ശ്രീനാരായണഗുരുദേവന്‍റെ ഈശ്വരീയഭാവം

സച്ചിദാനന്ദസ്വാമി

   ശ്രീനാരായണഗുരുദേവന്‍ ദൈവമോ?  ചോദ്യം കേരളത്തിലെ പൊതുജീവിതത്തില്‍ നിന്നും ഇപ്പോള്‍ സുപ്രീം കോടതി വരെ എത്തിയിരിക്കുന്നു. ഈ ചോദ്യത്തിന് അനുകൂലവും പ്രതികൂലവും വിമര്‍ശനപരവുമായ നിരീക്ഷണങ്ങള്‍ ദൃശ്യപത്രമാധ്യമങ്ങളിലൂടെ ഇന്നെവിടെയും മുഖരിതമാണ്. ഗുരുദേവനെ ആള്‍ദൈവമായി ആക്ഷേപിക്കുന്നതിനുള്ള ഒരു അവസരമായും ചില ഉപരിപ്ലവവാദികള്‍ ഇതിനെ ഉപാധിയാക്കുന്നു.

   ഒരു മഹാത്മാവിനെ വിലയിരുത്തേണ്ടത് പ്രധാനമായും അദ്ദേഹം അനുവര്‍ത്തിച്ച ജീവിതംകൊണ്ടും തത്ത്വദര്‍ശനം കൊണ്ടുമാണ്. കേവലം  'അക്കാഡമിക്ക് എഡ്യൂക്കേഷ'നിലൂടെ അദ്ധ്യാത്മിക ഗുരുക്കന്മാരെ വിലയിരുത്താനാവില്ല. ഭൗതികവാദമെന്ന  മാനിയ രോഗം പിടിപെട്ടവര്‍ക്ക് ശ്രീനാരായണസ്വരൂപം കണ്ടെത്തുവാന്‍ ഏറെ വിഷമിക്കേണ്ടതായി വരും.   ആദ്യമായി നാമറിയേണ്ടത് 'ശ്രീനാരായണഗുരു' എങ്ങനെ ഉണ്ടായി എന്നാണ്? ചെമ്പഴന്തിയില്‍ വന്നു പിറന്നത് നാരായണനാണ്. തപസ്സാണ് ഗുരുക്കന്മാരെ സൃഷ്ടിക്കുന്നത് എന്നു നാമറിയണം. തപസ്സിലൂടെ സിദ്ധാര്‍ത്ഥന്‍-ശ്രീബുദ്ധനായി, യേശു-ക്രിസ്തുവായി, മുഹമ്മദ്-നബിയായി, ശങ്കരന്‍- ശ്രീശങ്കരാചാര്യരായി, ഗംഗാധരന്‍- ശ്രീരാമകൃഷ്ണനായി. ഗുരുദേവന്‍റെ പാരമ്പര്യം നമുക്കിവിടെ കണ്ടെത്താം. ചെമ്പഴന്തിയിലെ നാരായണന്‍ മരുത്വാമലയിലും മറ്റും ചെയ്ത തപസ്സിലൂടെ നാരായണഗുരുവായി- ശ്രീനാരായണപരമഹംസനായി- അഥവാ ബ്രഹ്മത്തെ സാക്ഷാത്കരിച്ച് ബ്രഹ്മനിഷ്ഠനായി- പരബ്രഹ്മസ്വരൂപിയായി- പരമദൈവമായി.

