സനാതനവും സനാതന ധര്‍മ്മവും

സ്വാമി ത്രിരത്നതീര്‍ത്ഥര്‍


         സനാതനമാണ് സത്യം. അതിലേക്കുള്ള മാര്‍ഗ്ഗമാണ് സനാതനധര്‍മ്മം. സത്യത്തിന്‍റെ അലിഖിത വ്യാഖ്യാനങ്ങളാണ് പ്രകൃതി നിയമങ്ങള്‍. സത്യം ശാശ്വതമെന്ന ദിശാബോധത്തെ ഉളവാക്കി പ്രകൃതി ധര്‍മ്മങ്ങള്‍ ഇവിടെ നിലകൊള്ളുന്നു. അവയെ നമ്മുടെ ജീവിതചര്യയിലേക്ക് പകര്‍ന്നു നല്‍കി നേരായ മാര്‍ഗ്ഗം ഉപദേശിക്കുന്നവരാണ് ജഗദ്ഗുരുക്കന്മാര്‍. ജഗത്തിനെ ഗുരുവായി സ്വീകരിച്ചതുകൊണ്ടാവാം ഇവര്‍ക്ക് ഈ പേരുണ്ടായത്. പ്രകൃതി ധര്‍മ്മങ്ങള്‍ക്കൊത്തുയരുവാനാണ് ഗുരുക്കന്‍മാര്‍ നിഷ്ക്കാമകര്‍മ്മത്തെ ഉപദേശിക്കുന്നത്. കര്‍ത്തൃത്വകര്‍മ്മങ്ങള്‍ ബന്ധങ്ങളില്‍ നിന്നുമുള്ള ബന്ധനങ്ങളിലേക്ക് മാത്രമേ നയിക്കുന്നുള്ളൂ. ഇത്തരം കര്‍മ്മബന്ധങ്ങളില്‍ നിന്നും നിവൃത്തിക്ക് നിഷ്ക്കാമകര്‍മ്മം ഉപകരിക്കുന്നു. അതു സനാതനധര്‍മ്മത്തിലേക്കു ചരിക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നു. ഇതിന്‍റെ പൂര്‍ത്തീകരണത്തില്‍ ഒരുവന്‍ സനാതന മനുഷ്യനായിമാറുന്നു. അപ്പോഴാണ് അവന്‍റെ പ്രവൃത്തികളെല്ലാം സനാതനധര്‍മ്മമാകുന്നത്. ഒരുവന് സ്വയം വിസ്മൃതി സംഭവിച്ചപ്പോള്‍ അനിത്യത്തെ ആശ്രയിക്കേണ്ടി വന്നു. അവനാണ് അനാഥന്‍. ഇത്തരക്കാര്‍ക്ക് സനാതനത്തെക്കുറിച്ച് പറയുവാനെന്താണ് യോഗ്യതയുള്ളത്? അവരുടെ കാഴ്ചപ്പാടില്‍ സനാതനമെന്നത് അനാഥത്വം തന്നെയാണ്. സനാതനധര്‍മ്മത്തെക്കുറിച്ച് വാതോരാതെ സംസാരിക്കേണ്ടി വരുന്നത് അതെന്തെന്ന് വലിയ നിശ്ചയമില്ലാത്തതുകൊണ്ടാണ്.  അതിനാല്‍ ഇതു സംബന്ധിച്ചുള്ള വിഷയം ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നതായേ കരുതാവൂ.


