. ദൈ വദശകം ഇറ്റാലിയന്‍ ഭാഷയില്‍ ആലപിച്ചാ രംഭിച്ച സെമിനാര്‍ സ്വാമി ഋതംഭരാനന്ദയുടെ സര്‍വമത പ്രാര്‍ഥനയോടെയാണ് സമാപിച്ചത്.
സച്ചിദാനന്ദ സ്വാമി രചിച്ച ആലുവാ സര്‍വ്വമ തസമ്മേളനത്തെക്കുറിച്ചുള്ള ഗ്രന്ഥം ഇറ്റാലി യന്‍ ഭാഷയിലേക്ക് ഡോ. സബ്രീന ലത്തീഫ് വിവര്‍ത്തനം ചെയ്തതും ശ്രീനാരായണഗുരു ലോകസമാധാനത്തിന്‍റെ പ്രവാചകന്‍, Sree Narayana Guru Prophet of the world peace വിവര്‍ത്തനം സത്യബായി ശിവദാസ്, വേണു തിരുവനന്തപുരം എന്ന ഗ്രന്ഥവും മാര്‍പാപ്പക്ക് നല്‍കി പ്രകാശനം ചെയ്തു. കൂടാതെ ശ്രീനാ രായണ ഗുരുവിനെക്കുറിച്ചും ഗുരുദേവ കൃതിക ളെ ആസ്പദമാക്കിയുമുള്ള നിരവധി ഗ്രന്ഥ ങ്ങളും മാര്‍പാപ്പക്ക് സമര്‍പ്പിച്ചു. കൂടാതെ സുരേ ഷ് കുമാര്‍ മധുസൂദനന്‍ മുംബൈ, ഇംഗ്ലീഷില്‍ എഴുതിയ ഗുരുവിന്‍റെ ജീവിതചരിത്രവും സമ്മേ ളനത്തില്‍ വച്ച് പ്രകാശനം ചെയ്തിരുന്നു. സര്‍വ്വമതസമ്മേളനത്തെക്കുറിച്ചുള്ള ഇറ്റാലിയന്‍ ഗ്രന്ഥവും Sree Narayana Guru Prophet of the world peace എന്ന ഗ്രന്ഥവും ലോകമത പാര്‍ലമെന്‍റില്‍ സംബന്ധിച്ച മുഴുവന്‍ അംഗ ങ്ങള്‍ക്കും വിതരണം ചെയ്തു. ഗുരുവിന്‍റെ ഏകലോക ദര്‍ശനവും സര്‍വ്വസമന്വയവീക്ഷ ണവും ലോകവേദിയില്‍ അവതരിപ്പിക്കുവാന്‍ ലോകമതപാര്‍ലമെന്‍റ് സഹായകമായി. മതമല്ല വലുത് മനുഷ്യനാണ്. വിശ്വഗുരുവിന്‍റെ വിശ്വ സാഹോദര്യമന്ത്രങ്ങള്‍ ലോകവേദിയില്‍ ചര്‍ച്ചാവിഷയമായി.
ശിവഗിരിമഠം പ്രസിഡന്‍റ് സച്ചിദാനന്ദസ്വാമികളുടെ അദ്ധ്യക്ഷപ്രസംഗത്തിന്‍റെ സാരം ചു വടെ ചേര്‍ക്കുന്നു. ശ്രീനാരായണഗുരുദേവന്‍റെ തത്ത്വദര്‍ശനത്തിന്‍റെ അടിസ്ഥാനം ഒരു ജാതി ഒരു മതം ഒരു ദൈവം എന്നാണ്. മനുഷ്യകുലത്തിന്‍റെ ഏകതയായിരുന്നു ഗുരുവിന്‍റെ ലക്ഷ്യം.
ശ്രീനാരായണഗുരു ഒരു സന്ദേശം പറഞ്ഞു വയ്ക്കുകമാത്രമല്ല ചെയ്തത്. അതനുസരിച്ച് ജീവിച്ച് മാതൃക കാട്ടുകയും ചെയ്തു. 'എന്‍റെ ജീവിതമാണ് എന്‍റെ സന്ദേശമെന്ന ആപ്തവചനം കൂടുതല്‍ ഇണങ്ങുന്നത് ശ്രീനാരായണഗുരുവിലാണെന്ന് കാണാം. മനുഷ്യജാതിയുടെ ഏകതയെ കുറേക്കൂടി ആഴത്തില്‍ അഭിവീക്ഷണം ചെയ്തുകൊണ്ട് ഗുരു പാടീട്ടുണ്ട്. ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്ന് 1920 ലാണ് ഗുരു ഉപദേശിച്ചത്. എന്നാല്‍ അ തിനും മുന്‍പ് ശിവഗിരിമഠം സ്ഥാപിക്കുന്ന കാലത്തു തന്നെ ഗുരുദേവന്‍ ഈ തത്ത്വം ഉപദേശിച്ചു. ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ അടിസ്ഥാനതത്ത്വം ഇതുതന്നെയാണ്. മനുഷ്യരുടെ ദൈനംദിനജീവിതത്തിലെ ജാതി, മതം, ദൈവം എന്നിവയുടെ ഏകതയെ ഗുരുദേവന്‍ ഉദ്ബോധിപ്പിച്ചു.
