ഗുരുദര്‍ശനം ലോകത്തിന്‍റെ വിമോചനശാസ്ത്രം

കെ.പി. രാമനുണ്ണി

   വ്യക്തിപരമായി സ്വയം നന്നാവണമെന്ന് ആഗ്രഹിക്കുന്ന മലയാളികള്‍ക്കു നേര്‍മാര്‍ഗ്ഗം കാട്ടാന്‍ ആരാണുള്ളത്?  ഉത്തരം ശ്രീനാരായണഗുരു.

     സമൂഹം എന്ന നിലയ്ക്ക് മൊത്തം മലയാളിജനതയ്ക്ക് വിമോചനവഴി അരുളാന്‍ ആരാണുള്ളത്? അതിനും ഉത്ത രം ശ്രീനാരായണഗുരു. മനുഷ്യനെയും ജീവിതത്തെയും അതിന്‍റെ സമഗ്രതയിലൂടെ നോക്കിക്കണ്ടു എന്നതാണ് ഗുരുദേവനെ ഇങ്ങനെ ആധുനിക കേരളത്തിന്‍റെ രക്ഷകനാകാന്‍ പ്രാപ്തനാക്കിയിരിക്കുന്നത്.

      കുറേക്കാലം അവധൂതനെപ്പോലെ ജീവിക്കുകയും അ രുവിപ്പുറത്തു ശിവലിംഗപ്രതിഷ്ഠ നടത്തുകയും ചെയ്ത ഗുരുദേവന്‍ ആത്മീയ ആചാര്യനല്ലേയെന്നു ചോദിച്ചാല്‍ അതേ, ആത്മീയ ആചാര്യനാണ്. എന്നാല്‍ , ഭജനകളുടെ ആലാപനലഹരിയില്‍ ആളുകളെ അഭിരമിപ്പിച്ച് സാമൂഹികമായ കടമകളില്‍ വീഴ്ചവരുത്തുന്ന ആത്മീയതയായിരുന്നില്ല ഗുരുവിന്‍റേത്. ശ്രീനാരായണധര്‍മ്മ പരിപാലനയോഗത്തിനു നേതൃത്വം നല്കുകയും കൃഷിയെയും കച്ചവടത്തെയും പരിപോഷിപ്പിക്കുവാന്‍ പരിശ്രമിക്കുകയും ചെയ്ത ഗുരുദേവന്‍ സാമൂഹിക പരിഷ്കര്‍ത്താവല്ലേയെന്നു ചോ ദിച്ചാല്‍  സാമൂഹികപരിഷ്കര്‍ ത്താവാണ്.

      എന്നാല്‍ മനുഷ്യന്‍റെ ആന്തരികമാ യ ഉന്നമനത്തെ അവഗണിച്ച് സമൂഹം നന്നായാല്‍ വ്യക്തിയും  നന്നായിക്കൊള്ളുമെന്ന യാന്ത്രികതയില്‍ വിശ്വസിച്ചിരുന്ന സാമൂഹിക പരിഷ്കര്‍ത്താവ് ആ യിരുന്നില്ല ഗുരു. പ്രജ്ഞയുടെ വിഭജിതമാകാത്ത ഈയൊരു ഔന്നത്യമായിരുന്നു മഹാത്മാഗാന്ധിക്കുപോലും ഓ ടിവന്നു സംശയം തീര്‍ക്കാനുതകുന്ന മഹാമനീഷിയായി ഗുരുദേവനെ ഉയര്‍ ത്തിയത്. ശിവഗിരിയില്‍ പടര്‍ന്നു പന്തലിച്ചു നില്ക്കുന്ന മാവിന്‍റെ ചുവട്ടില്‍ ശ്രീനാരായണഗുരുവും മഹാത്മജിയും കൂടി ലോകകാര്യങ്ങള്‍ സംസാരിച്ചിരുന്ന ഒരു സായാഹ്നമായിരുന്നു അത്. വര്‍ണ്ണാശ്രമധര്‍മ്മത്തെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന അവസരത്തില്‍ ഗാന്ധിജി ഗുരുവിനോടു ചോദിച്ചു.

    'നോക്കൂ, ഈ മാവിന്‍റെ ഇലകള്‍ വലിപ്പത്തിലും വളര്‍ച്ചയിലുമെല്ലാം ഒ ന്നിനൊന്നു വ്യത്യസ്തമല്ലേ? ഇതുപോ ലെ തന്നെയല്ലേ മനുഷ്യപ്രകൃതിയും?'

