എല്ലാവരും എല്ലാവര്‍ക്കും നല്ലതായിത്തീരണം

സ്വാമി ഋതംഭരാനന്ദ

ചോദ്യം: സ്വാമിജീ, ഒരാളെക്കുറിച്ച് 'അയാള്‍ നല്ലവനാണ്' എന്നു മറ്റുള്ളവര്‍ പറഞ്ഞുകേട്ടിരുന്ന ഒരു കാലം കഴിഞ്ഞുപോയിരിക്കുന്നു. ആധുനികതയുടെ  മുന്നേറ്റങ്ങള്‍ക്കിടയില്‍, അങ്ങനെയുള്ള നല്ലവാക്കുകള്‍  കേട്ടിരുന്ന ഒരു കാലം തിരിച്ചുവരുമോ? അതിനു പുതിയ തലമുറ എന്താണ് ചെയ്യേണ്ടതായിട്ടുള്ളത്?

     ഉത്തരം: 'അയാള്‍ ഒരു നല്ല മനുഷ്യനാണ്'  എന്ന് അവരവരെക്കുറിച്ച് മറ്റുള്ളവര്‍ പറഞ്ഞുകേള്‍ക്കാനാഗ്രഹിക്കുന്നവരാണ് ഏവരും. എന്നാല്‍ അങ്ങനെയൊരു പ്രസ്താവന കേള്‍ക്കുവാന്‍ അധികമാളുകള്‍ക്കും ഈ കാലത്ത് കഴിയാറില്ല എന്നതാണ് വാസ്തവം. അതിനു കാരണം നല്ലതല്ലാത്തതായ എന്തൊക്കെയോ ആളുകളിലിരിക്കുന്നു എന്നതാണ്. അതല്ലെങ്കില്‍ നല്ലതിന്‍റെയെല്ലാം ഉടമകളായിരുന്നിട്ടും അത് വേണ്ടവിധം മറ്റുള്ളവര്‍ കാണാതിരിക്കുന്നു അഥവാ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നു എന്നതാണ്. ഇങ്ങനെ ചീത്തയായിരിക്കുന്നതും നല്ലതായിരുന്നിട്ടും മറ്റുള്ളവരത് കാണാതിരിക്കന്നതും അല്ലെങ്കില്‍  നല്ലതിനെ അംഗീകരിക്കാതിരിക്കുന്നതുമായ മാനസികാവസ്ഥകളാണു വ്യക്തികളുടെയും സമൂഹത്തിന്‍റെയും മാത്രമല്ല ലോകത്തിന്‍റെയും തന്നെ എല്ലാ പ്രതിസന്ധികള്‍ക്കും ദുരിതങ്ങള്‍ക്കും വലിയൊരളവുവരെ കാരണമായിത്തീരുന്നത്.

    അതുകൊണ്ട് എല്ലാവരും എല്ലാവര്‍ക്കും നല്ലതായിത്തീരുന്ന ഒരു കാലം യാഥാര്‍ത്ഥ്യമാകണം. അങ്ങനെയുള്ള സമത്വസുന്ദരമായ ഒരു ലോകത്തെയാണ് ഗുരുക്കന്മാര്‍ വിഭാവനം ചെയ്തിട്ടുള്ളത്. 'സര്‍വ്വരും സോദരത്വേനവാഴുന്ന ഒരു മാതൃകാസ്ഥാനം' എന്ന ഗുരുദേവന്‍റെ അരുവിപ്പുറം സന്ദേശത്തിലും മൗനമുദ്രിതമായിരിക്കുന്നത് ഇത്തരമൊരു സമത്വസുന്ദരമായ ലോകമാണ്. ഇങ്ങനെയൊരു ലോകം  സംസൃഷ്ടമാക്കുവാനുള്ള വഴിയും വെളിച്ചവും  നല്കുന്നതാണ്  ഗുരുവിന്‍റെ മഹത്തായ ദര്‍ശനവും സന്ദേശങ്ങളും. 'മതമേതായാലും  മനുഷ്യന്‍ നന്നായാല്‍ മതി'  എന്ന ഗുരുസന്ദേശത്തിലെ 'നന്നായാല്‍ മതി' എന്നതിനെ എല്ലാവരും എല്ലാവര്‍ക്കും നല്ലതായിത്തീരുവാന്‍ തക്കവിധം നന്നാവണം എന്നതിന്‍റെ ചുരുക്കെഴുത്തായി വേണം വിലയിരുത്തപ്പെടേണ്ടത്. എല്ലാവരും എല്ലാവര്‍ക്കും 'നല്ലതായി'ത്തീരണമെങ്കില്‍ ഓരോരുത്തരും നന്നാവണം. ഇവിടെ നന്നാവണമെന്നു പറയുന്നതുകൊണ്ട് ഏതെങ്കിലും ഭൗതികമേഖലയിലുള്ള കേവലമായ അഭിവൃദ്ധിയെ മാത്രമല്ല ഉദ്ദേശിക്കപ്പെടുന്നത്.  ആന്തരികമായ നന്നാവലാണ് യഥാര്‍ത്ഥ നന്നാവല്‍.