ഏകജാതിഭവത്യേക
ദൈവമേകമതം മതം
തസ്മാദഭേദോളവയവാ:
വയം സര്‍വ്വേ സാഹോദരാ:
ഒരിക്കല്‍ ഗുരുദേവന്‍ ശിഷ്യനായ സി.വി. കുഞ്ഞുരാമനോടായി പറഞ്ഞു. 'ബുദ്ധന്‍റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാല്‍ ബുദ്ധന്‍ അഹിംസാ ധര്‍മ്മത്തിന് മുഖ്യത കല്‍പ്പിച്ചു. ക്രിസ്തുവിന്‍റെ കാലത്ത് സ്നേഹത്തിന്‍റെ അഭാവമായിരുന്നു. അതിനാല്‍ ക്രിസ്തു സ്നേഹത്തിന് പ്രാധാന്യം നല്‍കി. നബിയുടെ കാലത്ത് സാഹോദര്യത്തിന് മുഖ്യത കല്‍പ്പിക്കേണ്ടത് ആവശ്യമായിരുന്നിരിക്കാം, അതിനാല്‍ അദ്ദേഹത്തിന്‍റെ മതത്തില്‍ സാഹോദര്യത്തിന് മുഖ്യത കാണുന്നു. ഇന്ന് ഇന്ത്യയുടെ ആവശ്യമെന്താണ്. 'ജാതികള്‍ തമ്മിലും മതങ്ങള്‍ തമ്മിലുമുള്ള മത്സരത്തില്‍ നിന്നും മോചനം' ജാതിമതാദി ഭേദചിന്തകളുടെ വിമോചകനായിരുന്നുവല്ലോ ഗുരുദേവന്‍, ബുദ്ധന്‍, ക്രിസ്തു, നബി തുടങ്ങിയ ജഗദ് ഗുരുക്കന്‍മാരുടെ പരമ്പരയില്‍ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത ശ്രീനാരായണ ഗുരു സര്‍വ്വഭേദരഹിതമായ ഒരേകലോക വ്യവസ്ഥിതിക്കായി നിലകൊണ്ടു. പലമതസാരവുമേകം ജഗദിയിലിമ്മതമേകം എന്നു 1897 ല്‍ ഉപദേശിച്ച ഗുരുദേവന്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് കേവലമനുഷ്യത്വത്തിന് പ്രാധാന്യം നല്‍കി മതദര്‍ശനം അവതരിപ്പിക്കുന്നു. 'മനുഷ്യന്‍ കെട്ടുപോയാല്‍ പിന്നെ മതം കൊണ്ട് എന്ത് പ്രയോജനം' മതമല്ല മനുഷ്യനാണ് വലുതെന്ന് ഗുരു പഠിപ്പിക്കുന്നു. ഏത് മതത്തില്‍ കൂടിയും മനുഷ്യന് നന്നാകുവാന്‍ സാധിക്കും. അതിനാല്‍ മതപരിവര്‍ത്തനം ചെയ്യേണ്ട എന്ന് ഗുരു സിദ്ധാന്തിക്കുന്നു. ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ബൗദ്ധനും ജൈനനും തുടങ്ങി പ്രമുഖ മതത്തിലെ ആചാര്യന്‍മാര്‍ ഒത്തുകൂടി 'പലമതസാരവുമേകമെന്ന ദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍ ആലുവ അ ദ്വൈതാശ്രമത്തില്‍ വെച്ച് ഏകമതദര്‍ശനം ചര്‍ച്ച ചെയ്യപ്പെട്ടു. ഇപ്പോള്‍ സര്‍വ്വമതസമ്മേളനത്തിന്‍റെ ശതാബ്ദി ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിപാടികളോടെ രാജ്യത്തുടനീളം ആഘോഷിക്കുകയാണ്. ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ്നബി എന്നിവര്‍ ഓരോ മതങ്ങളുടെ സ്ഥാപകരായി അറിയപ്പെടുമ്പോള്‍ ഗുരു മതം സ്ഥാപിക്കാതെ ഏകലോകവ്യവസ്ഥിതിയെ പ്രാപിക്കുന്നു.
