ആത്മാനുഭൂതിയുടെ കരകവിയല്‍

3

പ്രൊഫ. എം.കെ. സാനു

   പ്രശാന്തവേളയിലനുസ്മരിക്കപ്പെടുന്ന വികാരമാണ് കവിതയെന്ന വേഡ്സ് വര്‍ത്തിന്‍റെ വാക്കുകള്‍ കാവ്യതത്ത്വങ്ങളുടെ ബാലപാഠത്തിന്‍റെ ഭാഗമാണ്. (തീവ്രവികാരങ്ങളുടെ സ്വച്ഛന്ദമായ ആവിഷ്കരണമെന്നും അദ്ദേഹം കവിതയെ നിര്‍വ്വചിച്ചിട്ടുണ്ട്. ) കാലത്തിലൂടെ അനേകം മാറ്റങ്ങള്‍ കവിതാസങ്കല്പത്തിലുണ്ടായിട്ടുണ്ടെങ്കിലും വേഡ്സ് വര്‍ത്തിന്‍റെ വാക്കുകളുടെ പൊരുള്‍ ഇപ്പോഴും കവിതയ്ക്ക് ബാധകമാണ്.  വികാരം എന്ന പദത്തിന്‍റെ അര്‍ത്ഥപ്രതീതിയില്‍ മാത്രമേ മാറ്റം വന്നിട്ടുള്ളൂ.  ഉദാഹരണത്തിന് മാമ്പഴം, അരിപ്പിറാവ്, സങ്കീര്‍ത്തനം എന്നീ കവിതകള്‍ ഒരുമിച്ച് പരിശോധിച്ചുനോക്കൂ.  മൂന്നിലേയും ഭാവമേഖലകള്‍ മൂന്നു തലങ്ങളിലാണെന്ന് ബോദ്ധ്യപ്പെടും. 'വികാരം' എന്ന വേഡ്സ് വര്‍ത്തിന്‍റെ പ്രയോഗത്തില്‍ ഈ ഭാവതലമാണ് സൂചിതമാകുന്നത്. കാലം, ദേശം, പ്രമേയം തുടങ്ങിയവയ്ക്കനുസരണമായി ഭാവത്തെക്കുറിച്ചുള്ള സങ്കല്പങ്ങള്‍ക്ക് എപ്പോഴും വ്യത്യസ്തത കൈവരുന്നു. (രൂപശില്പത്തിനും അത് ബാധകമാണെന്ന് പ്രത്യേകം പറയേണ്ടതില്ല).

   മുകളില്‍ പരാമൃഷ്ടമായ മൂന്നു കവിതകളിലെയും ഭാവമേഖലകള്‍ മൂന്നു തലങ്ങളിലാണെങ്കിലും അവയ്ക്ക് ലൗകികമായ സ്വഭാവമാണുള്ളത്. (അതാണ് അവയുടെ പൊതുസ്വഭാവം). അതുകൊണ്ടാണ് സാധാരണ വായനക്കാര്‍പോലും അവ ആസ്വദിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നത്.

     എന്നാല്‍, ജനനീനവരത്നമഞ്ജരി എന്ന കവിതയിലെ ഭാവമേഖല ലൗകികതലത്തിലല്ല, ആത്മീയതലത്തിലാണ് വ്യാപിച്ചിരിക്കുന്നത്.  കടല്‍, നാദഭൂമി, ആഭ മുതലായ ചുരുക്കം കല്പ്പനകള്‍ ഇന്ദ്രിയസ്പര്‍ശിയാണെങ്കിലും  സൂക്ഷ്മേന്ദ്രിയത്തിലുദിക്കുന്ന അര്‍ത്ഥബോധത്തോടാണ് കവിത മുഖ്യമായും ബന്ധപ്പെട്ടിരിക്കുന്നത്. കവിത തുടങ്ങുന്നത്  ഒന്നായ മാമതിയില്‍ നിന്ന്... എന്നിങ്ങനെയാണ്. 'മാമതി' എന്നത് ലൗകിക ജീവിതത്തില്‍ കടന്നുവരുന്ന വാക്കല്ല. ആത്മീയചിന്തയിലാണ് ആ വാക്കിന്‍റെ സ്ഥാനം. മഹാജ്ഞാനം എന്ന ആശയമാണ് അതുള്‍ക്കൊള്ളുന്നത്.  പ്രപഞ്ചത്തിലെ സര്‍വ്വത്തിനും മൂലകാരണമായ പരമാത്മസത്തയാണ് മഹാജ്ഞാനം. അത് ഏകമാണ്, അഖണ്ഡമാണ്, നിത്യമാണ്.

