ഗുരുദേവന്‍റെ ദാര്‍ശനിക മഹത്വം
സ്വാമി ഋതംഭരാനന്ദ
ചോദ്യം:
സ്വാമിജി, 1925 ലെ മാര്‍ച്ചുമാസത്തില്‍ ശിവഗിരിയിലെത്തിയ ഗാന്ധിജി ഗുരുദേവനില്‍ നിന്നു വളരെക്കാര്യങ്ങള്‍ ഗ്രഹിച്ചിട്ടായിരുന്നല്ലോ മടങ്ങിയത്. ഈ സമാഗമം ഗാന്ധിജിയുടെ ചിന്തയിലും പ്രവര്‍ത്തിയിലും വലിയ പരിവര്‍ത്തനങ്ങളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഈ ചരിത്രസ്മൃതിയില്‍ നിന്നും 2007 മാര്‍ച്ചിലെത്തി നില്‍ക്കുന്ന ഇന്നത്തെ തലമുറ എന്തെല്ലാം പാഠങ്ങളാണ് ഉള്‍ക്കൊള്ളേണ്ടത്?
(ഒരു തീര്‍ത്ഥാടകന്‍)
ഉത്തരം:
ജാതിമതാന്ധതകള്‍ കൊണ്ടും അസമത്വങ്ങള്‍ കൊണ്ടും ഇരുളടഞ്ഞ ഒരു കാലഘട്ടത്തിലായിരുന്നു ഗാന്ധിജിയുടെ ശിവഗിരി സന്ദര്‍ശനം. 'നരനു നരന്‍ അശുദ്ധ വസ്തുവാണു പോലും' എന്ന മഹാകവി കുമാരനാശാന്‍റെ വിലാപം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലായിരുന്ന അക്കാലത്ത് ഭൂരിപക്ഷം ജനതയും അസ്വാതന്ത്ര്യങ്ങളുടെ നടുവിലാണ് ജീവിച്ചിരുന്നത്. അവര്‍ക്ക് അര്‍ഹമായ വിദ്യാഭ്യാസം നേടുന്നതിനോ തൊഴില്‍ സമ്പാദിക്കുന്നതിനോ എന്തിനേറെ മനുഷ്യജന്മത്തില്‍ പ്രഥമവും പ്രധാനവുമായിരിക്കേണ്ട ഈശ്വരാരാധനയ്ക്കോ പോലും ഉള്ള അവസരം നിഷേധിക്കപ്പെട്ടിരുന്നു. അത്തരമൊരു സാമൂഹ്യവ്യവസ്ഥിതി നിലനില്‍ക്കുമ്പോഴായിരുന്നു ഗാന്ധിജി ശിവഗിരിയില്‍ ഗുരുദേവനുമായി സംഗമിച്ചത്. അധഃകൃതവര്‍ഗ്ഗക്കാരുടെ അവശതകള്‍ തീര്‍ക്കുന്നതിനു അയിത്തോച്ചാടനത്തിനു പുറമേ മറ്റെന്തെല്ലാം കൂടി വേണമെന്നാണ് സ്വാമിജിയുടെ അഭിപ്രായമെന്നറിഞ്ഞാല്‍ കൊള്ളാമെന്ന ഗാന്ധിജിയുടെ ചോദ്യത്തിന് ഗുരുദേവന്‍ നല്‍കിയ ഉത്തരം ' അവര്‍ക്ക് വിദ്യാഭ്യാസവും ധനവും ഉണ്ടാകണം. മിശ്രഭോജനമോ മിശ്രവിവാഹമോ ഉടനടി വേണമെന്നു പക്ഷമില്ല. നന്നാകാനുള്ള സൗകര്യം മറ്റെല്ലാവര്‍ക്കുമെന്നപോലെ അവര്‍ക്കും ഉണ്ടാകണം' എന്നായിരുന്നു. അതുപോലെതന്നെ ആദ്ധ്യാത്മികമായ മോക്ഷത്തിനു ഹിന്ദുമതം മതിയാകുമെന്ന് സ്വാമിജി വിചാരിക്കുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ 'അന്യമതങ്ങളിലും മോക്ഷമാര്‍ഗ്ഗമുണ്ടല്ലോ' എന്നാണ് ഗുരുദേവന്‍ പറഞ്ഞത്. ആദ്ധ്യാത്മികമോക്ഷത്തിനായി മതപരിവര്‍ത്തനം ആവശ്യമില്ലെന്നു വ്യക്തമാക്കുക കൂടി ചെയ്തപ്പോള്‍ ' ലൗകികമായ സ്വാതന്ത്ര്യത്തിനാണല്ലോ നാം പരിശ്രമിക്കുന്നത്. അതു സഫലമാകാതെ വരുമോ?' എന്നായി ഗാന്ധിജിയുടെ സംശയം. അതിനു ഗുരുദേവന്‍ കൊടുത്ത മറുപടി ശ്രദ്ധിക്കുക: ' അത് സഫലമാകാതെ വരികയില്ല. അതിന്‍റെ രൂഢമൂലത ഓര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടി വരുമെന്ന് തന്നെ പറയണം'.