    'ശരിയാണ്, മനുഷ്യരും വലിപ്പത്തിലും വളര്‍ച്ചയിലുമെല്ലാം ഇലകളെപ്പോലെ വ്യത്യസ്തരാണ്. എന്നാല്‍ ഇലകള്‍ പറിച്ചെടുത്തു പിഴിഞ്ഞു നോ ക്കൂ, ചാറിന് ഒരേ രുചിയായിരിക്കും'. ഗുരുദേവന്‍ മറുപടി കൊടുത്തു.

   മനുഷ്യനില്‍ നിലനില്ക്കുന്ന എത്രയോ വൈവിധ്യങ്ങള്‍ക്കിടയിലും അവനെ സ്വാത്മീകരിക്കുന്ന ഏകത്വരസത്തെ രുചിക്കാന്‍ കഴിവുണ്ടായിരുന്ന ശ്രീനാരായണഗുരു വെറുമൊരു സിദ്ധാന്തവാദിയായിരുന്നില്ല. മികച്ച പ്രായോഗികബുദ്ധി അദ്ദേഹം സകല സന്ദര്‍ഭങ്ങളിലും പ്രദര്‍ശിപ്പിച്ചുപോന്നു.

  മോക്ഷത്തെക്കുറിച്ചു സംസാരിച്ചുകൊണ്ടിരുന്ന മഹാത്മാഗാന്ധി , അ തിന് ആദ്യമായി വേണ്ടതു സാധാരണക്കാരുടെ ലൗകികസ്വാതന്ത്ര്യമല്ലേയെ ന്നു ചോദിച്ചപ്പോള്‍ ഗുരുദേവന്‍ പറഞ്ഞത് അതു നേടിയെടുക്കാനുള്ള പ്രയത്നത്തിന്‍റെ രൂഢമൂലത ഓര്‍ത്താ ല്‍ ഫലപ്രാപ്തിക്കായി മഹാത്മജി വീ ണ്ടും അവതരിക്കേണ്ടിവരുമെന്നാണ്.

     ഇന്നത്തെ ലോകം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിച്ചു വരുന്ന സാമ്പത്തിക അസമത്വങ്ങളും വിവിധ വംശങ്ങളും മതങ്ങളും തമ്മിലുള്ള സംഘര്‍ഷങ്ങളുമാണല്ലോ. ലക്ഷങ്ങള്‍ ശമ്പളം വാ ങ്ങുന്ന സി.ഇ.ഒ മാരും  3000 രൂപ ഒപ്പിക്കുവാന്‍ പണിപ്പെടുന്ന  പാവങ്ങളുമായി പുതിയ ജാതികള്‍ സമൂഹത്തില്‍ ഉടലെടുത്തുകൊണ്ടിരിക്കുന്നു. ആഡംബരകാറുകളും പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ഒരു വിഭാഗം ആഘോഷിക്കുമ്പോള്‍ മറ്റൊരു വിഭാഗം മരുന്നു വാ ങ്ങാന്‍ പോലും പണമില്ലാതെ നരകയാതന അനുഭവിക്കുന്നു. വിവിധ മതങ്ങള്‍ തമ്മില്‍ പോരടിക്കാനാണു വിധിക്കപ്പെട്ടിരിക്കുന്നതെന്ന സിദ്ധാന്തങ്ങള്‍ ആവിഷ്കരിക്കപ്പെടുന്നു. സകല മതമൂല്യങ്ങളെയും ദുര്‍ബലപ്പെടുത്തിക്കൊണ്ടു ഭീ കരവാദം ശക്തി പ്രാപിക്കുന്നു. വെറും പദാര്‍ത്ഥവാദപരമായ സമീപനങ്ങളും തല്ഫലമായ പരിസ്ഥിതി നാശവും കൊണ്ടു ഭൂമി ജീവിക്കാന്‍ കൊള്ളാത്തതായി മാറുന്നു.

