ജാതി നശിപ്പിക്കണമെന്ന ഗുരുസന്ദേശം
ഇ. എം. എസ്., കേരളാമുഖ്യമന്ത്രി (1957-59, 1967-69)
മാര്‍ക്സ് അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ ഒരു വസ്തുത എന്ന നിലയില്‍ ഒരു കാര്യം എടുത്തു ചോദിക്കുന്നുണ്ട്- 'ഏതാണ് ആദ്യം സംഭവിക്കുക? ബ്രിട്ടണിലെ അധ്വാനിക്കുന്ന ജനത അധികാരം പിടിച്ചെടുക്കുകയും ഇന്ത്യയെ ബ്രിട്ടീഷുകാരില്‍ നിന്നും മോചിപ്പിക്കുകയും ചെയ്യുക എന്നതോ, ഇന്ത്യന്‍ ജനത ബ്രിട്ടീഷുകാരെ ഭരണത്തില്‍ നിന്നും പുറംതള്ളാന്‍ കഴിയുന്നത്ര ശക്തിയാര്‍ജ്ജിക്കുക എന്നതോ?
കേരളം മുഖ്യപങ്കു വഹിച്ച സ്വാതന്ത്ര്യസമരത്തിന്‍റെ ഒന്നാംഘട്ടം ഇതാണ്. തുടര്‍ന്നുള്ള കാലഘട്ടത്തില്‍ ബൂര്‍ഷ്വാസിയുടെ ഒരു തലമുറ ഇവിടെ പതുക്കെ വളര്‍ന്നുവരുന്നതായി കാണാം. മാര്‍ക്സ് അദ്ദേഹത്തിന്‍റെ ലേഖനത്തില്‍ ബ്രിട്ടീഷുകാര്‍ നടത്തുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നുതന്നെ അഭ്യസ്തവിദ്യരുടേതായ ഇത്തരമൊരു തലമുറ രൂപപ്പെടുമെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ തലമുറ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങള്‍ യൂറോപ്പില്‍ നിന്നുമായിരിക്കും ഉള്‍ക്കൊള്ളുക. രാജ്യമെങ്ങും ഒരു പുതിയ നവോത്ഥാനം ഉണ്ടാകുന്നത് ഇങ്ങനെയായിരിക്കും.
ഈ പ്രക്രിയയിലും കേരളം അഭിമാനകരമായ പങ്കു വഹിച്ചിട്ടുണ്ട്. കേരള സമൂഹത്തിലും സംസ്കാരത്തിലും ഒരു പുതിയ ഉണര്‍വ്വുണ്ടാകുന്നതാണ് 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ കാണുന്നത്. ആധുനിക മലയാളസാഹിത്യത്തി ലും സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആദര്‍ശങ്ങള്‍ പ്രകടമായി. കേരള സമൂഹത്തിന്‍റെ ബൗദ്ധികവും വൈകാരികവുമായ പുനരൈക്യത്തിന് ഉപയുക്തമാകുമാറ് ഒരു പുതിയ മലയാള ശൈലി തന്നെ മാസികകളിലും വാരികകളിലും രൂപപ്പെട്ടു.
സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്‍റെ ഭാഗമായിത്തന്നെ, അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളില്‍ പുതിയ അവബോധം വളരാന്‍ തുടങ്ങി. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നുദ്ഘോഷിച്ച ശ്രീനാരായണഗുരുവാണ് ഈ അവബോധത്തിന് മുഖ്യപ്രേരകശക്തിയായി വര്‍ത്തിച്ചത്. 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നിങ്ങനെ പിന്നീട് ആ സന്ദേശം അ ദ്ദേഹം വികസിപ്പിക്കുകയും ചെയ്തു. അടിച്ചമര്‍ത്തപ്പെട്ട അധഃസ്ഥിത വിഭാഗത്തെ അദ്ദേഹം ഉണര്‍ത്തുകയും അവരുടേതായ ആദ്യത്തെ പ്രസ്ഥാനത്തിന് -ശ്രീനാരായണധര്‍മ്മപരിപാലനയോഗത്തിന്-രൂപം നല്കുകയും ചെ യ്തു.
ഈ പ്രസ്ഥാനം നേരിട്ട് ബ്രിട്ടീഷ് ഭരണത്തിനെതിരെ രൂപമെടുത്തതല്ല. മറിച്ച് ബ്രിട്ടീഷ് ഭരണത്തിന്‍റെ സൃഷ്ടികളായ സവര്‍ണ്ണമേധാവിത്വം, ഭൂപ്രഭുത്വം, നാടുവാഴി ആധിപത്യം എന്നിവയ്ക്കെതിരെ രൂപമെടുത്തതായിരുന്നു. പ്രത്യക്ഷമായി രാഷ്ട്രീയമില്ലെങ്കിലും എല്ലാ രംഗങ്ങളിലുമുള്ള അടിച്ചമര്‍ത്തലിന് എതിരെയാണ് ആ പ്രസ്ഥാനം ജനതയെ അണിനിരത്തിയത്. ഇങ്ങനെ നോക്കുമ്പോള്‍ ആദ്യ കാലത്ത് ഫ്യൂ ഡല്‍ വിഭാഗങ്ങള്‍ നേതൃത്വം നല്കിയ പോരാട്ടങ്ങള്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ക്കെതിരെ സ്വാതന്ത്ര്യ സമരത്തി ന്‍റെ ജനശക്തി ഉണരുന്നത് ഈ പ്ര സ്ഥാനങ്ങളിലൂടെയാണെന്ന് കാണാം.
പഴയ സാമൂഹിക ഘടനയുടെ കേന്ദ്രവും പുതിയ കേരളം സൃഷ്ടിക്കുന്നതിനു ഏറ്റവും വലിയ തടസ്സവുമായി നില്ക്കുന്ന ജാതി നശിപ്പിക്കണമെന്ന ഗുരുസന്ദേശം അന്നത്തെ സ്ഥി തിക്കു ഏറ്റവും അത്യാവശ്യമായിരുന്നു. ഇന്നും അതിന്‍റെ ആവശ്യം ഇല്ലാതായിട്ടില്ലെന്നുള്ളതും നിസ്സംശയം പറയാവുന്നതാണ്.
(ജനപഥം, കൊച്ചി എസ്. എന്‍. ഡി. പി. യോഗം അവകാശ പ്രഖ്യാപന സുവനീര്‍)