   ഭാരതീയ സംസ്കാരത്തെ പശ്ചാത്തലമാക്കിയാണ് ശ്രീനാരായണഗുരു വിശ്വദര്‍ശനം ചമച്ചത് എന്നു നാമോര്‍ ക്കണം. ഗുരു വേദത്തെ-ശ്രുതിയെ അംഗീകരിച്ച വേദാന്തിയായിരുന്നു, അദ്വൈതിയായിരുന്നു. "ഉപനിഷദുക്തിരഹസ്യമോര്‍ത്തിടേണം" എന്ന് ഗുരു ഉപദേശിച്ചു. ഒരു ഉപനിഷത്ത് സൂക്തം ഉദ്ധരിക്കാം: "ബ്രഹ്മവിത് ബ്രഹ്മൈവ ഭവതി"-ബ്രഹ്മത്തെ- ഈശ്വരനെ അറിഞ്ഞയാള്‍ ബ്രഹ്മം തന്നെ- ഈശ്വരന്‍ തന്നെയാകുന്നു. ബ്രഹ്മജ്ഞാനിയും ബ്രഹ്മവും ഇവിടെ അഭേദമാണ്. അദ്വൈതത്തിന്‍റെ പരമാചാര്യനായി ഗണിക്കപ്പെടുന്നത് ശ്രീ ശങ്കരഭഗവദ്പാദരെയാണ്. അവിടുന്ന് മനീഷാപഞ്ചകത്തിലൂടെ ഉപദേശിക്കുന്നു "യസ്മിന്‍ നിത്യസുഖാംബുധൗ ഗളിതധീര്‍ ബ്രഹ്മൈവ ന ബ്രഹ്മവിദ് യഃ ക ശ്ചിത് സ സുരേന്ദ്ര വന്ദിത പദോ നൂനം മനീഷാ മമ" - പരബ്രഹ്മസത്യത്തില്‍ വിലയം പ്രാപിച്ച ബ്രഹ്മനിഷ്ഠനെ ബ്ര ഹ്മവിത് (ബ്രഹ്മത്തെ അറിഞ്ഞയാള്‍) എന്നല്ല ബ്രഹ്മം- ദൈവം എന്നുതന്നെയാണ് വിളിക്കേണ്ടത്. ആ പരമവിശുദ്ധന്‍റെ തൃപ്പാദം ദേവേന്ദ്രന്‍ തുടങ്ങിയ ദേവന്മാര്‍ പോലും വന്ദിക്കുന്നു- ഇത് എന്‍റെ ഉറപ്പായ തീരുമാനമാണ്. ഈ അര്‍ത്ഥത്തില്‍ വേദത്തിന്‍റെയും വേദാന്താചാര്യനായ ശ്രീശങ്കരന്‍റെയും അഭിപ്രായത്തില്‍ ഗുരുദേവന്‍ പരബ്രഹ്മസ്വരൂപിയായ പരമദൈവം തന്നെയാണ്.

  ഒരു ജീവന്‍ ബ്രഹ്മഭാവത്തിലമരുന്നത് സമുദ്രത്തിന്‍റെ ആഴമളക്കാന്‍ പോ യ ഉപ്പുപാവയുടെ അവസ്ഥ പോലെയാണെന്ന് വേദാന്തശാസ്ത്രത്തില്‍ പറയുന്നു. അപ്പോള്‍ ഉപ്പുപാവ സമുദ്രം മാത്രമായി തീരുമല്ലോ. സര്‍വ്വസംഗപരിത്യാഗിയായി ഇറങ്ങിത്തിരിച്ച നാരായണന്‍ ദൈവസത്തയില്‍ വിലയം പ്രാപിച്ച് ബ്രഹ്മ-ദൈവസ്വരൂപം മാത്രമായി. ഇതിന്‍റെ ഉണര്‍ത്തുപാട്ടുകളാണ് ഗുരുവിന്‍റെ ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, സ്വാനുഭവഗീതി തുടങ്ങിയ ഗുരുദേവകൃതികള്‍.

"ധ്വനിമയമായ്ഗ്ഗഗനം ജ്വലിക്കു-
മന്നാളണയുമതിങ്കലശേഷദൃശ്യജാലം
പുനരവിടെ ത്രിപുടിക്കു പൂര്‍ത്തിനല്കും
സ്വനവുമടങ്ങുമിടം സ്വയംപ്രകാശം"

എന്നും,

"നിലമൊടു നീരതുപോലെ കാറ്റുതീയും
വെളിയുമഹംകൃതിവിദ്യയും മനസ്സും
അലകളുമാഴിയുമെന്നു വേണ്ടയെല്ലാ-
വുലകുമുയര്‍ന്നറിവായി മാറിടുന്നു"

