മഹാപുരുഷനായ ശ്രീനാരായണഗുരു
സി. അച്യുതമേനോന്‍ കേരളാമുഖ്യമന്ത്രി (1969-70, 1970-77)
കേരളത്തിന്‍റെ നവോത്ഥാനത്തിനു മറ്റാരെക്കാളും കൂടുതല്‍ സംഭാവന ചെയ്ത ഒരു മഹാപുരുഷനായിരുന്നു ശ്രീനാരായണഗുരു.
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം എന്നു പറയുമ്പോള്‍ സാധാരണ ധരിക്കാറുള്ളത് രാഷ്ട്രീയ സ്വാതന്ത്ര്യസമരം എന്നുമാത്രമണ്. പക്ഷേ വാസ്തവത്തില്‍ ആ വാക്കിന് അതിനേക്കാള്‍ എത്രയോ വിപുലമായ അര്‍ത്ഥമുണ്ട്. ഇന്ത്യന്‍ സാമൂഹ്യവ്യവസ്ഥയുടെ എല്ലാ അംശങ്ങളിലുമുള്ള നവീകരണം എന്നാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നതിന്‍റെ അര്‍ത്ഥം. ഈ വിപുലമായ അര്‍ത്ഥത്തില്‍ നോക്കുകയാണെങ്കില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്‍റെയോ അതുപോലുള്ള മറ്റു രാഷ്ട്രീയ സംഘടനകളുടെയോ പിറവിക്കു എത്രയോ മുമ്പു തന്നെ സ്വാതന്ത്ര്യസമരം ആരംഭിച്ചിരുന്നുവെന്നു കാണാം.
ബ്രിട്ടീഷ് ആധിപത്യത്തിനെതിരായി രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രസ്ഥാനം ആരംഭിക്കുന്നതിനുമുമ്പ് സാമൂഹ്യനവീകരണത്തിനുവേണ്ടിയുള്ള പ്രസ്ഥാനങ്ങളായിരുന്നു ശക്തി പ്രാപിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ രൂപങ്ങളിലും ഭാവങ്ങളിലുമാണ് ഈ പ്രസ്ഥാനങ്ങള്‍ ആവിര്‍ഭവിച്ചത്. കേരളത്തില്‍ ഉടലെടുത്ത സാമൂഹ്യ ന വീകരണ പ്രസ്ഥാനത്തിന്‍റെ നേതൃത്വം ശ്രീനാരായണഗുരുവിനായിരുന്നു. ശ്രീ നാരായണഗുരു നയിച്ച പ്രസ്ഥാനം ഇന്ത്യയിലെ മറ്റു ഭാഗങ്ങളില്‍ നടന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പല സവിശേഷതകളും ഉള്‍ക്കൊള്ളുന്നതായിരുന്നു. ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ ഉയര്‍ന്നു വന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാര്‍ പ്രായേണ ഉന്നതകുലജാതരും ആധുനിക വിദ്യാഭ്യാസം ലഭിച്ചവരും സാമ്പത്തികക്ലേശങ്ങള്‍ തീണ്ടാത്തവരുമായിരുന്നു. ഇവരില്‍ നിന്നെല്ലാം വ്യ ത്യസ്തനാണ് ശ്രീനാരായണഗുരു എ ന്നു പറയേണ്ടതില്ലല്ലോ.
മഹാനായ ഏതൊരാളിന്‍റെയും വ്യ ക്തിത്വത്തിനു രൂപം നല്കുന്നതില്‍ അദ്ദേഹം ജനിച്ചുവളര്‍ന്ന സാഹചര്യങ്ങള്‍ ഗണ്യമായ സ്വാധീനം ചെലുത്തുമെന്നതു ശരിയാണെങ്കിലും ആ ജീവിതസാഹചര്യങ്ങളെത്തന്നെ മാറ്റി മറിക്കുന്നതില്‍ ആ മഹാന്‍റെ വ്യക്തിത്വത്തിനു പ്രാമാണികമായ ഒരു സ്ഥാനമുണ്ട്. അയിത്തവും ജാതിവ്യവസ്ഥയും കൊണ്ട് തീവ്രമായ പീഡകള്‍ നിത്യജീവിതത്തില്‍ അനുഭവിച്ചുകൊണ്ടിരുന്ന ഒരു വിഭാഗത്തെയാണ് ഗുരുവിന്‍റെ സന്ദേശം ഉണര്‍ത്തിവിട്ടത്. അവരെ ബുദ്ധിപരമായി മാത്രമല്ല വൈകാരികമായിത്തന്നെ ഈ സന്ദേശങ്ങള്‍ സ്പര്‍ ശിച്ചു. അങ്ങനെ അവര്‍ മാര്‍ക്സിന്‍റെ ഭാഷയില്‍ പറയുകയാണെങ്കില്‍ ഒരു 'ഭൗതികശക്തി'യായി രൂപാന്തരപ്പെട്ടു. കേരളത്തിലെ അയിത്തോച്ചാടന പ്രസ്ഥാനത്തിന്‍റെ ശക്തിയുടെ രഹസ്യം നമുക്കിവിടെ കാണാന്‍ കഴിയും.
