80-ാമത് ശിവഗിരി തീര്‍ത്ഥാടന സന്ദേശം
സ്വാമി പ്രകാശാനന്ദ
സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്‍റെ സംസ്ഥാപനത്തിനായി അവതരിച്ച സത്യദര്‍ശിയാണ് ശ്രീനാരായണഗുരുദേവന്‍. ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും മനുഷ്യവംശത്തിന്‍റെ ഉദ്ധാരണത്തിനായി ദര്‍ശനിക വിപ്ലവങ്ങള്‍ തീര്‍ത്ത ഗുരുദേവന്‍റെ ധന്യസ്മരണയിലാണ് എല്ലാ തീര്‍ത്ഥാടകരും ഈ പുണ്യഭൂമിയില്‍ സംഗമിച്ചിരിക്കുന്നത്. പഞ്ചശുദ്ധീവ്രതരായി ഗുരുദേവസന്നിധിയിലെത്തി മനമലര്‍പ്പിച്ച് ജ്ഞാനതീര്‍ത്ഥം നുകരുന്ന എല്ലാ തീര്‍ത്ഥാടകരേയും ഗുരുനാമത്തില്‍ സഹര്‍ഷം സ്വാഗതം ചെയ്തുകൊള്ളുന്നു.
പ്രശാന്തസുന്ദരമായ ഒരു ജീവിതത്തെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഈശ്വരന്‍ ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചിരിക്കുന്നത് തന്നെ പ്രശാന്തിയുടെ ഒരു മഹാനിലയമായിട്ടാണ്. എന്നാല്‍ മനുഷ്യന്‍ ഈശ്വരന്‍ അളവില്ലാതെ നല്കിയതിനെ അളവുണ്ടാക്കി സ്വന്തം അധീനതയിലാക്കാന്‍ തുടങ്ങിയതോടെയാണ് അവന്‍റെ പ്രശാന്തി നഷ്ടപ്പെട്ടു പോയത്. ഇങ്ങനെ ജീവിതത്തിന്‍റെ ഏതോ സരണിയില്‍ നഷ്ടപ്പെട്ടു പോയ പ്രശാന്തിയെ തേടിയുള്ള മനുഷ്യന്‍റെ യാത്രയാണ് തീര്‍ത്ഥാടനം. അതു ഭൂമിശാസ്ത്രപരമായ ഒരു കേവലസഞ്ചാരമല്ല മറിച്ച് ശാസ്ത്രസംബന്ധമായ ബാഹ്യതലങ്ങളില്‍ നിന്നും ആദ്ധ്യാത്മികമായ-ആന്തരികതയിലേക്കുള്ള യാത്രയാണ്. ഒരുവന്‍റെ മനസ്സ് വിഷയങ്ങളില്‍ നിന്നും വിഷയങ്ങളിലേക്ക് മാറിമാറി വ്യാപരിക്കുന്നതായാല്‍ അവനു ഏകാഗ്രത ലഭിക്കുകയില്ലെന്നു മാത്രമല്ല അല്പം പോലും ശാന്തിയുണ്ടാവുകയുമില്ല. എന്നാല്‍ മനസ്സ് ആത്മാഭിമുഖമായാല്‍ വിഷയങ്ങളൊക്കെ അകന്നു പോകും. വിഷയരാഹിത്യത്തിലൂടെയാണ് രാഗദ്വേഷവിമുക്തിയുണ്ടാകുന്നത്. ഈ വിമുക്തിയിലൂടെയാണ് ശാശ്വതമായ പ്രശാന്തിയിലേക്കുള്ള വഴി തെളിയുന്നത്. രാഗദ്വേഷങ്ങളില്‍ നിന്നാണ് എല്ലാ അളവുകളും മാനദണ്ഡങ്ങളുമുണ്ടാകുന്നത്. ഈ മാനദണ്ഡങ്ങളുടെ വ്യാപ്തിയേറുമ്പോള്‍ സനാതനമായ മൂല്യങ്ങളുടെ ഉള്‍ക്കൊള്ളലും അതിന്‍റെ വ്യാപനവും പരിമിതമാകും. ഇത്തരം പരിമിതികളാണ് സ്വാര്‍ത്ഥതയുടെയും അഹന്തയുടെയും ക്ഷോഭത്തിന്‍റെയുമൊക്കെ വലിപ്പം കൂട്ടുന്നത്. ഇതാകട്ടെ അസമത്വത്തിന്‍റെയും അസഹിഷ്ണുതയുടെയും അസ്വാതന്ത്ര്യത്തിന്‍റെയും ലോകങ്ങളെ സൃഷ്ടിക്കുന്നതിനുള്ള സാമഗ്രികളാണ്.
'നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും' . ഗുരുദേവന്‍ വെളിപ്പെടുത്തുന്ന ദൈവത്തിന്‍റെ ഈ സ്വരൂപത്തെ അറിയാതിരിക്കുന്ന അജ്ഞാനി സര്‍വ്വഭേദാദികളുടെയും സൃഷ്ടിക്കുള്ള സാമഗ്രിയായിത്തീരുന്നു. ഇങ്ങനെ അജ്ഞാനത്തിന്‍റെ അന്ധതയില്‍പ്പെട്ടു കെട്ടുപോകുന്ന ആത്മബോധത്തിന്‍റെ തിരി കൊളുത്തുകയും ആ ആത്മദീപപ്രകാശത്തിലേക്കു മനുഷ്യനെ നയിക്കുകയും ചെയ്യുകയെന്ന യുഗധര്‍മ്മമാണ് ശിവഗിരി തീര്‍ത്ഥാടനത്തിലൂടെ ഗുരുദേവന്‍ നിര്‍വ്വഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ സമബുദ്ധിയുടെയും സമഭക്തിയുടെയും സമഭാവനയുടെയും ഒത്തുചേരലിലേക്കുള്ള തീര്‍ത്ഥയാത്രകൂടിയാണ് ശിവഗിരിതീര്‍ത്ഥാടനം. ഈ തീര്‍ത്ഥയാത്രയില്‍ ഞാനും നീയുമെന്ന വിവേചനമില്ല.
എന്നാല്‍ ഞാനും നീയുമെന്ന വിവേചനത്തിന്‍റെ അകലം കൂടിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തെയാണ് മനുഷ്യന്‍ ഇന്നു അഭിമുഖീകരിക്കുന്നത്. അതിനു കാരണം ലോകത്തിന്‍റെ ഏകതയെ വെളിവാക്കുന്ന ഗുരുക്കന്മാരുടെ വാക്കിനും പൊരുളിനും വെളിയിലൂടെയാണ് മനുഷ്യന്‍റ ജീവിതപഥം കടന്നുപോകുന്നത് എന്നതാണ്. ഈ അവസ്ഥയാണ് മനുഷ്യനെയും ലോകത്തെയും സംസ്കാരത്തെയും മതങ്ങളെയും പരസ്പരം ഭിന്നിപ്പിക്കുന്നത്. 'എന്തിനാണ് മനുഷ്യര്‍ ഭിന്നത വളര്‍ത്തി കലഹിക്കുന്നത്. എല്ലാം വൃഥാവില്‍. പോരാട്ടങ്ങള്‍ കൊണ്ട് എല്ലാവര്‍ക്കും നാശമേ ഉണ്ടാവുകയുള്ളൂവെന്ന് മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. അത്രയും അറിഞ്ഞാല്‍ അവന്‍ സമാധാനമുള്ളവനാകും'. ഗുരുദേവന്‍റെ ഈ തിരുവചനം 80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ സന്ദേശമായി ലോകനേതാക്കന്മാരും സമൂഹവും സ്വീകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നതായാല്‍ മനുഷ്യനിര്‍മ്മിതമായ അളവുകള്‍ക്കപ്പുറം ഈശ്വരനിര്‍മ്മിതമായ അളവില്ലാത്ത പ്രശാന്തിയുടെ പ്രപഞ്ചത്തിലേക്ക് പ്രവേശിക്കാനാവും. ഈ പ്രവേശനത്തിലേക്ക് പ്രചോദിപ്പിക്കുംവിധം വാക്കിന്‍റെയും മനസ്സിന്‍റെയും കര്‍മ്മത്തിന്‍റെയും ഏകോപിക്കലിന് സ്വയം സാമഗ്രിയായിത്തീരാനുള്ള പ്രചോദനം 80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ നിന്നും സ്വരൂപിക്കുവാന്‍ ഗുരുദേവാനുഗ്രഹമുണ്ടാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
ഏവര്‍ക്കും ശിവഗിരി തീര്‍ത്ഥാടന-പുതുവത്സരാശംസകള്‍