    സനാതനമൂല്യങ്ങളുടെ സ്വാംശീകരണത്തിലൂടെയും അവ ജീവിതത്തില്‍ ക്രമബദ്ധമായി പകര്‍ത്തുന്നതിലൂടെയുമാണ് ഒരാള്‍ ശരിക്കും നന്നാവുന്നത്. എന്നുപറഞ്ഞാല്‍ ആദ്യം ആന്തരികമായ നന്നാവല്‍ സംഭവിക്കണം. അതിന്‍റെ തുടര്‍ച്ചയായി വരുന്നതാണ് ബാഹ്യമായ നന്നാവലുകളെല്ലാം. അതുകൊണ്ട് ആദ്യം വേണ്ടത് ആന്തരികമായി നന്നാവുന്നതിനുള്ള ആദ്യ പടിയിലേക്ക് പ്രവേശിക്കുകയെന്നതാണ്. ആ ആദ്യത്തെ പടിയാണ് സദാചാരം. സത്യത്തിലും ധര്‍മ്മത്തിലും അധിഷ്ഠിതമായിട്ടുള്ള ആചാരങ്ങളാണു സത് + ആചാരം = സദാചാരം എന്നറിയപ്പെടുന്നത്. സദാചാരം ഒരു വ്രതമെന്നപോലെ അനുഷ്ഠിക്കുന്നവരെയാണ് സജ്ജനങ്ങള്‍ എന്നു വിളിക്കുന്നത്. ഇങ്ങനെയുള്ള സജ്ജനങ്ങള്‍ മാത്രമുള്ള ഒരു ലോകമാണ് ഗുരുദേവന്‍റെ മാതൃകാലോകം. ഈ മാതൃകാലോകത്തേക്കു പ്രവേശിക്കുന്നതിനു ഒരു സ്വയം സംസ്കരണവും ആത്മപരിശോധനയും ആവശ്യമാണ്.  ബാഹ്യപ്രേരണ കൂടാതെയുള്ള ഈ സ്വയം പ്രേരിതമായ സംസ്കരണത്തിലേക്ക് നമ്മെ നയിക്കുന്ന ഒരു കൃതിയാണ് ഗുരുദേവന്‍റെ 'സദാചാരം'. ഏഴു ചെറിയ പദ്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളുന്ന ഈ കൃതിയിലെ ആദ്യപദ്യം ഇതാണ്,

നല്ലതല്ലൊരുവന്‍ ചെയ്ത നല്ലകാര്യം മറപ്പത്

നല്ലതല്ലാത്തതുടനേ മറന്നീടുന്നതുത്തമം.

    'ജീവിതത്തില്‍ ഒരുവന്‍ ചെയ്തു തന്ന നല്ലകാര്യം മറക്കുന്നതും മറന്നതായി നടിക്കുന്നതും നല്ലതല്ല. എന്നാല്‍ നല്ലതല്ലാത്തതായി എന്തെങ്കിലും കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ അതു ഉടനെ മറക്കുന്നതാണു ഉത്തമം.'

   ആര്‍ക്കും വളരെ ലളിതമായി അനുഷ്ഠിക്കാവുന്ന ഒരാചാരമാണ് ഇവിടെ സൂചിതമായിട്ടുള്ളത്. ഇത് ഒരു വ്രതമെന്നപോലെ ആചരിച്ചാല്‍ത്തന്നെ എല്ലാവരും എല്ലാവര്‍ക്കും നല്ലതായിത്തീരുന്ന ഒരു നന്നാവലിലേക്ക് ഏതൊരാള്‍ക്കും സ്വയമേവ പ്രവേശിക്കാനാവുന്നതാണ്.