   മേല്‍പ്പറഞ്ഞ അനര്‍ത്ഥങ്ങളെല്ലാം പ്രതിരോധിക്കാന്‍ ഉതകുന്നു എന്നതാ ണ് ശ്രീനാരായണദര്‍ശനത്തെ ഇന്നും ലോകത്തിന്‍റെ വിമോചനശാസ്ത്രമായി നിലനിര്‍ത്തുന്നത്. മനുഷ്യസമത്വത്തില്‍ ഊന്നുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ധര്‍മ്മസങ്കല്പം. താനായി ഒരു മതവും സ്ഥാപിച്ചിട്ടില്ലെന്നു പറയുന്ന ഗുരുദേവന്‍ താന്‍ ആവിഷ്കരിച്ച ധര്‍മ്മത്തെ ഇങ്ങനെ വിശാലമായി നിര്‍വ്വചിക്കുന്നു.

ധര്‍മ്മ ഏവ പരം ദൈവം
ധര്‍മ്മ ഏവ മഹാധനം
ധര്‍മ്മസ്സര്‍വ്വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം.

    ധര്‍മ്മം തന്നെയാണ് പരമമായ ദൈവം. ധര്‍മ്മം തന്നെയാണ് മഹത്തായ ധനം; ധര്‍മ്മം എല്ലായിടത്തും വിജയിച്ചരുളുന്നു. ധര്‍മ്മം മനുഷ്യര്‍ക്കു ശ്രേയസ്സിനായി ഭവിക്കുന്നു.

   ഭൗതികവും ആത്മീയവുമായ നീതി ഓരോ മനുഷ്യനും ലഭിക്കണമെന്ന നിര്‍ബന്ധമാണ് ഗുരുദേവന്‍റെ ധര്‍മ്മസങ്കല്പത്തിലുള്ളത്. അദ്വൈതവേദാന്തമാണ് ഈ ധര്‍മ്മസങ്കല്പത്തിന്‍റെ പിറകിലുള്ളതെങ്കിലും എത്രയോ നൂറ്റാണ്ടുകളായി ഇന്ത്യന്‍ സമൂഹത്തെ ജാതീയമായി ജീര്‍ണ്ണിപ്പിച്ച വേദാന്തമല്ല ഇത്. അദ്വൈതവേദാന്തത്തെ ജനകീയവല്ക്കരിച്ച് മനുഷ്യനെ മനുഷ്യനു മു ന്നില്‍ ശ്രീനാരായണഗുരു തുല്യനാക്കിത്തീര്‍ത്തു.

     മതസംഘടനകളും വംശീയപ്രസ്ഥാനങ്ങളും പരസ്പരം വാളോങ്ങി നി ല്ക്കുന്ന പുതിയ കാലത്ത് 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന ഗുരുദേവന്‍റെ അരുളപ്പാട് വിപുലമായ അര്‍ത്ഥധ്വനികള്‍ ഉള്‍ക്കൊള്ളുന്നു. പശുവില്‍ പശുത്വമെന്നപോലെ മനുഷ്യനില്‍ ഉണ്ടായിരിക്കുന്ന മനുഷ്യത്വമാണ് മനുഷ്യനെ ഒരു ജാതിയായി കാണാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. മനുഷ്യന് ഒരു മതമെന്നു നിര്‍ദ്ദേശിക്കുന്നത് എല്ലാ മതസ്ഥരെയും ഏതെങ്കിലും ഒരു മതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യാനുമല്ല. മൗലികമായി ഭൂലോകത്ത് ഒരൊറ്റ മതമേ പ്രവചിക്കപ്പെട്ടിട്ടുള്ളുവെന്നും ആ മതത്തിന് (ധര്‍മ്മത്തിന്) ഗ്ലാനി സംഭവിക്കുമ്പോള്‍ ഓരോരോ മതസ്ഥാപകര്‍ അവതരിക്കുന്നു എന്നുമുള്ള ദൈവശാസ്ത്രപരമായ തിരിച്ചറിവ് ഇവിടെ നിര്‍ലീനമാണ്.  സഹജീവിസ്നേഹത്തിന്‍റെയും പരഹൃദയജ്ഞാനത്തിന്‍റെയും മനുഷ്യന്‍ മനുഷ്യനാകലിന്‍റേതുമാണ് ആ മതം.

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാണിത്

   എന്ന് അരുവിപ്പുറത്ത് ശിവലിംഗം പ്രതിഷ്ഠിച്ചശേഷം ഗുരുദേവന്‍ എഴുതിവെച്ചിട്ടുണ്ട്. ലോകത്ത് ശാന്തിയും സമാധാനവും ആഗ്രഹിക്കുന്ന  ജനങ്ങള്‍ മുഴുവന്‍ ഇന്ന് ആ മാതൃകാസ്ഥാനത്തേക്ക് തീര്‍ത്ഥയാത്ര നടത്തേണ്ടിയിരിക്കുന്നു.

