ഭാഗം 1

അദ്വൈതജ്ഞാനത്തിന്‍റെ കാതല്‍

ഡോ. എം. വീരപ്പമൊയ് ലി

 ഗുരുവിന്‍റെ കാലഘട്ടത്തിലെ ഒരു പ്രധാന വിവരം ഏതൊരാളും മറ്റൊരാളെ ജാതിയുടെ പേരില്‍ അറിയുവാനാണാഗ്രഹിച്ചിരുന്നതെന്നതാണ്. ഇന്നത്തെ തലമുറയ്ക്ക്  ഇത് ഒരുപക്ഷേ പരിഹാസ്യമായി തോന്നിയേക്കാം. പക്ഷേ അക്കാലത്താരും തന്നെ ഇങ്ങനെ ചിന്തിച്ചിരുന്നില്ല. ഒരവശ്യഘടകമെന്ന നിലയില്‍ എല്ലാവരും മറ്റുള്ളവരുടെ ജാതിയെ അറിയുവാനും ഓരോരുത്തരും സ്വന്തം ജാതിയെ വെളിപ്പെടുത്തുവാനും അന്നു ആഗ്രഹിച്ചിരുന്നു. അബ്രാഹ്മണര്‍ ജാതിയുടെ പേരില്‍ പല തട്ടുകളായി വിഭജിക്കപ്പെട്ടിരുന്നു. ഈ വിഭജനത്തില്‍ വിവേകപരമായ യാതൊരു സാമൂഹ്യമാനദണ്ഡവും അന്തര്‍ഭവിച്ചിരുന്നില്ല. ഈ ജാതിവ്യവസ്ഥ പാരമ്പര്യമായ  വാണിജ്യ-തൊഴില്‍ അവസരങ്ങളുമായുള്ള ബന്ധത്തെ വികസിപ്പിക്കുകയും ഉറപ്പിക്കുകയും ചെയ്യുന്നതായിരുന്നു.

      ബ്രിട്ടീഷ് ചരിത്രകാരനായ അര്‍നോള്‍ഡ് ജോസഫ് ടോയന്‍ബി (1889- 1975) ഒരിക്കല്‍ പറയുകയുണ്ടായി: 'മ നുഷ്യചരിത്രത്തിലെ ഏറ്റവും ഭയാനകമായ ഈ സന്ദര്‍ഭത്തില്‍ നിന്നുള്ള മോചനത്തിനു പുരാതന ഇന്ത്യന്‍ സംസ്കാരം മാത്രമേ പോംവഴിയായിട്ടുള്ളൂ. ഇവിടെ നമുക്ക് അതിനുള്ള മനഃസ്ഥിതിയും ഇച്ഛാശക്തിയുമുണ്ടായാല്‍ ഓരോ കുടുംബത്തിനും ഒത്തൊരുമയോടെ വളര്‍ച്ച പ്രാപിക്കുന്നതിനുള്ള വഴി സാധ്യമാക്കാനാവും. ഇത് ഇന്നത്തേക്കും എന്നത്തേക്കുമുള്ള ഒരു സത്യമായിരിക്കുന്നു.'

    നാണുവിന്‍റെ അമ്മാവന്‍മാര്‍ അയിത്താചാരങ്ങള്‍ പാലിക്കുന്നതില്‍ സശ്രദ്ധരായിരിക്കുമ്പോള്‍ത്തന്നെ അയിത്തം കല്പിക്കപ്പെട്ടവരെ ആലിംഗനം ചെ യ്തും മറ്റുള്ളവരെ സ്പര്‍ശിച്ചും കുട്ടിയായിരുന്ന നാണു അതിന്‍റെ ബാലിശത്വത്തെ പ്രദര്‍ശിപ്പിക്കുവാന്‍ ഇഷ്ട പ്പെട്ടിരുന്നു.  നാണുവിന്‍റെ കുട്ടിക്കാലത്തെ അനീതിയോടുള്ള പ്രതികരണത്തിന്‍റെ സ്പര്‍ശ്യമായ കഥകള്‍, അനീതിയ്ക്കെതിരെയുള്ള നിലയെയും സ ഹിഷ്ണുതയെയും ആത്മീയശക്തിയെയും വെളിപ്പെടുത്തുന്നതാണ്.

