80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഒരാമുഖം
സ്വാമി പ്രകാശാനന്ദ
80-ാമത് ശിവഗിരി തീര്‍ത്ഥാടനം സമാഗതമായിരിക്കുന്നു. ഇക്കൊല്ലത്തെ തീര്‍ത്ഥാടന സന്ദേശവിളംബരസമ്മേളനത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചിരിക്കുന്നത് ടിബറ്റന്‍ ജനതയുടെ ആത്മീയാചാര്യനും ലോകസമാധാനത്തിനായി അനവരതം യത്നിച്ചുകൊണ്ടിരിക്കുന്ന ധന്യാത്മാവും ശ്രീബുദ്ധഭഗവാന്‍റെ പ്രതിപുരുഷനും നോബല്‍സമ്മാന ജേതാവുമായ ശ്രീദലൈലാമയാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ആഗോളപ്രസക്തിയും പ്രാധാന്യവുമാണ് ഈ അപൂര്‍വ്വമഹത് സാന്നിദ്ധ്യം കൊണ്ട് വെളിവാകുന്നത്.
ലോകത്തെ മറ്റു തീര്‍ത്ഥാടനങ്ങളെല്ലാം ആചാരാനുഷ്ഠാനങ്ങളിലേക്കും അപൂര്‍ണ്ണങ്ങളായ ആത്മീയാനുഭവങ്ങളിലേക്കും മനുഷ്യനെ നയിക്കുമ്പോള്‍ ശിവഗിരി തീര്‍ത്ഥാടനം ആത്മീയതയുടെയും ഭൗതികതയുടെയും സമന്വയത്തിലൂടെ ജീവിതത്തിന്‍റെ സമഗ്രതയിലേക്കും പൂര്‍ണ്ണതയിലേക്കുമാണ് മനുഷ്യനെ നയിക്കുന്നത്. ഈ പൂര്‍ണ്ണതയിലേക്കുള്ള പ്രയത്നം സഫലമാകണമെങ്കില്‍ മനുഷ്യനിലുള്ള എല്ലാ അപൂര്‍ണ്ണതകളും ഇല്ലാതാവണം. വാക്കും മനസ്സും കര്‍മ്മവും കൊ ണ്ടാണ് മനുഷ്യന്‍ അപൂര്‍ണ്ണനായിരിക്കുന്നത്. ഈ അപൂര്‍ണ്ണതകള്‍ ഉള്ളിടത്തോളം കാലം സത്യത്തിന്‍റെയും ശരികളുടെയും ശാന്തിയുടെയും ശാശ്വതമായ വഴികള്‍ തെളിയുകയില്ല. അജ്ഞതയെ ദൂരീകരിക്കുകയാണ് ഇതിനുള്ള ഒരേ ഒരു മാര്‍ഗ്ഗം.
മനോവാക് കര്‍മ്മങ്ങളാല്‍ മനുഷ്യര്‍ക്കു പറ്റുന്ന തെറ്റുകളുടെ തുരുത്തുകളില്‍ നിന്നും മനുഷ്യരെ മോചിപ്പിക്കുന്നതാണ് ഗുരുദേവദര്‍ശനം. തെറ്റുകളില്‍ നിന്നും മോചനമുണ്ടാകുമ്പോഴാണ് പരമശാന്തിയിലേക്കുള്ള ശ്രീകോവിലിലേക്ക് പ്രവേശിക്കാനാവുക. മോക്ഷപ്രാപ്തിയാണ് ജീവിതത്തിന്‍റെ ആത്യന്തികലക്ഷ്യം.
ഗുരുദേവന്‍ പറയുന്നതു നോക്കുക. 'വാക്ക്, മനസ്സ്, പ്രവൃത്തി ഇവ ശുദ്ധമായിരിക്കണം. ഈ മൂന്നുവിധത്തിലും തെറ്റുകള്‍ വരരുത്. തെറ്റുകള്‍ വന്നതിനുശേഷം ഹോ! തെറ്റിപ്പോയല്ലോ എന്നു തിരുത്താന്‍ സംഗതി വരാത്തവണ്ണം മനസ്സ് ശുദ്ധമായിരിക്കണം. അതാണ് ജീവന്മുക്താവസ്ഥ.' ഈ ജീവന്മുക്താവസ്ഥയിലേക്ക് വഴിതെളിക്കുന്ന ലോകത്തെ ഏകതീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം. അതുകൊണ്ടാണ് ശിവഗിരി തീര്‍ത്ഥാടനം കാലത്തിനൊപ്പവും കാലത്തിനപ്പുറവും നിലകൊള്ളുന്നതായിരിക്കുന്നത്. അതുതന്നെയാണ് ചരിത്രത്തെ അഗാധമാക്കുന്നതും ചരിത്രത്തിനു അതീതമായിരിക്കുന്നതും .
ശിവഗിരി തീര്‍ത്ഥാടനം ഒരിക്കലും സങ്കല്പങ്ങളുടെ സങ്കേതങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തെന്നാല്‍ സങ്കല്പങ്ങളൊന്നും സത്യങ്ങളല്ല. സത്യമുള്ളിടത്ത് സങ്കല്പത്തിന്‍റെ ആവശ്യവുമില്ല. എന്നാല്‍ ലോകത്തെ ഭൂരിപക്ഷം ജനങ്ങളും സങ്കല്പലോകത്താണ് ജീവിക്കുന്നത്. യഥാര്‍ത്ഥ ത്തിലുള്ള വര്‍ത്തമാനകാലത്തെ വിസ്മരിച്ചുകൊണ്ടാണ് ഇല്ലാത്ത സങ്കല്പലോകത്ത് മനുഷ്യന്‍ രമിക്കുന്നത്. ഇങ്ങനെ ഇല്ലാത്ത സങ്കല്പലോകത്തെ സൃഷ്ടിക്കുന്നതും അതുമായി സഹവസിക്കുന്നതിലൂടെ രാഗദ്വേഷങ്ങള്‍ ജനിപ്പിക്കുന്നതും മനസ്സാണ്. അതിനാല്‍ സങ്കല്പദൂതനായിരിക്കുന്ന ഈ മനസ്സിനെ അടക്കിനിര്‍ത്തിയാലേ സത്യത്തിന്‍റെ ലോകത്തേക്ക് യാത്ര ചെയ്യാനാവൂ. വര്‍ത്തമാനകാലത്തില്‍ നിലകൊള്ളാനാവൂ. അതിനു വാക്കും വിദ്യയും മനസ്സും ഏകോപിക്കേണ്ടതുണ്ട്. ശിവഗിരി തീര്‍ത്ഥാടനം ഈ ഏകോപിപ്പിക്കലിന്‍റെ മഹത്വപൂര്‍ണ്ണമായ വേദിയാണ്. ഇങ്ങനെ സ്വന്തമായൊരു തത്ത്വശാസ്ത്രവും കര്‍മ്മപദ്ധതിയും തയ്യാറാക്കി ജീവിതത്തെ പുനരേകീകരിക്കാനും പുനര്‍നവീകരിക്കാനും മനുഷ്യനെ പ്രാപ്തനാക്കുന്ന ശിവഗിരി തീര്‍ത്ഥാടനം വിദ്യയും ഭക്തിയും വിനയവും ശുദ്ധിയും കൊണ്ട് മനുഷ്യനെ പുതിയ മനുഷ്യനാക്കിത്തീര്‍ക്കുന്നു. 80-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിനെത്തുമ്പോള്‍ ഈ ചിന്തകളൊക്കെയും ഒരാമുഖമായി ഉള്ളിലുണ്ടായിരിക്കട്ടെ.