ആത്മാനുഭൂതിയുടെ കരകവിയല്‍

രണ്ട്

പ്രൊഫ. എം.കെ. സാനു

 

     'പ്രപഞ്ചത്തിന് ഒരു കാമുകനേയുള്ളു, അത് കവിയാണ്' എന്ന ആശയം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് പരിചിതമാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ  ലഭിക്കുന്ന വൈകാരികാനുഭൂതികളുടെ പേരിലാണ് കവികള്‍  പ്രപഞ്ചത്തിന്‍റെ നേര്‍ക്ക് അനുരാഗബദ്ധരാകുന്നത്. എന്നാല്‍ ശമദമാദി സാധനാനുഷ്ഠാനങ്ങളില്‍ മനോജയം നേടുന്ന മഹര്‍ഷിമാര്‍ വികാരങ്ങളുടെ മേല്‍ വിജയം വരിച്ച്, ഇന്ദ്രിയാമോദകരമായ നശ്വരസുഖങ്ങള്‍ മിഥ്യയാണെന്നറിഞ്ഞ്, ആനന്ദഘനമായ ബ്രഹ്മത്തില്‍ കഴിയുന്നവരാണ്. ആ സ്ഥിതിക്ക് അവരുടെ കവിതകളില്‍ ബ്രഹ്മസത്യത്തോടു ബന്ധപ്പെട്ട ആശയങ്ങളല്ലാതെ ഇന്ദ്രിയസ്പര്‍ശിയായ കാവ്യരസം കണ്ടെത്താന്‍ തുനിയുന്നത് അനുചിതമാണെന്ന് വ്യാഖ്യാതാക്കള്‍ക്ക് തോന്നിയിരിക്കുമോ? നിശ്ചയമില്ല.

        ആനന്ദജനകമായ സൗന്ദര്യത്തിന് അനേകം തലങ്ങളുണ്ടെന്ന സത്യമാണ്  ഇവിടെ നാം ഓര്‍മ്മിക്കേണ്ടതെന്ന് ഞാന്‍ വിചാരിക്കുന്നു. നവകുസുമത്തിന്‍റെ തൂമന്ദഹാസത്തിലെ പേലവസൗന്ദര്യം മുതല്‍ അനാദ്യന്തമായ ബ്രഹ്മാണ്ഡത്തിന്‍റെ നിത്യലയത്തില്‍ നിലീനമായ മൗനസംഗീതം വരെ കാവ്യസൗന്ദര്യത്തിന്‍റെ വിവിധ തലങ്ങള്‍ വ്യാപിച്ചിരിക്കുന്നു. അതിരുകള്‍ക്ക് അവി ടെ സ്ഥാനമില്ല. ലയവേദിയും കവിയുമായ മഹര്‍ഷി പ്രപഞ്ചലയത്തിന്‍റെ മൗനസംഗീതത്തില്‍ ആനന്ദോന്മത്തനായി ഭവിക്കുന്നു. ആ ആത്മീയലഹരിയില്‍ നിന്ന് കവിത സ്വച്ഛന്ദമായി രൂപം പൂണ്ട് വികസിക്കുകയും ചെയ്യുന്നു. അത് ആത്മീയകവിതയാണ്. യോഗാത്മക കവിതകളൊക്കെയും ആത്മീയ കവിതകളാകുന്നു.

           അഖണ്ഡാനുഭൂതിയില്‍ നിന്നുളവായ ആനന്ദമാകുന്ന താമരപ്പൂവിലെ തേന്‍ നുകര്‍ന്ന് രമിക്കുന്ന വണ്ടാണ് സുകൃതിയായ മഹര്‍ഷിയെന്ന് ഗുരുദേവന്‍ വിവരിച്ചിട്ടുള്ളത് ഇവിടെ വീണ്ടും ഓര്‍മ്മിക്കേണ്ടതാണ്. ജനനീനവരത്നമഞ്ജരി എന്ന കവിതയിലാണ് കാവ്യരസം തുളുമ്പുന്ന ഈ വിവരണമുള്ളത്. ആത്മീയാനുഭൂതിയുടെ മധു നുകര്‍ ന്ന് രമിക്കുന്ന കവിചേതനയുടെ സംഗീ തം ഈ കവിതയില്‍ നിപുണശ്രോത്രങ്ങള്‍ക്ക് ആവോളം ആസ്വദിക്കാമെന്നാണ് എന്‍റെ അനുഭവം. ആന്തരവും ബാഹ്യവുമായ സംഗീതത്തിന്‍റെ വീചികളിലൂടെ അനുവാചകരെ മറ്റൊരു ലോകത്തിലേക്ക് പടിപടിയായി ഉയര്‍ ത്തുന്നു എന്നതാണ് ഈ കവിതയുടെ ഉത്കൃഷ്ടമായ സവിശേഷതയെന്ന് ഞാന്‍ കാണുന്നു. ആ മറ്റൊരു ലോകം ആത്മീയതയുടേതാണ്. അനുവാചകന്‍ അവിടെ അവാച്യമായ ശാന്തരസത്തിനു വിധേയനാകുന്നു. ബ്രഹ്മാനന്ദരസം നുകര്‍ന്ന് രമിക്കുന്ന വണ്ടിന്‍റെ സം ഗീതത്തിലലിയുന്ന അവസ്ഥയാണത്.