     യോഗാനുഭൂതിയില്‍ നിന്ന് ഗുരുദേവന്‍ ഉള്‍ക്കൊണ്ട അദ്വൈതദര്‍ശനമനുസരിച്ച് ജഗത്തിന്‍റെ പരമകാരണമായ (മൂലകാരണമായ) സത്യം പരമാത്മാവാണ്. അത് മാറ്റത്തിന് വിധേയമല്ല. ലോകത്തില്‍ മാറ്റമില്ലാത്തതായി മാറ്റം മാത്രമേയുള്ളൂ എന്ന നിയമത്തിനതീതമാണത്. അത് സനാതനവുമാണ്. അത് സര്‍വ്വതിനും കാരണമായ സത്യമാണെന്നു മാത്രം മനസ്സിലാക്കിയാല്‍ പോര; മാറ്റത്തിനും നാശത്തിനും  വിധേയമായതൊക്കെയും (അനിത്യമായതൊക്കെയും) മിഥ്യയാണെന്നുകൂടി മനസ്സിലാക്കണം. അനിത്യമായതിനാല്‍ മിഥ്യയായ സര്‍വ്വത്തെയും മായ എന്ന് വ്യവഹരിക്കുന്നു.

      ഗുരുദേവന്‍ ഈ ആശയം പല രീതികളില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗകര്യത്തിന് വേണ്ടി അത് വീണ്ടും ഉദ്ധരിക്കുന്നു.

   'കാണപ്പെടുന്നതൊക്കെയും സ്ഥൂ ലം, സൂക്ഷ്മം, കാരണം എന്നീ മൂ ന്നുരൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍ത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല.'

     പരമാത്മാവ് , കൃത്യമായി പറഞ്ഞാല്‍, അറിവാണ്, ഈ അറിവിനെയാണ് 'മാമതി' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാര്യം അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയില്‍ ഗുരുദേവന്‍ ഗദ്യപ്രാര്‍ത്ഥനയില്‍ വ്യക്തമാക്കുന്നുണ്ട്. വീണ്ടും വായിക്കുക.

    'നാം ശരീരമല്ല, അറിവാകുന്നു. ശ രീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും. '

   ഈ അറിവിനെയാണ് , അഖണ്ഡബോധസ്വരൂപമായ പ്രപഞ്ചത്തെയാണ് 'മാമതി' എന്ന പ്രയോഗം കൊണ്ട് വിവക്ഷിക്കുന്നതെന്ന് ആവര്‍ത്തിച്ചുകൊള്ളട്ടെ. ആവര്‍ത്തനത്തിലൂടെയല്ലാതെ ആശയം വിശദമാവുകയില്ല.

   ഏകവും അഖണ്ഡവുമായ അറിവില്‍ നിന്ന് ആയിരം ത്രിപുടി വന്ന്, തന്മതി മറന്ന്, അന്നാദിയില്‍ പ്രിയമുയര്‍ന്ന് , ആടലാം കടലില്‍ വീണുവലയുന്ന അവസ്ഥയെക്കുറിച്ചാണ് തുടര്‍ന്നു പറയുന്നത്. ആയിരം എന്നതിന് അസംഖ്യം എന്ന അര്‍ത്ഥം കല്പിച്ചാല്‍ മതി.

