ആത്മാനുഭൂതിയുടെ കരകവിയല്‍
പ്രൊഫ. എം.കെ. സാനു
അനുഭൂതിയുടെ ആവിഷ്കരണമാണ് കവിത എന്ന നിര്‍വ്വചനം സാഹിത്യവിദ്യാര്‍ത്ഥികള്‍ക്ക് സുപരിചിതമാണ്. കവികളുടെ വ്യക്തിത്വഭേദങ്ങളനുസരിച്ചാണ് കവിതകള്‍ വിഭിന്നരൂപങ്ങള്‍ കൈവരിക്കുന്നത്. ഒരേ അനുഭവം രണ്ടു കവികള്‍ ആവിഷ്കരിക്കുമ്പോള്‍ രണ്ടു രീതിയിലായിത്തീരുന്നു. അതുകൊണ്ടാണ് കവിതകള്‍ പ്രതിനവരസമായി ഭവിക്കുന്നത്. മനുഷ്യകഥാനുഗായികളായ കവികള്‍ സുകൃതികളാണെന്ന് കുമാരനാശാന്‍ കുറിച്ചത് അതോര്‍മ്മിച്ചുകൊണ്ടാണ്.
കവിതയില്‍ (സാഹിത്യത്തില്‍ പൊതുവില്‍) രൂപം ഒന്നിനൊന്നു ഭിന്നമാകുന്നതിനു മറ്റൊരു കാരണം കൂടിയുണ്ട്. അനുഭവങ്ങളുടെ സ്വഭാവത്തിനും നിലവാരത്തിനുമുള്ള വ്യത്യാസമാണത്. ഓരോ അനുഭവത്തിനും ഓരോ പ്രത്യേക സ്വഭാവവും നിലവാരവുമുണ്ട്. ദേശാഭിമാനം ഉത്തേജിതമാകുന്ന ഒരനുഭവവും ഈശ്വരഭക്തിയില്‍ മുഴുകുന്ന ഒരനുഭവവും രണ്ടു നിലവാരങ്ങളിലാണല്ലോ വര്‍ത്തിക്കുന്നത്. അതിനനുസരണമായി ശൈലിയിലും സമഗ്രരൂപത്തിലും വ്യത്യാസമുണ്ടാകാതെ നിവൃത്തിയില്ല.
പൊതുജീവിതത്തിലെ പൊതുവായ കാര്യങ്ങള്‍ മുതല്‍ സ്വകാര്യജീവിതത്തിലെ നിഗൂഢവും സൂക്ഷ്മവുമായ ഭാവങ്ങള്‍ വരെ അനുഭവമേഖലയുടെ സീമകളിലൊതുങ്ങുന്നുണ്ടെന്ന് നമുക്കറിയാം. ആ ഭാവങ്ങള്‍ക്ക് ഉചിതമായ രൂപശില്പങ്ങള്‍ സൃഷ്ടിക്കുന്നതില്‍ കവികളൊക്കെയും പ്രത്യേകം ശ്രദ്ധവയ്ക്കുന്നു. എങ്കില്‍ മാത്രമേ കവിതകള്‍ ഭാവസംക്രമണക്ഷമമാവുകയുള്ളൂ. കുമാരനാശാന്‍റെ സ്വാതന്ത്ര്യഗാഥയും സങ്കീര്‍ത്തനവും തമ്മിലുള്ള വ്യത്യാസമെന്തെന്ന് പരിശോധിച്ചാല്‍ അക്കാര്യം എളുപ്പം മനസ്സിലാകും. (വള്ളത്തോളിന്‍റെ എന്‍റെ ഗുരുനാഥന്‍, അരിപ്പിറാവ് എന്നീ കവിതകള്‍ താരതമ്യം ചെയ്തുനോക്കിയാ ലും മതി).