     ജനനീനവരത്നമഞ്ജരി എന്ന കവിതയുടെ പ്രാഥമികമായ ഗുണം ഗാനാത്മകതയാണെന്നു പറയുന്നതില്‍ തെ റ്റില്ല. വാക്കും അര്‍ത്ഥവും പ്രതീതിക ളും ഇണങ്ങിച്ചേര്‍ന്നൊഴുകിപ്പോകുന്ന രീതിയിലാണു അതിന്‍റെ ശൈലി നിബന്ധിതമായിരിക്കുന്നത്. അര്‍ത്ഥബോധം കൂടാതെ തന്നെ ആസ്വാദകമനസ്സ് അതിലലിഞ്ഞുപോകുന്നു. സാധാരണക്കാരായ അനേകം വായനക്കാര്‍ ഈ കവിത ഹൃദിസ്ഥമാക്കിയിട്ടുള്ളതിനു കാരണം ഈ ഗുണമാണ് (ഗുരുദേവന്‍റെ നേര്‍ക്കുള്ള ഭക്തിയും അതിന്‍റെ പിന്നിലുണ്ടെന്ന കാര്യം മറക്കുന്നില്ല).

    സംഗീതവാസനയുള്ളവര്‍ ചൊല്ലിക്കേള്‍ക്കുമ്പോള്‍ ഏതൊരാളും കവിതയിലെ ശബ്ദവിന്യാസത്തിന്‍റെ താളലയങ്ങളില്‍ മുഴുകുകയും പരിസരം മറന്ന് മറ്റൊരന്തരീക്ഷത്തിലേക്കുയരുകയും ചെയ്യുന്നു. എങ്കിലും ബാഹ്യകര്‍ണ്ണങ്ങള്‍ക്ക് ഇമ്പമരുളുന്ന ഗാനാത്മകത കവിതാമൂല്യത്തില്‍ ലഘുവായ പങ്കു മാത്രമേ വഹിക്കുന്നുള്ളൂ എന്ന സത്യം ഓര്‍മ്മിക്കാതെ തരമില്ല. ആന്തരസംഗീതത്തിനാണ് പരമമായ  പ്രാ ധാന്യം . അതാണ് കവിതയെ സൗന്ദര്യമൂല്യനിര്‍ഭരമാക്കുന്നതിന് ആധാരമായിട്ടുള്ളത്. ആ സംഗീതമാകട്ടെ, അര്‍ ത്ഥരുചിയുമായി അഭേദമാംവിധം ബ ന്ധപ്പെട്ടിരിക്കുന്നു.

      ശബ്ദാര്‍ത്ഥസമ്മിളിതമായ പദങ്ങളാണ് കവിതയുടെ ആവിഷ്കരണോപാധിയെന്ന വസ്തുത വീണ്ടും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. അതിനാല്‍, അര്‍ത്ഥ ത്തെ സംബന്ധിക്കുന്ന ബോധം എപ്പോഴും കവിതാസ്വാദനത്തിന് അനുപേക്ഷണീയമാണ്. പദസംയോഗത്തി ലെ താളത്തിലും ഈണത്തിലും മാത്രം രസിക്കുന്നവര്‍ ആസ്വദിക്കുന്നത് കവിതയല്ല, സംഗീതമാണ്, അര്‍ത്ഥത്തിന് പ്രാധാന്യമില്ലെന്നത് സംഗീതത്തില്‍ ഒരു ന്യൂനതയല്ല.  അര്‍ത്ഥമില്ലാതെയും സംഗീതം മധുരമാകാവുന്നതാണ്. കാര ണം സംഗീതത്തിന്‍റെ ആവിഷ്കരണോപാധി നാദമാണ്. അതുകൊണ്ട് ജനനീനവരത്നമഞ്ജരി എന്ന കവിത ആസ്വദിക്കുന്നതിന് അര്‍ത്ഥതലത്തെ സംബന്ധിക്കുന്ന ഏകദേശധാരണയെങ്കിലും ഉണ്ടായേ തീരൂ. ഒരൊറ്റ വായനകൊണ്ടുമാത്രം ആ ധാരണ ലഭിക്കാന്‍ പ്രയാസമാണ്. വേദാന്തചിന്തയിലെ ശാ സ്ത്രീയസംജ്ഞകളും അപൂര്‍വ്വപദങ്ങ ളും ചേര്‍ന്നുണ്ടാകുന്ന ശില്പഘടനയാണ് ഈ പ്രയാസം സൃഷ്ടിക്കുന്നത്. ആ സംജ്ഞകളുടെയും പദങ്ങളുടെയും അര്‍ത്ഥമെന്തെന്ന് ലഘുവായെങ്കിലും ആസ്വാദകര്‍ മനസ്സിലാക്കിയിരിക്കേണ്ടതാണ്.