എന്നും

"ഒരു കോടി ദിവാകരരൊത്തുയരും
പടിപാരൊടുനീരനലാദികളും
കെടുമാറു കിളര്‍ന്നു വരുന്നൊരു
   നിന്‍ വടിവെന്നുമിരുന്നു വിളങ്ങിടണം" എന്നും സ്വന്തം കൃതികളിലൂടെ ഗുരുദേവന്‍ അനുഭവിച്ച ഈശ്വരീയഭാവം വെളിപ്പെടുത്തിയിട്ടുണ്ട്. ആത്മവിലാസമെന്ന ഗദ്യകൃതിയിലൂടെ ഉപദേശിക്കുന്നു. "ദൈവം കണ്ണില്ലാതെ കാണുക യും ചെവിയില്ലാതെ കേള്‍ക്കുകയും ത്വക്കില്ലാതെ സ്പര്‍ശിക്കുകയും മൂക്കില്ലാതെ മണക്കുകയും നാവില്ലാതെ രുചിക്കുകയും ചെയ്യുന്ന ഒരു ചിത്പുരുഷനാകുന്നു...... നാമും ദൈവവും ഒന്നായിരിക്കുന്നു. ഓ നാം ദൈവത്തോട് ഒന്നായിപ്പോകുന്നു...."

   ശ്രീനാരായണഗുരുവിന്‍റെ സ്വന്തം വാണികളാണ് ഇതെന്നോര്‍ക്കണം. ഒരു കോടി (അനന്തം) സൂ ര്യന്മാര്‍ ഒരേ സമയത്ത് ഒരാളുടെ ഹൃദയത്തില്‍ ഉദിച്ചുയര്‍ന്നാല്‍ എങ്ങനെയോ അതുപോലെയാണ് ഗു രുദേവന്‍ ഈശ്വരനില്‍ വിലയം പ്രാ പിച്ച് ഈശ്വരന്‍ മാത്രമായതെന്ന് ഗുരുദേവന്‍ തന്നെ ഇവിടെ പ്രഖ്യാപനം ചെയ്യുന്നു. ചിലര്‍ പറയുംപോലെ "ഗു രു ദൈവസമാനനല്ല എന്നോര്‍ക്കണം. സാക്ഷാല്‍ ദൈവം തന്നെയാണ്" എന്ന് ഈ ഗുരുവാണി നമ്മെ പഠിപ്പിക്കുന്നു. മരുത്വാമലയിലെ തപശ്ചര്യാകാലയളവില്‍ അവിടുത്തേക്ക് അനുഭൂതമായ ദേവീദേവസാക്ഷാത്ക്കാരാനുഭവങ്ങളുടെ സ്വരൂപം ഗുരുദേവകൃതിയിലൂടെ അറിയുവാന്‍ സാധിക്കും. ദേവീദേവ സാക്ഷാത്ക്കാരത്തിനപ്പുറത്ത് നാമരൂപരഹിതമായ ശിവതത്ത്വത്തെ- പരമാത്മസത്തയെ പ്രാപിക്കണം. അതിനായി ഗുരുദേവന്‍ പാടുന്നു.