എന്നാല്‍ ചിന്താവിഷ്ടയായ സീതയിലെ മൃത്യുദര്‍ശന സന്ദര്‍ഭത്തിലെത്തുമ്പോള്‍ തുലോം വിഭിന്നവും അ ലൗകിക ഭാവജനകവുമായ ഒരു രീതിയാണ് ആസ്വാദകരെ വിസ്മയാധീനരാക്കുന്നത്. കല്പനകളും അലങ്കാരങ്ങളും മറ്റും അലൗകികതയെ ആവാഹിക്കുന്നതായി അവര്‍ക്ക് അനുഭവപ്പെടുന്നു. സമാശ്വാസദായകമായ മൃത്യുവിന്‍റെ സാമീപ്യത്തില്‍ സീതാഹൃദയമനുഭവിക്കുന്ന ഏകാന്തഭാവത്തിന് മൂര്‍ ത്തരൂപം നല്‍കാന്‍ ആ രീതിയേ ഉപകരിക്കുകയുള്ളൂ. ആധുനികകാലത്തേ ക്ക് കടന്നാല്‍ അയ്യപ്പപ്പണിക്കരുടെ കു രുക്ഷേത്രം എന്ന കവിത മറ്റൊരു ഉദാഹരണമായി കാണാം. മലയാളത്തില്‍ നാം പരിചയിച്ചുപോന്നതില്‍ നിന്നെല്ലാം വ്യത്യസ്തവും വിചിത്രവുമായ ഒരു രൂപം അതില്‍ കാണുന്നു. വിശ്വാസത്തകര്‍ച്ചയും മോഹഭംഗവും വ്യര്‍ത്ഥതാബോധവും ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു മാനസിക കാലാവസ്ഥ കവിഹൃദയത്തിലുളവാക്കിയ ആഘാ തം അനുവാചകര്‍ക്ക് അനുഭവവേദ്യമാകുമാറാവിഷ്കരിക്കാന്‍ ആ വിചിത്ര രൂപസൃഷ്ടി അനുപേക്ഷണീയമാണെന്ന് നിപുണമാനസങ്ങളു ടെ സവിശേഷഭാവുകത്വത്തിന് സമ്മതിക്കാതെ നിവൃത്തിയില്ല.
മാനസികജീവിതത്തിന്‍റെ അഗാധ വും നിഗൂഢവുമായ തലങ്ങളിലേക്ക് അധികമധികം ആഴ്ന്നിറങ്ങുമ്പോഴാണ് ആവിഷ്കരണം അസാധ്യമെന്നു തോ ന്നുമാറ്, ക്ലേശകരമായി അനുഭവപ്പെടുന്നത്. അതുല്യമായ പ്രതിഭയുടെ സര്‍വ്വവിധമായ സിദ്ധികളും ഉണര്‍ന്നു പ്രവര്‍ ത്തിച്ചെങ്കില്‍ മാത്രമേ ആ ഉദ്യമത്തില്‍ വിജയം വരിക്കാന്‍ കവിക്ക് കഴിയുകയുള്ളൂ. തനിക്കുപോലും വ്യക്തമല്ലാ ത്ത ആന്തരികാനുഭൂതിയുടെ സ്പന്ദനം അനുവാചകരിലേക്ക് പകരുന്നതിന് സമര്‍ത്ഥവും സമുചിതവുമായ രൂപശില്പം സൃഷ്ടിക്കുക എന്ന വെല്ലുവിളിയാണ് കവി അവിടെ നേരിടുന്നത്. ഏകാഗ്രമായ ധ്യാനവും സാഹസികമായ പരീക്ഷണവും അതിനാവശ്യമാണ്. (കാവ്യകലയില്‍ പരീക്ഷണമെന്ന വാക്ക് എപ്പോഴും രൂപശില്പത്തിനാണ് ബാധകമെന്ന് ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ).
പരമ്പരാഗതമായ വിശ്വാസങ്ങളാശ്ലേഷിച്ച് കഴിഞ്ഞിരുന്നതുമൂലം ജീവി തം താരതമ്യേന ലളിതമായിരുന്ന പ്രാ ചീന കാലത്തുപോലും പ്രതിഭാശാലികളായ കവികള്‍ക്ക് ആവിഷ്കരണം ക്ലേശകരമായനുഭവപ്പെടുന്നു.
എന്ന് വശ്യവചസ്സായ തുഞ്ചത്താചാര്യപാദര്‍ പ്രാര്‍ത്ഥിക്കുന്നത് ഇവിടെ ഓര്‍മ്മിക്കാവുന്നതാണ് (വിശ്വാസങ്ങളും ആചാരങ്ങളും മറ്റും അക്കാലത്ത് സുദൃഢമായി നിലനിന്നിരുന്നുവെന്ന വസ്തുത വീണ്ടും ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.)
