ഗുരുദേവന്‍  തന്ന പാഠങ്ങള്‍

ജസ്റ്റിസ് ഡി. ശ്രീദേവി


         ലോകം കണ്ട ഏറ്റവും വലിയ ഗുരുവാണ് ശ്രീനാരായണഗുരുദേവന്‍. മനുഷ്യനെ മനുഷ്യനാക്കാന്‍ വേണ്ടി അങ്ങേയറ്റം പ്രയത്നിച്ച ഗുരുദേവന്‍ 'മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നു പറഞ്ഞു. ലോകത്തില്‍ ഇന്നുവരെ മറ്റാരും ഇങ്ങനെ പറഞ്ഞിട്ടില്ല. ലോകം മുഴുവന്‍ പ്രകാശം പരത്തിയ ശ്രീനാരായണഗുരുദേവന്‍റെ തത്വസംഹിതകള്‍ അതേപടി അനുസരിച്ച് ജീവിക്കുന്നവന്‍ ഒരു യഥാര്‍ത്ഥ പൗരനായിരിക്കും.
         പക്ഷേ ഇന്നു നമ്മള്‍ എന്താണ് കാണുന്നത്? വര്‍ഗ്ഗീയതയുടെ പേരില്‍ കൊലപാതകങ്ങള്‍ നടക്കുന്നു. മനുഷ്യാവകാശം എന്ന ഒരു ആശയം ആദ്യമായി രൂപം കൊണ്ടത് ഐക്യരാഷ്ട്രസഭയിലാണ്. 1945- ല്‍. അതിനു ശേഷം 1948 ല്‍ ഒരു മനുഷ്യാവകാശ പ്രഖ്യാപനം തന്നെയുണ്ടായി. പക്ഷേ ഇതിന് എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീനാരായണഗുരുദേവന്‍ പറഞ്ഞതെല്ലാം മനുഷ്യാവകാശ പ്രഖ്യാപനങ്ങള്‍തന്നെയായിരുന്നു. ആ മനുഷ്യാവകാശ പ്രഖ്യാപനങ്ങളിലൂടെ എല്ലാ മനുഷ്യരിലും അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് ഗുരുദേവന്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചത്. ജാതിയും തൊട്ടുകൂടായ്മയും നിലനിന്നിരുന്ന ഒരു കാലഘട്ടത്തില്‍, സ്ത്രീകള്‍ക്കു മാറ് മറയ്ക്കാന്‍ ആവാതിരുന്ന ഒരു കാലഘട്ടത്തില്‍ , സ്ത്രീകള്‍ മാറ് മറയ്ക്കേണ്ട ആവശ്യകതയെ പറയുകയും തൊട്ടുകൂടായ്മ അവസാനിപ്പിക്കാന്‍ പന്തിഭോജനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു ശ്രീനാരായണഗുരുദേവന്‍.


         വിഗ്രഹാരാധന എന്ന കേവലമായ ഒരാഗ്രഹം വച്ചുകൊണ്ടല്ല ഗുരുദേവന്‍ ക്ഷേത്രങ്ങള്‍ ഉണ്ടാക്കിയത്. 1888- ല്‍ നെയ്യാറിലെ 'ശങ്കരന്‍കുഴി' യില്‍ നിന്ന് തത്സമയം മുങ്ങിയെടുത്ത ഒരു കല്ല് പ്രതിഷ്ഠിച്ചുകൊണ്ടാണ് ആദ്യക്ഷേത്രസ്ഥാപനം ഗുരു നിര്‍വഹിച്ചത്. ഇങ്ങനെയൊരു ശിലാഖണ്ഡം പ്രതിഷ്ഠിച്ചതിന്‍റെ പിന്നിലുള്ള ആശയം 'അദ്വൈതം' തന്നെയായിരുന്നു. കാരണം ഈ കല്ലിന് യാതൊരു രൂപഭേദങ്ങളും വരുത്തിയില്ല. ശില്പിയുടെ കരസ്പര്‍ശമില്ല. അതില്‍ ശൂലമില്ല. ആഭരണങ്ങളില്ല. ഈ വിധം എന്തെങ്കിലും വന്നുകഴിഞ്ഞാല്‍ അത്  ദ്വൈതമാകും, അഥവാ ' രണ്ട്' ആകും എന്നറിഞ്ഞുകൊണ്ടാണ് ആ ശിലയുടെ പ്രകൃതിഭാവത്തിനു യാതൊരു മാറ്റവും വരുത്താതെ അങ്ങനെ തന്നെ പ്രതിഷ്ഠിച്ചത്.