         ആത്മോപദേശ ശതകത്തില്‍ മുപ്പത്തിമൂന്നും, മുപ്പത്തിനാലും ശ്ലോകങ്ങളിലായി നാരായണഗുരു വിവരിക്കുന്നത് നോക്കാം. ഭൂമി മുതലായ ഗോളങ്ങള്‍ സഹജമായ അവസ്ഥക്കൊത്ത് ക്രമബദ്ധമായി ചുറ്റിക്കൊണ്ടിരിക്കുന്നു. അതാകട്ടെ, അരനൊടികളായ ആര ക്കാലുകളാല്‍ തീര്‍ത്ത അനാദിയും അനന്തവുമായ കാലചക്രത്താല്‍ അവിരാമം കറങ്ങിക്കൊണ്ടിരിക്കുന്നത്. സത്യത്തിന്‍റെ നിജസ്ഥിതി ബോധ്യപ്പെടുത്തുന്ന തിരുവിളയാടലെന്ന് ആലങ്കാരികമായി പ്രഖ്യാപിക്കുന്നു. ഇപ്രകാരമുള്ള പ്രകൃതിധര്‍മ്മമാണ് സനാതനധര്‍മ്മമെന്ന് പറയുന്നത്. ഇത് ജീവജാലങ്ങളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ശ്രദ്ധിക്കാം; ഇവിടെ അധിവസിക്കുന്ന ജീവകോടികള്‍ ഉണ്ണുവാനും ഉറങ്ങുവാനും അതുകളുടെ വംശപരമ്പര നിലനിര്‍ത്തുന്നതിനുമായി ഭൂമിയെ ആശ്രയിക്കുന്നു. എന്നാല്‍, ജീവജാലങ്ങളില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കാതെ ആശ്രയമരുളുന്നതിനാല്‍ അതുകളെയെല്ലാം ഭൂമി അതിജീവിക്കുന്നു. ജലത്തില്‍ നിന്നുമാണ് ജീവന്‍റെ ഉത്ഭവം. ജലമില്ലാതെ ജീവജാലങ്ങള്‍ക്ക് നിലനില്‍പ്പില്ല. അരുവിയായും പുഴയായും നദിയായും സമുദ്രവുമായുമൊക്കെ ജലം വ്യാപരിക്കുന്നു. പെയ്തിറങ്ങുന്ന മഴയെ പാരിലെ അമൃതെന്ന് തിരുവള്ളുവര്‍ കൂടി വിശേഷിപ്പിക്കുന്നു. ജലത്തില്‍ അധിവസിക്കുന്ന ജലജന്തുക്കളുടെയും സ്ഥിതി ഇതില്‍നിന്നും ഭിന്നമല്ല. ജീവികള്‍ക്കെല്ലാം അമൃതായ ജലം അങ്ങനെ അഭയം കൊടുത്തിരിക്കുന്നവയില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനാല്‍, ജീവികളെ ജലം അതിജീവിക്കുന്നു.


         അഗ്നിയുടെ പ്രഭവസ്ഥാനമാണ് സൂര്യന്‍. സൂര്യന്‍റെ ചൂടിനേയും വെളിച്ചത്തേയും സര്‍വ്വജീവികളും ആശ്രയിക്കുന്നു. ചൂടിനെ ആശ്രയിച്ചാണ് അന്നം പാകപ്പെടുത്തുന്നത്. അന്നത്തിന് ആവശ്യമായ ഗ്ലൂക്കോസ് ഉത്പ്പാദിപ്പിക്കപ്പെടുന്നത് സൗരോര്‍ജ്ജത്താലാണ്. അങ്ങനെ ഒരു ദിവസം ഉത്പ്പാദിപ്പിക്കപ്പെടുന്ന ഗ്ലൂക്കോസിന്‍റെ ഇരുപതില്‍ ഒരു ഭാഗം മാത്രമേ ഈ ഭൂമുഖത്തുള്ള ജീവജാലങ്ങള്‍ക്കു ആവശ്യമുള്ളൂ. ലോകത്തിന്‍റെ മുക്കിലും മൂലയിലും വരെ പെയ്യുന്ന മഴയും സൂര്യതാപം മൂലമാണ്. ശരീരത്തിലെ ചൂടു നിലനില്‍ ക്കുമ്പോള്‍ മാത്രമാണ് ജീവനും കുടികൊള്ളുന്നത്. ശരീരത്തിലെ ചൂടു പൂര്‍ണ്ണമായും നഷ്ടപ്പെട്ടുവെന്നു ബോധ്യമായാല്‍ ജീവന്‍ പോയതായി നാം അറിയുന്നു. അതിനാല്‍, ശരീരത്തിന്‍റെ സ്ഥിതിക്കും പോഷണത്തിനുമെല്ലാം അഗ്നി ആവശ്യമാണ്. എന്നിരുന്നാലും അഗ്നി ജീവജാലങ്ങളില്‍ നിന്നും യാതൊന്നും പ്രതീക്ഷിക്കുന്നില്ല. അതിനാല്‍ ജീവികളെയെല്ലാം അഗ്നി അതിജീവിക്കുന്നു.

