ഗുരുദർശനം ശ്രവിച്ച വത്തിക്കാൻ
സ്വാമി ശുഭാംഗാനന്ദ
ശ്രീനാരായണഗുരുദേവന്‍ 1924 ല്‍ ആലുവ അദ്വൈതാശ്രമത്തില്‍ വച്ച് സംഘടിപ്പിച്ച സര്‍വ്വമതസമ്മേളനം കേരളത്തിന്‍റെ മതബോധത്തെ ഒട്ടൊന്നുമല്ല വിസ്തൃതവും പ്രബുദ്ധവുമാക്കിയത്. അന്യമതങ്ങളെ നിന്ദിക്കുകയും പരമത ഖണ്ഡനം നടത്തുകയും ചെയ്തുകൊണ്ട് സ്വമതത്തെ വന്ദിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന മതാനുയായികളുടെ മതസമീപനത്തെയും പരിമിതമായ മതബോധത്തെയും, തിരുത്തിയെടുക്കാനും, മതസ്പര്‍ദ്ധ വളര്‍ത്തുന്നതിന് ആധാരമായി നിലകൊള്ളുന്ന മതാന്ധതയെ നീക്കി സര്‍വ്വമതങ്ങളും അനുശാസിക്കുന്ന മൗലികതത്വത്തിന്‍റെ സാരം ഏകമാണെന്ന് ജനങ്ങളെ ബോധ്യ പ്പെടുത്താനും ഉദ്ദേശിച്ചുകൊണ്ടാണ് ഗുരുദേവന്‍ ആലുവ സര്‍വ്വമത സമ്മേളനത്തിന്‍റെ സ്വഭാവവും പ്രകൃതവും നിര്‍ണയിച്ചത്. ആ നിര്‍ണ്ണയത്തിന്‍റെ സത്ഫലമായാണ് കേരളത്തിന്‍റെ മതമണ്ഡലത്തിലും സാമൂഹ്യമണ്ഡലത്തിലും മറ്റെ വിടെയും കാണാത്തൊരു സൗഹൃദവും ലയവും സാഹോദര്യവും ഊട്ടിയുറക്കപ്പെട്ടത്. ഗുരുദേവന്‍റെ മതമീമാംസ വെളിവാക്കിയ ആ സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദി ശിവഗിരിമഠത്തിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ഒരു കൊല്ലമായി ലോ കമെങ്ങും ആഘോഷിച്ചു വരികയാണ.് ലോകത്തിന്‍റെ ശാന്തിയും സമാധാനവും ക്ഷയിച്ചു പോകുന്നതില്‍ പലപ്പോഴും മതങ്ങള്‍ കാരണപക്ഷത്താകുന്നതിനാല്‍ ശരിയായൊരു മതപഠനവും മതബോധവും മതസമീപനവും ലോകത്തിനാവശ്യമാണെന്ന് ഗുരു കണ്ടിരുന്നു. മതങ്ങളേക്കാള്‍ മനുഷ്യനായിരുന്നു ഗുരുവിന് പ്രധാനം. അതുകൊണ്ടാണ് ഒരവസരത്തില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെ ന്ന് ഗുരുദേവന്‍ പറഞ്ഞത്. മതങ്ങളുണ്ടെങ്കിലേ മനുഷ്യന് സ്ഥാനമുള്ളൂവെന്ന പൗരോഹിത്യ വീക്ഷണത്തിനപ്പുറം മനുഷ്യനുണ്ടെങ്കിലേ മതത്തിനും ദൈവത്തിനും സ്ഥാനമുള്ളൂ എന്ന സത്യത്തിലേക്കാണ് ഈ സന്ദേശത്തിലൂടെ ഗുരുദേവന്‍ വിരല്‍ ചൂണ്ടിക്കാട്ടുന്നതെന്നതാണ് പ്രധാനം. ഈ വെളിവിലേക്കാണ് ലോകത്തിന്‍റെ ശ്രദ്ധ പതിയേണ്ടത്.
ഒരുപക്ഷേ ഈ വെളിവിലേക്ക് ലോകത്തിന്‍റെ ശ്രദ്ധ പതിഞ്ഞിരുന്നെങ്കില്‍ ഇന്ന് കാണുന്ന മതപ്പോരുകളോ മതാഭിമുഖ്യം പുലര്‍ത്തുന്ന രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധങ്ങളോ അഭയാര്‍ത്ഥി പ്രവാഹങ്ങളോ ജനങ്ങളുടെ കൂട്ടപലായനങ്ങ ളോ സംഭവിക്കുമായിരുന്നില്ല. സര്‍വ്വമത സമ്മേളനത്തിന്‍റെ ചരിത്ര പ്രാധാന്യവും പ്രസക്തിയും പുലരുന്നത് ഇവിടെയാണ്. അതുകൊണ്ട് ത ന്നെയാണ് സര്‍വ്വമതസമ്മേളനത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളും അതിന്‍റെ സര്‍വ്വസമാശ്ലേഷിയായ സന്ദേശവും ലോകമാകെയെത്തണമെന്ന് ശിവഗിരിമഠം ആഗ്രഹിക്കുന്നതും അതിനായി പ്രയത്നിക്കുന്നതും.