   ത്രിപുടി ആവിര്‍ഭവിച്ചതോടു കൂടി 'തന്മതി'  (തന്‍റെ യഥാര്‍ത്ഥ സ്വരൂപമെന്തെന്ന്) മറക്കാനിടയായി. അതോ ടെ അന്നാദിയില്‍ പ്രിയമുണരുകയും അതിന്‍റെ ഫലമായി സങ്കടങ്ങളുടെ കടലില്‍ പൂര്‍ണ്ണമായും ആമഗ്നമാവുകയും ചെയ്തു എന്ന് ആശയം  തുടരുന്നു.

   ജഡവസ്തുക്കളെ മുഴുവനും, ഇന്ദ്രിയവേദ്യമായ വസ്തുക്കളെ മുഴുവനും 'അന്നാദി' എന്ന പ്രയോഗം ഉള്‍ക്കൊള്ളുന്നു. അവയില്‍ പ്രിയമുണരുന്നതാണ്, അവയില്‍ ഭ്രമിക്കുന്നതാണ് അടുത്ത ഘട്ടം. അങ്ങനെ ഭ്രമിച്ചുകഴിഞ്ഞാലോ, ആടലിന്‍റെ കടലില്‍ ആമഗ്നമാകുകയെന്നതാണ് ഫലം.

    ആശയത്തിന്‍റെ ക്രമീകരണം ഒരിക്കല്‍ക്കൂടി പരിശോധിക്കാം. അറിവില്‍ നിന്ന് അസംഖ്യമായ ത്രിപുടി ആവിര്‍ഭവിക്കുന്നു. അതുമൂലം യഥാര്‍ത്ഥസ്വരൂപം വിസ്മൃതമാകുന്നു. അതോടുകൂടി ഇന്ദ്രിയവേദ്യമായ  വസ്തുക്കളിലുള്ള ഭ്രമത്തിലകപ്പെടുന്നു.ആ ഭ്രമം മൂലം സംസാരജീവിതദുഃഖങ്ങളുടെ ക ടലില്‍ ആമഗ്നമായിപ്പോകുകയും ചെ യ്യുന്നു.

    സൃഷ്ടിയെയും ജീവിതലക്ഷ്യത്തെ യും കുറിച്ച് അദ്വൈതദര്‍ശനം പുലര്‍ ത്തുന്ന ആശയമെന്തെന്നോര്‍മ്മിച്ചാല്‍ മുകളിലെ അര്‍ത്ഥവിവരണം കുറേക്കൂടി വിശദമാകുമെന്ന് വിചാരിക്കുന്നു.

    പ്രപഞ്ചം ദൈവം സൃഷ്ടിച്ചതാണെന്ന് സെമിറ്റിക്  മതങ്ങള്‍ വിവരിക്കുന്നു. 'പഴയ നിയമ' ത്തില്‍ 'ഉല്പ്പത്തി പുസ്തകം' തുടങ്ങുന്നത് ഇപ്രകാരമാണ്.

     'ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു. ആഴത്തിന്‍മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവ് വെള്ളത്തിന്‍മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉ ണ്ടാകട്ടെ എന്ന് ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി'.

      ആ വിവരണം അവസാനിക്കുന്നതിങ്ങനെയാണ്.

    'ഇങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു. താന്‍ ചെയ്ത പ്രവൃത്തി ഒ ക്കെയും ദൈവം തീര്‍ത്തശേഷം താന്‍ ചെയ്ത സകലപ്രവൃത്തിയില്‍ നിന്നും ഏഴാം ദിവസം നിവൃത്തനായി. താന്‍ സൃഷ്ടിച്ചുണ്ടാക്കിയ സകല പ്രവൃത്തിയില്‍ നിന്നും  അന്നു നിവൃത്തനായതുകൊണ്ട് ദൈവം ഏഴാം ദിവസത്തെ അനുഗ്രഹിച്ചു. ശുദ്ധീകരിച്ചു.'