    ഗുരു പലപ്പോഴും ആനന്ദനിര്‍വൃതിയില്‍ ആമഗ്നനായിരുന്നു. അത് അവിടത്തെ വാക്കുകളിലൂടെ സ്പഷ്ടമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. സഹജമായ ഈ ആനന്ദനിര്‍വൃതിയുടെ തലങ്ങള്‍ അദ്ദേഹത്തിന്‍റെ ആത്മാവിഷ്കാരമായ കൃതികളിലും മാറ്റൊലിയോടെ നിലകൊള്ളുന്നു. ഗുരുവിന്‍റെ അനുകമ്പ മനുഷ്യരില്‍ മാത്രമല്ല എല്ലാ പ്രാണിവര്‍ഗ്ഗങ്ങളിലേക്കും വ്യാപിച്ചു നില്ക്കുന്നതാണ്. ഈ സന്ദര്‍ഭത്തില്‍ വിഖ്യാത എഴുത്തുകാരനായ റൊമെയ്ന്‍ റോള ണ്ട് ഫ്രഞ്ചില്‍ എഴുതിയ 'ശ്രീരാമകൃ ഷ്ണ' എന്ന ഗ്രന്ഥത്തില്‍ ശ്രീരാമകൃഷ്ണപരമഹംസര്‍ക്കും ശ്രീനാരായണഗുരുവിനും ഇടയിലുള്ള വൈശിഷ്ട്യത്തെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുള്ളത് ഇവിടെ പരാമര്‍ശിക്കുന്നത് ഉചിതമായിരിക്കും.

   'ഗ്ലാസെനാപ്പ് തെക്കേന്ത്യയിലെ പു തിയ മതങ്ങളുടെ ആവിര്‍ഭാവത്തെപ്പറ്റി യാതൊന്നും പറയുന്നില്ല. പക്ഷേ അവയൊട്ടു കുറവായിരുന്നുമില്ല. അത്തരത്തിലുള്ളതിനു ഒരു ഉദാഹരണമാണ് മഹാഗുരുവായ ശ്രീനാരായണന്‍റെ ആ ദ്ധ്യാത്മിക പ്രവര്‍ത്തനങ്ങള്‍- കഴിഞ്ഞ നാല്പതിലേറെ സംവത്സരങ്ങളായി തിരുവിതാംകൂര്‍ സംസ്ഥാനത്തെ ദശലക്ഷക്കണക്കിനു വരുന്ന വിശ്വാസികളില്‍ ഗുരു മംഗളകരമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത്. (1928 ല്‍ ഗുരു സമാധിയായി). അദ്ദേഹത്തിന്‍റെ ദര്‍ശനം ശാങ്കരദര്‍ശനത്തോട് ഉള്‍വ്യാപിതമാണ്. അതു ബംഗാളിലെ യോഗാത്മകതയില്‍ നിന്നും പ്രകടമായ വ്യ ത്യാസം കാണിക്കുന്നു. അവിടുത്തെ ഭക്തിപ്രവാഹം അദ്ദേഹത്തില്‍ നിശ്ചിതമായ അവിശ്വാസം ഉളവാക്കുന്നു. അദ്ദേഹം (അങ്ങനെ പറയാമെങ്കില്‍)  കര്‍മ്മത്തിന്‍റെ  ജ്ഞാനിയായിരുന്നു, ഒരു അസാമാന്യമതധൈഷണികനായിരുന്നു. അദ്ദേഹത്തിനു ജനങ്ങളെയും അവരുടെ സാമൂഹികാവശ്യങ്ങളെയും പറ്റി തികഞ്ഞ അവബോധമുണ്ടായിരുന്നു. ദക്ഷിണേന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളെ ഉദ്ധരിക്കുന്നതിനു അദ്ദേഹം മഹത്തായ സംഭാവനകള്‍ നല്കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ പ്രവര്‍ ത്തനങ്ങള്‍ ഒരു നിശ്ചിത അളവുവരെ ഗാന്ധിജിയുടേതിനോട് സംയോജിക്കുന്നതുമായിരുന്നു.'

