ഗുരുദേവന്‍റെ 'പൊടി' ശാസ്ത്രത്തിന്‍റെ 'ദൈവകണം'
സ്വാമി ഋതംഭരാനന്ദ
പ്രപഞ്ചോല്പത്തിയും പ്രപഞ്ചഘടനയും ശാസ്ത്രലോകത്തിനു എന്നും ആവേശകരവും അത്ഭുതകരവും സങ്കീര്‍ ണ്ണവുമായ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് കാരണമായിരിക്കുന്ന സമസ്യകളാണ്. ഓരോ പരീക്ഷണവും നല്‍കുന്ന കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും ഒരു സുനിശ്ചിതത്വം കല്പിക്കാനാവുന്നില്ല എന്നതാണ് പലപ്പോഴും ഈ രംഗത്ത് ശാസ്ത്രമേഖലയെ കുഴയ്ക്കുന്നത്. എന്നു പറഞ്ഞാല്‍ പുതിയ കണ്ടെത്തല്‍ വരുന്നതോടെ പഴയ കണ്ടെത്തലിന്‍റെ നിലനില്പ് ഇല്ലാതാവുന്നുവെന്നു സാരം. പുതിയ കണ്ടെത്തലിനാവട്ടെ ഇനി വരാനിരിക്കുന്ന കണ്ടെത്തല്‍ വരെയേ ആയുസ്സുണ്ടായിരിക്കുന്നുമുള്ളൂ. ഇങ്ങനെ സുനിശ്ചിതമല്ലാത്ത തത്ത്വങ്ങളും സിദ്ധാന്തങ്ങളും പരീക്ഷണങ്ങളും കൊണ്ട് ശാസ്ത്രലോകം പ്രപഞ്ചത്തെ തൊട്ടറിയുവാന്‍ നൂറ്റാണ്ടുകളായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്.
ഈ പരിശ്രമത്തിന്‍റെ ഏറ്റവും അവസാനത്തെ കണ്ടെത്തലാണ് 'ദൈവകണം' എന്ന ഹിഗ്സ് ബോസോണ്‍. സ്വിസ്- ഫ്രഞ്ച് അതിര്‍ത്തിയില്‍ ആയിരത്തിലധികം കോടി ഡോളര്‍ ചെലവിട്ട് ഭൂമിയ്ക്കടിയില്‍ 50 മുതല്‍ 175 വരെ മീറ്റര്‍ താഴ്ചയില്‍ 27 കിലോമീറ്റര്‍ ദീര്‍ഘവൃത്താകൃതിയില്‍ നിര്‍മ്മിച്ച ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (ഘഒഇ) എന്ന കൂറ്റന്‍ പരീക്ഷണശാലയിലാണ് ശാസ്ത്രലോകം ഈ ദൈവകണത്തെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അതിന്‍റെ നിര്‍മ്മിതിയെക്കുറിച്ചുമുള്ള രഹസ്യങ്ങളിലേക്കു ശാസ്ത്രത്തിനു കടക്കണമെങ്കില്‍ പ്രപഞ്ചത്തിലെ ദ്രവ്യത്തിനു പിണ്ഡം നല്കുന്ന ഈ ദൈവകണത്തെ കണ്ടെത്തേണ്ടതുണ്ടായിരുന്നു. 2012 ജൂലായിലെ ആദ്യദിനങ്ങളില്‍ കണ്ടെത്തിയ ഈ ദൈവകണത്തിലേക്ക് എത്തുവാന്‍ ശാസ്ത്രലോകത്തിന് വെളിച്ചമേകിയത് സത്യേന്ദ്രനാഥ് ബോസ് എന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ 1924 ല്‍ രൂപം നല്‍കിയ ബോസോണ്‍ കണികാസിദ്ധാന്തമാണ്. പീറ്റര്‍ ഹിഗ്സ് എന്ന ഭൗതിക ശാ സ്ത്രജ്ഞനാണ് ദൈവകണത്തിന്‍റെ സാന്നിദ്ധ്യത്തെക്കുറിച്ചുള്ള ചിന്താപരമായ സാധ്യത (1964 ല്‍) ലോകത്തിനു നല്കിയത്.
