വിശ്വമഹാകവി ടാഗോര്‍ ദര്‍ശിച്ച ഗുരുദേവന്‍

സ്വാമി പ്രകാശാനന്ദ

     'മലയാളത്തിലെ സ്വാമി ശ്രീനാരായണഗുരുവിനേക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിനു തുല്യനായ ഒരാളേയും ഞാന്‍ കണ്ടിട്ടില്ല'. വിശ്വമഹാകവി രവീന്ദ്രനാഥടാഗോറിന്‍റേതാണ് ഈ വാക്കുകള്‍. ലോകം മുഴുവനും സഞ്ചരിക്കുകയും വിശ്വപ്രസിദ്ധരായ മഹാപ്രതിഭകളെയും ആദ്ധ്യാത്മികജ്യോതിസ്സുകളായ മഹാപുരുഷന്മാരെയും കാണുകയും  അറിയുകയും ചെയ്തിട്ടുള്ള ടാഗോറിന്‍റെ ഹൃദയത്തില്‍ നിന്നുമാണ് ഈ വാക്കുകള്‍ പുറപ്പെട്ടിട്ടുള്ളത്.  90  സംവത്സരങ്ങള്‍ക്ക് മുന്‍പ് 1922 നവംബര്‍ 22 നു ശിവഗിരിമഠത്തിലെത്തി ശ്രീനാരായണഗുരുദേവനെ സന്ദര്‍ശിച്ച സന്ദര്‍ഭത്തിലാണ് ടാഗോറിന്‍റെ ഈ ഹൃദയഭാഷ കേരളം ശ്രവിച്ചത്. ഗുരുദേവന്‍റെ ആദ്ധ്യാത്മികമഹത്വത്തിന്‍റെ ഉയരവും പരപ്പും ആഴവും മനസ്സുകൊണ്ടുപോലും അളക്കാവുന്നതിനതീതമാണെന്ന ഒരു വെളിപാടിന്‍റെ ഭാഷ്യമായി ഈ വാക്കുകളെ വിലയിരുത്താം. എന്തെന്നാല്‍ മഹര്‍ഷിതുല്യനായ വിശ്വമഹാകവിയായിരുന്നു ടാഗോര്‍.

    ഭാരതത്തിന്‍റെ ആദ്ധ്യാത്മികനഭസ്സില്‍ എത്രയും ശോഭിച്ചിരുന്ന ശ്രീരാമകൃഷ്ണപരമഹംസന്‍റെയും വിവേകാനന്ദസ്വാമികളുടെയും സുഭാഷിതങ്ങള്‍ കൊണ്ടും ദര്‍ശനം കൊണ്ടും പ്രബുദ്ധമായ ബംഗാളിലെ പുരോഗമനചിന്താധാരകളുമായി സമരസപ്പെട്ട ടാഗോര്‍ ആധുനികഭാരതത്തിന്‍റെയും ആര്‍ഷഭാരതത്തിന്‍റെയും വൈജ്ഞാനികസമ്പത്തിന്‍റെ പ്രതീകമാണ്.  അദ്ദേഹം ദര്‍ശിച്ച  ഗുരുദേവനെ ഇനിയും കണ്ടെത്തുവാനോ ദര്‍ശിക്കുവാനോ പ്രമുഖ ചരിത്രകാരന്മാര്‍ പോലും പരിശ്രമിച്ചിട്ടില്ല എന്നു കാണുന്നതു ഖേദകരമാണ്.  രാജാറാംമോഹന്‍ റായ് , ബങ്കിംചന്ദ്രചാറ്റര്‍ജി, രമേശ്ചന്ദ്രദത്ത് തുടങ്ങിയ സാമൂഹിക സാംസ്കാരിക  നവോത്ഥാനനായകരുടെയും പരിഷ്കരണവാദികളുടെയും ആശയങ്ങളും കര്‍മ്മപഥങ്ങളും അതുണ്ടാക്കിയ സാമൂഹ്യചലനങ്ങളും നേരില്‍ കാണുകയും അറിയുകയും ചെയ്ത ടാഗോര്‍ ഗുരുവിനെ ഋഷിയായും കവിയായും പ്രവാചകനായും നവോത്ഥാനനായകനായും മനുഷ്യവര്‍ഗ്ഗോദ്ധാരകനായും തത്ത്വചിന്തകനായും മനുഷ്യവംശത്തിന്‍റെ ആര്‍ത്തികളെ ഹരിക്കുന്നവനായും ഒക്കെയാണ് കണ്ടത്. അതുകൊണ്ടാണ് 'ജനങ്ങളുടെ കണ്ണു തെളിച്ചുകൊടുക്കണ'മെന്ന് മഹാകവി ഗുരുവിനോട് അഭ്യര്‍ത്ഥിച്ചത്. 'ജനങ്ങളുടെ കണ്ണു തുറന്നു തന്നെയാണിരിക്കുന്നത്. എന്നിട്ടും അവര്‍ക്ക്  കാണാന്‍ കഴിയുന്നില്ലല്ലോ' എന്ന ഗുരുവിന്‍റെ പ്രത്യുത്തരത്തില്‍ നന്നാവാന്‍ വഴിയുണ്ടാക്കിയിട്ടും നന്നാവാന്‍ വേണ്ട ഉണര്‍വ്വിലേക്ക് ഉണര്‍ന്നെഴുന്നേല്‍ക്കാനാവാത്തവിധം അജ്ഞതയും സാമൂഹ്യമായ അന്ധതയും ഇനിയും നിലനില്ക്കുന്നുണ്ടെന്ന ഒരു സൂചനയുടെ മിന്നലാട്ടമുണ്ട്. ഗുരുദേവന്‍റെ 'ജാതിമീമാംസ' യെന്നു പ്രസിദ്ധമായ പദ്യത്തിലും ജനങ്ങളുടെ ഈ അജ്ഞാനാന്ധതയുടെ പരാമര്‍ശങ്ങള്‍ തെളിഞ്ഞു കാണാം.