പാരമ്പര്യത്തിന്‍റെ ഭാഗമായ രചനാരീതിയവലംബിച്ചുകൊണ്ട് സന്ദര്‍ഭോചിതമായ ശൈലീവിശേഷങ്ങള്‍ പ്രയോഗിക്കുന്നതിനെക്കുറിച്ച് മാത്രമേ അന്ന് കവികള്‍ക്ക് ശ്രദ്ധിക്കേണ്ടതുണ്ടായിരുന്നുള്ളൂ. എന്നാല്‍, കുമാരനാശാന്‍റെ കാലമെത്തുമ്പോള്‍,
എന്നു വിലപിക്കുന്ന അവസ്ഥയില്‍ കവിഹൃദയം എത്തുന്നു. ജീവിതം സങ്കീര്‍ണ്ണമാകുന്നതനുസരിച്ച് അനുഭൂതികള്‍ അനിര്‍വചനീയസ്വഭാവമുള്ളതായിത്തീരുന്നതുമൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. 'ഉള്ളുകാട്ടുക' എന്ന കാവ്യലക്ഷ്യം സാക്ഷാത്കരിക്കാനുള്ള യ ത്നം അപ്പോള്‍ അത്രയേറെ ക്ലേശകരമായനുഭവപ്പെടുന്നു.
നമ്മുടെ കാലത്ത് ലോകസാഹിത്യത്തില്‍ 'ആധുനികത' (ങീറലൃിശാെ) ആവിര്‍ഭവിക്കുന്നതിനു വഴിയൊരുക്കിയ ചില പ്രസ്ഥാനങ്ങളെക്കുറിച്ചുകൂടി ഇവവിടെ പരാമര്‍ശിച്ചുകൊള്ളട്ടെ (ആശയം വിശദമാക്കാന്‍ അത്യാവശ്യമെന്ന് തോന്നുന്നു). സിംബലിസം, സര്‍റിയലിസം, ഫ്യൂച്ചറിസം എന്നും മറ്റും പല പേരുകളില്‍ അവ അറിയപ്പെടുന്നു. അയുക്തികവും അതീന്ദ്രിയവും വികലവും വിഭ്രാന്തവും മറ്റുമായ പലതരം അനുഭൂതികള്‍ ആവിഷ്കരിക്കുന്നതിനുള്ള സര്‍ഗ്ഗാത്മിക പരീക്ഷണങ്ങളുടെ പരിണിതഫലമായിട്ടാണ് ആ പ്രസ്ഥാനങ്ങള്‍ ഉരുത്തിരിഞ്ഞു വന്നത്.
ഓരോ പ്രസ്ഥാനത്തിലെ കവികളും രൂപപരമായ പരീക്ഷണങ്ങളില്‍ നിരന്തരം മുഴുകിക്കൊണ്ടിരുന്നു. ആന്തരികാനുഭവങ്ങള്‍ അതിസൂക്ഷ്മവും നിഗൂഢവും ഏകാന്തവിചിത്രവുമാകുമ്പോള്‍ അവയ്ക്കുചിതമായ ആവിഷ്കരണകൗശലം കണ്ടെത്താതെ നിവൃത്തിയില്ലെ ന്നു വരുന്നു. ആ പരീക്ഷണങ്ങളെക്കുറിച്ച് അനേകം ഗ്രന്ഥങ്ങള്‍ പാശ്ചാത്യലോകത്ത് പ്രകാശിതമായിട്ടുണ്ട്. അക്കൂട്ടത്തില്‍ സി.എം. ബൗറയുടെ സര്‍ഗ്ഗാത്മകപരീക്ഷണം' (The Creative Experiment) എന്ന ഗ്രന്ഥം സാധാരണ വായനക്കാര്‍ക്കിടയില്‍ ധാരാളം പ്രചാരം നേടിയിട്ടുള്ളതായി കാണുന്നു. പലതരം പരീക്ഷണങ്ങളെ സംബന്ധിക്കുന്ന ലളിതമായ വിവരണമാണ് അതുള്‍ക്കൊള്ളുന്നത്. ആധുനിക യുഗചേതനയാലാവിഷ്കൃ തമായ കവിപ്രതിഭയുടെ ഏകാന്തവിചിത്രമായ അനുഭൂതിവിശേഷങ്ങളാവിഷ്കരിക്കുന്നതിന് പരീക്ഷണവും നൂതനരൂപശില്പ നിര്‍മ്മിതിയും അനുപേക്ഷണീയമാണെ ന്ന് ബൗറ അഭിപ്രായപ്പെടുന്നു. പരീക്ഷണത്തെ അദ്ദേഹം വിശേഷിപ്പിക്കുന്നത് സര്‍ഗ്ഗാത്മകം എന്നാണെന്ന് ശ്രദ്ധിക്കുമല്ലോ.
