ശ്രീനാരായണതത്ത്വം പുതിയ നൂറ്റാണ്ടിന്‍റെ  വെളിച്ചം

ഇ.കെ. നായനാര്‍ കേരളാമുഖ്യമന്ത്രി (1980-81, 1987-91, 1996-2001)

     ഇവിടെ വരാന്‍ കഴിയുന്നതുതന്നെ ജീവിതത്തിലെ വലിയൊരു ധന്യതയാണ്. സ്നേഹത്തിന്‍റെയും സമഭാവനയുടെയും ആസ്ഥാനമായ തീര്‍ത്ഥാടനകേന്ദ്രമാണിത്. ആ നിലയ്ക്ക് മനുഷ്യത്വമായി ചേര്‍ന്നുനില്ക്കുന്ന ഒരു സവിശേഷത, ഒരു പവിത്രത ഈ സ്ഥലത്തിനുണ്ട്. താരതമ്യങ്ങള്‍ക്കതീതമായ ഒരു തീര്‍ത്ഥാടനകേന്ദ്രമാണിത്. ഇവിടെ മനസ്സുകളെ ഒരുമിപ്പിക്കുന്ന, സ്നേഹത്തിന്‍റെ മഹാസന്ദേ ശം പ്രസരിപ്പിക്കുന്ന, ഉത്കൃഷ്ടമായ ഒരു ജീവിതത്തിനാവശ്യമായ വെളിച്ചം പരത്തുന്ന, 'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന് ഉദ്ബോധിപ്പിച്ച, മഹാനായ ഗുരുവിന്‍റെ സ ന്നിധിയാണിത്. ജാതിചിന്തകൊണ്ട് അത് പടര്‍ത്തിയ ഭ്രാ ന്തുകൊണ്ട് മലീമസമായ ഒരു സാമൂഹ്യാവസ്ഥയില്‍ മനുഷ്യത്വത്തിന് അമൃത് പകരുന്ന സന്ദേശമാണ് ശ്രീനാരായണഗുരു നല്കിയത്. ആ സന്ദേശം നമ്മുടെ സമൂഹത്തെ യും കാലത്തെയും മാറ്റി മറിച്ചു. പരിഷ്കൃത സമൂഹത്തി ന്‍റെ പിറവിക്കു നാന്ദി കുറിച്ചു. മനുഷ്യരായി ജനിച്ചവര്‍ ക്കൊക്കെ മനുഷ്യരായി ജീവിക്കാനുള്ള അവകാശമുണ്ടെ ന്ന ധീരമായ പ്രഖ്യാപനമാണ് ശ്രീനാരായണഗുരു നടത്തിയത് എന്നു നമുക്കറിയാം. ശിവപ്രതിഷ്ഠയിലും കണ്ണാടി പ്രതിഷ്ഠയിലുമൊക്കെ അത്തരമൊരു അവകാശമുറപ്പിക്കുന്നതി ന്‍റെ വിവിധ ഭാവങ്ങള്‍ പ്രതിഫലിച്ചു കാണുന്നുണ്ട്. സമൂഹം അ തിന്‍റെ ആത്മഗൗരവവും സ്വത്വ വും തിരിച്ചറിയുന്നതിന്‍റെ പ്രകാശദീപ്തി തെളിഞ്ഞു കാണുന്നുണ്ട്.

    ഈ കേരളത്തെ ഇന്നത്തെ നിലയിലേക്കുയര്‍ത്തിയെടുക്കുന്നതില്‍ , ഈ സമൂഹത്തെ ഇന്നത്തെ അവസ്ഥയിലേക്കുണര്‍ത്തിയെടുക്കുന്നതില്‍ ശ്രീനാരായണസന്ദേശം വഹിച്ച് പങ്ക് നിസ്തുലമാണെന്നതു ചരിത്രസത്യമാണ്. യുഗപ്രഭാവനായ  ഗുരുവിന്‍റെ ചൈതന്യം ആ ഘട്ടത്തെ ദീപ്തമാക്കാനില്ലായിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള കാലം പോ ലും അന്ധകാരത്തില്‍പ്പെട്ടുപോകുമായിരുന്നു എന്നു പറഞ്ഞാലതില്‍ അതിശയോക്തിയില്ല.

നരനും നരനും തമ്മില്‍
സാഹോദര്യമുദിക്കണം
അതിനു വിഘ്നമായുള്ള-
തെല്ലാമില്ലാതെയാകണം.

    ഇവിടെ  ഗുരുവിന്‍റെ മനസ്സാകെ പ്ര തിഫലിച്ചു കാണാം. മനുഷ്യര്‍ തമ്മില്‍ സാഹോദര്യമുണ്ടാക്കുന്നതിനും അതിനുള്ള വിഘ്നങ്ങളാകെ ഇല്ലാതാക്കുന്നതിനും വേണ്ടിയുള്ള ആത്മസമര്‍പ്പണമായിരുന്നു ശ്രീനാരായണഗുരുവിന്‍റെ ജീവിതം.