   എന്നാല്‍ അദ്വൈതദര്‍ശനമനുസരിച്ചു പറഞ്ഞാല്‍  അനേകമായിക്കാണപ്പെടുന്ന പ്രപഞ്ചം മായയില്‍ക്കൂടിയുള്ള ദൈവത്തിന്‍റെ ആവിഷ്കരണമാണ്.

    അപ്പോള്‍ പരമകാരണമായ സത്യം സ്വപ്നപ്രായമായ മായയല്ല, അഖണ്ഡബോധസത്തയായ ദൈവം മാത്രമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അത് ഏകമാണെന്ന് അഖണ്ഡബോധസത്ത എന്ന പ്രയോഗത്തില്‍ നിന്നു തന്നെ മനസ്സിലാക്കാം. പ്രപഞ്ചമാകട്ടെ, അനേകമായിട്ടാണ് കാണപ്പെടുന്നത്. അനേകമായി കാണപ്പെടുന്നത് യഥാര്‍ത്ഥത്തില്‍ സത്യമല്ല. മായയാണ് .  മായയിലാണ് ത്രിപുടിയ്ക്ക് (അറിയുന്നയാള്‍, അറിയപ്പെടുന്നത്, അറിവ് എന്ന അവസ്ഥയ്ക്ക്) സ്ഥാനമുള്ളത്. ആ ത്രിപുടിയില്‍ നിന്ന് വിമുക്തി പ്രാപിച്ച് ഏകമായ സത്യം പ്രാപിക്കുകയെന്നതത്രെ ജന്മത്തിന്‍റെ പരമലക്ഷ്യം.

     എങ്കിലും ത്രിപുടിയാണ് സത്യമെന്നും ഇന്ദ്രിയങ്ങള്‍ വിഭ്രമിപ്പിക്കുകയാല്‍ മനുഷ്യന്‍ തന്‍റെ യഥാര്‍ത്ഥരൂപം (താന്‍ ബോധസത്തയാണെന്ന സത്യം) മറന്നുപോകുന്നു. അതോടുകൂടി 'അന്നാദിയില്‍'  (ഇന്ദ്രിയാമോദകരമായ ഭോഗങ്ങളില്‍) ആസക്തിയുണ്ടാകുന്നു. ഒടുങ്ങാത്ത ആസക്തിയാണത്.

    സംസാരസാഗരത്തില്‍  ആമഗ്നമാകുന്നതിന് ആ ആസക്തി കാരണമായിത്തീരുന്നു. സംസാരസാഗരം  എ പ്പോഴും ദുഃഖസാഗരമാണ്. അതിനാല്‍, സംസാരസാഗരത്തില്‍ ആമഗ്നരാകുമ്പോള്‍  നാം ദുഃഖസമുദ്രത്തില്‍ (ആടലാംകടലില്‍) നിപതിക്കുകയാണുണ്ടാവുക. ത്രിപുടി എന്ന അവസ്ഥയ്ക്ക് അ റുതി വരാതെ ആ ദുഃഖസമുദ്രത്തില്‍ നിന്ന് മോചനം സിദ്ധിക്കുകയില്ല.

    ആകയാല്‍ അമ്മേ! ത്രിപുടിക്ക് അ റുതി വരുമാറ് ജ്ഞാനസ്വരൂപമായ നിന്നില്‍ ലയിച്ച് , ദുഃഖനിവൃത്തി വരുത്തി, ആനന്ദം നുകരാന്‍ എന്നാണ് എനിക്കാവുക! അതിനാവുന്ന തരത്തില്‍, മുക്തിദായകവും പ്രണവലക്ഷ്യവുമായ നാദബ്രഹ്മത്തിലടങ്ങിയിട്ടുള്ള ഭാസുരമായ ചിദ്വസ്തുവില്‍ (ചിന്നാദിയില്‍) വിലയം പ്രാപിക്കാന്‍, ജനനീ! എന്നാണ് എനിക്ക് ഭാഗ്യമുണ്ടാവുക?  ഇതാണ് ഒന്നാം ശ്ലോകത്തിലെ ആശയപരമായ ഭാവകേന്ദ്രം.