1924 ലെ സര്‍വ്വമത സമ്മേളനത്തെത്തുടര്‍ന്ന് എല്ലാവരും എല്ലാ മതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കുന്ന ഒരു സര്‍വ്വമതപാഠശാലയ്ക്കും ഗുരുദേവന്‍ ശിവഗിരിയില്‍ ശിലാസ്ഥാപനം ചെയ്തു. ഇപ്പോള്‍ സാവധാനമെങ്കിലും ആശാവഹമായ രീതിയില്‍ പ്രസ്തുത സര്‍വ്വമതപാഠശാല ശിവഗിരിയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. എല്ലാ മതവിശ്വാസികളുടെ ഇടയിലും ഇത്തരം സര്‍വ്വമത പാഠശാലകള്‍ ആരംഭിക്കേണ്ടത് മറ്റെന്തിനേക്കാളും ഉപരി രാജ്യത്തിന് ഇന്നാവശ്യമാണ്. മതപരിവര്‍ത്തന കോലാഹലങ്ങളും മതതീവ്രവാദ പ്രവര്‍ത്തനങ്ങളും കൊണ്ട് കലുഷിതമായ ലോകത്ത് എല്ലാവരും എല്ലാമതങ്ങളും സമബുദ്ധിയോടും സമഭക്തിയോടും കൂടി എല്ലാ മതങ്ങളുടെയും സി ദ്ധാന്തങ്ങള്‍ പഠിക്കണം. അപ്പോള്‍ മതത്തിന്‍റെ പേരിലുള്ള വിവാദങ്ങള്‍ കുറയും. ഈ മഹിതമായ കാഴ്ചപ്പാടാണ് ഗുരുവിന് ഉണ്ടായിരുന്നത്. ഗുരുദേവന്‍ ആറ്റംയുഗത്തിന്‍റെ ഋഷിയാണ്. കാലഘട്ടത്തിന്‍റെ ശബ്ദം ശ്രവിച്ച് അതിനനുസൃതമായി ഗുരുതത്ത്വദര്‍ശനം അവതരിപ്പിച്ചു. ഏതു പരിഷ്കൃതരാജ്യത്തെ ആധുനികരായ ചിന്തകന്മാര്‍പോലും ഗുരുദര്‍ശനത്തെ ഉള്‍ ക്കൊണ്ടു സ്വാംശീകരിക്കും. വരാന്‍പോകുന്ന നൂറ്റാണ്ടുകളും ഗുരുദേവന്‍റെ മുന്നില്‍ കൈവണങ്ങിനില്‍ക്കും. ഗുരുദേവന്‍ സംസ്കൃതം, മലയാളം, തമിഴ് എന്നീ മൂന്നുഭാഷകളിലായി രചിച്ച 75 ഓളം വരുന്ന കൃതികള്‍ ലോകഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. അത് വായിക്കുന്ന ഏതു മനീഷിയും ഗുരുദര്‍ശനത്തെ സ്വാംശീകരിക്കും.
ഗുരു ഉപദേശിക്കുന്നു 'സൂക്ഷ്മാന്വേഷണത്തെ സഹായിക്കുന്ന മാര്‍ഗ്ഗദര്‍ശികള്‍ മാത്രമാണ് മതങ്ങള്‍ സൂക്ഷ്മം അറിഞ്ഞവന് മതം പ്രമാണമല്ല, മതത്തിന് അവന്‍ പ്രമാണമാണ്' ഈ താത്വിക നിലപാടില്‍ നിന്നുകൊണ്ടാണ് ഗുരുദേവന്‍ ഒരു പ്രത്യേക മതത്തിലും ഉള്‍പ്പെടുന്നില്ല എന്ന് തുറന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ സൂക്ഷ്മമായ തത്വത്തെ ഈശ്വരനെ സാക്ഷാത്ക്കരിക്കുവാന്‍ അതാത് മതവിശ്വാസികള്‍ അവരവരുടെ മതത്തെത്തന്നെ പ്രമാണമാക്കി മതസിദ്ധാന്തങ്ങളെ പിന്‍തുടരുക തന്നെ വേണം. എന്നാല്‍ അത് മറ്റൊരു വിശ്വാസിയുടേയും ജീവിതത്തിനും ചര്യകള്‍ക്കും വിഘാതം വരുത്തുന്ന തരത്തിലാകാന്‍ പാടില്ല. മതാതീതമായ വിശ്വദര്‍ശനമാണ് ശ്രീനാരായണദര്‍ശനം.