അറ്റോമിക് ന്യൂക്ലിയസ്സിനുള്ളിലെ അടിസ്ഥാനദ്രവ്യകണമായ പ്രോ ട്ടോണ്‍ ധാരകളെ പ്രകാശവേഗത്തില്‍ പായിച്ച് കൂട്ടിയിടിപ്പിച്ചതോടെ അതിനുള്ളിലെ ക്വാര്‍ക്കുകളും ഗ്ലൂവോണുകളും വേര്‍പെടുകയും, ഈ വേര്‍പെടലിലൂടെ ദൈവകണത്തെ കണ്ടെത്തുവാനുള്ള ചരിത്രമുഹൂര്‍ത്തം ശാസ്ത്രലോകത്തിനു കൈവരികയും ചെയ്യുകയായിരുന്നു.
ഇതുപോലെ ഇനിയും എത്രയോ കണ്ടെത്തലുകള്‍ ഉണ്ടായെങ്കില്‍ മാത്രമേ പ്രപഞ്ചനിര്‍മ്മിതിയുടെ രഹസ്യത്തിലേക്കുള്ള വാതിലുകളെങ്കിലും ശാസ്ത്രലോകത്തിനു തുറന്നു കിട്ടുകയുള്ളൂ. ഈ തുറക്കല്‍ എത്രമാത്രം യാഥാര്‍ത്ഥ്യമാകും എന്നതിനു മുന്നില്‍ ശാസ്ത്രജ്ഞന്മാര്‍ക്കു പോലും വേണ്ടത്ര സുനിശ്ചിതത്വമില്ല . ഇതാണ് ശാസ്ത്രലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.
ഏതായാലും ദൈവകണം തേടിയുള്ള അഞ്ചു പതിറ്റാണ്ടുകളിലെ പരീക്ഷണത്തിനൊടുവില്‍ സുപ്രധാന വഴിത്തിരിവിലെത്തി നില്ക്കുന്ന ശാസ്ത്രലോകം അറിയാതെ പോയ ഒരു മഹാരഹസ്യമുണ്ടെന്നറിയണം. അയ്യായിരത്തിലധികം ശാസ്ത്രജ്ഞന്മാരുടെ ചിന്തയും ബുദ്ധിയും ശ്രദ്ധയും സംഗമിച്ച് കണ്ടെത്തപ്പെട്ട ഈ ദൈവകണം എത്രയും വിലപ്പെട്ട കണ്ടെത്തല്‍ തന്നെയെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതേക്കുറിച്ചുള്ള ദാര്‍ശനികമായ വെളിപ്പെടുത്തലുകള്‍ 115 സംവത്സരങ്ങള്‍ക്ക് മുമ്പുതന്നെ അതായത് 1897 ല്‍ രചിച്ച ആത്മോപദേശശതകത്തിലൂടെയും പില്ക്കാലത്ത് രചിക്കപ്പെട്ട ദര്‍ശനമാലയിലൂടെയും ശ്രീനാരായണഗുരുദേവന്‍ ലോകത്തിനു നല്കിയിരുന്നുവെന്നത് ഒരുപക്ഷേ ഇന്നത്തെ ശാസ്ത്രലോകത്തെപ്പോലും അമ്പരപ്പിച്ചേക്കാം. അതുപോലെ തന്നെ നാമരൂപാത്മകമായി പിരിഞ്ഞും വ്യാപിച്ചും നിലകൊള്ളുന്ന ഈ പ്രപഞ്ചത്തിന്‍റെ അതിസൂക്ഷ്മതലത്തെക്കുറിച്ച് അദ്വൈതദീപിക എന്ന കൃതിയിലും ആവിഷ്കരിക്കപ്പെടുന്നുണ്ട്. കൂടാതെ ചിജ്ജഡചിന്തകം, ഗദ്യപ്രാര്‍ത്ഥന എന്നീ കൃതികളിലും പ്രപഞ്ചോല്പത്തിയെക്കുറിച്ചുള്ള സുവ്യക്തമായ വെളിപാടുകള്‍ കാണാം.
ആത്മോപദേശശതകത്തിലെ 74-ാം പദ്യത്തില്‍ ഗുരുദേവന്‍ വ്യക്തമാക്കുന്നതു നോക്കുക:
ഈ ഭൂമിയില്‍ അടങ്ങിയിരിക്കുന്നത് അസംഖ്യം പൊടികളാണ്. ഈ പൊടികളുടെ സംഘാതമാണ് ഭൂമി. അതുകൊണ്ട് ഒരിക്കലും ഈ പൊടിയും ഭൂമിയും രണ്ടല്ല. ഇതുപോലെ ബോധം പ്രപഞ്ചവസ്തുക്കളായിരിക്കുന്ന ജഡത്തിലും ജഡമായിരിക്കുന്ന പ്രപഞ്ചവസ്തുക്കള്‍ ബോധത്തിലും അന്തര്‍ഭവിക്കുന്നു.