ഒന്നായ മാമതിയില്‍നിന്നായിരം ത്രിപുടി വന്നാശുതന്‍മതി മറ-
ന്നന്നാദിയില്‍ പ്രിയമുയര്‍ന്നാടലാം
കടലിലൊന്നായി വീണുവലയും
എന്നാശയം ഗതിപെറും നാദഭൂമിയില-
മര്‍ന്നാവിരാഭപടരും-
ചിന്നാഭിയില്‍ ത്രിപുടിയെന്നാണറുംപടി
കലര്‍ന്നാറിടുന്നു ജനനീ!

    മെല്ലെ മനസ്സില്‍ മൂളിനോക്കിയാല്‍  പദങ്ങളുടെ ഘടനയിലെ ഒഴുക്ക് ആര്‍ ക്കും അനുഭവപ്പെടും. അതോടൊപ്പം, ശോകഭാവം കലര്‍ന്ന പ്രാര്‍ത്ഥനയാണിതെന്ന പ്രതീതി ലഭിക്കുകയും  ചെയ്യുന്നു. (എന്‍റെ ദൈവമേ, എന്നാണ് എനി ക്ക് ഈ സങ്കടങ്ങളില്‍ നിന്ന് മോചനമുണ്ടാകുന്നത് എന്ന് സാധാരണക്കാരായ മനുഷ്യര്‍ നിത്യജീവിതത്തില്‍ ചിലപ്പോഴെങ്കിലും പ്രാര്‍ത്ഥിക്കാറുണ്ടല്ലോ)

    എല്ലാവരും പ്രാപിക്കാനാഗ്രഹിക്കുന്ന പരമപദമൊന്നുമാത്രം മതിയെ ന്ന (ഈ സല്ലാഭമൊന്നുമതി) പ്രാര്‍ത്ഥനയാണ് രണ്ടാം ശ്ലോകത്തിലുള്ളത്. ആ വാക്കുകളില്‍ ശോകഭാവമില്ല. ആത്മവിശ്വാസത്തിന്‍റെ സമചിത്തതയാല്‍ ആശയം നിയന്ത്രിതമായിരിക്കുന്നു. അതില്‍ മായ എന്ന പദം തന്നെ ആദ്യപാദത്തില്‍ക്കാണുന്നു.  ഉല്ലാഘബോധജനനീ! എന്നാണ് സംബോധന. പരമാത്മസത്തയെ സംബന്ധിക്കുന്ന ബോധം ജനിപ്പിക്കുന്നവള്‍ എന്ന അര്‍ത്ഥമാണ് അതിലടങ്ങിയിട്ടുള്ളത്.

  ആ പരമപദപ്രാപ്തിയാണ് അഖണ്ഡാനുഭൂതിയെന്ന് മൂന്നാംശ്ലോകം ഖണ്ഡിതമായി പ്രഖ്യാപിക്കുന്നു. ആ അനുഭൂതിയാലനുഗ്രഹിക്കപ്പെടുന്ന സു കൃതിയുടെ സുഖമാണ് സത്യമായ സുഖം. അത് നിത്യമായ സുഖമാകുന്നു.  അഖണ്ഡാനുഭൂതിയെ താമരപ്പൂവായും സുകൃതിയെ ആ പൂവില്‍ നിന്ന് തേന്‍ നുകര്‍ന്ന് നിത്യസുഖമാസ്വദിക്കുന്ന വണ്ടായും കല്പിച്ചിരിക്കുന്നു.