ഗുരുദേവന്‍ മതപരമായി സ്വീകരിച്ച ഒന്നുരണ്ടു നിലപാടുകള്‍കൂടി ഇവിടെ ഉദാഹരിക്കാം. ഗുരുദേവന്‍റെ 1918 ലെ സിലോണ്‍ സന്ദര്‍ശന വേളയില്‍ ഒരു ധനികനായ മുസ്ലീം ഖാദര്‍ ഗുരുഭക്തനായി. 1926ല്‍ രണ്ടാം പ്രാവശ്യം ഗുരുദേവന്‍ സിലോണിലെത്തിയപ്പോള്‍ ഖാദര്‍ സ്കന്ദസ്വാമിയായി സംന്യാസം സ്വയം സ്വീകരിച്ചിരുന്നു. തന്നെ കൂടി ഗുരുവിന്‍റെ ശിഷ്യസംഘത്തില്‍ ചേര്‍ക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചപ്പോള്‍ 'ഖാദറിന് ഖാദറായിരുന്നു നമ്മുടെ സംഘത്തില്‍ ചേരാം. ഖാദര്‍ സ്കന്ദസ്വാമിയാകേണ്ട തില്ല' എന്ന് ഗുരുദേവന്‍ മൊഴിഞ്ഞു.
അതുപോലെ ആലുവ അദ്വൈതാശ്രമത്തി ലെ അന്തേവാസിയായിരുന്ന ചാക്കോ മഞ്ഞവസ്ത്രമുടുത്ത് ശ്രീനാരായണദാസായി വന്നപ്പോള്‍ 'നമ്മുടെ ആശ്രമത്തില്‍ ചാക്കോ ചാ ക്കോയായിരുന്നാല്‍ മതി ശ്രീനാരായണദാസ് ആകേണ്ടതില്ലായെന്നായിരുന്നു' എന്നായിരുന്നു ഗുരുവിന്‍റെ അഭിമതം. ഗുരുവിന്‍റെ എത്രയും ഉദാരമായ ഈ നിലപാട് ഇന്നത്തെ അതാത് വിശ്വാസികള്‍ അംഗീകരിച്ചാല്‍ മതത്തിന്‍റെ പേരിലുള്ള പ്രശ്നങ്ങള്‍ അവസാനിക്കും. ഏതായാലും ഈ ഉദാരമായ നിലപാടിലൂടെ മാത്രമേ മതസംഘട്ടനങ്ങളുടേയും മതങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങളുടേയും വേരറുക്കാന്‍ സാധിക്കൂ. എല്ലാ മതങ്ങളേയും വിശ്വത്തേയും ഒന്നായിക്കാണുന്ന ഒരു മഹാപുരുഷനുമാത്രമേ ഇതു സാധിക്കൂ. അതുകൊണ്ടാണ് ഗുരു വിശ്വമാനവികതയുടെ പ്രവാചകനായത്. വത്തിക്കാന്‍ ലോകമത പാര്‍ലമെന്‍റിലൂടെ മതങ്ങളുടെ ഈ ഏകതയും പഠനവും സ്വാംശീകരിക്കാന്‍ സാധിച്ചാല്‍ എത്ര യും അനുഗ്രഹപ്രദമായി.