         അദ്വൈതവാദിയായിരുന്ന ഗുരുദേവന്‍ എന്തിനാണ് ഈ ക്ഷേത്രം സ്ഥാപിച്ചത്? മനുഷ്യനില്‍ ശുചിത്വബോധം ഉണ്ടാക്കുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത്, ശുചിത്വത്തോട് കൂടി, നിര്‍മ്മലമായ മനസ്സോടുകൂടി ഈശ്വരനെ പ്രാര്‍ത്ഥിക്കുവാന്‍ ക്ഷേത്രമുറ്റത്ത് കൂടുമ്പോള്‍ തമ്മില്‍ ആശയവിനിമയം നടത്താന്‍. അങ്ങനെ ആശയവിനിമയം നടത്തുമ്പോള്‍ അവനവന്‍റെ അവകാശങ്ങളെപ്പറ്റി സംസാരിക്കുവാന്‍. അങ്ങനെ അവകാശങ്ങളെപ്പറ്റി സംസാരിക്കുമ്പോള്‍ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുവാന്‍. അതിലൂടെ സംഘടിക്കുവാന്‍. ഈ മൂന്ന് ഉദ്ദേശത്തോട് കൂടിയാണ് അരുവിപ്പുറം ക്ഷേത്രം സ്ഥാപിച്ചത്. തുടര്‍ന്ന് കൂടുതല്‍ ക്ഷേത്രങ്ങള്‍ ഉണ്ടാക്കി. അവസാനം കളവംകോടത്ത് കണ്ണാടി പ്രതിഷ്ഠിച്ചു. അതിലൂടെ അവനവനിലേക്കു നോക്കാനാണ് ഗുരുദേവന്‍ പഠിപ്പിച്ചത്. തന്നിലുള്ള തെറ്റുകുറ്റങ്ങളെ മനസ്സിലാക്കി അവയെ ദൂരീകരിച്ചു നല്ല ഒരു മനുഷ്യനായിമാറുവാനുള്ള, ആത്മാവിനെ അറിയുവാനുള്ള വലിയ സന്ദേശം അത് നല്‍കുകയാണ്. ഈശ്വരചൈതന്യത്തെ വിചാരം ചെയ്തുചെയ്ത് മാറ്റ് കൂട്ടി തിളക്കമുള്ളതാക്കുമ്പോള്‍ യഥാര്‍ത്ഥമനുഷ്യനേയും മനുഷ്യനിലുള്ള ദൈവത്തേയും കാണാം എന്നാണ് അദ്ദേഹം അതുകൊണ്ട് ഉദ്ദേശിച്ചത്. ഗുരുദേവന്‍ മദ്യം വിഷമാണെന്ന് പറഞ്ഞിട്ട് എത്രയോ ദശാബ്ദങ്ങള്‍ കടന്നു പോയി. പക്ഷേ മദ്യത്തി ന്‍റെ ലഹരിയിലാണ് പല മനുഷ്യരും. ഇപ്പോള്‍ മദ്യം ഒരു ഫാഷനായി ഓരോ കുടുംബത്തിനും മാറിയിരിക്കുകയാണ്. ഇത് നമുക്ക് ഒന്ന് മാറ്റിവെച്ചുകൂടെ?  ഇതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് ക്ഷമാപൂര്‍വ്വം മനസ്സിലാക്കുന്നയാള്‍ മദ്യത്തെ ഉപേക്ഷിക്കുമെന്നതില്‍ സംശയം വേണ്ട. അതുകൊണ്ട് നമ്മള്‍ ചിന്തിക്കണം. നാം പുറകിലോട്ട് ഒന്ന് നോക്കുക. എന്താണ്  സംഭവിച്ചതെന്നൊക്കെ അറിയുക. എങ്ങനെ ഇന്നത്തെ ഈ സ്ഥിതിയിലെത്തിയെന്നറിയുക. ഇന്ന് ഭ്രൂണഹത്യ ഒരുവശത്ത് നടക്കുകയാണ് . എന്തുകൊണ്ട്? പെണ്‍കുഞ്ഞുങ്ങളെ കൊല്ലുന്നു. കാരണം പെണ്‍കുഞ്ഞുങ്ങള്‍ കുടുംബത്തിന് ഒരു ഭാരമായി മാറുന്നു. എന്തുകൊണ്ടാണ് ഭാരമാകുന്നത്? സ്ത്രീധനം കൊടുക്കണമെന്നുള്ളതുകൊണ്ട്. പെണ്‍കുട്ടിയെ വിലയ്ക്കു കൊടുക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ ഒരു പുരുഷനെ വിലയ്ക്കു വാങ്ങുകയാണ് . 