ഈ പശ്ചാത്തലത്തിലാണ് സര്‍വ്വമതസമ്മേളനത്തിന്‍റെ ഒരു ശതാബ്ദിസമ്മേളനം ലോകജനസംഖ്യയുടെ മൂന്നിലൊരു ഭാഗത്തോളം വരുന്ന ക്രിസ്തീയ മതവിശ്വാസികളുടെ ആത്മീയകേന്ദ്രമായ വത്തിക്കാനില്‍ വച്ച് തിരുസഭയുടെ അഭിവന്ദ്യപിതാവായ മാര്‍പാപ്പയുടെ സാന്നിദ്ധ്യത്തില്‍ നടത്താനുള്ള ആലോചനയുണ്ടായത്. ഇതിനുള്ള ശിവഗിരി മഠത്തിന്‍റെ അഭ്യര്‍ത്ഥനയ്ക്ക് വത്തിക്കാനില്‍ നിന്നും അനുകൂലമായ സമീപനമുണ്ടായത് ശ്ലാഘനീയമാണ്. ഇക്കാര്യത്തില്‍ ഈയടുത്ത നാളില്‍ കര്‍ദ്ദിനാളായി വത്തിക്കാനില്‍ വച്ച് അഭിഷിക്തനായ ഫാ. ജോര്‍ജ്ജ് ജേക്കബ് കൂവക്കാടിന്‍റെ വലിയ സഹകരണവും ലഭിക്കുകയുണ്ടായി. വത്തിക്കാനില്‍ നവംബര്‍ 29, 30 ഡിസംബര്‍ 1 തീയതികളിലായി അഭിവന്ദ്യരായ കര്‍ദ്ദിനാള്‍മാരും മറ്റു പ്രമുഖമതങ്ങളുടെ ആചാര്യന്‍ മാരും സംബന്ധിച്ച, ശിവഗിരി മഠത്തിന്‍റെ നേതൃത്വത്തില്‍ നടന്ന, ഈ സര്‍വ്വമതസമ്മേളനം ലോക ചരിത്രത്തിലെ തന്നെ തിളക്കമാര്‍ന്ന ഒരേടായി എക്കാലവും പ്രശോഭിക്കുമെന്നതില്‍ സംശയമില്ല.
ശിവഗിരി മഠത്തില്‍ നിന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്‍റെ പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദസ്വാമി, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ബോര്‍ഡ് അംഗങ്ങളായ സ്വാമി ഋതംഭരാനന്ദ, സ്വാമി വിശാലാനന്ദ, ഗുരുധര്‍മ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, ആലുവഅദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മചൈതന്യ, ധര്‍മ്മ സംഘം ട്രസ്റ്റ് അംഗങ്ങളായ സ്വാമി വീരേശ്വരാനന്ദ, സ്വാമി ഹംസതീര്‍ത്ഥ എന്നീ സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുത്ത വത്തിക്കാനിലെ ഈ സര്‍വ്വമതസമ്മേളനത്തില്‍ 17 രാജ്യങ്ങളില്‍ നിന്നായി 180 ലേറെ പേര്‍ സംബന്ധിക്കുകയുണ്ടായി.
ലോകത്തെ 2.4 ബില്യന്‍ വരുന്ന വിശ്വാസ സമൂഹത്തിന്‍റെ ശ്രദ്ധ പതിയുന്നിടമാണ് വത്തിക്കാനിലെ മാര്‍പാപ്പയുടെ ആസ്ഥാനം. അതുകൊണ്ട് തന്നെ അവിടെ നിന്നും ഗുരുദേവന്‍റെ മതമീമാംസ വിചാരം ചെയ്യപ്പെടുന്നതായാല്‍ അത് ലോകമാകെ ശ്രവിക്കുന്നതായിത്തീരും. വേറൊന്ന്, ഗുരുദേവന്‍ ക്ഷമയുടെ മൂര്‍ത്തിയായും ശ്രീപരമേശ പവിത്രപുത്രനായും വാഴ്ത്തിയിട്ടുള്ള ക്രിസ്തുദേവന്‍റെ ചൈതന്യവും ദര്‍ശനവും ലോകത്തിന് വെളിച്ചമാക്കുന്നിടമാണ് മാര്‍പാപ്പയുടെ തിരുസന്നിധാനമായ വത്തിക്കാന്‍. അവിടെ നിന്നും മുഴങ്ങുന്ന ഗുരുദര്‍ശനം ഭാഷാതിര്‍ത്തികളും ദേശാതിര്‍ത്തികളും കടന്നുപോകും. ഈ ബോധ്യത്തില്‍ നിന്നുമാണ് വത്തിക്കാനിലെ സര്‍വ്വമത സമ്മേളനത്തിനുദയമുണ്ടായത്.