"ദൈവമേ നിനയ്ക്ക നീയും ഞാനു-മൊന്നുതന്നെയെന്നു

    കൈവരുന്നതിന്നിതെന്നിയടിയനില്ല കാംക്ഷിതം." ഇവിടെ ദൈവത്തെ കാണുവാനോ ദൈവാനുഗ്രഹമോ ദൈ വകാരുണ്യമോ നേടുവാനോ അല്ല ഗുരുദേവന്‍ സങ്കല്പിക്കുന്നത്. പ്രത്യുത ദൈവത്തില്‍ വിലയം പ്രാപിച്ച് ദൈവം മാത്രമാകണമെന്നാണ് ഗുരുസങ്കല്പം. മരുത്വാമലയിലും മറ്റും ചെയ്ത ത്യാഗപൂര്‍വ്വവും അതിതീവ്രവുമായ തപസ്സിലൂടെ  ആ പരമവിരാഗി ദൈവസത്യത്തെ- പരബ്രഹ്മസത്തയെ പ്രാപിച്ച് അ തുമാത്രമായിത്തീര്‍ന്നു. ഈ ബോധോദയത്തില്‍ ഈശ്വരസാക്ഷാത്ക്കാരാനുഭൂതിയിലാണ് നാരായണന്‍ 'നാരായണഗുരു'വായി മാറിയത്. "കാണപ്പെടുന്നതൊക്കെയും സ്ഥൂലം, സൂക്ഷ്മം, കാ രണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി  അതില്‍ത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല"എന്ന ഈ അദ്വൈതസാന്ദ്രാനുഭൂതിയിലാണ് ശ്രീനാരായണഗുരു വിഹരിച്ചത്. ഗുരുദേവകൃതികളിലുടനീളം ദൈവത്തെ അറിവ് എന്ന വാക്കുകൊണ്ടാണ് ഗുരുദേവന്‍ വിവരിക്കുന്നത്. അറിവ് എന്ന കൃതിതന്നെ ഗുരു രചിച്ചിട്ടുണ്ട്.

അറിയപ്പെടുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

  ത്രിപുടിമയമായ-അറിവ്, അറിയപ്പെടുന്നവന്‍, അറിയപ്പെടുന്ന വസ്തു- ഈ പ്രപഞ്ചം ഒന്നന്വേഷിച്ചാല്‍ ബ്രഹ്മസ്വരൂപമാണെന്ന് അറിയാനാകും. ഒരു ഗുരു ആ ബ്രഹ്മസത്യത്തെ അറിഞ്ഞനുഭവിച്ച  സത്യസ്വരൂപനാകുന്നു. അവര്‍ക്ക് എല്ലാമെല്ലാം ഒരേ ഒരു ഈശ്വരസത്യം തന്നെ. ഈ നിര്‍വികല്പസമാധ്യവസ്ഥ സഹജഭാവമാകുമ്പോള്‍ സഹജസമാധിയായി. സഹജസമാധി എന്നുപറയുന്നത് സര്‍വ്വഥാ ഈശ്വരസ്വരൂപിയായി വിഹരിക്കുന്നതാണ്. ശ്രീനാരായണഗുരു ഏതാണ്ട് മുപ്പതാമത്തെ വയസ്സില്‍ ഈ അവസ്ഥയെ പ്രാപിച്ചു. തുടര്‍ന്ന് 73-ാമത്തെ വയസ്സുവരെ മഹാസമാധിപര്യന്തം വിഹരിച്ചത് ഈ സഹജസമാധ്യവസ്ഥയിലാണ്. ഗുരുദേവന്‍ നാല്പതുവര്‍ഷക്കാലം നിര്‍വ്വഹിച്ച സാമൂഹ്യ നവോത്ഥാനം-ലോകസംഗ്രഹം- ഈ ദൈവഭാവത്തില്‍ അമര്‍ന്നുകൊണ്ടായിരുന്നു. അങ്ങനെ അമര്‍ന്ന ഈശ്വര സ്വ രൂപനായ ഗുരുവിനെയാണ് മഹാകവി ടാഗോറും ഗാന്ധിജിയും ശിവഗിരിയില്‍ വന്ന് കണ്ടത്. ഞാന്‍ ദൈവത്തെ മനുഷ്യരൂപത്തില്‍ കണ്ടു. ആ പുണ്യാത്മാ വ്  ഇന്ത്യയുടെ തെക്കേയറ്റത്ത് വിജയിച്ചരുളുന്ന ശ്രീനാരായണഗുരുവല്ലാ തെ മറ്റാരുമല്ലെന്ന് ദീനബന്ധു സി.

എഫ്. ആന്‍ഡ്രൂസിനെക്കൊണ്ട് പറയിച്ച തും ഗുരുദേവന്‍റെ ഈ ഈശ്വരീയഭാവമാണ്. 

   ഒരു ഗുരു പോക്കുവരവറ്റ പൊരുളാണ്. ഗുരുവിന്‍റെ മഹാസമാധിക്കുശേഷവും ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകില്ല. കാരണം, ഗുരു ജനനമരണങ്ങള്‍ ക്കപ്പുറത്താണ്. ആത്മോപദേശശതകത്തില്‍,

മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമര്‍ന്ന മരീചിനീരുപോല്‍ നി-
ല്പൊരു പൊരുളാം പൊരുളല്ലിതോര്‍ത്തിടേണം.