         എങ്ങനെയായിരിക്കണം ഒരു കുടുംബം എന്നത് ഭംഗിയായി ഗുരുദേവന്‍ വിവരിച്ചിട്ടുണ്ട്. ആര്‍ഭാടകരമായ ജീവിതം പാടില്ല എന്നു പറഞ്ഞു. അത് ധിക്കരിച്ചുകൊണ്ട് ആര്‍ഭാടകരമായി ജീവിതം നയിക്കുന്നതിന്‍റെ ആഘാതമാണ് ഇന്ന് നമുക്ക് കാണാന്‍ കഴിയുന്നത്. കുടുംബം തകര്‍ന്നുകൊണ്ടിരിക്കുന്നു. എന്തുകൊണ്ട്? ഗുരുദേവന്‍ പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയാത്തതു കൊണ്ടാണ് കുടുംബങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. കുടുംബകോടതിയില്‍ പതിനായിരക്കണക്കിന് കേസുകള്‍ വന്നുകൂടുകയാണ്. ഇതിനൊരുകാരണം മദ്യവും സ്ത്രീധനവുമാണ്. സ്ത്രീകളെ ഗൃഹത്തിന് അകത്തും പുറത്തും പീഡിപ്പിച്ചുകൊണ്ടേയിരിക്കുകയാണ്. മനുഷ്യബന്ധങ്ങളെല്ലാം ദ്രവിച്ചുകൊണ്ടിരിക്കുകയാണ്. അതായത് എല്ലാ മാനവികമൂല്യങ്ങളും തകര്‍ച്ചയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ട്? ഗു രുദേവന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നാം ചെവിക്കൊള്ളാത്തതു തന്നെ കാരണം. കുടുംബത്തില്‍ സ്ത്രീയേയും പുരുഷനേയും തുല്യരായി കണക്കാക്കണമെന്ന് ഭരണഘടന വിഭാവന ചെയ്യുന്നത് ശ്രീനാരായണഗുരുദേവന്‍റെ തത്വങ്ങളെ ആസ്പദമാക്കിയിട്ടാണ് . അത് മനുഷ്യാവകാശമാണ്. സ്ത്രീ വിദ്യാഭ്യാസത്തെ ഗുരുദേവന്‍ പ്രോത്സാഹിപ്പിച്ചത് സ്ത്രീകള്‍ സ്വാശ്രയത്വമുള്ളവരായിത്തീരാന്‍ വേണ്ടിയിട്ടാണ്.


         നമ്മള്‍ പണത്തിനു വേണ്ടി മാത്രമാണ് മക്കളെ പഠിപ്പിക്കുന്നത്. അതി ന്‍റെ ഫലമോ? സ്നേഹബന്ധങ്ങള്‍ ദുര്‍ ബലമാകുന്നു. മത്സരവും പോരും  അ ക്രമവാസനയും പെരുകുന്നു. ഇതില്‍ മാധ്യമങ്ങള്‍ക്കും ഒരു പങ്ക് ഉണ്ട്. മാധ്യമങ്ങളിലൂടെ നമ്മള്‍ കാണുന്നത് അക്രമവാസനയുള്ള ചിത്രങ്ങളാണ്. അത്യന്തം നിന്ദ്യവും നീചവുമായ വാര്‍ത്തകള്‍ കൊണ്ട് മാധ്യമങ്ങള്‍ നിറയുമ്പോള്‍ നമ്മുടെ കുട്ടികള്‍ എന്താണ് പഠിക്കുന്നത്? അക്രമവാസന അവസാനിപ്പിക്കണമെങ്കില്‍ ശ്രീനാരായണതത്വങ്ങള്‍ ഓരോ വ്യക്തിയുടേയും രക്തത്തില്‍ അലിഞ്ഞുചേരണം. എങ്ങനെ അലിഞ്ഞുചേരണം? ഓരോ വീട്ടില്‍ നിന്നും ഓരോ അമ്മയും കുട്ടിയെ വളര്‍ത്തുന്നതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണിത്. ഒരു കുട്ടി വളരെ ലളിതമായ ജീവിതരീതി ശീലിക്കുവാന്‍ ഒരമ്മ വിചാരിച്ചാല്‍ കഴിയും. ഓരോ കുടുംബവും സ്നേഹത്തിന്‍റെ സാഹോദര്യത്തിന്‍റെ അനുകമ്പയുടെ ദാരിദ്ര്യത്തെയാണ് ആദ്യം ഇല്ലായ്മ ചെയ്യേണ്ടത്.