         പ്രകൃതിയില്‍ പ്രാണന്‍ വായുവിനോട് ബന്ധപ്പെട്ടിരിക്കുന്നു. പ്രാണവായു എന്ന പേര് ഇങ്ങനെയുണ്ടായതാണ്. ജീവികള്‍ ചരിക്കുന്ന ഇടങ്ങളില്‍ നിന്നും വായു വഴിമാറിയും പോയ ഇടങ്ങളിലെല്ലാം സ്വയം നിറയപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ജീവികളുടെ പ്രകൃതത്തിനൊത്ത് ചരിക്കുകയും അതിലുപരി പ്രാണന് അന്നമായിരുന്നിട്ടുംകൂടി വായു ജീവികളില്‍ നിന്നും യാതൊന്നും പ്ര തീക്ഷിക്കുന്നില്ല. അതിനാല്‍ വായു ജീവികളെയെല്ലാം അതിജീവിക്കുന്നു. ആകാശം എന്നാല്‍ ഇടം ആകുന്നു. അതിന്‍റെ ഗുണമാണ് ശബ്ദം. ദിക്കുകളെ ബോധിപ്പിക്കുന്നത് ശബ്ദമാണ്. സര്‍വ്വവ്യാപകത്വമാണ് ആകാശലക്ഷണം. ഭൂമി, ജലം,അഗ്നി, വായു  ഇതുകളുടെ സ്ഥിതിക്കും ചലനത്തിനും ഇടം കൂടിയേ തീരൂ. അങ്ങനെയാണ് മറ്റെല്ലാത്തിന്‍റേയും അധിഷ്ഠാനം ആകാശമായത്. ഇങ്ങനെ ചരാചരങ്ങള്‍ ക്കെല്ലാം അഭയം കൊടുക്കുന്നുവെങ്കി ലും ആകാശം യാതൊന്നും പ്രതീക്ഷിക്കുന്നില്ല. അങ്ങനെ സഹജമായി ഭവിക്കുന്ന കര്‍മ്മങ്ങളാണ് സനാതനധര്‍മ്മങ്ങള്‍. അപ്രകാരം പഞ്ചഭൂതങ്ങളുടെ ധര്‍മ്മങ്ങളെല്ലാം സനാതനധര്‍മ്മമാകുന്നു.


         ഇപ്രകാരം സനാതനധര്‍മ്മത്തിന്‍റെ ഒരംശം മാതാപിതാക്കളില്‍ ഉള്ളതുകൊണ്ടാണ് അവര്‍ ഈശ്വരതുല്യരാകുന്നത്. മക്കളുടെയെല്ലാം ജീവിതാവശ്യങ്ങള്‍ നിറവേറ്റി അവര്‍ക്ക് സംരക്ഷണം അരുളുന്നവരാണ് മാതാപിതാക്കള്‍. മക്കള്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍, അവര്‍ അവര്‍ക്ക് വേണ്ടിയല്ല ജീവിക്കുന്നത്. ഇക്കാരണത്താലാണ് മാതാപിതാക്കള്‍ മക്കളിലൂടെ ജീവിക്കുന്നു എന്നു പറയുന്നത്. ഒരുദാഹരണം നോക്കുക: തള്ളക്കോഴി, അതിന്‍റെ കുഞ്ഞുങ്ങളെയെല്ലാം തീറ്റിപ്പോറ്റുന്നു. എന്നാല്‍ സ്വയം ഇരതേടാന്‍ പ്രാപ്തരായാല്‍ തള്ളക്കോഴി കുഞ്ഞുങ്ങളെയെല്ലാം കൊത്തിയോടിക്കുന്നു. തള്ളക്കോഴി മൃതപ്രായമാകുമ്പോള്‍ കുഞ്ഞുങ്ങള്‍ തന്നെ സംരക്ഷിക്കുമെന്ന യാതൊരു മുന്‍വിധിയും ഇല്ലാതെയാണ് അത് കുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നത്. അങ്ങനെ പ്രകൃതിധര്‍മ്മത്തിനൊത്ത് നിസ്വാര്‍ത്ഥജീവിതം നയിക്കുവാനാണ് ഗുരുക്കന്‍മാര്‍ ഉപദേശിക്കുന്നത്. വ്യക്തികള്‍ മക്കളിലൂടെ മാതാപിതാക്കന്മാരാകുന്നത് സനാതനധര്‍മ്മത്തിന്‍റെ ഭാഗമാകുന്നതു പോലെ, സമൂഹത്തില്‍ നിന്നും വ്യക്താധിഷ്ഠിതമായി നാം അറിഞ്ഞുകൊണ്ടുതന്നെ സനാതനധര്‍മ്മത്തിന്‍റെ ഭാഗഭാക്കാവണം. ദേശകാലങ്ങള്‍ക്കതീതമായി ഏവര്‍ക്കും അവരുടെ സ്വകാര്യതലത്തില്‍ സനാതനധര്‍മ്മത്തെ സ്വാംശീകരിക്കുന്നതിന് നാരായണഗുരു ഇപ്രകാരം ഉപദേശിക്കുന്നു.