നെയ്യാറ്റിന്‍കരഭാഗത്ത് കുറേപ്പേര്‍ മതപരിവര്‍ത്തനത്തിന് വിധേയമായി, പിന്നീട് എസ്.എന്‍.ഡി.പി. യോഗപ്രവര്‍ത്തനങ്ങള്‍ ശക്തമായപ്പോള്‍ അവരില്‍ പലരും തിരികെ എത്തുകയും അവരെ ഗുരുദേവന്‍ സ്വീകരിക്കുകയും ചെയ്തതായി വിവേകോദയത്തില്‍ കാണുന്നുണ്ട്. സ്വധര്‍മ്മത്തില്‍ നിന്നും മതം മാറ്റപ്പെട്ടവര്‍ പിന്നീട് മടങ്ങിവരാന്‍ തയ്യാറായാല്‍ അവരെ തിരികെ പ്രവേശിപ്പിക്കാം എന്നാണ് ഗുരുവിന്‍റെ കാഴ്ചപ്പാട്. ഗുരുദേവന്‍ ഉപദേശിച്ചിട്ടുണ്ട്. 'ആരും ആരേയും മാറ്റാനും മറിക്കാനും നില്‍ ക്കണ്ട. ഓരോരുത്തരും നില്‍ക്കുന്നിടത്ത് നിന്നാ ല്‍ മതി'. ഖാദറിന്‍റേയും ചാക്കോയുടേയും നെ യ്യാറ്റിന്‍കരയില്‍ മതപരിവര്‍ത്തനം ചെയ്യപ്പെട്ടവരിലുമായി ഈ സന്ദേശമാണ് ഇന്നത്തെ ലോ കത്തിന് ആവശ്യമായ ഈ മതവീക്ഷണം. മതത്തിന് ആഭ്യന്തരവും ബാഹ്യവുമായ രണ്ട് ഭാഗങ്ങള്‍ ഉണ്ട്. ബാഹ്യമായ മതപരിവര്‍ത്തന സംരഭങ്ങള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ആന്തരികമായ പരിവര്‍ത്തനം വിവേകിയായ മനുഷ്യരില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. അതിനാല്‍ ആ രീതിയിലും മതപരിവര്‍ത്തനം ആവശ്യമില്ലെന്ന് ഗുരുദേവന്‍ സിദ്ധാന്തിക്കുന്നു. സി.വി.കുഞ്ഞിരാമനുമായി ഗുരുദേവന്‍ നടത്തിയ സംവാദത്തിലും തൃപ്പാദങ്ങള്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. മതത്തിന് ഉപരി മനുഷ്യനെ സ്നേഹിക്കുവാന്‍ ഗുരുദേവന്‍ പഠിപ്പിക്കുന്നു. ഈ ശുദ്ധമനുഷ്യത്വദര്‍ശനമാണ് യഥാര്‍ത്ഥ ഗുരുദര്‍ശനം. ഗുരു വിശ്വത്തെ ഒന്നായിക്കണ്ടു. ജാതി, മതം, ദേശം എന്നിവയുടെ വേലിക്കെട്ടുകള്‍ ഗുരുദേവന്‍ പൊളിച്ചുകളഞ്ഞു. മനുഷ്യരെല്ലാം ഒന്ന് അതാണ് നമ്മുടെ മതം എന്ന് പ്രഖ്യാപിച്ചു.
ആത്മോപദേശശതകത്തില്‍
അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.
എന്ന് ഉപദേശിക്കുന്നുണ്ട്.
അവനും ഇവനും ഇനി മറ്റൊരാളും ആദിമമായ ആത്മസത്തയുടെ അംശങ്ങള്‍ തന്നെയാണ്. എല്ലാവരും ഒന്നിന്‍റെ തന്നെ വകഭേദങ്ങള്‍മാത്രം. അതിനാല്‍ ആത്മസഹോദരരെ എന്തിനു മതം മാറ്റണമെന്ന് ഗുരു ചോദിക്കുന്നു. ഒരേ ഒരു സത്തയുടെ സ്ഫുരണങ്ങളായ മനുഷ്യര്‍ പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുക എന്നതാണ് ജീവിതധര്‍മ്മമായി ഗുരു സിദ്ധാന്തിക്കുന്നത്. ശ്രീനാരായണ സ്മൃതിയില്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ബൗദ്ധമത വിശ്വാസികളും ജൈനമതസ്ഥരും എല്ലാവരും ഒരേ ഒരു ആത്മസുഖത്തെ പ്രാപിക്കുവാനാണ് ആഗ്രഹിക്കുന്നത്. അതിനാല്‍ എല്ലാ മതവിശ്വാസികളും ഏകമാണെന്നും ഗുരുദേവന്‍ അഭിപ്രായപ്പെടുന്നു. ആത്മോപദേശ ശതകത്തില്‍.
അഖിലരുമാത്മസുഖത്തിനായ് പ്രയത്നം
സകലവുമിങ്ങു സദാപി ചെയ്തിടുന്നു;
ജഗതിയിലിമ്മതമേകമെന്നു ചിന്തി-
ച്ചഘമണയാതകതാരമര്‍ത്തിടേണം.
ആത്മസുഖത്തിനായി മതവിശ്വാസികളും ശ്രമിക്കുന്നതിനാല്‍ പലമതങ്ങളില്ല. മതം ഏകമാണ് എന്നാണ് ഗുരുവിന്‍റെ പക്ഷം. ഇത് മനസ്സിലാക്കി എല്ലാവരുമായി അനുരഞ്ജനത്തില്‍ സാത്വിക ജീവിതം നയിക്കുവാന്‍ സാധിക്കണം.