       'അദ്വൈതദീപിക' ഗുരുവിന്‍റെ ഒരു പ്രധാന വേദാന്തകൃതിയായി അറിയപ്പെടുന്നതാണ്.  അദ്വൈതദീപജ്ഞാനത്തിന്‍റെ ദൃഷ്ടാന്തപരമായ ആശയാവിഷ്കാരമാണിത്. അറിവും ആ അറിവില്‍ അന്തര്‍ലീനമായിരിക്കുന്ന അറിയുന്നവന്‍റെ തിരിച്ചറിയലും ഈ കൃതിയില്‍ പ്രകാശിതമായിരിക്കുന്നു. ഗുരുവിന്‍റെ ജീവിതം തന്നെ ഈ സന്ദേശങ്ങളുടെ ദൃഷ്ടാന്തരീകരണമായിരുന്നു. അദ്വൈതജ്ഞാനം പകര്‍ന്നു നല്കുന്നതിനായി അദ്ദേഹം തന്നത്താന്‍ ഒരു ആചാര്യന്‍റെ റോള്‍ എടുത്തു. ഈ റോളില്‍ അദ്ദേഹം ഒരു അന്വേഷകനും ദാര്‍ശനികനും പ്രകാശകനുമായി. ഗുരുവിന്‍റെ ഈ ഏകാദ്ധ്യാപക പാഠശാല ആദ്ധ്യാത്മിക ഗുരുക്കന്മാരായ വ്യാസന്‍റെയും വാല്മീകിയുടെയും ശങ്കരന്‍റെയും തിരുവള്ളുവരുടെയും ഒക്കെ ഉള്‍ക്കാഴ്ചകളിലധിഷ്ഠിതമായ ജീവിതാഭിമുഖ്യം ജനങ്ങള്‍ക്കു നല്കുന്ന വിദ്യാലയമായിരുന്നു.

  കപിലവസ്തുവിലെ കൊട്ടാര ത്തില്‍ നിന്നുള്ള സിദ്ധാര്‍ത്ഥ രാജകുമാരന്‍റെ വേര്‍പെടല്‍, ഉപവാസത്തിന്‍റെ യും മാനസികപീഡനത്തിന്‍റെയും നാ ല്പതു നാളുകള്‍ പര്യവസാനിപ്പിച്ച യേ ശുദേവന്‍റെ ഒളിജീവിതം, ഗബ്രിയേല്‍ സന്ദര്‍ശനത്തിനു മുന്‍പുള്ള മെക്കാഗുഹകളിലെ പ്രവാചകന്‍ മുഹമ്മദിന്‍റെ വിശ്രമമില്ലാത്ത ദിനങ്ങള്‍, ശങ്കരന്‍റെ വിവേകചൂഡാമണിയിലെ അന്വേഷകന്‍റെ അസ്വസ്ഥതയുടെ ചിത്രാങ്കിത വര്‍ണ്ണനകള്‍ - ഇതെല്ലാം സത്യാന്വേഷകരുടെ പൊതുനിശ്ചയത്തിന്‍റെ മതിയായ വിവരണങ്ങളാണ് നല്കുന്നത്. സത്യാന്വേഷണപഥത്തിലേക്കുള്ള ഗു രുവിന്‍റെ വിഷമാവസ്ഥകളും വ്യത്യസ്തമായിരുന്നില്ല. സത്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്‍റെ നിലയും സ്നേഹവും ഒരിക്കലും വിട്ടുവീഴ്ചയില്ലാത്തതായിരുന്നു.

    പാകമാകാത്ത സിദ്ധാന്തങ്ങളും ബോദ്ധ്യപ്പെടാത്ത വിവരങ്ങളും കൊ ണ്ട് മനസ്സ് നിറയ്ക്കുവാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നതേയില്ല. ആത്മോപദേശശതകത്തില്‍ നല്കുന്ന  ആത്മാനുഭൂതിയുടെ പരാമര്‍ശങ്ങള്‍ മരുത്വാമലയില്‍ തപസ്സിരുന്ന കാലത്ത് ഗുരു അനുഭവിച്ച സത്യസാക്ഷാത്കാരത്തിന്‍റെ പ്രത്യക്ഷഭാവങ്ങളാണ്. ആ ആനുഭൂതികതയെ പരാമര്‍ശിക്കുന്ന രണ്ടു പദ്യങ്ങള്‍ നോക്കുക:

അധികവിശാലമരുപ്രദേശമൊന്നായ്
നദി പെരുകുന്നതുപോലെ വന്നു നാദം
ശ്രുതികളില്‍ വീണു തുറക്കുമക്ഷിയെന്നും
യതമിയലും യതിവര്യനായിടേണം.

