92-ാമത് ശിവഗിരിതീര്‍ത്ഥാടന സന്ദേശം
മഹാജനങ്ങളെ,
ശ്രീനാരായണഗുരുദേവന്‍ ജനകോടികളുടെ വഴിയും വഴികാട്ടിയുമായ പരമഗുരുവും പരമദൈവവുമാണ്. 'ഗുരു പ്രത്യക്ഷദൈവതം ' എന്നത് ജനലക്ഷങ്ങള്‍ ശ്രീനാരായണഗുരുദേവനിലൂടെയാണ് സാക്ഷാത്ക്കരിച്ചത്. അവര്‍ക്ക് ഗുരുദേവന്‍ ശ്രീകൃഷ്ണന്‍റെയും ശ്രീബുദ്ധന്‍റെയും യേശുക്രിസ്തുവിന്‍റെയും മുഹമ്മദ്നബിയുടെയും ശ്രീശങ്കരഭഗവദ്പാദരുടെയും മൂര്‍ത്തരൂപമായിരുന്നു. മാത്രമല്ല ഗുരുദേവന്‍ സകലദേവീദേവസ്വരൂപമായ പ്രത്യക്ഷബ്രഹ്മമായിരുന്നു. അറിയുന്നവരെയെല്ലാം ആരാധകരാക്കി മാറ്റുവാന്‍ പോന്ന അദ്ഭുതവ്യക്തിവൈശിഷ്ട്യത്തിന്‍റെ ഉടമയായിരുന്ന ഗുരുദേവനെ 'ജീവിച്ചിരുന്നോരു നാളില്‍ ആരും പൂവിട്ടു പൂജിച്ചിരുന്നു'വെന്ന മഹാഗുരുവിന്‍റെ തിരുനാമധേയത്തില്‍ നടക്കുന്ന ഏറ്റവും മഹത്തരമായ ആത്മീയയജ്ഞമാണ് ശിവഗിരി തീര്‍ത്ഥാടനം.
അഞ്ചുപേരില്‍ തുടങ്ങിയ ശിവഗിരി തീര്‍ത്ഥാടനം ഇപ്പോള്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മഹാമഹമായി വളര്‍ന്നു പന്തലിച്ചിരിക്കുന്നു. 'അറിവിന്‍റെ തീര്‍ത്ഥാടനം' എന്ന് ഭുവനപ്രസിദ്ധിയാര്‍ജ്ജിച്ച ഈ മഹിതമായ തീര്‍ത്ഥാടനത്തിനു തുല്യമായ മറ്റൊരു ജ്ഞാനദായകതീര്‍ത്ഥപ്രവാഹം എവിടെയും കാണാനാവില്ലയെന്നത് ഏവര്‍ക്കും അനുഭവസിദ്ധമാണ്. ശിവഗിരിയില്‍ പിതാംബരധാരികളായി ഒഴുകിയെത്തുന്ന ജനലക്ഷങ്ങള്‍ ജ്ഞാനതീര്‍ത്ഥത്തില്‍ അടനം ചെയ്യുന്നതിനോടൊപ്പം ഗുരുദേവനെ പരമദൈവമായി ദര്‍ശിച്ച് അനുഗ്രഹംനേടി ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുന്നു. ജനലക്ഷങ്ങളുടെ തീര്‍ത്ഥാടനം ഒരു സാമൂഹികപരിഷ്കര്‍ത്താവിന്‍റെ, വിപ്ലവകാരിയുടെ കുടീരം കാണുവാനല്ല, മറിച്ച് ഈശ്വരസ്വരൂപനായ മഹാഗുരുവില്‍ അഭയവും ആനന്ദവും കണ്ടെത്തി അനുഗൃഹീതരാകുന്നതിനുവേണ്ടി കൂടിയാണ്. എന്നാല്‍ ഗുരുദേവന്‍ ഈശ്വരസ്വരൂപന്‍ തന്നെയോ എന്ന് സന്ദേഹിക്കുന്നവര്‍ അപൂര്‍വ്വമായി ഇല്ലെന്നില്ല എന്നും നാം അറിയേണ്ടതായിട്ടുണ്ട്. ഒരു മഹാത്മാവിനെ നാം വിലയിരുത്തുന്നത് അവിടുത്തെ ജീവിതചരിതത്തെയും കൃതികളെയും ചേര്‍ത്തുവെച്ചുകൊണ്ടുള്ള പഠനത്തിലൂടെയാണ്. ശ്രീകൃഷ്ണപരമാത്മാവിനെ അവതാരപുരുഷനായും ക്രിസ്തുദേവനെ ദൈവപുത്രനായും മുഹമ്മദ്നബിയെ ദൈവദൂതനായും കണക്കാക്കി ലോകം വാഴ്ത്തുമ്പോള്‍ ആ പരമ്പരയില്‍ വന്നുദിച്ച ശ്രീനാരായണഗുരുദേവന്‍ സാക്ഷാത് ഈശ്വരന്‍ തന്നെയെന്ന് അവിടുന്നെഴുതിയ ആത്മവിലാസത്തിലെ വരികളില്‍ നിന്ന് 'നാമും ദൈവവും ഒന്നായിരിക്കുന്നുവെന്ന്- ശ്രീനാരായണഗുരുവും ദൈവവും ഒന്നായിരിക്കുന്നുവെന്ന് മനസ്സിലാക്കണം.