      ലക്കം ലഗാനുമില്ലാത്ത ഭൗതിക മാത്ര വികസനം ഭൂ മിയെ മുടിക്കുക  മാത്രമല്ല സൗഖ്യം എന്ന അ വസ്ഥ സകലര്‍ക്കും നിഷേധിക്കുക കൂടി ചെയ്യുന്ന കാ ലത്ത് ഗുരുവിന്‍റെ വികസനസങ്കല്പവും വളരെ പ്രസക്തമാണ്. ഭൗതികതയ്ക്കും ആ ദ്ധ്യാത്മികതയ്ക്കും ഒരേ പോലെ പ്രാധാന്യം നല്കു ന്ന ആ സങ്കല്പം ലൗകികവും ആത്മീയവുമായ സ കല സംരംഭങ്ങളും സുഖപദത്തെ പ്രാ പിക്കുകയെന്ന മനുഷ്യസമുദായത്തി ന്‍റെ പരമമായ ലക്ഷ്യത്തിന് വേണ്ടി ഏ കോപിപ്പിക്കണമെന്ന് ഗുരുവിന് നിര്‍ബന്ധമുണ്ടായിരുന്നു.

    അദ്വൈതജീവിതം എന്നായിരുന്നു കുമാരനാശാന്‍ ഈ നയപരിപാടിക്ക് നല്കിയ പേര്. എന്തും ലാഭത്തിനുവേണ്ടി എന്നതില്‍ നിന്ന് എന്തും മനുഷ്യസമുദായത്തിന്‍റെ ഗുണത്തിനുവേണ്ടി എന്നതിലേക്ക്.

    അഹന്തയില്‍ നിന്നും അസൂയയില്‍ നിന്നും നിക്ഷിപ്ത താല്പര്യങ്ങളില്‍ നിന്നും മോചിതമായതുകൊണ്ടാണ് ശ്രീനാരായണദര്‍ശനത്തിനു ഇത്രത്തോ ളം ഗാംഭീര്യമുണ്ടായത്. ജാതിവ്യത്യാസത്തിന്‍റെയും ബ്രാഹ്മണമേധാവിത്വത്തിന്‍റെയും സകല തിന്മകളും കണ്ടും കേട്ടും അനുഭവിച്ചും ജീവിച്ചു വന്ന ക്രാന്തദര്‍ശിയായിരുന്നു ശ്രീനാരായണഗുരു. ജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും ആ വികലവ്യവസ്ഥിതിയെ ഗുരു കടപുഴക്കുകയും ചെയ്തു. എ ന്നാല്‍ ആദി ശങ്കരന്‍റെ അദ്വൈതം തന്നെയാണ് തന്‍റെയും അദ്വൈതം എ ന്ന് പ്രഖ്യാപിക്കുന്നതിന് ബ്രാഹ്മണമേധാവിത്വത്തിന്‍റേതായ ദുരഭിമാനങ്ങള്‍ അദ്ദേഹത്തെ വിലക്കിയില്ല. പാശ്ചാത്യ മാനവികതയെ ആശ്രയിക്കാത്ത വികസന സങ്കല്പമാണ് ഗുരുദേവന്‍റേത്. കൊളോണിയല്‍ ആധുനികതയുടെ പദാര്‍ത്ഥവാദഫാഷനുകള്‍ക്ക് അടിപ്പെടാത്ത ഗുരു ഒരു ജാതി, ഒരു മതം എന്നുമാത്രമല്ല ഒരു ദൈവവും മനുഷ്യന് എന്ന് ഉറപ്പിച്ചുവച്ചു. കണ്ണെത്താവുന്ന ചരിത്രദൂരത്തില്‍ ഹിമാലയന്‍ പൊക്കത്തോടെ നിലകൊള്ളുന്ന ഒരേയൊരു ജനനായകന്‍ ഗുരുദേവന്‍ മാത്രമായിരിക്കും. അങ്ങോട്ടു തേടിപ്പോകേണ്ട പ്രയാസമൊന്നും വരുത്താതെ നമ്മുടെ അടുത്തുള്ള ആ പര്‍വതത്തിന്‍റെ ആ രോഹണത്തിലൂടെയാണ് കേവലം ഭൗ തികമായും സാംസ്കാരികമായും പു രോഗതി നേടേണ്ടത്.