    എന്ന പാരമാര്‍ത്ഥിക സത്യസ്വരൂപവും ഗദ്യപ്രാര്‍ത്ഥനയിലൂടെ  "നാം ശരീരമല്ല, അറിവാകുന്നു (ഈശ്വരനാകുന്നു). ശരീരമുണ്ടാകുന്നതിനു മുന്‍ പും (ചെമ്പഴന്തിയില്‍ ജനിക്കുന്നതിനു മുന്‍പ്) അറിവായി (ഈശ്വരനായി) നാമുണ്ടായിരുന്നു. ഇനിയിതൊക്കെയും ഇ ല്ലാതെ പോയാലും (ശരീരനാശം സംഭവിച്ചാലും) നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും" എന്ന അ നാദ്യന്തമായ അദ്ധ്യാത്മസ്വരൂപവും സു വ്യക്തമാക്കിയിട്ടുള്ള ഗുരുദേവന്‍റെ ഈശ്വരീയഭാവം ഇവിടെ എത്രയും പ്ര സ്പഷ്ടമാണ്. "ശ്രീ നാരായണഗു രു മുന്‍പുണ്ടായിരുന്നു, ഇപ്പോഴുമുണ്ട്, എപ്പോഴുമുണ്ടായിരിക്കും"  എന്ന് ശ്രീശ്രീരവിശങ്കര്‍ ഒരിക്കല്‍ പറഞ്ഞത് ഇവിടെ സ്മര്‍ത്തവ്യമാണ്. ഗുരുദേവന്‍റെ ഈശ്വരീയഭാവം അന്യഥാകരിക്കുവാന്‍ ഒരാള്‍ക്കും സാ ധിക്കുകയില്ല. ആരെങ്കിലും അതിനു ശ്രമിച്ചാല്‍ എനിക്ക് നാവില്ലേ എന്ന് പറയുന്നതിനു തുല്യമായിരിക്കും എന്നു പറയേണ്ടതില്ലല്ലോ.

  'ദിവ്' എന്ന സംസ്കൃതധാതുവില്‍ നിന്നുമാണ് 'ദൈവം' എന്ന പദത്തിന്‍റെ നിഷ്പത്തി. അതിന് പ്രകാശമെന്നര്‍ ത്ഥം. സ്വയം പ്രകാശിക്കുകയും മറ്റുള്ളവയെ പ്രകാശിപ്പിക്കുന്നതുമാണ് ദൈ വം. ഗുരു എന്നതിലെ 'ഗു' അന്ധകാരം 'രു' നിരോധിക്കുന്നത്, നിരോധിച്ചത്. അന്ധകാരത്തെ നിരോധിച്ചു കഴിഞ്ഞാ ല്‍ പിന്നെയുള്ളത് പ്രകാശമാണല്ലോ. അപ്പോള്‍ ദൈവവും ഗുരുവും സാമാന്യധര്‍മ്മംകൊണ്ട് ഒന്നുതന്നെ. പ്രകാശകത്വമാണ് രണ്ടിന്‍റെയും സ്വരൂപം. അതുകൊണ്ട് അദ്ധ്യാത്മശാസ്ത്രം ഘോ ഷിക്കുന്നു. "ദൈവമേവ ഗുരുസാക്ഷാല്‍  ഗുരു ഏവ ദൈവസ്വയം" ദൈ വം തന്നെ ഗുരു, ഗുരു തന്നെ ദൈവം. രണ്ടിനും തമ്മില്‍ അല്പംപോലും വ്യ ത്യാസം മുമുക്ഷുക്കള്‍ക്കില്ല. "ഈശ്വ രോ ഗുരുരാത്മേതി മൂര്‍ത്തിഭേദ വിഭാഗിനേ" ദക്ഷിണാമൂര്‍ത്തി സ്തോത്രത്തിലൂടെ- ഈശ്വരനും ഗുരുവും ആത്മാ വും ഒന്നുതന്നെ- എന്ന ശ്രീശങ്കരവചനവും ഇതുതന്നെയാണ് സാധൂകരിക്കുന്നത്. "ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുര്‍ ഗുരുര്‍ ദേവോ മഹേശ്വരഃ ഗുരു സാക്ഷാത് പരംബ്രഹ്മ തസ്മൈ ശ്രീ