ഇവിടെ വെളിവാക്കപ്പെടുന്ന 'പൊടി'യെയാണ് ശാസ്ത്രലോകം 'ദൈവകണം' (ഹിഗ്സ് ബോസോണ്‍) എന്ന പേരില്‍ ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളതെന്ന് വിലയിരുത്താം. 'ദൈവകണ' മാണ് സമസ്തദ്രവ്യങ്ങള്‍ക്കും അഥവാ വസ്തുക്കള്‍ക്കും രൂപവും വലിപ്പവും നല്കുന്നതെന്ന ശാസ്ത്രലോകത്തിന്‍റെ കണ്ടെത്തല്‍ ഗുരുവിന്‍റെ ഈ ദാര്‍ശനികവെളിപാടിന്‍റെ ശാസ്ത്രനിര്‍വ്വചനമാണ് . ദൈവകണം ബോധത്തിലും ബോധം ദൈവകണത്തിലും അന്തര്‍ഭവിച്ചിരിക്കുന്ന ഈ അപൂര്‍വ്വശാസ്ത്രനേട്ടം ജഡം ചിത്തിലും (ജഡമമരുന്നതുപോലെ ചിത്തിലും) ചിത്ത് ജഡത്തിലും (ചിത്തുടലിലും) അന്തര്‍ഭവിക്കുന്നു എന്ന ഗുരുദേവദര്‍ശനത്തിന്‍റെ പ്രാ യോഗികതല വെളിപാടാണ്.
പല പ്രകാരത്തില്‍ പ്രപഞ്ചവസ്തുക്കളായി കാണപ്പെടുന്നതിന്‍റെയെല്ലാം ആദികാരണസത്തയായിരിക്കുന്ന ബീജം ഒന്നു തന്നെയാണ്. ഇതില്‍ നിന്നും അന്യമായ ഒരു വസ്തു അല്പം പോലും ഈ പ്രപഞ്ചത്തില്‍ ഉണ്ടായിരിക്കുന്നില്ല. അരണ്ട വെളിച്ചത്തില്‍ കാണപ്പെടുന്ന കയറ് സര്‍പ്പമായി തോന്നും. എന്നാല്‍ ആ കാണപ്പെടുന്ന സര്‍പ്പത്തില്‍ കയറല്ലാതെ മറ്റൊരു വസ്തുവും ഉണ്ടായിരിക്കുന്നില്ല.
അദ്വൈതദീപിക എന്ന കൃതിയിലൂടെ ഗുരുദേവന്‍ ആവിഷ്കരിക്കുന്ന ഈ ദാര്‍ശനികതലത്തിലേക്ക് ശാസ്ത്രലോകത്തിന്‍റെ കാഴ്ച ദൈവകണത്തിലൂടെ ഇപ്പോള്‍ എത്തിയിരിക്കുകയാണെന്നു മനസ്സിലാക്കാം.
ലോകത്തെ ഏതൊരു ശാസ്ത്രജ്ഞനും ശാസ്ത്രദൃഷ്ട്യാ ഈ പ്രപഞ്ചത്തെ നിരീക്ഷിക്കുമ്പോഴും നിര്‍വ്വചിക്കുമ്പോഴും വിലയിരുത്തുമ്പോഴും പ്രപഞ്ചോല്പത്തിയിലേക്ക് സഞ്ചരിക്കുമ്പോഴും അതിന്‍റെ ആഴവും വ്യാപ്തിയും ഗുരുവിന്‍റെ പ്രപഞ്ചദര്‍ശനത്തിനു ഒട്ടും വെളിയിലായിരിക്കുന്നില്ല എന്നതില്‍ നിന്നും ഗുരുവിലെ മഹാശാസ്ത്രജ്ഞന്‍റെ കാല്പാടുകളാണ് നമുക്കു കാണാനാവുന്നത്.