ആര്യസമാജം വേദപ്രാമാണ്യത്തില്‍ ഊന്നിനിന്ന ഒരു പ്രസ്ഥാനമാണ്. സമകാലീന ഹിന്ദുമതം ദുഷ്ടവും കളങ്കിതവുമാണെങ്കിലും വൈദികമതം സ ത്യവും അന്യൂനവുമാണ് എന്നു സ്വാമി ദയാനന്ദന്‍ ശഠിച്ചു. അതുകൊണ്ട് വേദങ്ങളിലേക്ക് മടങ്ങുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം. വിഗ്രഹാരാധനയേയും ജാതിവ്യവസ്ഥയേയും മറ്റനേകം അനാചാരങ്ങളെയും അദ്ദേ ഹം ഉഗ്രമായിത്തന്നെ എതിര്‍ത്തു. പ ക്ഷേ അതോടൊപ്പം തന്നെ ക്രിസ്തുമതത്തെയും ഇസ്ലാമിനെയും അദ്ദേഹം ആക്രമിച്ചു. തന്നിമിത്തം ആര്യസമാജം ഇസ്ലാം മതത്തിന്‍റെ അനുയായികളുമാ യി ഉഗ്രമായി വാദപ്രതിവാദങ്ങളില്‍ ഏര്‍ പ്പെടുകയും അചിരേണ ഈ പ്രവണത സാമുദായിക ലഹളകള്‍ക്കു വരെ കാരണമാകുകയും ചെയ്തു.
അസഹിഷ്ണുത ഒരിക്കലും ശ്രീനാരായണപ്രസ്ഥാനത്തിന്‍റെ ഒരു ഭാഗമായിരുന്നില്ല. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നാണല്ലോ ഗു രുവിന്‍റെ സുപ്രസിദ്ധമായ സന്ദേശം. ഒരാള്‍ ഏതു മതത്തില്‍ വിശ്വസിക്കുന്നു അല്ലെങ്കില്‍ ഏതു മതത്തിന്‍റെ ആരാധനാക്രമങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും പിന്തുടരുന്നു എന്നത് ഗുരുവിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമേ ആയിരുന്നില്ല.
വേദപ്രാമാണ്യത്തെയും വൈദികമതത്തിന്‍റെ അപ്രമാദിത്വത്തെയും ചൊ ല്ലിയായിരുന്നു സ്വാമി ദയാനന്ദന്‍റെ മതഭ്രാന്തെങ്കില്‍ നാസ്തികത്വത്തെ ചൊല്ലിയായിരുന്നു രാമസ്വാമിനായ്ക്കരുടെ മതഭ്രാന്ത്. ഹിന്ദുമതവും അതിലെ അന്ധവിശ്വാസങ്ങളുമാണ് ഇന്ത്യയുടെ അധഃപതനത്തിനു മുഴുവന്‍ കാരണമെന്ന് അ ദ്ദേഹം കരുതി. ഹിന്ദുമതത്തിനു മാത്രമല്ല, സര്‍വ്വമതത്തിനും അദ്ദേഹം എതിരായി. ജാതിവ്യവസ്ഥയ്ക്കെതിരായി എ ന്നപോലെ തന്നെ മതവിശ്വാസത്തിനും എതിരായി അദ്ദേഹം പോരാടി. മ ണ്ണുകൊണ്ട് ഗണപതിവിഗ്രഹങ്ങള്‍ ഉണ്ടാക്കി പലസ്ഥലങ്ങളില്‍ വച്ച് പരസ്യമായി അവയെ തച്ചുടയ്ക്കുക, ഉ ത്തരേന്ത്യന്‍ രാമലീല ഉത്സവങ്ങളില്‍ രാവണന്‍റെ കോലം കത്തിക്കുന്നതുപോലെ ശ്രീരാമന്‍റെ കോലം ഉണ്ടാക്കി കത്തിക്കുക- ഇങ്ങനെ കാലാകാലങ്ങളില്‍ നിരവധി ബഹുജനപ്രക്ഷോഭണ ങ്ങള്‍ കെട്ടഴിച്ചുവിട്ട് അദ്ദേഹം മനഃപൂര്‍ വ്വം സംഘട്ടനങ്ങള്‍ ക്ഷണിച്ചു വരുത്തി. ഈ പ്രക്ഷോഭണങ്ങള്‍ക്ക് ഗണ്യമായ തോതില്‍ ബഹുജനപിന്തുണ ലഭിച്ചുവെന്നത് ഒരു സത്യമാണ്. മതവിശ്വാസത്തില്‍ ഇത്രയും ആഴത്തില്‍ ആണ്ടുകിടന്ന ഇന്ത്യയിലെ സാധാരണ ജനങ്ങളുടെ ഇടയില്‍ നാസ്തികത്വത്തെ അടിസ്ഥാനമാക്കി കെട്ടിപ്പടുത്ത ഈ പ്ര സ്ഥാനത്തിന് ഇത്രമാത്രം ബഹുജനപിന്തുണ എങ്ങനെ കിട്ടിയെന്നതു പഠനാര്‍ഹമായ ഒരു വിഷയമത്രെ. ശ്രീനാരായണഗുരുവിന്‍റെ പ്രവര്‍ത്തനശൈലിയുമായി രാമസ്വാമി നായ്ക്കരുടെ പ്ര സ്ഥാനത്തിനുണ്ടായിരുന്ന വ്യത്യാസം ചൂണ്ടിക്കാണിക്കാന്‍ മാത്രമാണ് ഇതിവിടെ പ്രസ്താവിച്ചത്.
ശ്രീനാരായണഗുരു ദാര്‍ശനിക പക്ഷത്തില്‍ ഒരു അദ്വൈതവേദാന്തിയായിരുന്നു. ആ നിലയ്ക്കു ക്ഷേത്രാരാധനയും മറ്റും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമല്ല. എങ്കിലും താന്‍ ഉദ്ധരിക്കുവാന്‍ ശ്രമിക്കുന്നതാരെയാ ണോ ആ ജനങ്ങളുടെ സാംസ്കാരികവും ബുദ്ധിപരവും വൈകാരികവുമായ നിലവാരം അദ്ദേഹം കണക്കിലെടുത്തു. അവരുടെ ദൈവവിശ്വാസത്തെ കടന്നെതിര്‍ക്കുന്നതു തന്‍റെ ഉദ്ദേശ്യസിദ്ധിക്കു പ്രയോജനപ്പെടുകയില്ലെന്നു അ ദ്ദേഹം വിശ്വസിച്ചിരുന്നു. 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്ന് വിശ്വസിച്ചിരുന്ന സഹോദരന്‍ അ യ്യപ്പനെപ്പോലും 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തിന്‍റെ പ്രചാരകനാക്കി മാറ്റാന്‍ ഗുരു വിന് കഴിഞ്ഞു. 'പലമതസാരവുമേകം' എന്ന തന്‍റെ സിദ്ധാന്തത്തെ കുശാഗ്രബുദ്ധിയും വിവാദപടുവുമായ സി.വി. കുഞ്ഞിരാമനു വിശദീകരിച്ചുകൊടുത്ത് അംഗീകരിപ്പിച്ചതിന്‍റെ വിവരണം വായിക്കാന്‍ രസമുള്ളതാണ്. ആ സംഭാഷണത്തിലെ ഉജ്ജ്വലമായ യുക്തിബോധവും വാദപടുത്വവും സര്‍വ്വോപരി ലോകജ്ഞാനവും നിരുപമവുമത്രെ.