ലൗകികമായ സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണഫലപ്രാപ്തി എണ്‍പത്തിരണ്ടു വര്‍ഷങ്ങള്‍ക്കു ശേഷവും യാഥാര്‍ത്ഥ്യമായിട്ടില്ലല്ലോ. കേവലമായ സ്വാതന്ത്ര്യം നമുക്കുണ്ടെന്നതു ശരി തന്നെ. പക്ഷേ 'അതിന്‍റെ രൂഢമൂലതയോര്‍ത്താല്‍ പൂര്‍ണ്ണഫലപ്രാപ്തിക്കു മഹാത്മജി വീണ്ടും അവതരിക്കേണ്ടിവരു'മെന്ന ഗുരുവചനത്തിന്‍റെ ആഴവും വ്യാപ്തിയും അതിലെ ദാര്‍ശനികമാനവും വേണ്ടവിധം ഇനിയും നാം കണ്ടെത്തപ്പെട്ടിട്ടില്ല.
ഗുരുദേവന്‍റെ ദാര്‍ശനികമായ മഹത്വം ഉള്‍ക്കൊള്ളുവാന്‍ സാധ്യമായതുകൊണ്ടാണ് മഹാത്മജിക്ക് സ്വചിന്തകളിലും പ്രവര്‍ത്തികളിലും പരിവര്‍ത്തനങ്ങള്‍ വരുത്തുവാനായത്. എല്ലാ മതങ്ങളേയും ആദരവോടെ നോക്കിക്കാണുവാനും എല്ലാ മതസാരവുമേകമെന്ന സത്യത്തെ ഉള്‍ക്കൊള്ളുവാനും ഈ സമാഗമത്തിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സമാഗമത്തിന് ശേഷമാണ് ഗാന്ധിജി ഹരിജനോദ്ധാരണത്തിനു പ്രാമുഖ്യം നല്‍കിയത്. എന്നാല്‍ നമ്മുടെ തലമുറയിലെ ഭൂരിപക്ഷം പേര്‍ക്കും ഗുരുദേവന്‍റെ ദാര്‍ശനികമഹത്വം ഇനിയും അറിയുവാന്‍ കഴിഞ്ഞിട്ടില്ല. ഗുരുദേവനെ ഒരു സാമൂഹ്യപരിഷ്കര്‍ത്താവ് എന്ന നിലയില്‍ മാത്രം കാണുന്നവര്‍ ഗുരുദേവന്‍റെ ദാര്‍ശനികമായ ഉന്നതിയെയാണ് പലപ്പോഴും കാണാതെ പോകുന്നത്.
മോക്ഷപ്രാപ്തിക്ക് എല്ലാ മതങ്ങളിലും മാര്‍ഗ്ഗമുണ്ട്. അതിനാല്‍ ഒന്നിനൊടൊരു മതവും പൊരുതേണ്ടതില്ല. അങ്ങനെ മതപ്പോരുകളില്ലാത്ത, എല്ലാവര്‍ക്കും ഒരുപോലെ നന്നാകുവാനുള്ള, സാമൂഹ്യനീതി നിഷേധമില്ലാത്ത സാഹചര്യം നമുക്കുണ്ടാകണം.
അയലുതഴപ്പതിനായതി പ്രയത്നം ചെയ്യുന്ന നയമറിയുന്ന നരനായി നാം ഓരോരുത്തരും മാറിക്കഴിഞ്ഞാല്‍ അസ്വാതന്ത്ര്യത്തിന്‍റെ നിഴലുകള്‍ മാഞ്ഞുപോകുകയും സമഭാവനയുടെ സൂര്യന്‍ ഉദിച്ച് അസ്തമിക്കാതെ നില്‍ക്കുകയും ചെയ്യും. അത്തരമൊരു അവസ്ഥയിലേക്കുയരാന്‍ ഗുരുദേവന്‍റെയും മഹാത്മജിയുടെയും സമാഗമസ്മൃതി ഏവര്‍ക്കും മാര്‍ഗ്ഗദീപമായിത്തീരട്ടെ.