സ്വന്തം അനുഭൂതികളെക്കുറിച്ച് അലൗകികം, അതീന്ദ്രിയം എന്നും മറ്റും കവികള്‍ തന്നെയാണ് പറഞ്ഞുപോന്നിരുന്നത് (വിമര്‍ശകര്‍ അതാവര്‍ത്തിക്കുകയും ചെയ്തു). എന്നാല്‍ ആ പ്രയോഗങ്ങള്‍ക്ക് ആപേക്ഷികമായ അര്‍ത്ഥം മാത്രമേ കല്പിക്കേണ്ടതുള്ളൂ. അവയ്ക്ക് ലൗകികസ്വഭാവം കൂടിയുണ്ടെന്നുള്ളതാണ് വാസ്തവം. കവികളില്‍ ചിലര്‍ ലഹരിപദാര്‍ത്ഥങ്ങളുപയോഗിച്ച് ഇന്ദ്രിയങ്ങളെ മയക്കിയതിനുശേഷം നേടിയ അനുഭൂതികള്‍ പോലും ഇന്ദ്രിയങ്ങളുടെ മേഖലയെ അതിവര്‍ത്തിക്കുന്നില്ല. അവര്‍ അതനുഭവിച്ചതാകട്ടെ ഇന്ദ്രിയങ്ങളിലൂടെയുമാണ് (ഇന്ദ്രിയങ്ങള്‍ മയങ്ങിപ്പോയിരുന്നു എന്നേയുള്ളൂ). അതുകൊണ്ടാണ് അതീന്ദ്രിയം എന്ന പ്രയോഗത്തിന് ആപേക്ഷികമായ അര്‍ത്ഥം കല്പിച്ചാല്‍ മതിയെന്ന് പറഞ്ഞത്.
എന്നാല്‍ ഈശ്വരാനുഭൂതി അല്ലെങ്കില്‍ യോഗാനുഭൂതി എന്ന അനുഭവത്തെ അലൗകികം എന്ന് നിരുപാധികമായി വിശേഷിപ്പിക്കാവുന്നതാണ് . വിശുദ്ധമായ ദിനചര്യയുടെയും നിരന്തരമായ തപസ്സിന്‍റെയും ഏകാഗ്രമായ ധ്യാനത്തിന്‍റെയും ഫലമായി മഹര്‍ഷിമാര്‍ക്ക് സിദ്ധിക്കുന്ന അനുഗ്രഹവിശേഷമാണത്. സാധാരണക്കാരായ നമ്മുടെ ബോധതലത്തിനതീതമായ മറ്റൊരു തലത്തിലാണ് അത് സംഭവിക്കുന്നതും. അതീത ബോധാവസ്ഥയില്‍ പരമസ ത്യം സാക്ഷാത്കൃതമാകുന്ന ആ അനുഭവത്തിന്‍റെ മേഖല ഇന്ദ്രിയവ്യാപാരങ്ങളുടെയും മനോവൃത്തികളുടെയും സീമകള്‍ക്കതീതമാണെന്നര്‍ത്ഥം. അ തു മനസ്സിലാക്കിയിട്ടാണ് ഉപനിഷത്തുകള്‍ 'യാതൊന്നു പ്രാപിക്കാന്‍ കഴിയാതെ വാക്കുകള്‍ മനസ്സോടുകൂടി പിന്തിരിഞ്ഞുപോരുന്നുവോ ആ ബ്രഹ്മത്തിന്‍റെ ആനന്ദം അനുഭവിക്കുന്നവര്‍ എന്ന് ആ അനുഭൂതിയാലനുഗൃഹീതരായ യോഗികളെ വിവരിക്കുന്നത്.