         ഗുരുദേവന്‍റെ സ്തോത്രങ്ങള്‍, കൃതികള്‍ അത് അര്‍ഹിക്കുന്ന രീതിയിലുള്ള അര്‍ത്ഥത്തോടുകൂടി വളരെ ലളിതമായി പിഞ്ചുപൈതങ്ങളെ പഠിപ്പിക്കുവാന്‍, ഒരു പാഠപുസ്തകമാക്കുവാന്‍ ശ്രമിക്കണം. കുടുംബഛിദ്രം ഇല്ലാത്ത ഒരു കുടുംബം ആയിരിക്കണം ശ്രീനാരായണീയരുടേത്. പണത്തിനു വേണ്ടി നാം കൊതിക്കരുത്. ഇന്ന് നമ്മുടെ മക്കള്‍ പണം കൈനിറയെ കൊണ്ടുനടക്കുമ്പോള്‍ അവരുടെ കുടുംബങ്ങള്‍ അനാഥമാകുന്നു. കുടുംബം നശിച്ചുകൊണ്ടിരിക്കുന്നു. അവരെ രക്ഷിക്കണമെങ്കില്‍ വളരെ ലളിതമായ ഒരു ജീവിതരീതി ഓരോ അമ്മയും സ്വന്തം മക്ക ളെ പഠിപ്പിക്കണം. ഓരോ കുടുംബവും ഒരു കുടുംബബഡ്ജറ്റ് തയ്യാറാക്കാന്‍ ശ്രമിക്കണം. വരുമാനത്തിന് അകത്ത് നിന്ന് ജീവിക്കണം. അങ്ങനെ വരുമ്പോള്‍ ഓരോ കുട്ടിയും വരവിന് അനുസരിച്ച് ജീവിക്കാന്‍ പഠിക്കും. ഗുരുദേവന്‍ അതാണ് പറഞ്ഞുതന്നത്. വരവിന് അനുസരിച്ച് മക്കളെ പഠിപ്പിച്ചില്ല എങ്കില്‍ അവസാനം ദുഃഖിക്കേണ്ടി വരും. ഇന്ന് അച്ഛനമ്മമാര്‍ വാര്‍ദ്ധക്യത്തില്‍ എങ്ങോട്ട് പോവുകയാണ്. അനാഥാലയങ്ങളിലേക്ക് . അവിടെ ഞാന്‍ പോയിട്ടുണ്ട്. ഒരു വൃദ്ധമാതാവ് എന്നോട് പറയുകയാണ് 'എന്‍റെ മകനെ ഒന്ന് കൊണ്ടുപോയി കാണിക്കില്ലേ' എന്ന്. മാനസികമായി തകര്‍ന്ന് ജീവിക്കേണ്ട ഒരു സ്ഥിതിവിശേഷം എന്തു കൊണ്ട് ഉണ്ടായി. ഊഷ്മളമായ സ്നേഹത്തിന്‍റെ ഇല്ലായ്മ. ഊഷ്മളമായ സ്നേഹം ഉണ്ടാകണമെങ്കില്‍ വീട്ടില്‍ നിന്ന് തുടങ്ങണം. സ്നേഹം എന്നു പറയുന്നത് മനസ്സിന് അകത്ത് വച്ച് വളര്‍ത്തുന്നതല്ല. അച്ഛനമ്മമാര്‍ സ്നേഹമെന്ന വികാരത്തെ പ്രകടിപ്പിച്ചുകൊണ്ട് കുട്ടികളെ വളര്‍ത്തുകയാണെങ്കില്‍ ആ സ്നേഹത്തില്‍ നിന്ന് വ്യതിചലിക്കാന്‍ ഒറ്റ കുട്ടിക്കും സാധിക്കുമെന്ന് തോന്നുന്നില്ല. ഗുരുദേവന്‍ പറഞ്ഞത് സ്നേ ഹവും സാഹോദര്യവും അഹിംസയും ഒക്കെ ജീവിതത്തിന്‍റെ ചര്യകളായി മാറണമെന്നാണ്.

         ശ്രീനാരായണ ഗുരുദേവന്‍റെ വചനങ്ങള്‍ , സ്തോത്രങ്ങള്‍ , വേദാന്തവീക്ഷണം ഇതൊക്കെ നമ്മു ടെ രക്തത്തില്‍ അലിയിച്ചു ചേര്‍ ക്കാന്‍ കഴിയുമെങ്കില്‍ ഈ ലോകത്ത് ശാന്തി ഉണ്ടാകാന്‍ പ്രയാസം ഉണ്ടാവുകയില്ല. ഓരോ വ്യക്തിയുടേയും രക്തത്തിലും മനസ്സിലും ഇതു നിറഞ്ഞു നില്‍ക്കണം.


(തീര്‍ത്ഥാടന പ്രഭാഷണത്തില്‍ നിന്ന്)