ജാതിചിന്ത ഇല്ലാതാവണം
ആര്‍. ശങ്കര്‍,കേരളാമുഖ്യമന്ത്രി (1962-64)
നാരായണസന്ദേശം എത്ര തവണ നാം ആവര്‍ത്തിക്കുംതോറും നമ്മുടെ ശക്തി ഒന്നിനൊന്നു വര്‍ദ്ധിച്ചു വരുന്നു. അവരവരുടെ വീക്ഷണഗതിയില്‍ കൂടിയാണ് ഓരോരുത്തരും ശ്രീനാരായണഗുരുവിന്‍റെ മഹാസന്ദേശങ്ങളെ വിശകലനം ചെയ്യുന്നത്. തീര്‍ത്ഥാടകര്‍ പാടിയതുകൊണ്ടല്ല ആ മഹാസന്ദേശങ്ങള്‍ പ്രചരിക്കുന്നത്. പക്ഷേ, തീര്‍ത്ഥാടകരുടെ മാതൃക അനുകരണീയമാണ്. തീര്‍ത്ഥാടനത്തിനു വരുന്നവരില്‍ ഒരു വിഭാഗം വെറും കാഴ്ചക്കാരാണ്. ഒരു കൂട്ടം ആളുകള്‍ മനഃപൂര്‍വ്വം തന്നെ ഇതില്‍ സംബന്ധിക്കാന്‍ വന്നവരായിരിക്കും. എന്നാല്‍ മടങ്ങിപ്പോകുമ്പോള്‍ ഇവര്‍ എല്ലാവരും കുറച്ചെങ്കിലും ഗുരുസന്ദേശവുമായിട്ടേ പോകാറുള്ളൂ, സംശയമില്ല. ഏതൊരു കാ ര്യവും സാധിക്കുന്നതിനു പ്രായോഗികമായ മാര്‍ഗ്ഗം ആളുകളെ ഒന്നായി സംഘടിപ്പിക്കുകയാണ്. ഈ സംഘടന ഗുണമുള്ള കാര്യങ്ങള്‍ക്കു ഉപയോഗിക്കാം.
ക്ഷേത്രങ്ങളില്‍ കൂത്തും ആട്ടവും നടത്തുന്നത് കലാപോഷണത്തിനുവേണ്ടി മാത്രമല്ല; ആളുകളെ ആകര്‍ഷിക്കുവാന്‍ കൂടിയാണ്. സാമാന്യജനങ്ങളെ ആകര്‍ഷിക്കുന്നതിന് ഇത്തരം പരിപാടികള്‍ ആവശ്യമാണ്. സംഘടിതമായ ഈ യത്നം വലിയ ഫലം ചെയ്യും. ഞാന്‍ പറയുന്നത് നി ങ്ങള്‍ ഒന്നിക്കണമെന്നാണ്. ജാ തിയെ നശിപ്പിക്കണം. ഇതില്‍ ആര്‍ക്കും അഭിപ്രായ വ്യത്യാസമില്ല. രണ്ടായിരവും മൂവായിരവും കൊല്ലങ്ങളായി രക്തത്തിലും മജ്ജയിലും കട്ടിപിടിച്ചതാണ് ഈ ജാതിചിന്ത. ജാതി പോകണം എന്ന ആഗ്രഹം മാത്രം പോരാ അതിനു സംഘടിതമായി പ്ര വര്‍ത്തിക്കണം. ജാതിയില്ലാതാക്കണമെന്ന സന്ദേശം ശ്രീനാരായണഗുരു നല്കിയിട്ട് അരശതാബ്ദമായി. ആ സന്ദേശം പ്രവൃത്തിപഥത്തില്‍ കൊ ണ്ടുവരാന്‍ ശ്രമിച്ചവരിലൊരാളാണ് ശ്രീ. അയ്യപ്പന്‍. ആ മഹത്സന്ദേശം കുറെയധികം ആളുകളെ ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിച്ചു. ജാതി വേണമെന്നു പറയുന്നവര്‍ക്ക് ജീവിക്കുവാന്‍ സാദ്ധ്യമല്ലാത്ത നില ഇന്നു സംജാതമായിട്ടുണ്ട്. ജാതിയില്ലാതാക്കുന്നതിനു വലിയ കാലയളവൊന്നും വേണ്ട. ചീത്ത ചെയ്യാനും നല്ലതു ചെയ്യാനും സമയം അധികമില്ലാത്ത കാലമാണിത്. അപ്പോള്‍ അത് സാദ്ധ്യമാകണമെങ്കില്‍ സംഘടിതയത്നം തന്നെ വേണം. എന്നോ ഒരിക്കല്‍ ഉണ്ടായ അനാചാരങ്ങളാണല്ലോ ഇതെല്ലാം. അതിനുള്ള അന്തരീക്ഷം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്.