 ഗുരു മനുഷ്യസാഹോദര്യത്തിലൂടെ സ്ഥാപിതമാവുന്ന മനുഷ്യസമത്വത്തെക്കുറിച്ച് നമ്മെ ഉദ്ബോധിപ്പിച്ചു. സര്‍വമാനവസമഭാവനയിലേക്കു മനസ്സുകളെ ഉണര്‍ത്തിയെടുക്കുന്ന സമന്വയ മഹാമന്ത്രമാണു ഗുരുവിന്‍റെ സന്ദേശം. നമ്മു ടെ സമൂഹത്തിലെ വൈവിധ്യങ്ങളെ വൈരുദ്ധ്യമാകാതെ നോക്കുകയും അവയുടെയെല്ലാം അടിസ്ഥാനം ഏകമാണ് എന്നു ശാസ്ത്രീയമായി വ്യക്തമാക്കിത്തരികയുമായിരുന്നു ഗുരു.

    'പലമതസാരവുമേകം' എന്ന ഗുരുവിന്‍റെ തത്വം ഇന്ന് മതങ്ങള്‍ തമ്മില്‍ നടക്കുന്ന പോരിന്‍റെ പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമാകുന്നു. പല സംന്യാസിവര്യന്മാരില്‍ നിന്നും  വ്യതിരിക്തമായ വ്യക്തിത്വമായിരുന്നു ശ്രീനാരായണഗുരുവിന്‍റേത്. 'ഈ ലോകജീവിതം എങ്ങനെയെങ്കിലും കഴിഞ്ഞു പോകട്ടെ, പരലോകജീവിതമാണ് പ്രധാനം' എന്ന മിഥ്യാവാദം പരത്തുകയായിരുന്നില്ല  മറിച്ച് ഈ ലോകജീവിത ത്തെ നന്നാക്കിയെടുക്കുകയായിരുന്നു ഗുരു.

   1905 ല്‍  ടചഉജ യോഗത്തിന്‍റെ പ്രസംഗകര്‍ക്ക് വേണ്ടി ശ്രീനാരായണഗുരു ത യ്യാറാക്കിയ ഒരു കുറിപ്പുണ്ട്.  മോക്ഷത്തെക്കുറിച്ചോ സ്വര്‍ഗ്ഗലബ്ധിയെക്കുറിച്ചോ അല്ല അതില്‍ പറഞ്ഞത്. മതപരിഷ്കാരം, സദാചാരം, വിദ്യാഭ്യാസം, വ്യവസായം എന്നിവയെക്കുറിച്ച് പറയേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് അ ദ്ദേഹം അതില്‍ നിര്‍ദ്ദേശങ്ങള്‍ നല്കി. ജാതി വ്യവസ്ഥയും ദുര്‍മൂര്‍ത്തികളെ ആരാധിക്കുന്ന സമ്പ്രദായവും ദൂരീകരിക്കലാണ് മതപരിഷ്കാരത്തിന്‍റെ ഉ ദ്ദേശ്യം എന്ന് അതില്‍ വ്യക്തമാക്കി.

     അനാവശ്യവും വ്യയഹേതുകവുമാ യ ആചാരങ്ങള്‍ ഉപേക്ഷിക്കുകയും സ മൂഹത്തിന്‍റെ അഭിവൃദ്ധിക്കുവേണ്ട കാ ര്യങ്ങള്‍ ചെയ്യുകയും വേണം. അതാ ണു സദാചാരം എന്ന് ഗുരു ആ കുറിപ്പില്‍ പറഞ്ഞു. വിദ്യാഭ്യാസം, പ്രത്യേകിച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം സമുദായത്തിന്‍റെ ഉന്നമനത്തിനാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.സ്വര്‍ഗ്ഗത്തിലെ ജീ വിതത്തെയല്ല മറിച്ച് ഈ മണ്ണിലെ ജീ വിതത്തെത്തന്നെയാണ് ഗുരു നോക്കിക്കണ്ടത്. അതു നന്നാക്കുവാനുള്ള ക്രി യാത്മകമായ നിര്‍ദ്ദേശങ്ങള്‍  സമഗ്രതയോടെ ഇതുപോലെ മുമ്പോട്ടുവെച്ച മറ്റൊരു സംന്യാസിവര്യന്‍ നമുക്കില്ല.

   ഗുരുവിന്‍റെ ജീവിതവീക്ഷണം ഇനി യും സമഗ്രമായ പഠനങ്ങള്‍ക്കു വിഷയമാക്കേണ്ടതുണ്ട്. ജീവിതത്തിലെ ഓരോ കാര്യത്തിനും വിവാഹം, വിദ്യാഭ്യാസം തുടങ്ങിയവയടക്കം- വ്യക്തമായ ഒരു കര്‍മ്മരീതി മുമ്പോട്ടു വെച്ചുകൊണ്ട് ജീവിതത്തെ പുരോഗമനാത്മകമായി മാറ്റിയെടുക്കാന്‍ അദ്ദേഹം ശ്ര മിച്ചു. ആ ജീവിതവീക്ഷണം പഠിക്കാ നും അതു ജീവിതത്തില്‍ പ്രതിഫലിപ്പിക്കാനും നാം ശ്രമിക്കണം.

    നമ്മുടെ രാഷ്ട്രം നേരിടുന്ന പല പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഊര്‍ജ്ജം ശ്രീനാരായണചിന്തകളിലടങ്ങിയിട്ടുണ്ട്. ഇന്നു ഇന്ത്യ നേരിടുന്ന വിഘടനഭീഷണികള്‍ ഓരോന്നും എടുക്കുക. ഖാലിസ്ഥാന്‍ പ്രശ്നമടക്കം ഓ രോന്നിലും വര്‍ഗ്ഗീയതയുടെയും ജാതീയതയുടെയും വിഷമാണ് അടിസ്ഥാനപരമായിട്ടുള്ളത്.  ഒരു മതം- മനുഷ്യത്വമെന്ന മതം- എന്ന ശ്രീനാരായണചിന്ത ഈ വര്‍ഗ്ഗീയവിഷത്തെ അകറ്റി നിര്‍ത്തും. ഇന്ത്യയിലെ സാമൂഹ്യജീവിതത്തെ ശാന്തമാക്കും.

     ശ്രീനാരായണതത്വങ്ങള്‍ സാര്‍വദേശീയതലത്തില്‍ പ്രചരിപ്പിക്കുക എന്നതാണിതിനാവശ്യം. മനുഷ്യത്വം നഷ്ടപ്പെടുന്ന ഒരു സമൂഹത്തി ന് മനുഷ്യത്വം പകര്‍ന്നുകൊടുക്കാനുള്ള മാര്‍ഗ്ഗമാണത്. അതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.  രാജ്യത്തിന്‍റെ ഐ ക്യത്തിനും ജനതയുടെ ഒരുമയ്ക്കും നേര്‍ക്കുയരുന്ന ഗുരുതരഭീഷണികളെ ജാതിമതാദികള്‍ക്കതീതമായ മനുഷ്യത്വത്തിന്‍റെ ശക്തികൊണ്ട് മാത്രമേ നേരിടാനാവുകയു ള്ളൂ. വിവിധങ്ങളായ ചിന്തകള്‍ക്ക് ഒരേസമയം നിലനില്ക്കാന്‍ കഴിയുന്ന അ ന്തരീക്ഷം നിലനിര്‍ത്തിക്കൊണ്ട് മാത്ര മേ നേരിടാനാവുകയുള്ളൂ. ഈ വൈവിധ്യത്തെ ധ്വംസിക്കാനുള്ള ശ്രമങ്ങളെ ജ നങ്ങളുടെ ഒരുമകൊണ്ട് നാം നേരിടേണ്ടതുണ്ട്.

    ആ ഒരുമ അടിയന്തിരമായി ഉണ്ടാകേണ്ടത് രാഷ്ട്രീയരംഗത്താണ്. അ തിന് ആദ്യമായി ചെയ്യേണ്ടത് മതത്തെ രാഷ്ട്രീയത്തില്‍ കലര്‍ത്താതെ വേര്‍തിരിച്ച് നിര്‍ത്തുകയാണ്. മതനിരപേക്ഷത എന്നതിനര്‍ത്ഥം എല്ലാ മതങ്ങളെയും വഴിവിട്ടുപോലും പ്രീണിപ്പിക്കുക എന്നതല്ല. മതത്തെ രാഷ്ട്രവ്യവഹാര കാര്യങ്ങളില്‍ നിന്ന് ഒഴിച്ചു നിര്‍ത്തുക എന്നതാണ്. രാഷ്ട്രവ്യവഹാരകാര്യങ്ങളില്‍ മതം ചേര്‍ന്നാല്‍ രാഷ്ട്രം നശിക്കാനുള്ള അരങ്ങൊരുങ്ങുകയായിരിക്കും ഫലം.  മതനിരപേക്ഷതയെ ഈ വിധത്തില്‍ പുനര്‍ നിര്‍വചിക്കേണ്ട കാലമായിരിക്കുന്നു.  വിവിധ മതവിശ്വാസികളുള്ള രാഷ്ട്രത്തിന്‍റെ ഐക്യം ഉറപ്പാക്കാന്‍  ഇത് അത്യാവശ്യമാണ്.

     ശ്രീനാരായണതത്വചിന്തയുടെ വെ ളിച്ചം നമ്മുടെ ജീവിതത്തെ കൂടുതല്‍ പ്രകാശപൂര്‍ണ്ണമാക്കുന്നതാവട്ടെയെന്ന് ആശംസിച്ചുകൊണ്ട് ഈ സമ്മേളനം ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു.

(66-ാമത് ശിവഗിരിതീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)