(ആത്മോ- 16)

ഒരു പതിനായിരമാദിതേയരൊന്നായ്
വരുവതുപോലെ വരും വിവേകവൃത്തി
അറിവിനെ മൂടുമനിത്യമായയാമീ-
യിരുളിനെയീര്‍ന്നെഴുമാദിസൂര്യനത്രേ.

(ആത്മോ- 35)

      സര്‍വ്വവുമടങ്ങുന്ന ഏകദര്‍ശനത്തി ന്‍റെ മഹത്തായ ഉണര്‍വ്വ് ഗുരുവില്‍ സംഭവിക്കപ്പെടുകയായിരുന്നു. അ ഖണ്ഡസത്യത്തെ ദര്‍ശിക്കുന്ന ഒരാളിന് അതിന്‍റെ ആശ്ചര്യകരമായ കവിയല്‍ ഒരു സന്യാസിമഠത്തിന്‍റെ ശാന്തിയിലേക്കുള്ള മനുഷ്യത്വത്തിന്‍റെ ഭ്രാന്തമായ തള്ളിക്കയറ്റത്തില്‍ നിന്നും തന്നത്താന്‍ പിന്‍വാങ്ങുന്നതിനുള്ള പ്രലോഭനമായി അനുഭവപ്പെടാം. ഒരു കൊല്ലന്‍റെ ആലയിലെ ഉരുകിയ സ്വര്‍ണ്ണം പോലെ ഗുരുവിന്‍റെ അന്തരാത്മാവ് വികാരതീവ്രതയുടെ പരമാനന്ദതലത്തിലായിരുന്നു. അദ്ദേഹത്തിന്‍റെ ദൈവം അഖണ്ഡതയുടെ മു ത്തായിരുന്നു. ജീവിതത്തിന്‍റെ നടനകേന്ദ്രമായിരുന്നു, ഹൃദയത്തിന്‍റെ ശാന്തിയില്‍ തളിര്‍ത്ത താമരയായിരുന്നു.

       ഒരു ലക്ഷ്യത്തിന്‍റെ മാതൃകയില്‍ ഗുരുദേവന്‍ നല്കിയ വിജ്ഞാപനമാമായിരുന്നു ഇത്.

ജാതിഭേദം മതദ്വേഷം
ഏതുമില്ലാതെ സര്‍വ്വരും
സോദരത്വേന വാഴുന്ന
മാതൃകാസ്ഥാനമാമിത്'

       ഗുരുദേവനു ശിവപുരാണത്തിലും പട്ടണത്തു പിള്ളയാര്‍, മാണിക്കവാചകര്‍, അപ്പര്‍, സുന്ദരമൂര്‍ത്തി, തിരുജ്ഞാനസംബന്ധര്‍ തുടങ്ങിയ തമിഴ് സിദ്ധന്മാരുടെ എല്ലാ കൃതികളിലും അഗാധപാണ്ഡിത്യമുണ്ടായിരുന്നു. തിരുവള്ളുവരുടെ തിരുക്കുറള്‍ മലയാളത്തിലേക്ക് ഗുരു വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്. സാമൂഹികസമത്വത്തിന്‍റെ വക്താ വായിരുന്ന തമിഴ്നാട്ടിലെ പ്രസിദ്ധനായ രാമലിംഗസ്വാമികള്‍ ഗുരുവിന് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെയായിരുന്നു. തായുമാണവരുടെ 'സുഖവരി' പോലുള്ള സ്തുതിഗീതങ്ങള്‍  ഗുരുവിന്‍റെ സ്തോത്രകൃതികളെ നിശ്ചയമായും സ്വാധീനിച്ചിട്ടുണ്ട്.

       ഏണസ്റ്റ് കര്‍ക്ക് എന്ന ഇംഗ്ലീഷുകാരനു ഗുരു സന്ന്യാസം നല്കുകയും അദ്ദേഹത്തിന്‍റെ പാശ്ചാത്യവേഷവിധാനവും ക്രിസ്തീയനാമവും തുടരുവാന്‍ ഉപദേശിക്കുകയും ചെയ്തു. പറയ- പുലയ തുടങ്ങിയ അയിത്ത സമുദായങ്ങളില്‍പ്പെട്ട കുട്ടികളെ ഗുരു ആശ്രമത്തില്‍ അന്താവാസികളാക്കുകയും അവരെ ക്ഷേത്രപൂജകള്‍ നടത്തുവാനും ഉപനിഷത്തു പാരായണം ചെയ്യുവാനും അതിഥികള്‍ക്കും അന്തേവാസികള്‍ക്കും ആഹാരം പാകം ചെ യ്യുവാനും കൊടുക്കുവാനും പ്രാപ്തരാക്കുകയും ചെയ്തു.