ക്രിസ്ത്യാനികളില്‍ രണ്ട് ജാതിയില്ല. പക്ഷേ ഇന്ത്യയില്‍ വന്നപ്പോള്‍ അവരിലും പല ജാതിയുത്ഭവിച്ചു. വരുന്നതിനെയെല്ലാം ഉള്‍ക്കൊള്ളുവാനും അതിലെ നല്ല അംശങ്ങള്‍ അവശേഷിപ്പിക്കുവാനും ഹൈന്ദവസംസ്കാരത്തിന്- ഭാരതീയ സംസ്കാരത്തിനു കഴിവുണ്ട്. പക്ഷേ, നമ്മുടെ സംസ്കാരം എത്ര മഹത്താണെങ്കിലും ഏറെ നാളുകളായി ഹൈന്ദവരുടെ എണ്ണം കുറ ഞ്ഞു കുറഞ്ഞാണു വരുന്നത്. ഹൈന്ദവസംസ്കാരകവാടം തുറന്നിട്ടാല്‍ മറ്റുള്ളവര്‍ അതില്‍ ലയിക്കുവാന്‍ പോകുന്നില്ല. അതിനും സംഘടിതയത്നം ആവശ്യമാണ്. ഹിന്ദുക്കളുടെ നേട്ടം മ തം വ്യക്തികാര്യമായതാണെന്നു പറയുന്നു. എന്നാല്‍ ഹിന്ദുക്കളുടെ വലിയ ദോഷവും അതുതന്നെയാണ്. ഒരാള്‍ ചിന്തിച്ച മാര്‍ഗ്ഗത്തില്‍ക്കൂടി മറ്റുള്ളവരെ ചിന്തിപ്പിക്കുവാനും ആ മാര്‍ഗ്ഗത്തില്‍ ക്കൂടി മറ്റുള്ളവരും മുന്നേറുവാനുമാണ് ഇന്നു ശ്രമിക്കേണ്ടത്. ഇപ്പോള്‍ ഹിന്ദുക്കള്‍ സംഘടിക്കണം; സംഘടിക്കണ്ട എന്നിങ്ങനെ രണ്ടഭിപ്രായഗതികളുണ്ട്.
ജാതി നശിപ്പിക്കുന്നതിനു ഇന്നു ലഭ്യമായിട്ടുള്ള അന്തരീക്ഷം നാം ഉപയോഗപ്പെടുത്തണം. യാതൊരു മതഭ്രാന്തും ഹൈന്ദവനു വേണ്ട. മറ്റുള്ളവരുടെ 'ഭ്രാന്തു' കണ്ടാല്‍ ഒട്ടും ഭയപ്പെടേണ്ടതുമില്ല. എന്നാല്‍ ജാതിയില്ലാതാക്കുന്നതിനു നാം ഒത്തൊരുമിച്ചു നിന്നുതന്നെ പരിശ്രമിക്കണം.
(30-ാമത് ശിവഗിരി തീര്‍ത്ഥാടനത്തില്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗം)