ഗുരുദേവദര്‍ശനം പാഠ്യവിഷയമാകുമ്പോള്‍

സ്വാമി പ്രകാശാനന്ദ

    ശ്രീനാരായണഗുരുദേവന്‍റെ ജീവിതവും ദര്‍ശനവും കേരളത്തിലും കേന്ദ്രത്തിലും  പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിനു കാലമേറെ പഴക്കമുണ്ട്. മാറിമാറി വന്ന സര്‍ക്കാരുകള്‍ ഈ ആവശ്യത്തോട് തികഞ്ഞ ആഭിമുഖ്യമുള്ളതായി പൊതുവേദികളില്‍ പറയാറുണ്ടെങ്കിലും അതു നടപ്പില്‍ വരുത്തുന്നതില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ശുഷ്കാന്തി കാണിക്കുകയുണ്ടായില്ല. അതുകൊണ്ടാണ് ചില ക്ലാസ്സുകളിലേക്ക് മാത്രമായി ഗുരുദേവപഠനം പരിമിതപ്പെട്ടതും പഠനഭാഗങ്ങളില്‍ ഗുരുതരമായ പിഴവുകള്‍ വന്നുകൂടിയതും.

    ഭാരതത്തിന്‍റെ ചരിത്രത്തില്‍ നവോത്ഥാനശില്പികള്‍ അനേകമുണ്ടെങ്കിലും ഋഷിയായ ഒരു നവോത്ഥാനനായകന്‍ ഗുരുദേവനല്ലാതെ വേറെയില്ല. വിശ്വമാനവികതയിലധിഷ്ഠിതമായ വിശാലമായ ഉള്‍ക്കാഴ്ചയോടെയാണ് ഗുരു കേരളത്തെ ആധുനികമാക്കിയത്. മനുഷ്യനും ദൈവത്തിനുമിടയിലുള്ള ദൂരം കൂട്ടുകയും കുറയ്ക്കുകയും അകറ്റുകയും ചെയ്യുന്ന പാരമ്പര്യ പൗരോഹിത്യവാദങ്ങളെ ശക്തിയുക്തം എതിര്‍ത്തിരുന്ന ഗുരു മനുഷ്യനും മനുഷ്യനുമിടയിലുള്ള അകലത്തെ  സൗമ്യതയോടെ ഇല്ലാതാക്കി.

    മനുഷ്യനും മനുഷ്യനുമിടയിലുള്ള ദൂരം വര്‍ദ്ധിച്ചപ്പോഴാണ് നരനുനരനശുദ്ധവസ്തുവായിത്തീര്‍ന്നത്. ഈ ദൂരത്തിന്‍റെ വേരുകള്‍ ജാതിയിലും മതത്തിലും ദൈവത്തിലുമാണ് ആഴ്ന്നിറങ്ങിയിരിക്കുന്നതെന്നു ഗുരുദേവന്‍ കണ്ടു. ഇതാണു ഈ ലോകത്തെ മാനവികതയില്‍ നിന്നും മാനവികേതരമായതിലേക്കെല്ലാം വഴിതെറ്റിച്ചുകൊണ്ടുപോയത്.  ഈ അകല്‍ച്ചയുടെ നാരായവേരിനെയാണ് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന വിശ്വമഹാസന്ദേശത്തിലൂടെ ഗുരു പിഴുതെടുത്തത്. ഇങ്ങനെ മാനവികേതരമായ അസ്വാതന്ത്ര്യത്തിന്‍റെയും അസമത്വത്തിന്‍റെയും അശാന്തിയുടെയും തടവറയില്‍ നിന്നും മാനവികമായ സ്വാതന്ത്ര്യത്തിലേക്കും തദ്വാരാ ഏകതയിലേക്കും വിശ്വശാന്തിയിലേക്കും സമൂഹത്തെ പരിവര്‍ത്തനപ്പെടുത്തുകയും ഉയര്‍ത്തുകയും ചെയ്ത ഋഷിയും സൈദ്ധാന്തികനും നവോത്ഥാനനായകനുമാണ് ഗുരുദേവന്‍. എന്നാല്‍ നമ്മുടെ ചരിത്രകാരന്മാരില്‍ ചിലരെല്ലാം മലമുകളിലുള്ള വൃക്ഷത്തെ മറയ്ക്കാനാവില്ലെന്നതിനാല്‍ സ്വയം കണ്ണടച്ചു കാണാതിരിക്കുന്നതുപോലെ, ഗുരുവിന്‍റെ 'ഉയരം' കാണാതിരിക്കുവാന്‍ കണ്ണടച്ചിരുട്ടാക്കുന്നവരാണ്.   അത്തരക്കാരുടെ ഗുരുദേവനെ കൂടാതെയുള്ള ചരിത്രഗ്രന്ഥങ്ങള്‍ പഠിക്കുവാനിടയാകുന്ന കുട്ടികള്‍ക്ക് നേരറിയുവാനും മാനവികതയുടെ മൂല്യങ്ങള്‍ സ്വാംശീകരിക്കുവാനുമുള്ള അവസരം നഷ്ടപ്പെടുകയാണ്.  ഈ നഷ്ടപ്പെടല്‍ ഏക്യത്തിനും അഖണ്ഡതയ്ക്കും ദേശീയോദ്ഗ്രഥനത്തിനും പുതിയ വെല്ലുവിളികള്‍ രൂപപ്പെടുവാന്‍ ഇടയാക്കുമെന്ന സത്യത്തെ ബന്ധപ്പെട്ടവര്‍ കാണാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധം തന്നെ.

   ഈ സാഹചര്യത്തിലാണ് ഗുരുദേവപഠനം എല്ലാ ക്ലാസ്സുകളിലും പാഠ്യവിഷയമാക്കണമെന്ന ആവശ്യത്തിനു ശിവഗിരിമഠം മുന്‍തൂക്കമേകിയത്. കേരളസര്‍ക്കാര്‍ ഇതു അനുഭാവപൂര്‍വ്വം പരിഗണിക്കുകയും അതിനുവേണ്ടി ശ്രീനാരായണ അന്താരാഷ്ട്ര പഠനകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രൊഫ. എം.കെ. സാനു അദ്ധ്യക്ഷനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.  ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്‍റ അടിസ്ഥാനത്തില്‍  അടുത്ത അദ്ധ്യയനവര്‍ഷം തന്നെ പാഠ്യപദ്ധതിയില്‍ ഗുരുദര്‍ശനം ഉള്‍പ്പെടുത്തുവാന്‍ ക്യാബിനറ്റ് തീരുമാനമെടുത്തു കഴിഞ്ഞു. ഈ തീരുമാനത്തെ  ശിവഗിരിമഠവും സാംസ്കാരിക കേരളവും ഹര്‍ഷാരവത്തോടെ വരവേല്‍ക്കുകയാണ്.

  മനുഷ്യനെ മനുഷ്യനാക്കുന്നതാണ് ഗുരുദേവന്‍റെ തത്ത്വസംഹിതകള്‍. മനുഷ്യകേന്ദ്രിതമായ ഈ തത്ത്വസംഹിതകളുടെ സംവേദനം കുട്ടികളില്‍ മാനവികമായ പുതിയ ചിന്തകള്‍ക്കും ആശയങ്ങള്‍ക്കും പരിവര്‍ത്തനങ്ങള്‍ക്കും വഴിയൊരുക്കുമെന്നത് നിശ്ചയമാണ്. അന്യജീവനുതകുന്ന ഒരു സംസ്കാരത്തിന്‍റെ ശക്തിപ്പെടലാണ് ഇന്നത്തെ ലോകത്തിനു ആവശ്യമായിട്ടുള്ളത്. ഇതിന്‍റെ നിറവേറലിലൂടെ മാത്രമേ നമുക്കു നമ്മിലേക്കും മറ്റുള്ളവരിലേക്കും മറ കൂടാതെ  പ്രവേശിക്കാനാവൂ. അതിനുള്ള ആന്തരിക ഉള്‍ക്കാഴ്ചയാണു ഗുരുദേവപഠനത്തിലൂടെ കുട്ടികള്‍ക്ക് സ്വായത്തമാകുന്നത്.