ശാസ്ത്രവും സയന്‍സും പുരോഗതിയെ പ്രാപിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഏവരും തികച്ചും ഏകത്വബോധത്തോടെ ജീവിക്കണമെന്ന ഗുരുദേവന്‍റെ ഉപദേശത്തിന് ഏറെ പ്രസക്തിയുണ്ട്. അതുപോലെ എല്ലാവരും എല്ലാ മതസിദ്ധാന്തങ്ങളും സമഭാവനയോടെ പഠിച്ചറിയുക. അതിനാവശ്യമായ സര്‍വ്വമത പഠന കേന്ദ്രങ്ങള്‍ വ്യാപകമായി സ്ഥാപിക്കുക. എല്ലാറ്റിനേയും അംഗീകരിക്കുക. എന്‍റെ മതം മാത്രം വലുത് മറ്റേതെല്ലാം അപൂര്‍ണ്ണം തുടങ്ങിയ ചിന്താഗതികള്‍ ഉപേക്ഷിക്കുക. എല്ലാമതത്തിലും നന്‍മയെ ദര്‍ശിക്കുവാന്‍ ശീലിക്കുക. തുടങ്ങിയ ആശയങ്ങള്‍ ശ്രീനാരായണസമൂഹത്തെ പ്രബുദ്ധരാക്കട്ടെയെന്ന് ആശംസിക്കുന്നു. ജാതിമത ദേശാദി വിഭാഗീയ ചിന്താഗതികള്‍ക്കതീതമായി എല്ലാവരും ഈശ്വരസത്തയുടെ അംശമെന്ന ബോ ധത്തില്‍ ആത്മസഹോദരന്‍മാരായി കഴിയുന്നതാണ് ഗുരുദേവന്‍ വിഭാവനം ചെയ്യുന്ന ഏകലോ കം. ആ ഏകലോകം സൃഷ്ടിക്കുവാന്‍ ജാതിമതഭേദമെന്യേ എല്ലാവരും പ്രവര്‍ത്തിക്കാന്‍ തയ്യാറാകണം. സ്വാമി ജോണ്‍ ധര്‍മ്മതീര്‍ത്ഥര്‍ പറഞ്ഞു. ശ്രീനാരായണഗുരുദേവന്‍ ഭാവിലോകത്തിന്‍റെ പ്രവാചകന്‍. അതെ വരാന്‍ പോകുന്ന ലോകം ഗുരുവിന്‍റെ ഏകലോകമായിരിക്കും.
ഗുരു വിഭാവനം ചെയ്യുന്ന ഏകലോകവ്യവസ്ഥിയാണ് സുവര്‍ണ്ണകാ ലം. അത് വരുത്താന്‍ എല്ലാവരും മുന്നിട്ടിറങ്ങണം. ശി വഗിരിമഠവും ഗുരുദേവപ്രസ്ഥാനങ്ങളും മാത്രമല്ല സര്‍ക്കാരും രാഷ്ട്രീയ പാ ര്‍ട്ടികളും പൊതുപ്രവര്‍ത്ത കരും ഈ ഏകലോകവ്യവ സ്ഥിതിയുടെ വക്താക്കളാ യി നിന്ന് പ്രവര്‍ത്തിക്ക ണം. ഏകലോകവ്യവസ്ഥിതിയുടെ പ്രവാചകനായ ഗുരുദേവന്‍റെ ചിന്താസരണിക്കൊത്തു നാമും മുന്നേറുക. ഗുരുദേവദര്‍ശനത്തെ ഈ വത്തിക്കാന്‍ കൂടി അംഗീകരിച്ച് ഈ സര്‍വ്വമതപാര്‍ലമെന്‍റ് നടത്തുവാന്‍ മുന്നോട്ടുവന്നതില്‍ ശിവഗിരിമഠത്തിനുള്ള അപാരമായ സന്തോഷം ഇവിടെ രേഖപ്പെടുത്തുന്നു. അഭിവന്ദ്യനായ ഫ്രാന്‍സിസ് മാര്‍പാപ്പയോട് ശ്രീനാരായണഭക്തലോകത്തിന്‍റെ പ്രണാമങ്ങള്‍ ഇവിടെ രേഖപ്പെടുത്തുന്നു. ഈ സമ്മേളനം നടത്തുവാന്‍ പ്രേരണ ചെലുത്തിയ കൂവക്കാട് കര്‍ദ്ദിനാളിനെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ചാണ്ടി ഉമ്മന്‍ എം. എല്‍.എ, കെ.ജി. ബാബുരാജന്‍, സ്വാമി വീരേശ്വരാനന്ദ എന്നിവര്‍ മുഖ്യസംഘാടകരായി. ലോകത്തിന്‍റെ നാനാഭാഗത്തുനിന്നും എത്തിയ പ്രതിനിധികള്‍ക്ക് ശിവഗിരിമഠം അഭിനന്ദനം രേഖപ്പെടുത്തുന്നു.