ശിവഗിരി മഠത്തില്‍ നിന്നും നവംബര്‍ 28 ന് പുറപ്പെട്ട് 29 ന് രാവിലെ റോമിലെത്തിയ സന്യാസിസംഘത്തിന് ഹൃദ്യമായ വരവേല്‍പ്പാണ് ലഭിച്ചത്. വത്തിക്കാന്‍ പ്രതിനിധികളും ഹാര്‍ദ്ദവമോതി. 29 ന് വൈകിട്ട് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയവരെല്ലാം ഒത്തുകൂടി നടത്തിയ സത്സംഗത്തിനൊടുവില്‍ ഗുരുദര്‍ശനത്തിന്‍റെ അന്തഃസത്ത വിചാരധാരയായി അവിടെക്കൂടിയ ഓരോ ഹൃദയങ്ങളിലേക്കും ഒഴുകിപ്പടര്‍ന്നു.
നവംബര്‍ 30 ന് രാവിലെ വത്തിക്കാന്‍ സ്ക്വയറിലെ അഗസ്റ്റീരിയന്‍ ഹാളിലായിരുന്നു സര്‍വ്വമത സമ്മേളനത്തിന്‍റെ ശതാബ്ദി സമ്മേളനം നടന്നത്. രണ്ടു കര്‍ദിനാള്‍മാര്‍ക്കൊപ്പം വേദിയിലേക്ക് നിറഞ്ഞ പുഞ്ചിരിയോടെ കടന്നുവന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ എല്ലാവരും എഴുന്നേറ്റ് നിന്ന് കൈകള്‍ കൂപ്പി സ്വീകരിച്ചു. ഔപചാരികമായ ചടങ്ങുകളോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രത്യേകം തയ്യാറാക്കി കൊണ്ട് വന്ന പ്രസംഗം മാര്‍പാപ്പ വായിച്ചു. വംശങ്ങളും ദേശങ്ങളും സംസ്കാരങ്ങളും മനുഷ്യരെ വിഭജിക്കുന്ന കാലത്ത് ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനത്തിന് അതീവപ്രസക്തി ഉണ്ടെന്ന് മാര്‍പാപ്പ പറഞ്ഞു. ലോകത്തുള്ള സര്‍വ്വമനുഷ്യരും ഒരേ കുടുംബത്തിലെ അംഗങ്ങളാണെന്ന ദര്‍ശനമാണ് ഗുരു ലോകത്തിന് നല്‍കിയത്. മതത്തിലുള്ള വിശ്വാസം നിലനിര്‍ത്തിക്കൊണ്ട് തന്നെ നല്ല മനുഷ്യസമൂഹത്തെ വാര്‍ത്തെടുക്കുവാന്‍ നമുക്കാവണം. മതങ്ങള്‍ മനുഷ്യരുടെ ഒരുമയ്ക്കായും നന്മയ്ക്കായും സമാധാനത്തിനായും ഒരുമിക്കണമെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
ഗുരുവിന്‍റെ അദൃശ്യമായൊരു ദിവ്യസാന്നിധ്യം അനുഭവമായിതീരുന്ന വിധം ആ സമ്മേളനാന്തരീക്ഷം മാറിയിരുന്നു. മതങ്ങള്‍ക്ക് മേല്‍ മനുഷ്യരൊന്നിക്കുന്ന വത്തിക്കാനിലെ ആ കാഴ്ചയും മാര്‍പാപ്പയുടെ ആശീര്‍വാദവും ഈ ലോകത്തിന് കിട്ടിയ ഏറ്റവും മഹത്തായൊരു സന്ദേശമായി മാറുകയാണ് ചെയ്തത്.