മനുഷ്യാണാം മനുഷ്യത്വം ജാതിര്‍ ഗോത്വം ഗവാം യഥാ

ന ബ്രാഹ്മണാദിരസ്യൈവം ഹാ! തത്ത്വം വേത്തി കോളപി ന.

    'ഗോവിന്‍റെ ജാതി  ഗോത്വം ആയിരിക്കുന്നതുപോലെ മനുഷ്യന്‍റെ ജാതി മനുഷ്യത്വമായിരിക്കുന്നു. അതുകൊണ്ട് ബ്രാഹ്മണാദി ജാതികള്‍ മനുഷ്യന്‍റെ ജാതിയായിരിക്കുന്നില്ല. കഷ്ടം! ആരും തന്നെ യാഥാര്‍ത്ഥ്യമെന്തെന്ന് അറിയുന്നില്ല.' മറ്റുള്ളവര്‍ അറിയാതെ പോയ ഗുരുവിന്‍റെ ഈ ഭാവം ടാഗോറിനു നന്നായി അറിയുവാന്‍ കഴിഞ്ഞുവെന്നതിനു ദൃഷ്ടാന്തമാണു അദ്ദേഹത്തിന്‍റെ വാക്കുകള്‍. മനുഷ്യകേന്ദ്രിതമായ ഗുരുദേവദര്‍ശനമാണ് ലോകത്തിനു എക്കാലവും ആശ്രയമായിട്ടുള്ളതെന്ന ഒരു വിളംബരത്തിന്‍റെ നിലയ്ക്കാത്ത ധ്വനി വിശ്വമഹാകവിയുടെ ഈ ആമുഖവരികളില്‍ കാണാനാവും.

   ലോകം എക്കാലവും ആദരിക്കുന്ന ഈ മഹാത്മാവിന്‍റെ ഹൃദയത്തില്‍ നിന്നും ബഹിര്‍ഗമിച്ച ബാക്കി വരികള്‍ കൂടി നോക്കുക: 'ഈശ്വരമാഹാത്മ്യത്തിന്‍റെ സ്വയം പ്രകാശിക്കുന്ന തേജസ്സുറ്റ ആ മുഖവും വിദൂരചക്രവാളത്തിലെ ഏതോ ബിന്ദുവിലുറച്ചുള്ള ആ യോഗനയനങ്ങളും ഒരു കാലവും എനിക്ക് വിസ്മരിക്കാനാവില്ലെന്നുറപ്പാണ്'. നവതിയിലെത്തിനില്ക്കുന്ന ഈ അമരവാണികള്‍ ഗുരുദേവ മാഹാത്മ്യത്തിന്‍റെ അനശ്വരവും ദീപ്തവുമായ വെളിപാടാണ്. 'നമിക്കുവിന്‍ സഹജരെ നിയതമീ ഗുരുപാദം നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ'  എന്ന സ്തുതിയിലൂടെ മഹാകവി കുമാരനാശാനും ഈ വെളിപാടാണു വ്യക്തമാക്കിത്തന്നത്.  ഇങ്ങനെ മലയാളത്തിന്‍റെ മഹാകവിയും വിശ്വത്തിന്‍റെ മഹാകവിയും വെളിപ്പെടുത്തിത്തന്ന ഗുരുദേവനെ ഏവര്‍ക്കും കാണുവാനും അറിയുവാനും ടാഗോര്‍ - ഗുരുദേവ സമാഗമത്തിന്‍റെ ഈ നവതിവേള ഒരു പ്രചോദനമായി ഭവിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.