    ഗുരവേ നമഃ" എന്നാണ് ഭാരതീയ സങ്കല്പം. ഗുരു ബ്രഹ്മാവാണ്, വിഷ്ണുവാണ്, മഹാദേവനായ ശിവനാണ്. അതിനപ്പുറം എല്ലാറ്റിനും കാരണഭൂതമായ സാക്ഷാല്‍ പരബ്രഹ്മമാണ്- പരമദൈവമാണ് എന്ന പ്രഖ്യാപനത്തിന് ആയിരത്താണ്ടുക ളുടെ പഴക്കമുണ്ട്. ഈ സങ്കല്പത്തിലാണ് മഹാഗുരുക്കന്മാരെ ദൈവസ്വരൂപമായി ലോകം ആരാധിക്കുന്നത്. ശ്രീ നാരായണഗുരുദേവന്‍ സശ്ശരീരനായി ഇരുന്ന കാലം മുതല്‍ക്കുതന്നെ 'ഗുരു പ്രത്യക്ഷദൈവതം' ഗുരു പ്രത്യക്ഷമായ ദൈവം തന്നെയാണ്. സര്‍വ്വരാലും ആരാധിക്കപ്പെട്ടതും അതുകൊണ്ടുതന്നെയാണ്. "നമിക്കുവിന്‍ സഹജരേ നിയതമീ ഗുരുപാദം നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ" എന്നും "ആരായുകിലന്ധത്വമൊഴിച്ചാദി മഹസ്സിന്‍ നേരാംവഴികാട്ടും ഗുരുവല്ലോ പരദൈവം" എന്നും മഹാകവി കുമാരനാശാന്‍ ഗുരുദേവനെ സ്തുതിച്ചത് ഗുരുസന്നിധിയില്‍ വച്ചുതന്നെയാണ്. ഒരു ഗുരുവും ദൈവവും തമ്മില്‍ 'മഞ്ഞുകട്ടയും വെള്ളവും തമ്മിലുള്ള വ്യത്യാ സമേ ഉള്ളൂ' എന്ന് ശ്രീരാമകൃഷ്ണദേവന്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ദൈവത്തിന്‍റെ മൂര്‍ത്തരൂപമാണ് ഗുരു. "ഓം ബ്രഹ്മണേ മൂര്‍ത്തിമതേ" എന്ന് ഗുരുവിന്‍റെ പ്രഥമ ശിഷ്യനായ ശിവലിംഗസ്വാമി പ്രാര്‍ത്ഥിക്കുന്നു. നാമവും രൂപവുമില്ലാത്ത ദൈവം നാമവും രൂപവുമാര്‍ന്നതാണ് ഗുരുദേവനെന്നു താല്പര്യം. "നാരായണമൂര്‍ത്തേ ഗുരു നാരായണമൂര്‍ത്തേ" എന്ന പ്രാര്‍ത്ഥനയില്‍ കുമാരനാശാന്‍ ചൂണ്ടിക്കാണിക്കുന്ന തും ഈ സത്യം തന്നെ. ശിവഗിരി മ ഹാസമാധിമന്ദിരത്തിന്‍റെ സമുദ്ഘാടനവേളയില്‍   രാഷ്ട്രപതി ഡോ. സക്കീ ര്‍ ഹുസൈന്‍ "ദൈവജ്ഞന്‍ എന്ന പദത്തിന്‍റെ യഥാര്‍ത്ഥമായ അര്‍ത്ഥമാ ണ് നാരായണഗുരു" എന്ന് പ്രഖ്യാപിച്ചതും ഇവിടെ ശ്രദ്ധേയമാണ്.

   ഇനിയും ഉദാഹരിക്കുവാനേറെയുണ്ട്. വിസ്തരഭയത്താല്‍ ചുരുക്കു ന്നു. വിവേകാനന്ദസ്വാമികള്‍ പറഞ്ഞ ഒരു കഥയുണ്ട്: ഒരു മഹര്‍ഷിയോട് കാ ട്ടാളന്‍ ചോദിച്ചു. ദൈവം ആരാണ്? ദൈവം ഒരു  പോത്തിനെപ്പോലെയിരി ക്കും എന്നായിരുന്നു മഹര്‍ഷിയുടെ മറുപടി. കാട്ടാളനാകട്ടെ പോത്താകുന്ന ദൈവത്തെ തപസ്സു ചെയ്തു. അദ്ദേഹത്തിന് പോത്തിന്‍റെ ആകൃതിയില്‍ തന്നെ ദൈവം പ്രത്യക്ഷപ്പെട്ട് അനുഗ്രഹവും വരവും നല്കി. 'വിവേകാനന്ദസ്വാമിയുടെ ഈ കഥനം നമ്മെ പഠിപ്പിക്കുന്നത് ദൈവം അവരുടെ വിശ്വാസത്തില്‍ അധിഷ്ഠിതമാണെന്നാണ്. ഒരു വിശ്വാസിയുടെ സങ്കല്പമാണ് അദ്ദേഹത്തിന്‍റെ ദൈവാനുഭവം. ആയിരത്താണ്ടുകളായി ആര്‍ത്തരും അവശരും ആലംബഹീനരുമായി കിടന്നിരു ന്ന ജനകോടികളെ ശ്രീനാരായണഗു രു കൈവിടാതെ കാത്തുരക്ഷിച്ചു. അ വര്‍ക്ക് ശ്രീനാരായണഗുരുവിനപ്പുറത്ത് ഒരു ദൈവത്തെ സങ്കല്പിക്കുവാന്‍ സാ ധിക്കുകയില്ല. ഉമേഷ് ചള്ളിയിലടക്കം ഈ രാജ്യത്തുള്ള ലക്ഷക്കണക്കിന് ശ്രീനാരായണീയരുടെ വികാരമാണത്. ശിവഗിരിയിലെ സംന്യാസി സംഘത്തിന്‍റെയും നിലപാടു ഇതുതന്നെയാണ്. മാത്രമല്ല ലോകമെമ്പാടുമുള്ള മുഴുവന്‍ ശ്രീനാരായണീയരുടെയും സങ്കല്പം ഇതുമാത്രമാണ്. ഒരു യഥാര്‍ത്ഥ ഗുരുഭക്തന് ശ്രീനാരായണഗുരുവിനപ്പുറത്ത് ഒരു ഈശ്വരസങ്കല്പം ഇല്ലേയില്ല.

   ഗുരുദേവന്‍റെ 73 വര്‍ഷത്തെ ജീവിതവും 63-ഓളം വരുന്ന കൃതികളും തൃ പ്പാദങ്ങളുടെ ദൈവസ്വരൂപത്തെ വെളിവാക്കിത്തരുന്നു. ഭാഗവതം, ഭഗവദ്ഗീത എന്നിവയിലൂടെ കൃഷ്ണസ്വരൂപവും ബൈബിളിലൂടെ ക്രിസ്തുസ്വരൂപവും അനുഭവിച്ചറിയുന്നതുപോലെയാണത്. ഗുരുദേവന്‍ ഈശ്വരനാണ് എന്നതിന് ഒരു വക്കീലിന്‍റെ സാമര്‍ത്ഥ്യമോ ഒരു അക്കാഡമിക് ബിരുദധാരിയുടെ അറി വോ ഉപയുക്തമാകണമെന്നില്ല. അതിന് ഗുരുസ്വരൂപം പഠിച്ചറിയുകതന്നെ വേ ണം. ശിവഗിരി തീര്‍ത്ഥാടനത്തിനും മ ഹാസമാധി ദിനത്തിലും ഗുരുജയന്തിക്കും എത്തിച്ചേരുന്ന ഗുരുഭക്തന്മാരുടെ സംഖ്യ വര്‍ഷങ്ങള്‍ കഴിയുന്തോറും വര്‍ദ്ധിച്ചുവരുന്നു. അത് ഗുരുദേവന്‍ അ വരുടെ അഭയവരദമൂര്‍ത്തിയായതുകൊണ്ടാണ്. ലോകമെമ്പാടും ആയിരക്കണക്കിന് ഗുരുദേവ ക്ഷേത്രങ്ങള്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നതും ഈ വി ശ്വാസം ദൃഢതരമായ അനുഭവസത്യമായതുകൊണ്ടാണ്.

