ഗുരുസ്വരൂപം ഉള്ളില്‍ നിറയട്ടെ

സ്വാമി പ്രകാശാനന്ദ

      ഓരോ വാക്കുമുണ്ടാകുന്നത് അര്‍ത്ഥത്തെ പ്രകാശിപ്പിക്കുവാനാണ്. ഒരു സന്ദേശം രൂപം കൊള്ളുന്നത് മഹത്തായൊരു ആശയത്തിന്‍റെ സംവേദനത്തിനായിട്ടാണ്. ഒരു നവോത്ഥാനം രൂപപ്പെടുന്നത് ഒരു സമൂഹത്തിന്‍റെ ആകെ ഉദ്ധാരണത്തിനു വേണ്ടിയിട്ടാണ്. ഒരു ദര്‍ശനം ആവിഷ്കരിക്കപ്പെടുന്നത് മനുഷ്യവംശത്തിനു പരമമായ ലക്ഷ്യത്തിലേക്കുള്ള നേരാംവഴി കാ ട്ടുന്നതിനായിട്ടാണ്. അതുപോലെ ഒരു അവതാരപുരുഷന്‍ പിറവികൊള്ളുന്നത് സന്ദേശം കൊണ്ടും നവോത്ഥാനം കൊണ്ടും ദര്‍ശനം കൊണ്ടും സാമൂഹ്യമായ അഭ്യുന്നതിയിലേക്കും ആദ്ധ്യാത്മികമായ നിഃശ്രേയസ്സത്തിലേക്കും മാനവരാശിയെയാകെ ആനയിക്കുന്നതിനുവേണ്ടിയാണ്. ഈ വിധം, ഭാഗവതത്തില്‍ എഴുത്തച്ഛന്‍ 'സംന്യാസധര്‍മ്മസ്ഥിതി ലോകത്തിലുറപ്പിപ്പാന്‍ ധന്യനാം നരനാരായണനായതും താന്‍' എന്നു സൂചിപ്പിച്ചിരിക്കുന്നതുപോലെ ശ്രീമന്നാരായണനായവതരിച്ച നരദിവ്യാകൃതി പൂണ്ട സച്ചിദാനന്ദസ്വരൂപനാണ് ശ്രീനാരായണഗുരുദേവന്‍.

      സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകത്തിന്‍റെ സംസ്ഥാപനമായിരുന്നു ഗുരുവിന്‍റെ ലക്ഷ്യം. ആ മഹാലക്ഷ്യത്തിലേക്കുള്ള  ദാര്‍ശനികവും സാമൂഹികവുമായ വഴിത്താരകളാണ് ജ്ഞാനം കൊണ്ടും കര്‍മ്മം കൊണ്ടും ഗുരു തീര്‍ത്തു തന്നത്. എന്നാല്‍ ആ വഴിത്താരകളിലേക്ക് വേണ്ടവിധം പ്രവേശിക്കാതെ അതിനു ഇരുപുറവും നിന്നുകൊണ്ട് ഗുരുവിനെ  നോക്കിക്കാണുവാന്‍ ശ്രമിക്കുന്നവരാണ്  സമൂഹത്തിലെ അധികം പേരും. ഇങ്ങനെ ഗുരുസ്വരൂപത്തെ ഉള്ളില്‍ പ്രതിഷ്ഠിക്കാതെ പുറമേയുള്ള ഗുരുപ്രതിമകളില്‍ ജയന്തിദിനത്തിലും മഹാസമാധിദിനത്തിലും ഒരു പിടി പൂക്കളര്‍പ്പിക്കുന്നതുകൊണ്ടുമാത്രം ഗുരുഭക്തി പൂര്‍ണ്ണമാവുകയില്ല.

     ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലതടാകത്തിന്‍റെ അരികിലെത്തിയതുകൊണ്ടുമാത്രം ഒരുവന്‍റെ ദാഹമകലുകയില്ല. അതില്‍ നിന്ന് അല്പം ജലം അവന്‍റെയുള്ളിലെത്തുമ്പോഴേ അവന്‍റെ ദാഹത്തിനു ശമനമുണ്ടാവുകയുള്ളൂ. ഇതുപോലെ ഗുരുവിന്‍റെ  പ്രതിഷ്ഠയെ കാണുന്നതുകൊണ്ടോ പ്രതിഷ്ഠക്കരികിലെത്തിയതുകൊണ്ടോ ഗുരുവിനെ അറിയുവാന്‍ കഴിയുന്നതല്ല. മറിച്ച് ഗുരു ഒരനുഭവമായി നമ്മുടെയുള്ളില്‍ നിറയണം. അപ്പോഴാണു ഗുരുസ്വരൂപത്തെ തൊട്ടറിയുവാനും ഗുരുമാര്‍ഗ്ഗത്തിലേക്കു പ്രവേശിക്കുവാനും ഒരാള്‍ക്കു കഴിയുന്നത്.

     ഭൗതികജീവിതത്തിലെ സംസാരതാപങ്ങളേറ്റു തളരുന്ന മനുഷ്യനു ശാന്തിയുടെയും സ്നേഹത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഒരു തുരുത്തെങ്കിലും എവിടെയും കണ്ടെത്തുവാന്‍ കഴിയുന്നില്ല. അതിനു കാരണം അവന്‍ പുറമേയുള്ള ലോകത്താണ് അത്തരമൊരു തുരുത്തിനെ തിരയുന്നതെന്നതാണ്.  എന്നാല്‍ ആ പൂര്‍ണ്ണാഭയസ്ഥാനമാകട്ടെ കസ്തൂരിമാനിന്‍റെ നാഭിയിലുള്ള കസ്തൂരിപോലെ അവനവന്‍റെ ഉള്ളില്‍ കണ്ടെത്തപ്പെടാതെ നിലകൊള്ളുകയാണ്. അതിനെ ശരണീകരിക്കുവാന്‍ കഴിയണമെങ്കില്‍ ഗുരുസ്വരൂപത്തെ ഉള്ളില്‍ പ്രതിഷ്ഠിക്കുക തന്നെ വേണം. അപ്പോള്‍ മാത്രമേ ഗുരുദേവന്‍ ഒരനുഭവമായിത്തീരുകയുള്ളൂ. ആ അനുഭവതീവ്രതയിലാണു ഗുരുഭക്തിയുടെ പൂര്‍ണ്ണിമ. അതുകൊണ്ട് ഗുരുദേവകീര്‍ത്തനങ്ങളുടെ ആവര്‍ത്തനത്തിനപ്പുറം ഗുരുദര്‍ശനത്തിന്‍റെ അനുഭവത്തിനായി യത്നിക്കണം. അപ്പോള്‍ ഗുരുദേവന്‍ കാട്ടിത്തന്ന നേരാംവഴി യിലൂടെ സഞ്ചരിക്കുവാനും അതുവഴി ഗുരു വിഭാവനം ചെയ്ത സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു ഏകലോകത്തിന്‍റെ സംസ്ഥാപനത്തിനു കണ്ണിയായിത്തീരുവാനും നമുക്ക് സാധിക്കും. ആ സാധ്യതയെ ഉള്ളിലുറപ്പിക്കുവാന്‍ ഗുരുദേവന്‍റെ 85-ാമത് മഹാസമാധിസ്മരണ അവസരമൊരുക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.