ഗുരുജയന്തിയുടെ ഓര്‍മ്മപ്പെടുത്തല്‍
സ്വാമി ഋതംഭരാനന്ദ
സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്‍റെ സംസ്ഥാപനത്തിനായി അവതരിച്ച ശ്രീനാരായണഗുരുദേവന്‍റെ 158-ാമത് തിരുജയന്തിദിനം, ലോകമെമ്പാടുമുള്ള ഗുരുദേവഭക്തന്മാരുടെ ചിത്തങ്ങളില്‍ ഗുരുചിന്തയും ഗുരുഭക്തിയും ഗുരു സ്മൃതിയും അണകവിഞ്ഞൊഴുകുന്ന ഒരു പുണ്യദിനമാണ്. മനുഷ്യത്വത്തിന്‍റെ ഏറ്റവും മഹത്തായ ശ്രീകോവിലിലേക്ക് മനുഷ്യസമൂഹത്തെ വരവേല്ക്കുന്ന മഹാസുദിനം കൂടിയാണിത്. ഭക്തിയും ജ്ഞാനവും ധ്യാനവും കൊണ്ട് പരിപൂരിതമായ മാനസങ്ങളില്‍ തെളിഞ്ഞുനില്ക്കുന്ന ഗുരുസ്വരൂപത്തിന്‍റെ വിളക്കിനെ ഒരു കൊടുങ്കാറ്റിനും കെടുത്താനാവുകയില്ല. കാരണം പ്രകൃതി പോലും നമിക്കുന്ന സ്വരൂപമാണ് ഗുരുക്കന്മാരുടേത് . എന്നാല്‍ ഭക്തിയില്ലാത്ത ജ്ഞാന വും ജ്ഞാനമില്ലാത്ത ഭക്തിയും ഇതു രണ്ടുമില്ലാത്ത ധ്യാനവും കൊണ്ട് ചഞ്ചലിതമായി നില്ക്കു ന്ന മാനസങ്ങളില്‍ ഗുരുസ്വരൂപത്തിന്‍റെ മഹത്വവും തീവ്രതയും അപൂര്‍ണ്ണങ്ങളായിരിക്കും. ഈ അപൂര്‍ ണ്ണത ഉള്ളില്‍ നിലകൊള്ളുന്നിടത്തോളം ധര്‍മ്മാധര്‍മ്മനിശ്ചയമോ നിത്യാനിത്യവിവേകമോ സത്യാസത്യ നിര്‍ണ്ണയമോ സാധ്യമാവുകയില്ല. ജീവിതത്തെ സങ്കോചിപ്പിക്കുന്ന ഇത്തരം അവസ്ഥയാണു മനുഷ്യനെ മനുഷ്യനല്ലാതാക്കിത്തീര്‍ക്കുന്നതെന്നറിഞ്ഞ ആധുനികയുഗത്തിന്‍റെ ഋഷിയും ശാസ്ത്രജ്ഞനും നവോത്ഥാനനായകനുമായിരുന്നു ഗുരുദേവന്‍.
അജ്ഞാനത്തിന്‍റെ ആഴങ്ങളും അസ്വാതന്ത്ര്യത്തിന്‍റെ ഉയരങ്ങളും വിവേചനത്തിന്‍റെ വ്യഥകളും പീഡനത്തിന്‍റെ വേദനകളും കൊണ്ട് സമത്വസുന്ദരമായ ഒരു ലോകത്തെ പ്രാപിക്കാനാവാതെ പോയ മഹാഭൂരിപക്ഷം വരുന്ന ഒരു ജനതതിയെയാണ് ഗുരുദേവന്‍ തനിക്കു ചുറ്റിലും കണ്ടത്. സമഭാവനയും സമബുദ്ധിയുമില്ലാത്തവരുടെ ഉപകരണങ്ങളായി അവര്‍ മാറുന്ന കാഴ്ച ഗുരുവിനെ അത്യധികം വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ഈശ്വരസൃഷ്ടമായതെന്തും തുല്യമായനുഭവിക്കുവാനുള്ള മൗലികാവകാശത്തെ നിഷേധിക്കുകയും ഈശ്വരനെ പ്രതിഷ്ഠിക്കുവാനും ആരാധിക്കുവാനും അനുഭവിക്കുവാനും തങ്ങള്‍ക്കു മാത്രമേ അവകാശമുള്ളുവെന്നു സ്ഥാപിക്കുകയും ചെയ്തവര്‍ക്കു നടുവില്‍ നരനു നരനശുദ്ധവസ്തുവായിത്തീരുന്ന അത്യന്തം നിന്ദ്യമായ സാമൂഹ്യവ്യവസ്ഥിതി കണ്ടിട്ടാവണം ഒരവസരത്തില്‍ ഗുരുദേവന്‍ ഇപ്രകാരം പ്രസ്താവിച്ചത്.
'മനുഷ്യന്‍ ജീവിക്കുന്നത് ജാതിക്കും ലോകത്തിനും വേണ്ടിയാണോ ? അതോ ഇതെല്ലാം മനുഷ്യനു വേണ്ടിയോ? മനുഷ്യന്‍ കെട്ടുപോയാല്‍ ലോകത്തില്‍ സുഖമുണ്ടായിട്ടെന്തു പ്രയോജനം? ജാതി മനുഷ്യനെ കെടുത്തുന്നു. അതുകൊണ്ട് അതാവശ്യമില്ല. ജാതിയില്ല. ഉണ്ടെന്നു വിചാരിക്കുന്നതു വിഡ്ഡിത്തമാണ്. '
സാമൂഹ്യനീതി നിഷേധിച്ചവരെയും നിഷേധിക്കപ്പെട്ടവരെയും ഗുരു രണ്ടായി കണ്ടിരുന്നില്ല. സമസ്തമനുഷ്യരും ഗുരുവിനു സമന്മാരായിരുന്നു. അതുകൊണ്ടാണ് വിദ്വേഷത്തിന്‍റെയോ ലഹളയുടെയോ വിത്തുവിതയ്ക്കാതെ തന്നെ മനുഷ്യസമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുവാന്‍ ഗുരുവിനു സാധിച്ചത്. ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും തീര്‍ത്ത ആ സാമൂഹിക- ദാര്‍ശനിക നവോത്ഥാനത്തിന്‍റെ പ്രവാഹത്തില്‍ നിന്നും മനുഷ്യരായി പിറവി കൊണ്ട ആര്‍ക്കും തന്നെ മാറിനില്ക്കാനാവുകയില്ലായിരുന്നു. ഈ വിധം തന്‍റെ ചിന്താപദ്ധതികളെയും കര്‍മ്മപദ്ധതികളെയും അനുകൂലിക്കുന്നവരെയും പ്രതികൂലിക്കുന്നവരെയും പരസ്പരം ഇണക്കിത്തീര്‍ക്കുന്ന വാക്കും പൊരുളും കൊണ്ടാണ് ഗുരുദേവന്‍ സമൂഹത്തെ പുനരുദ്ധരിച്ചത്. ഓരോ വ്യക്തിയെയും സമൂഹത്തിന്‍റെ ഉദ്ധാരണത്തിനും സമൂഹത്തെ ഓരോ വ്യക്തിയുടെയും ഉദ്ധാരണത്തിനും പാകമാക്കിമാറ്റുന്ന മാനവികതയിലധിഷ്ഠിതമായ തത്ത്വചിന്തയായിരുന്നു ഗുരുവിന്‍റെ മൂലധനം. മാനുഷികതയില്ലാത്ത യാതൊരു ചിന്തയെയും പ്രവൃത്തിയെയും ഗുരു പ്രോത്സാഹിപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ ഗുരുവിന്‍റെ ജയന്തിദിനം വിശ്വമാനവികതയുടെ മഹാവിളംബരത്തിന്‍റെ ദിനം കൂടിയായി വിലയിരുത്തപ്പെടേണ്ടതാണ്.
ഗുരുദേവന്‍ ഉയര്‍ത്തിയ വിശ്വമാനവികതയുടെ ഏറ്റവും മഹത്തായ മാറ്റൊലിയാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന സന്ദേശത്തില്‍ നിന്നും നിരന്തരം മുഴങ്ങുന്നത്. എന്നാല്‍ ആ മുഴക്കത്തിന്‍റെ തീവ്രതയിലേക്ക് ഉണര്‍ന്നെഴുന്നേല്ക്കുവാന്‍ ഇന്നത്തെ സമൂഹത്തിനും ലോകത്തിനും വേണ്ടവിധം കഴിഞ്ഞിട്ടില്ല. അതിന്‍റെ അനന്തരഫലങ്ങളാണ് കാലത്തിനും ലോകത്തിനും മീതെ വളര്‍ന്നു വ്യാപിക്കുന്ന അശാന്തിയുടെ മേഘങ്ങളും അവ ഉയര്‍ത്തുന്ന ഗര്‍ജ്ജനങ്ങളും. ലോകത്തെ എല്ലാ ചിന്തകന്മാരുടെയും തത്ത്വചിന്തകളെ സമീകരിച്ചാല്‍ കിട്ടുന്ന ഏതൊരു സമവാക്യത്തിനും അപ്പുറത്താണ് ഈ സന്ദേശം നിലകൊള്ളുന്നത്. എന്നിട്ടും ഗുരുവിന്‍റെ ഈ മഹാസന്ദേശത്തെ ലോകസമക്ഷം വേണ്ടവിധത്തില്‍ എത്തിക്കുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അതു നമ്മുടെ മാത്രം പരാജയപ്പെടലാണ്.
ഗുരുവിന്‍റെ ചിന്തകളൊന്നും തന്നെ ഗുരുവിനു വേണ്ടിയുള്ളതായിരുന്നില്ല. അവയെല്ലാം സമത്വസുന്ദരമായ ഒരു ലോകത്തിന്‍റെ നിര്‍മ്മിതിക്കു വേണ്ടിയുള്ളതായിരുന്നു. അതിന്‍റെ ഭാഷ്യവും പ്രതിഷ്ഠയുമാണ് 1888 ല്‍ ഗുരുദേവന്‍ അരുവിപ്പുറത്ത് നടത്തിയത്.