    വേദാന്തചിന്തയുമായി ബന്ധപ്പെട്ട രണ്ടു പദങ്ങള്‍ ആദ്യശ്ലോകത്തില്‍ തന്നെ പ്രയുക്തമായിരിക്കുന്നു. മൂലമതി, ത്രിപുടി എന്നീ പദങ്ങളാണവ. (ത്രിപുടി എന്ന പദം ആദ്യത്തെ വരിയിലും അവസാനത്തെ വരിയിലുമുണ്ട്). മൂലമതി എന്ന പ്രയോഗം പ്രപഞ്ചത്തിന്‍റെ പരമകാരണമായ അഖണ്ഡബോധസത്തയെയാണ് ഉദ്ദേശിക്കുന്നത്. (പരമേശ്വരസത്തയെന്നും അറിവ് എന്നും അഖണ്ഡജ്ഞാനം എന്നും മറ്റും ഈ മൂലകാരണത്തെക്കുറിച്ച് പറഞ്ഞുപോരുന്നു). അഖണ്ഡമായതുകൊണ്ട് അ ത് ഏകമാണ്. സനാതനമായതുകൊണ്ട് അത് സത്യവുമാണ്. (സനാതനമായതുമാത്രമാണ് സത്യം. നാശത്തിന് വിധേയമാകുന്നതൊക്കെയും മിഥ്യ).

     ഗുരുദേവന്‍റെ കവിതകളിലും ദാര്‍ശനികകൃതികളിലും ഒരുപോലെ ഈ  അടിസ്ഥാനപരമായ ആശയം ആ വര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നത് കാ ണാം.  അറിവ് എന്ന കൃതിയില്‍ നിന്ന് നാലുവരികള്‍ താഴെ ഉദ്ധരിക്കുന്നു.

അറിയപ്പെടുമിതു വേറ-
ല്ലറിവായിടും തിരഞ്ഞിടും നേരം;
അറിവിതിലൊന്നായതുകൊ-
ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.

     അറിയപ്പെടുന്നതൊക്കെയും അ റിവ് മാത്രമാണ്. അറിവ് ഒന്നാണ് (അഖണ്ഡമാണ്); അറിവല്ലാതെ മറ്റൊ ന്നും എങ്ങുമില്ല. അറിവ് അഥവാ ബ്രഹ്മസത്ത മാത്രമാണ് സത്യമെന്നു സാരം.

കാര്യങ്ങള്‍  കൂടുതല്‍ വിശദമാക്കുന്നതിനുവേണ്ടി ഗുരുദേവന്‍റെ കൃതികളില്‍ നിന്ന് ലളിതമായ രണ്ടു ഭാഗങ്ങള്‍ കൂടി ചുവടെ ചേര്‍ക്കുന്നു.

   "കാണപ്പെടുന്നതൊക്കെയും സ്ഥൂ ലം, സൂക്ഷ്മം, കാരണം എന്നീ മൂന്നു രൂപങ്ങളോടുകൂടിയതും പരമാത്മാവില്‍ നിന്നുമുണ്ടായി അതില്‍ത്തന്നെ ലയിക്കുന്നതുമാകുന്നു. അതിനാല്‍ പരമാത്മാവല്ലാതെ വേറൊന്നുമില്ല.'