     പക്ഷേ പരമസുഖം  നുകരുന്നതിന് പ്രതിബന്ധമായി നില്ക്കുന്ന മായ അലംഘനീയ ശക്തിയുള്ളതാണെന്ന വാസ്തവം അംഗീകരിക്കാതെ നിവൃത്തിയില്ല. ഇന്ദ്രിയവേദ്യമായ ലോകം മിഥ്യ(മായ) യാണെന്ന ബോധം മനസ്സിലുറച്ചെങ്കില്‍ മാത്രമേ മുക്തിയുടെ  മാര്‍ഗ്ഗം സുഗമമാവുകയുള്ളൂ. അപ്രകാരം ബോധം ഉറയ്ക്കണമെങ്കിലോ മായയുടെ പ്രത്യക്ഷഭാവം മാത്രമാണ് ദൃശ്യപ്രപഞ്ചമെന്ന വിചാരം ദൃഢീഭവിക്കുക തന്നെ വേണം.

     സ്ഥൂലദൃഷ്ടാന്തങ്ങളിലൂടെ  ഈ വിചാരത്തിന് വിശദരൂപം നല്കുന്നതാണ് നാലാം ശ്ലോകത്തിലെ പൂര്‍വ്വാര്‍ ദ്ധത്തില്‍ കാണുന്നത്. തിരകളായി പ്രത്യക്ഷമാകുന്നതെല്ലാം വെള്ളമാണെന്ന് മനസ്സിലാക്കാന്‍ ചെറിയൊരാലോചന മാത്രം മതി. അതുപോലെ വി ഭ്രാന്തി മൂലം പാമ്പാണെന്ന തോന്നലുളവാക്കുന്നത് കേവലം കയര്‍ മാത്രമാണെന്ന് തിരിച്ചറിയാന്‍  അല്പം ശ്രദ്ധിക്കുക മാത്രമേ വേണ്ടൂ. നാം കുടമെന്ന് വിളിക്കുന്നത് വാസ്തവത്തില്‍ മണ്ണ് മാത്രമാണെന്ന് തിരിച്ചറിയാനും പ്രയാസമില്ല.  (വേദാന്തചിന്തയില്‍ സ്ഥിരമായി പ്രത്യക്ഷമാകു ന്ന ദൃഷ്ടാന്തങ്ങളാണിവ). വെള്ള ത്തെ തിരകളായും കയറിനെ സര്‍ പ്പമായും മണ്ണിനെ കുടമായും തെറ്റായി കാണുന്നതുപോലെയാണ് മായാവിലസിതമായ ദൃശ്യലോകത്തെ സത്യമെന്നു ഭ്രമിച്ചു പോകുന്നത്. സര്‍വ്വത്തിനും മൂലകാരണമായ ജഗദീശ്വരിയായ നിന്തിരുവടിയല്ലാതെ മറ്റൊരു സത്യവുമില്ല.

     ആ കാലടികളില്‍ എപ്പോഴും പൂജ തുടരാന്‍ അനുഗ്രഹം നല്കണേ എന്ന് പ്രാര്‍ത്ഥിക്കാന്‍ ഈ വിചാരം കവിയെ പ്രേരിപ്പിക്കുന്നു. മാത്രമല്ല, വേറാരുമില്ല ഗതി എന്ന നിസ്സഹായാവസ്ഥ പ്രകടമാക്കാതിരിക്കാനും കവിക്ക് കഴിയുന്നില്ല. ഹേ, രാജയോഗ ജനനീ! എന്ന സംബോധന ഇവിടെ സാകൂതം പ്രത്യക്ഷപ്പെടുന്നു . യോഗിയായ ഗുരുദേവനില്‍ നിന്ന് ഈ സംബോധന ഹൃദയസ്പര്‍ശിയാം വിധം പുറപ്പെട്ടത് തു ലോം സ്വാഭാവികം.

     ബ്രഹ്മജ്ഞാനത്തിന്‍റെ പ്രതീകമാണ് ജനനിയെന്ന് ഈ ശ്ലോകം വാച്യമായിത്തന്നെ സ്പഷ്ടമാക്കുന്നു.

(തുടരും)