ലോകമത പാര്‍ലമെന്‍റിന്‍റെ സമാപന സമ്മേ ളനം നടന്നത് രണ്ടാംക്രിസ്തുവെന്ന് ക്രൈ സ്തവ സമൂഹം വിശ്വസിച്ചുപോരുന്ന സെയിന്‍റ് ഫ്രാന്‍സിസ് അസ്സീസ്സിയുടെ സമാധിപീഠം (കബര്‍) കുടികൊള്ളുന്ന ദേവാലയത്തോട് ചേ ര്‍ന്ന ഹാളില്‍ വച്ചായിരുന്നു. സമാപന സമ്മേള നം നടത്താന്‍ എത്രയും അനുയോജ്യമായ പുണ്യസ്ഥലമായിരുന്നു ഇത്. സെയ്ന്‍റ് ഫ്രാന്‍ സിസ് അസ്സീസി ചരാചരങ്ങളിലെല്ലാം ആത്മ ഭാവം ദര്‍ശിച്ച മഹാത്മാവാണ്. ത്യാഗനിര്‍ഭര മായ ജീവിതം നയിച്ച ആ പുണ്യപുരുഷന്‍റെ ദേവാലയം ലോകസമാധാന സമ്മേളനം നട ത്തുന്നതിനുള്ള വേദിയായിത്തീര്‍ത്തതും വിധി നിശ്ചയം തന്നെ. സെന്‍റ് ഫ്രാന്‍സിസ് അസ്സിസി യിലെ ഫാദര്‍ ജൂലിയസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജന റല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ അധ്യക്ഷത വഹിച്ചു. ചാണ്ടിഉമ്മന്‍ എം.എല്‍.എ. മുഖ്യ പ്രസംഗം നടത്തി. സ്വാമി ഋതംഭരാനന്ദ, സ്വാമി ധര്‍മ്മചൈതന്യ, സ്വാമി വിശാലാനന്ദ, സ്വാമി ഹംസതീര്‍ത്ഥ, സ്വാമിനി ആര്യനന്ദാദേവി, ഫാ. ഫിലിപ്പ്, ബാബുരാജന്‍ ബഹറിന്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘാടക സെക്രട്ടറി സ്വാമി വീ രേശ്വരാനന്ദ കൃതജ്ഞത പ്രകാശിപ്പിച്ചു. ധര്‍ മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി സമാപന സന്ദേശം നല്‍കി. സമാപന സന്ദേശത്തില്‍ ശിവഗിരിയില്‍ സര്‍വ്വമതസ്ഥര്‍ക്കും ഒന്നായി പ്രാര്‍ത്ഥിക്കാവുന്ന പ്രാര്‍ത്ഥനാലയം സ്ഥാപിക്കുവാനും പ്രഖ്യാപനമായി.
സമാപനവേളയില്‍ സമന്വയത്തിന്‍റെ ഭാര തീയ വേദമന്ത്രങ്ങള്‍ സംന്യാസിമാര്‍ ജപിച്ചു. ശ്രീനാരായണഗുരുവിന്‍റെ ദൈവദശകം പ്രാര്‍ത്ഥ നയായി സംന്യാസിമാരും പ്രതിനിധികളും ആലാപനം ചെയ്താണ് ലോകമതപാര്‍ലമെന്‍റ് പര്യവസാനിച്ചത.് ശ്രീനാരായണഗുരു ആലുവാ യില്‍ നടത്തിയ സര്‍വ്വമതസമ്മേളനത്തിന്‍റെ സമാപനവേളയില്‍ സര്‍വ്വരും സമബുദ്ധിയോടും സമഭക്തിയോടും കൂടി പഠിക്കണമെന്നും അതി നായി 5 ലക്ഷം (1924 ല്‍) ചിലവില്‍ ശിവഗിരി യില്‍ സര്‍വ്വമതപാഠശാല സ്ഥാപിക്കണമെന്നും ഉദ്ബോധിപ്പിച്ചു. ഗുരുദേവന്‍ തന്നെ ശിലാസ്ഥാ പനം ചെയ്തത് ശിവഗിരിയില്‍ ആരംഭിച്ച ഈ സര്‍വ്വമത പാഠശാല സാവധാനമെങ്കിലും ആശാ വഹമായ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ സച്ചിദാനന്ദസ്വാമിയും ശുഭാംഗാനന്ദസ്വാമിയുമടക്കം ശിവഗിരിയിലെ ഇന്നത്തെ സന്യാസിമാര്‍ ഈ മതമഹാപാഠശാലയില്‍ പഠിച്ചവരാണ്. ജാതി മതഭേദമന്യേ ആര്‍ക്കും ഈ പാഠശാലയില്‍ ചേര്‍ന്ന് പഠിക്കാം. അതിനായി ഈ മഹാപാഠശാലയുടെ വാതില്‍ തുറന്നിട്ടിരിക്കുകയാണ്. ചിലവുകള്‍ ശിവഗിരി മഠം തന്നെ വഹിച്ചു കൊള്ളും.