    ഗുരുദേവന്‍ ഒരു സാമൂഹ്യപരിഷ്കര്‍ത്താവാണ് എന്ന് കരുതുന്നവര്‍ ഏറെയുണ്ട്. അത് മഹാത്മാഗാന്ധി ഒരു വക്കീലാണ് എന്ന് പറയുന്നതുപോലെയാണ്.  ഗുരുസ്വരൂപത്തെ പൂര്‍ണ്ണമായും അവര്‍ക്ക് കണ്ടെത്താനായില്ല എന്നുമാത്രം. മറ്റു ചിലരുടെ അഭിപ്രായം ഗുരുവിനെ ദൈവമാക്കിയാല്‍ ഗുരു പ്രസരിപ്പിച്ച സ്വതന്ത്രചിന്തയ്ക്കും സാമൂഹികപരിഷ്കരണ ജാതിമതഭേദചിന്തകള്‍ ക്കുമതീതമായ പ്രവര്‍ത്തനങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും കുറവ് സംഭവിക്കും എന്നാണ്. വാസ്തവത്തില്‍ ഗുരുദേവനെ ദൈവമായി ആരാധിക്കുന്നവരാണ് ഗുരുദര്‍ശനത്തിന്‍റെ കാലികപ്രസക്തിയിലൂന്നി നിന്ന് പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ ഗുരുദേവനെ ദൈവമായി ഹൃദയത്തില്‍ പ്ര തിഷ്ഠിച്ച് ബുദ്ധിയില്‍ ഗുരുദര്‍ശനത്തെ നിറച്ച് അതിന്‍റെ സാഫല്യതയ്ക്കുവേ ണ്ടി പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവര്‍ക്കാകട്ടെ ഗുരുദര്‍ശനം ഒരു ഉപരിപ്ലവമായ ദര്‍ശനം മാത്രം.

ജ്ഞാനിക്ക് സത്തുലകുചിത്ത് സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന
ഭാനുമാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു.

     സത്യത്തെ അറിഞ്ഞവന് എല്ലാം സ ച്ചിദാനന്ദ സ്വരൂപമായ ഈശ്വരവസ്തു. അജ്ഞനാകട്ടെ ഈ പ്രപഞ്ചം അനൃതമായ ജഡമാണ്. അന്ധന് സൂര്യന്‍റെ യഥാര്‍ത്ഥസ്വരൂപം കണ്ടെത്താനാവില്ലല്ലോ. അതുപോലെ ഗുരുവിന്‍റെ ജീവിതവും ദര്‍ശനവും പഠിച്ചറിഞ്ഞവന് ഗുരു പ്രത്യക്ഷബ്രഹ്മമാണ്. അന്ധതയില്‍നിന്നുള്ള മോചനത്തിനാണല്ലോ നാം ശ്രമിക്കേണ്ടത്.

വാല്‍ക്കഷ്ണം: ഇന്ത്യന്‍ ഭരണ ഘടന അനുശാസിക്കുന്നത് ദൈവനാമത്തില്‍ പ്രതിജ്ഞയെടുക്കണമെന്നാണ്. ദൈവത്തിന് നാമമോ രൂപമോ ഇല്ല. അപ്പോള്‍ ശ്രീനാരായണഗുരു എന്ന ദൈവനാമത്തില്‍ പ്രതിജ്ഞയെടുത്ത ഉമേഷ് ചള്ളിയില്‍ മുന്‍ എം.എല്‍.എയുടെ പ്രതിജ്ഞ മാത്രമേ തികച്ചും അര്‍ത്ഥപൂര്‍ണ്ണമാകൂ.