ശ്രീനാരായണഗുരുവിന്‍റെ അരുവിപ്പുറം പ്രതിഷ്ഠ ചരിത്രത്തില്‍ എതിരില്ലാത്തതായ ഒരു മഹാസംഭവമാകുന്നു. ബ്രാഹ്മണര്‍ക്കല്ലാതെ ആര്‍ക്കും ക്ഷേ ത്രപ്രതിഷ്ഠ നടത്താന്‍ അവകാശമി ല്ലെന്ന രണ്ടായിരമാണ്ടോളം പഴക്കമുള്ള രൂഢമൂലമായ ഹിന്ദുമതവിശ്വാസത്തെ ആ കൃത്യത്തിലൂടെ വെല്ലുവിളിക്കുകയും ആ വിശ്വാസത്തിന്‍റെ നാരായവേരു പിഴുതെറിയുകയും ചെയ്തു എ ന്നുമാത്രമല്ല ഞാനതില്‍ കാണുന്ന പ്ര ത്യേകത, മറ്റാരെങ്കിലുമായിരുന്നെങ്കില്‍ അങ്ങനെയൊരു സാഹസികകര്‍മ്മം യാതൊരു സംഘട്ടന വും കൂടാതെ നിര്‍വ്വഹിക്കുമായിരുന്നോ, നിര്‍വ്വഹിക്കുവാന്‍ കഴിയുമായിരുന്നോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ബ്രാഹ്മണര്‍ക്കല്ലാതെ ഈഴവര്‍ക്ക് ക്ഷേത്രപ്രതിഷ്ഠ നടത്താന്‍ അധികാരമുണ്ടോ എന്ന ചോദ്യത്തിന് ഗുരുദേവന്‍ നല്കിയ മറുപടിയില്‍ ആ അത്ഭുതകൃത്യത്തിന്‍റെ താക്കോല്‍ നമു ക്ക് കാണാം 'ഞാന്‍ ഈഴവശിവനെയാണ് പ്രതിഷ്ഠിച്ചത്' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. വക്കാണത്തിനൊരുങ്ങുമായിരുന്നവരെയൊക്കെ ആ ഒരൊറ്റ മറുപടികൊണ്ട് ഗുരുദേവന്‍ നിരായുധരാക്കി. ആ മറുപടിയിലങ്ങിയ ഫലിതമാണെങ്കില്‍ അതിലേറെ.
ശ്രീനാരായണഗുരുവിന്‍റെ പ്രവര്‍ത്തനശൈലിയുടെ പ്രത്യേകത നമുക്കിവി ടെ കാണാം. അദ്ദേഹം എതിര്‍ക്കപ്പെടേണ്ട എല്ലാറ്റിനെയും എതിര്‍ത്തു. എ ന്നാല്‍ ഒരിക്കലും ഒരു സംഘട്ടനം ഉ ണ്ടാക്കാന്‍ ശ്രമിച്ചില്ല. ജനങ്ങളെ അവരുടെ വിശ്വാസത്തിന്‍റെ നിലവാരത്തില്‍ നിന്നുകൊണ്ട് സമീപിച്ചു പടിപടിയായി ഉയര്‍ത്തി വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിത്തീര്‍ക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. അങ്ങനെ ശ്രീനാരായണപ്രസ്ഥാനത്തിന്‍റെ സവിശേഷതകള്‍ പലതാണ്. ആ വഴിക്കു ചിന്തിക്കുവാന്‍ ആളുകളെ പ്രേരിപ്പിക്കുക എന്നതുമാത്രമാണ് ഈ ലേഖനത്തിന്‍റെ ഉദ്ദേശ്യം. ഇന്ത്യയുടെ സ്വാതന്ത്ര്യസമരം ശക്തിപ്പെടുന്നതിനുമുമ്പ് ഈ രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ ഒരു കാലഘട്ടത്തില്‍ അലയടിച്ചുയര്‍ന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങളില്‍ വച്ച് ഏറ്റ വും പരിഷ്കൃതവും നവീനവും ശക്തവുമായ പ്രസ്ഥാനത്തെയാണ് ശ്രീനാരായണഗുരുദേവന്‍ നയിച്ചത്. ഗുരുദേവന്‍റെ വ്യക്തിവൈശിഷ്ട്യവും നിര്‍ഭീകമായ സ്വാതന്ത്ര്യചിന്താശീലവും വി ശാലമായ മനുഷ്യസ്നേഹവും പ്രസ്ഥാനത്തെ ഈവിധം രൂപപ്പെടുത്തുന്നതില്‍ മുഖ്യഘടകങ്ങളായിരുന്നു. അവയാകട്ടെ അദ്ദേഹത്തിന്‍റെ മാത്രം സംഭാവനകളായിരുന്നല്ലോ.
(ശിവഗിരി തീര്‍ത്ഥാടന കനകജൂബിലി സ്മരണികയില്‍ നിന്ന്)