ഗുരുദേവന്‍റെ സര്‍വ്വമത പ്രാര്‍ത്ഥനയായി തത്വദര്‍ശികള്‍ വിലയിരുത്തുന്ന ദൈവദശകത്തിന്‍റെ ഇറ്റാലിയന്‍ ഭാഷയിലുള്ള അവതരണം കൊണ്ടും ഒരു സംഘം കുട്ടികളുടെ ആലാപനം കൊണ്ടും ഭക്തിനിര്‍ഭരമായിരുന്നു അവിടുത്തെ ചടങ്ങുകള്‍. ആലുവ സര്‍വമത സമ്മേളനത്തിന്‍റെ വിശുദ്ധിയില്‍ നിന്നും പകര്‍ന്നെടുക്കപ്പെട്ട വത്തിക്കാനിലെ സമ്മേളനവും മാര്‍പാപ്പയുടെ ആശീര്‍വാദപ്രസംഗവും ശിവഗിരിയിലെ സംന്യാസി ശ്രേഷ്ഠരുടെ പ്രഭാഷണങ്ങളും മറ്റു മതപ്രതിനിധികളുടെ പ്രസംഗങ്ങളും സത്സംഗങ്ങളും എല്ലാം ചേര്‍ന്ന് ലോകത്തിനും ചരിത്രത്തിനും നല്‍കിയത് 'മനുഷ്യരൊക്കെയും ഒരു ജാതി അതാണ് നമ്മുടെ മതം' എന്ന ഗുരുദേവന്‍റെ സാര്‍വ്വദേശീയ സന്ദേശത്തിന്‍റെ പ്രസക്തിയും പ്രാധാന്യവുമാണ്. അതിലൂടെ ശിവഗിരി മഠം ഗുരുദര്‍ശനത്തിന്‍റെ അലൗകികകാന്തിയില്‍ പ്രകാശിപ്പിക്കുകയും പ്രസരിപ്പിക്കുകയും ചെയ്യുന്ന മതത്തിന് മീതെ മനുഷ്യത്വം എന്ന സന്ദേശത്തിലേക്ക് വര്‍ത്തമാനകാല ലോകത്തിന്‍റെ ശ്രദ്ധയും ചിന്തയും പതിഞ്ഞുകണ്ടതില്‍ ഏറെ കൃതാര്‍ത്ഥതയുണ്ട.്
ഈ മഹനീയ പശ്ചാത്തലത്തിലാണ് ഇക്കൊ ല്ലത്തെ 92-ാമത് ശിവഗിരി തീര്‍ത്ഥാടനം നടന്നത്. സര്‍വ്വമാനവരാശിയുടെയും അഭ്യുദയത്തിനായിട്ട് അവതരിച്ച ഗുരുവിന്‍റെ തീര്‍ത്ഥാടന സങ്കല്പം വിശ്വമാനവികതയിലധിഷ്ഠിതമായ ലോകോദ്ധാരണമാണ്.
മനുഷ്യത്വം വിണ്ടുപോകുന്ന ഇന്നത്തെ ലോകസാഹചര്യത്തില്‍ ശാന്തിയുടേയും സമാധാനത്തിന്‍റെയും അഭിവൃദ്ധിയുടേയും മംഗളപരതയുടേയും നിര്‍വൃതിയുടേയും മൗലികമായ ദര്‍ശനമാണ് ഗുരുദേവന്‍ മനുഷ്യരാശിക്ക് നല്‍കിയതെന്ന് ഓര്‍ക്കുമ്പോഴാണ് ആ ദൈവീകതയുടേയും മാനവികതയുടേയും എഴുന്നള്ളത്തിന് മുന്നില്‍ മറ്റൊന്നിനും പ്രസക്തിയില്ലെന്ന ബോധ്യം ഉറയ്ക്കുന്നത്. 'എന്തിനാണ് മനുഷ്യര്‍ ഭിന്നത വളര്‍ത്തി കലഹിക്കുന്നത്? എല്ലാം വൃഥാവില്‍. പോരാട്ടങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും നാശമേ ഉണ്ടാകയുള്ളുവെന്ന് മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.' ഗുരുദേവന്‍റെ ഈ വചനാമൃതം കൊണ്ട് നമ്മുടെ അകവും പുറവും തിങ്ങിവിങ്ങി കരകവിയുന്നൊരു കാലത്തേ സാഹോദര്യത്തിന്‍റെയും സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും അഹിംസയുടെയും വിശുദ്ധിയുടേയും മാതൃസ്ഥാനത്തേക്ക് നമുക്കെല്ലാം മടങ്ങിയെ ത്താനാകു. ആ അനുഭവമഹിമയിലേക്ക് ഏവരെയും ഉയര്‍ത്തുന്ന