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും; വരവറ്റുനില്പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.
ആത്മോപദേശശതകത്തിലെ ഈ 66-ാം ശ്ലോകം പ്രത്യേകം ശ്രദ്ധിക്കുക. ജീവജാലങ്ങള്‍ ജനിച്ചും മരിച്ചും കൊണ്ടിരിക്കും. എന്നാല്‍ ജനനമരണമേതുമില്ലാതെ- നിത്യമായി നിലകൊള്ളുന്നത് ഒന്നുമാത്രം. അത് അറിവാണ്-ഈശ്വരനാണ്. നാമതുതന്നെ- ഗുരുദേവന്‍ ആ അറിവ് അഥവാ ഈശ്വരന്‍ തന്നെയാകുന്നു. മറ്റുള്ളവരെല്ലാം ആ ഈശ്വരന്‍റെ സ്വരൂപം തന്നെ. ഈ ദിവ്യവചനത്തിന്‍റെ അടിസ്ഥാനത്തില്‍ വേണം നാം ഗുരുദേവനെ സമാരാധന ചെയ്യുവാന്‍.
വത്തിക്കാനില്‍ വെച്ച് അഭിവന്ദ്യനായ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആശീര്‍വാദത്തില്‍ ആലുവ സര്‍വ്വമതസമ്മേളനത്തിന്‍റെ ശതാബ്ദിയാഘോഷത്തിന്‍റെ ഭാഗമായി ലോകമതപാര്‍ലമെന്‍റ് നടന്നതിന്‍റെ മികവിലാണ് 92-ാമത് ശിവഗിരി തീര്‍ത്ഥാടനം കൊണ്ടാടുന്നത്. 'ലോകമൊരു കുടുംബമാണെന്ന് ശ്രീനാരായണഗുരു പ്രഖ്യാപിച്ചു. ഗുരു ജീവിതം മനുഷ്യര്‍ക്കായി സമര്‍പ്പിച്ചു. ഗുരുവിന്‍റെ സന്ദേശത്തിലൂടെ ലോകസമാധാനം കൈവരിക്കാം'. തുടങ്ങിയ വചനങ്ങളാണ് മാര്‍പ്പാപ്പയിലൂടെ ലോകം ശ്രവിച്ചത്. ശ്രീനാരായണഗുരു വിശ്വഗുരുവെന്ന് അക്ഷരാര്‍ത്ഥത്തില്‍ ലോകം അംഗീകരിച്ചിരിക്കുന്നു. ഇതിന്‍റെ ചൈതന്യധന്യതയില്‍ തൃപ്പാദങ്ങളില്‍ അഭയവും ആനന്ദവും കണ്ടെത്തി അവിടുത്തെ ഏകലോകദര്‍ശനത്തിന്‍റെ സാഫല്യതയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുവിന്‍.
തീര്‍ത്ഥാടന മംഗളാശംസകളോടെ
സച്ചിദാനന്ദസ്വാമി