     ജാതിവിവേചനത്തിന്‍റെ അടിമത്തത്തില്‍ നിന്നും സാമൂഹികപീഡനത്തിന്‍റെ ചങ്ങലയില്‍ നിന്നും മോചനം പ്രാപിക്കുവാനുള്ള ദാഹമായിരുന്നു പുതിയ ക്ഷേത്രങ്ങളുണ്ടാക്കണമെന്ന വികാരത്തിലേക്ക് ജനങ്ങളെ നയിച്ചത്. പരിശുദ്ധമായ സ്ഥലത്ത് നിലകൊള്ളുന്ന പരിപാവനമായ ക്ഷേത്രവും അവിടുത്തെ ശുദ്ധവായുവും ശുദ്ധജലവും ജനങ്ങളെ അവിടേക്ക് വരുന്നതിനു പ്രേരിപ്പിക്കുമെന്നും പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി അവര്‍ ക്ഷേത്രത്തില്‍ കഴിച്ചുകൂട്ടുമെന്നും ഗുരുദേവന്‍  ജനങ്ങളോടു പറയുകയുണ്ടായി.  സങ്കുചിതമായ വികാരങ്ങളില്‍ നിന്നും ജനങ്ങളെ സ്വതന്ത്രരാക്കുന്നതിനായി ക്ഷേത്രങ്ങളില്‍ ഒരു തുറസ്സായ സ്ഥലം ഉണ്ടായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഇത് ജീവിതത്തിന്‍റെ ഉന്നതമൂല്യങ്ങളിലേക്ക് കൂടുതല്‍ ഗൗരവത്തോ ടെ ജനങ്ങള്‍ക്ക് പ്രവേശിക്കുവാനുള്ള ഒരു പടിയായിത്തീര്‍ന്നു.

       'ബിംബാരാധന നല്ലതാണോ' എ ന്ന ഒരു പത്രാധിപരുടെ ചോദ്യത്തിനു മറുപടിയായി ഗുരു ഇങ്ങനെ പറഞ്ഞു.

     'ക്ഷേത്രത്തില്‍ ചെല്ലുമ്പോള്‍ ബിം ബത്തെപ്പറ്റി സ്മരണയേയില്ല. ഈശ്വരനെപ്പറ്റിയാണ് അവര്‍ വിചാരിക്കുന്നത്. നിങ്ങളെപ്പോലെയുള്ളവര്‍ പറഞ്ഞുകൊടുത്താലേ അവര്‍ ബിംബത്തെപ്പറ്റി ഓര്‍ക്കുന്നുള്ളൂ. എല്ലാവരും ഈശ്വരനെയാണു ആരാധിക്കുന്നത്. ബിംബത്തെയല്ല'.

    തൃശ്ശൂരില്‍ പുതിയതായി നിര്‍മ്മിച്ച ക്ഷേത്രത്തെ ചൂണ്ടി ഗുരു പറഞ്ഞു. 'ക്ഷേത്രത്തിനു നാലുപുറവും പൂ ന്തോ ട്ടം ഉണ്ടാക്കണം. വൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കണം. എല്ലാ ക്ഷേത്രങ്ങളിലും വായനശാലകള്‍ ഉണ്ടായിരിക്കണം. ധാര്‍മ്മിക ജീവിതം നയിക്കുന്നതിനുവേണ്ടി അടിസ്ഥാനതത്ത്വങ്ങള്‍ പഠിപ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണം.'

      ഇത്തരത്തിലുള്ള ക്ഷേത്രം ജനങ്ങള്‍ക്ക് വലിയ സഹായകമായിരിക്കും. ഇതെല്ലാം അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഗുരുദേവന്‍ ക്ഷേത്ര പ്രതി ഷ്ഠകള്‍ നടത്തിയത്. ദര്‍ശനമാലയിലെ അസത്യദര്‍ശനം പത്താംശ്ലോകത്തില്‍ ഗുരു പറയുന്നു-

                ഏകം സത്യം ന ദ്വിതീയം
                ഹ്യസത്യം ഭാതി സത്യവത്
                ശിലൈവ ശിവലിങ്ഗം ന
                ദ്വിതീയം ശില്പിനാ കൃതം.

(തുടരും)