ഇങ്ങനെ ദൈവശാസ്ത്രത്തിന്‍റെയും മാനവികശാസ്ത്രത്തിന്‍റെയും അപരിമിതമായ സാധ്യതകളെ സമന്വയിപ്പിച്ചുകൊണ്ടാണ് ഗുരുദേവന്‍ ലോകത്തിനു ഒരു വിമോചനശാസ്ത്രം രൂപപ്പെടുത്തിയത്. ഇന്നത്തെ ശാസ്ത്രലോകം എല്‍. എച്ച്. സി. പരീക്ഷണത്തിലൂടെ അവസാനം കണ്ടെത്തി നില്ക്കുന്ന ദൈവകണികയെ 115 കൊല്ലങ്ങള്‍ക്കു മുന്‍പ് മനനത്തിലൂടെ കണ്ടെത്തി ആത്മോപദേശശതകം എന്ന കൃതിയിലൂടെ വെളിപ്പെടുത്തിയ ഗുരുവിന്‍റെ ക്രാന്തദര്‍ശിത്വം ഇനിയും ലോകം വിലയിരുത്തപ്പെടേണ്ടതായിട്ടാണിരിക്കുന്നത്.
(ആത്മോപദേശശതകം 74)
ഈ പ്രപഞ്ചം പൊടിയുടെ സംഘാതമാണ്. ആ പൊടികള്‍ ഉള്‍പ്പെടുന്നതാണു ഈ ഭൂമി. അതുകൊണ്ടു തന്നെ ആ പൊടിക്കും ഈ പ്രപഞ്ചത്തിനും ഭിന്നഭാവമില്ലെന്നു വെളിപ്പെടുത്തുന്ന ഗുരുദേവന്‍ ജഡം ചിത്തിലും ചിത്ത് ജഡത്തിലും അന്തര്‍ഭവിക്കുന്നതു 'ഓര്‍ത്താല്‍' സച്ചിദാനന്ദസ്വരൂപത്തില്‍ അമരുവാനാകുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഇങ്ങനെ ആത്മീയതയെയും ഭൗതികതയെയും സമന്വയിപ്പിച്ചുകൊണ്ട് അഭ്യുന്നതിയിലേക്കും നിഃശ്രേയസ്സത്തിലേക്കും മാനവരാശിയെ നയിക്കുകയാണ് ഗുരുദേവന്‍ ചെയ്തത്. ഇവിടെ ആത്മസാക്ഷാത്ക്കാരം നേടിയ ഒരു മഹര്‍ഷിയും സര്‍വ്വശാസ്ത്രങ്ങളെയും മറികടന്ന ഒരു ശാസ്ത്രജ്ഞനും ഗുരുവില്‍ ഒന്നിക്കുകയാണ്. അതുകൊണ്ടാണ് മലയാളത്തിന്‍റെ പ്രിയകവിയും മഹാകവിയുമായ കുമാരനാശാന്‍ ഇങ്ങനെ പാടിയത്.
'നമിക്കുവിന്‍ സഹജരേ നിയതമീ ഗുരുപാദം
നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ'
'മനുഷ്യസമുദായത്തിന്‍റെ പരമലക്ഷ്യമായ സുഖപദത്തെ പ്രാപിക്കുവാന്‍ ആത്മീയമായും ലൗകികമായുമുള്ള സര്‍വ്വവിധ ഏര്‍പ്പാടുകളെയും ഏകോപിച്ചുള്ള പ്രവൃത്തി ആവശ്യമാണ്' എന്ന് ഗുരുദേവന്‍ ഉപദേശിക്കുന്നു. ഇങ്ങനെ മനുഷ്യസമുദായത്തിന്‍റെ സുഖപദപ്രാപ്തിക്കായി ആയുസ്സും വപുസ്സും ആത്മതപസ്സും ബലിചെയ്ത മറ്റൊരു ഗുരുവരന്‍ നമുക്കില്ല. ഇതു തന്നെയാണ് ഗുരുവിനെ മറ്റ് ഗുരുക്കന്മാരില്‍ നിന്നും നവോത്ഥാന നായകരില്‍ നിന്നും വേറിട്ടതാക്കിത്തീര്‍ക്കുന്ന അപൂര്‍വ്വതയും മഹത്വവും .
'അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.'
മനുഷ്യകേന്ദ്രിതമായ ഗുരുദേവദര്‍ശനത്തിന്‍റെ അനാഹതനാദം അനന്തമായി പ്രവഹിക്കുന്ന ഈ ഈരടികള്‍ ഹൃദയത്തിലേക്കു പകര്‍ത്തിക്കൊണ്ട് ഗുരുദേവന്‍റെ 158-ാമത് തിരുജയന്തിദിനം ഒരു പുനരര്‍പ്പണത്തിനുള്ള പുണ്യാവസരമാക്കിത്തീര്‍ക്കുവാന്‍ ഏവര്‍ക്കും കഴിയുമാറാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.
(ഗുരുജയന്തിദിനമായ 2012 ആഗസ്റ്റ് 31 നു മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ചത്)