വത്തിക്കാന്‍ ലോകമത പാര്‍ലമെന്‍റിന്‍റെ തുടര്‍ച്ചയായി ഡിസംബറിന് 8 ന് ഡല്‍ഹിയില്‍ സര്‍വ്വമതസമ്മേളനം നടന്നിരുന്നു. ഇനി ചെ ന്നൈ തുടങ്ങിയ വന്‍നഗരങ്ങളിലും ഇംഗ്ലണ്ട്, ഇന്‍ഡോനേഷ്യ അയര്‍ലന്‍റ്, സിംഗപ്പൂര്‍, മലേ ഷ്യ തുടങ്ങിയ രാജ്യങ്ങളിലും സമ്മേളനങ്ങള്‍ നടത്തുന്നതിനുള്ള ശ്രമത്തിലാണ് ശിവഗിരി മഠം. കെ.ജി. ബാബുരാജന്‍ (ചെയര്‍മാന്‍), എ. വി. അനൂപ്, ശ്രീ. സുരേഷ്കുമാര്‍ ബോംബെ, കെ. മുരളീധരന്‍ അബുദാബി, (ചീഫ് കോര്‍ഡിനേറ്റര്‍), സ്വാമി വീരേശ്വരാനന്ദ (സെ ക്രട്ടറി), ചാണ്ടിഉമ്മന്‍ എം.എല്‍.എ. (ജനറല്‍ കണ്‍വീനര്‍) അടങ്ങിയ കമ്മിറ്റി അതിനു വേ ണ്ടിയുള്ള ശ്രമത്തിലാണ്. മഹാഗുരുവിന്‍റെ പലമതസാരവുമേകം എന്ന തത്വദര്‍ശനത്തി ന്‍റെ വെളിച്ചത്തില്‍ ഭാരതീയ വേദഗ്രന്ഥങ്ങളും ബൈബിളും, ഖുറാനും ധര്‍മ്മപദവും അദ്വൈത വേദാന്തഗ്രന്ഥങ്ങളും സമബുദ്ധിയോടും സമ ഭക്തിയോടും കൂടി ഏവരും പഠിക്കുന്ന അവ സ്ഥയിലേക്ക് രാജ്യം അനീതമാകണം. ലോക സമാധാനത്തിന്‍റെ മാര്‍ഗ്ഗവും അതു തന്നെ.
ശ്രീനാരായണപ്രസ്ഥാനത്തില്‍ ചരിത്രത്തി ല്‍ തങ്കലിപികളാല്‍ രേഖപ്പെടുത്തുന്നു വത്തിക്കാന്‍ ലോകമതപാര്‍ലമെന്‍റ്. ഇത് സംഘടിപ്പിച്ചത് ശ്രീനാരായണഗുരുദേവന്‍റെ ശക്തിചൈതന്യം മാത്രമാണ്. ആലുവായില്‍ ഒന്നാമതായ സര്‍വ്വമതസമ്മേളനം സംഘടിപ്പിച്ച അതേ ഗുരുകാരുണ്യം ഇവിടെയും പ്രവര്‍ത്തിച്ചു. സംഘാടകരായവര്‍ ഗുരുവിന്‍റെ കയ്യിലെ ഉപകരണങ്ങള്‍ മാത്രം. അവരെ ഉപകരണങ്ങളായി ഗുരുദേവന്‍ തെരഞ്ഞെടുത്തു എന്നതാണ് അവരുടെ ഭാഗ്യം. അഥവാ ഗുരുദേവാനുഗ്രഹം.