'അവനവനാത്മ സുഖത്തിനാചരിക്കുന്നവ-
യപരന്‍റെ സുഖത്തിനായി വരേണം'


ഇപ്രകാരം വ്യക്താധിഷ്ഠിത ജീവിതത്തിലേക്ക് സനാതനധര്‍മ്മം ഉള്‍ക്കൊള്ളുന്നതിന് ക്രിസ്തുവചനം കൂടി ശ്രവിക്കുക. 'നിന്നെപ്പോലെ നി ന്‍റെ അയല്‍ക്കാരനെ സ്നേഹിക്കുക.' അതുപോലെ താവോമതം ഇത് മറ്റൊരു വിധത്തിലും അരുളിചെയ്യുന്നു. ' ആകാശവും ഭൂമിയും മനുഷ്യരെപ്പോലെയല്ല; അത് സൃഷ്ടികള്‍ക്കെല്ലാം ഇടം നല്‍കുന്നതില്‍ യാതൊന്നും പ്രതീക്ഷിക്കുന്നില്ല.' അതിനാല്‍ സൃ ഷ്ടികളെയെല്ലാം ആകാശവും ഭൂമിയും അതിജീവിക്കുന്നു. അവ അവയ്ക്ക് വേണ്ടിയല്ലാതെ താവോയ്ക്കുവേണ്ടി ജീവിക്കുന്നു. അതിനാല്‍  താവോ സനാതനം. താവോയിലേക്കുള്ള മാര്‍ഗ്ഗമാകട്ടെ, അതും സനാതനം. ധര്‍മ്മിയില്‍ ധര്‍മ്മത്തെ സമന്വയിപ്പിച്ചുകൊണ്ടുള്ള വീക്ഷണമാണിത്. ഗുരുക്കന്മാരുടെ അഭിമതങ്ങളെല്ലാം സനാതനധര്‍മ്മങ്ങള്‍ തന്നെ. അതിന്‍റെ  ലക്ഷ്യമെന്നത് അനാഥത്വം പേറി നടക്കുന്ന മനുഷ്യനെ സനാതനത്തിലേക്ക് ഉയര്‍ ത്തുക എന്നതാകുന്നു. നമ്മള്‍ സ്വകാര്യമേഖലയില്‍ സനാതനധര്‍മ്മത്തെ എപ്പോഴെങ്കിലും സ്വാഗതമരുളിയിട്ടുണ്ടോ? ഇല്ലെങ്കില്‍ അനാഥരായ നമ്മുടെ ജീവിതഭാരം അനുദിനം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. അതിനാല്‍ ല ക്ഷ്യത്തിലേക്ക് മാര്‍ഗ്ഗദര്‍ശനമരുളുന്ന ഗുരുക്കന്മാരുടെ ഏതെങ്കിലും ഒരു സന്ദേശത്തെ ജീവിതത്തില്‍ പകര്‍ത്തി ജീവനമാര്‍ഗ്ഗത്തെ ശരണീകരിക്കുക. അല്ലെങ്കില്‍ ഉണരണം, ഇനി ഉറങ്ങണം, ഭുജിക്കണം, പുണരണം എന്നിവണ്ണമുള്ള അനേക വികല്പമായ മോഹനിദ്രയില്‍ മയങ്ങി അനാഥനായി ഉപജീവനമാര്‍ഗ്ഗത്തില്‍ത്തന്നെ തുടര്‍ന്നുകൊള്ളുക.