അതേക്കുറിച്ച് ബ്രഹ്മാനന്ദാനുഭൂതിയെന്ന് പറയാനാണ് വേദാന്തികള്‍ പൊതുവില്‍ ഇഷ്ടപ്പെടുന്നത്. മിസ്റ്റിക് എ ക്സ്പീരിയന്‍സ് ( Mystic Experience) എന്ന് പാശ്ചാത്യര്‍ പറഞ്ഞുപോരുന്നു. അഖണ്ഡവും ആനന്ദഘനവുമായ ബോധത്തിന്‍റെ സനാതനസുഖമെന്തെ ന്ന് അനുഭവിച്ചറിഞ്ഞവരാണവര്‍. ഏകാന്തതയിലെ മൗനത്തില്‍ അവര്‍ ആ സു ഖം തുടര്‍ന്നനുഭവിക്കുന്നു. അഖണ്ഡമായ ആ സുഖത്തിന്‍റെ ഉറവിടമായ ആത്മീയാനുഭൂതിക്ക് പല രൂപങ്ങളില്‍ ആവിഷ്കരണം നല്‍കാന്‍ അവര്‍ക്കിടയില്‍ ചിലര്‍ തുനിഞ്ഞിട്ടുമുണ്ട്. അപൂര്‍ വ്വമായ കവിപ്രതിഭയുടെ സിദ്ധിവിശേ ഷം ഉള്‍ക്കൊള്ളുന്നവരാണിവര്‍. മിസ്റ്റിക് കവികള്‍ എന്നാണ് പാശ്ചാത്യലോക ത്ത് അവരറിയപ്പെടുന്നത്. അവരെ യോ ഗാത്മകകവികള്‍ എന്ന് നാം വിളിക്കുന്നു.
കവിയെ ഋഷിയായിട്ടാണ് പ്രാചീനാചാര്യന്മാര്‍ കല്‍പ്പിച്ചിരിക്കുന്നത്. എങ്കിലും കവികളെല്ലാവരും ഋഷികളല്ലെന്നും ഋഷികളെല്ലാവരും കവികളല്ലെന്നും നമുക്കറിയാം. ഋഷികളുടെ കൂട്ടത്തില്‍ കവികളുമുണ്ടെന്നു മാത്രമേ നമുക്ക് പറയാനാകൂ. അനുഗ്രഹിക്കപ്പെട്ട ആ വിഭാഗത്തില്‍ ശ്രീനാരായണഗുരുദേവന് സമുന്നതമായ സ്ഥാനമാണുള്ളത്. അനേകം കവിതകള്‍ ഗുരുദേവന്‍റെ തൂലികയില്‍ നിന്ന് രൂപം പ്രാ പിച്ചിട്ടുണ്ട്. സന്ധ്യാശോഭയില്‍ കുളിച്ചുനില്ക്കുന്ന തുംഗശൃംഗങ്ങള്‍ പോലെ അവ മലയാളകവിതയില്‍ അലൗകികഭാവദീപ്തിയോ ടെ ഉയര്‍ന്നു പരിലസിക്കുന്നു.
ഗുരുദേവകവിതകള്‍ക്ക് വ്യാഖ്യാ നം പലതുമുണ്ടായിട്ടുണ്ട്. അര്‍ത്ഥവിവരണവും വിശദീകരണവുമാണ് ആ വ്യാഖ്യാനങ്ങളിലുള്ളത്. വേദാന്തതത്ത്വപ്രതിപാദകങ്ങളായ ആ വിശദീകരണങ്ങള്‍ വായനക്കാരെ അദ്വൈതസിദ്ധാന്തത്തിന്‍റെ ഉള്ളറകളിലേക്ക് നയിക്കുന്നു.
എന്നാല്‍ കവിതയെന്ന നിലയില്‍ , കവിതാമൂല്യങ്ങളുടെ അടിസ്ഥാനത്തില്‍, ഗുരുദേവകൃതികളുടെ മൂല്യം നിര്‍ണ്ണയിക്കാന്‍ വ്യാഖ്യാതാക്കള്‍ പ്രായേണ മുതിര്‍ന്നു കാണുന്നില്ല. മഹത്ത്വത്തിന്‍റെ മാനങ്ങള്‍ കണ്ടെത്തു ന്നതില്‍ കാവ്യസൗന്ദര്യദര്‍ശനത്തിന് കാര്യമായ പങ്കൊന്നുമില്ലെന്ന നിലപാടാണ് അവര്‍ അവലംബിച്ചു കാണുന്നത്.
(തുടരും)
കടപ്പാട്: പിറവി- മേയ് 2012