സര്‍വസമന്വയ സമഭാവനയുടേയും നവോത്ഥാനത്തിന്‍റെയും അഭൗമമായൊരു സ്രോതസ്സാണ് 'ശിവഗിരി തീര്‍ത്ഥാടനം.' ഭക്തിയും ശുദ്ധിയും അറിവും ശ്രദ്ധയും വേറല്ലാത്തവിധം സമന്വയിക്കുന്ന ശിവഗിരി തീര്‍ത്ഥാടനം പുനരവലോകനത്തിന്‍റെയും പുനരാവിഷ്കരണത്തിന്‍റെയും വലിയ സാധ്യതകളാണ് തീര്‍ത്ഥാടകന് സമ്മാനിക്കുന്നത്. "സമ്പാദിച്ച അറിവ് കളയരുത്, അതു വലുതാക്കിയാല്‍ എത്ര പങ്ക് വെയ്ക്കാം. ഈശ്വരന്‍ പ്രസാദിച്ചാല്‍ മതി" എന്ന ഗുരുദേവന്‍റെ വചനവെളിവിലേക്ക് ഈ തീര്‍ത്ഥാടനത്തിലൂടെ നമ്മുടെയെല്ലാം മനസ്സും ബുദ്ധിയും ചിന്തയുമെത്തണം. അപ്പോള്‍ പ്രശാന്തചിത്തനായി കഴിയേണ്ട മനുഷ്യന്‍ അശാന്തചിത്തനായി മാറുകയില്ല.
വിദ്യയും വിശ്വാസവും, ശുചിത്വവും ഭക്തിയും വേറുവേറാകാതെ ആത്മീയവും ലൗകികവും പരസ്പരം ഒരു ശരീരത്തിലെ വിവിധങ്ങളായ അവയവങ്ങള്‍ ഏകോപിക്കുന്നതുപോലെ ഏകോപിപ്പിക്കുന്നതായാല്‍ ഭൗതികമായ അഭ്യുന്നതിയും ആദ്ധ്യാത്മികമായ നിഃശ്രേയസ്സവും മനുഷ്യനു അനായാസം പ്രാപ്യമാക്കാനാവും. അപ്പോള്‍ ജീവിതത്തിലെ ഇരുളുകള്‍ നീങ്ങുകയും ആത്മപ്രകാശം അകത്തും പുറത്തുമുജ്ജ്വലിക്കുകയും ചെയ്യും. ആ പ്രകാശധന്യതയിലാണ് ജീവിതത്തെ പുനഃക്രമീകരി ക്കേണ്ടതും നവീകരിക്കേണ്ടതും. അപ്പോള്‍ വിവേചനങ്ങളോ അശാന്തിയോ ഇല്ലാത്ത ഒരു നവലോകം യാഥാര്‍ത്ഥ്യമാകും. അങ്ങനെ യുള്ളൊരു നവലോകത്തെയാണ് 'സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനം കൊ ണ്ടു ഗുരു വിഭാവനം ചെയ്തത്. ഗുരുദേവന്‍റെ അനുപമവും അമേയവുമായ ആ മഹാസങ്കല്പം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ മനുഷ്യരെല്ലാവരും ആത്മസഹോദരരാണെന്ന ബോധത്തില്‍, ഗുരുദേവന്‍ ഉദ്ബോധിപ്പിച്ച സത്യദര്‍ശനത്തിന്‍റെ വെളിച്ചത്തില്‍, ശാസ്ത്ര സാങ്കേതിക ഭൗതിക വിജ്ഞാനത്തെ പങ്കുവയ്ക്കുകയും അവയെ വിനിമയം ചെയ്യുകയും ഗുണപരമായി പ്രയോജനപ്പെടുത്തുകയും വേണം. അപ്പോഴാണ് വിശ്വമാനവികതയുടെ അമരപ്രകാശത്തില്‍ ലോകം ശാന്തിഭദ്രമാകുന്നതും അഭ്യുന്നതിയും ആത്മസുഖവും കൈവരുന്നതും. അതിനുള്ള ജീവിത ഗന്ധികളായ പാഠങ്ങളാണ് ശിവഗിരി തീര്‍ത്ഥാടനലക്ഷ്യങ്ങള്‍. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കൈത്തൊഴില്‍, കച്ചവടം, സാങ്കേതികശാസ്ത്രപരിശീലനം എന്നിങ്ങനെ ഗുരുദേവന്‍ എണ്ണിപ്പറഞ്ഞ ആ ലക്ഷ്യങ്ങളായിരിക്കട്ടെ നമ്മുടെ ഏവരുടേയും ലോകോദ്ധാരണത്തിനുള്ള ഗീതവും ഗീതയും.