'     നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെപോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും.'  (ഗദ്യപ്രാര്‍ത്ഥനയില്‍ നിന്ന്)

    'പരമാത്മാവല്ലാതെ വേറൊന്നുമില്ല' എന്നു പറഞ്ഞാല്‍ നശ്വരമായതെല്ലാം കേവലം മിഥ്യ മാത്രമാണെന്നര്‍ത്ഥം. പരമാത്മാവ് അഥവാ അഖണ്ഡബോ ധം ഏകമാണെന്നും ഓര്‍ക്കേണ്ടതാണ്.

      'ഇപ്രകാരം പ്രകാശിച്ചുകൊ ണ്ടുതന്നെയിരിക്കും' എന്ന് രണ്ടാം ഖണ്ഡികയില്‍ പറയുന്നത് അറിവിനെക്കുറിച്ചാണ്. അറിവ് നിത്യമാണ്; പ്രകാശവുമാണ്. ചിത്ത് ജഡമാണ്; ജഡം അസത്യമാണ് എന്ന് മറ്റൊരു കൃതിയില്‍ (ചിജ്ജഡചിന്തകം- ഗദ്യം) ഗുരുദേവന്‍ പറഞ്ഞിരിക്കുന്നതും ഇതോടു ചേര്‍ത്ത് ശ്രദ്ധിക്കുന്ന തു കൊള്ളാം. അഖണ്ഡബോധമാണ് ചിത്ത്; ചരങ്ങളും അചരങ്ങളും ചേര്‍ ന്ന് അനേകമായി കാണപ്പെടുന്നത് ജഡം.

       മൂലമതി എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥവ്യാപ്തിയെന്തെന്ന് ഈ വിശദീകരണത്തില്‍ നിന്ന് ഊഹിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു.

    ഇനി 'ത്രിപുടി' എന്ന പദമാണ് പരിശോധിക്കേണ്ടത്. 'ത്രിപുടി വന്ന്' എന്ന് ഒന്നാമത്തെ വരിയിലും 'ത്രിപുടിയെ- ന്നാണറുംപടി' എന്ന് നാലാമത്തെ വരിയിലും കാണുന്നു. 'അറുംപടി' എന്നതിന് അസ്തമിക്കുമാറ് , ഇല്ലാതാകുമാറ് എന്നിങ്ങനെയാണ് അര്‍ത്ഥം.  അപ്പോള്‍, ത്രിപുടി അസ്തമിച്ച് ജ്ഞാ നസത്ത പ്രാപിക്കാനാകണേ എന്നാണ് പ്രാര്‍ത്ഥന.

     ലൗകികമായ ഏത് അനുഭവത്തി ലും മൂന്നു ഘടകങ്ങളുണ്ടല്ലോ. ഒന്ന്, അനുഭവിക്കുന്നയാള്‍, രണ്ട്, ഏതൊന്നാണോ അനുഭവിക്കുന്നത് അത്. മൂന്ന്, അനുഭവമെന്ന സംഗതി (ജ്ഞാതാവ്, ജ്ഞാനം, ജ്ഞേയം എന്നും ഭോക്താവ്, ഭോഗ്യം, ഭോഗം എന്നും മറ്റും ഈ ഘടകങ്ങളെപ്പറ്റി പറഞ്ഞുപോരുന്നു.)

      യഥാര്‍ത്ഥമായ സത്യം, അഥവാ പരമമായ സത്യം ഇത്തരം ഘടകങ്ങള്‍ക്കതീതവും ഏകവുമായ ബ്രഹ്മസത്തയാണെന്നോര്‍ക്കണം. അതോര്‍ മ്മിച്ചാലല്ലാതെ കവിതയുടെ ഭാവമേഖലയുമായി ആസ്വാദനപരമായ താദാ ത്മ്യം പ്രാപിക്കാന്‍ അനുവാചക മാനസങ്ങള്‍ക്ക് സാധിക്കയില്ല. അതോര്‍മ്മിക്കുമ്പോള്‍ ശ്ലോകത്തിലെ പ്രാര്‍ത്ഥനയെന്തെന്ന് നമുക്ക് മനസ്സിലാകുന്നു.  ആടലാംകടലില്‍ (ലൗകികജീവിതത്തിലെ സങ്കടങ്ങളുടെ നടുവില്‍) അകപ്പെട്ടുഴലുന്ന ഒരു ഹൃദയത്തില്‍ നിന്നുയരുന്ന വിലാപമാണ് ഈ പ്രാര്‍ത്ഥന.  ലൗകികവിലാപങ്ങള്‍ക്കതീതമായ ആ ത്മീയഭാവം അതില്‍ തുളുമ്പിനില്ക്കുന്നു.

(തുടരും)