ഭൗതികശാസ്ത്രലോകത്തിനു ഇനിയും അജ്ഞാതമായിരിക്കുന്ന ഒരു പ്രപഞ്ചമുണ്ട്. അതിനെയാണ് 'ഒളിക്കപ്പെട്ട പ്രപഞ്ചം' എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം പ്ലാങ്ക് സമയത്തിനു മുന്‍പുള്ള -ഈ നിലയില്‍ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പു ആദ്യാവസ്ഥയിലുള്ള സൂക്ഷ്മപ്രപഞ്ചമാണത്. ഇതിലേക്കു ശാസ്ത്രലോകത്തിനു എന്നെങ്കിലും എത്തിച്ചേരാനാവുമോ? പ്രവചനാതീതമാണത്. ആ ഒളിക്കപ്പെട്ട അല്ലെങ്കില്‍ മൂടപ്പെട്ട പ്രപഞ്ചത്തെക്കുറിച്ചും ഗുരുദേവന്‍ ദര്‍ശനമാലയിലൂടെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുണ്ട് എന്നറിയുമ്പോഴാണ് നമുക്കും നമ്മുടെ ശാസ്ത്രലോകത്തിനും അമ്പരപ്പ് ഉണ്ടാകുന്നത്. എന്നാല്‍ ഈ വിധം അറിയുവാനുള്ള അവസരം ഇതുവരെ ശാസ്ത്രലോകത്തിനുണ്ടായിട്ടില്ല എന്നതാണ് ഈ രംഗത്തെ വലിയ പരിമിതിയായിരിക്കുന്നതും.
അതിസൂക്ഷ്മമായ തരിയില്‍ നിന്നും ഒരു വടവൃക്ഷം രൂപപ്പെടുന്നതുപോലെ അത്യന്തം സൂക്ഷ്മമായ ബോധവസ്തുവില്‍ നിന്നുമാണ് നാമരൂപാത്മകമായ ഈ ജഗത് പ്രത്യക്ഷപ്പെട്ടിട്ടുള്ളത് എന്ന ഗുരുദേവന്‍റെ ദര്‍ശനത്തില്‍ ശാസ്ത്രലോകം അന്വേഷിക്കുന്ന ഒളിക്കപ്പെട്ട പ്രപഞ്ചത്തിന്‍റെ സങ്കല്പം അടങ്ങിയിരിക്കുന്നുണ്ട്.
ഒരു ചിത്രം വ്യക്തരൂപം പ്രാപിക്കുന്നതിനു മുന്‍പ് അത് സൂക്ഷ്മമാ യി ചിത്രകാരന്‍റെ ഭാവനയില്‍ ഇരിക്കുന്നതുപോലെ ഈ പ്രപഞ്ചം പുറമേ പ്രത്യക്ഷപ്പെടുന്നതിനു മുന്‍പ് കേവലം സങ്കല്പമാത്രമായി സ്ഥിതി ചെയ്യുകയായിരുന്നു എന്ന ഈ ആവിഷ്കരണത്തിലും പ്രപഞ്ചോല്പത്തിയുടെ അതിസൂക്ഷ്മഭാവങ്ങളെയാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. പ്രപഞ്ചത്തിന്‍റെ ആദിയിലുള്ള ഈ വൈചിത്ര്യാവസ്ഥയിലേക്കാണ് ദൈവകണത്തിലെത്തി നില്ക്കുന്ന ശാസ്ത്രലോകത്തിനു ഇനി സഞ്ചരിക്കേണ്ടിയിരിക്കു ന്നതെന്നോര്‍ക്കുമ്പോള്‍ ഗുരുദര്‍ശനത്തിന്‍റെ പ്രസക്തി ഏറി വരികയാണ്.
ഗുരുദേവന്‍റെ 158-ാമത് തിരുനാള്‍ ആഘോഷിക്കപ്പെടുന്ന അത്യന്തം ഭക്തിനിര്‍ഭരമായ ഈ സന്ദര്‍ഭത്തില്‍ 'ചിജ്ജഡചിന്തകം' എന്ന ഗദ്യകൃതിയിലൂടെ ഗുരുദേവന്‍ വെളിപ്പെടുത്തുന്ന പ്രപഞ്ചദര്‍ശനത്തിലേക്ക് ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയെ സാദരം ക്ഷണിച്ചുകൊള്ളട്ടെ:
'അയ്യോ, ഇത് എന്തോന്ന് ഇന്ദ്രജാലമാണ് ഈ പ്രപഞ്ചം! വെളിയില്‍ കാണുന്നതുമല്ല ഇന്ദ്രിയങ്ങളില്‍നിന്നും തള്ളി വരുന്നതുമല്ല, ഇന്ദ്രിയങ്ങളോടുകൂടി വരുന്നതുമല്ല, പിന്നെ എങ്ങനെയാണ് ഇപ്രകാരം നിര്‍ഹേതുകമായി കാണപ്പെടുന്നതെന്നു ചോദിച്ചാല്‍, അത് അവിചാരദശയില്‍ കാനല്‍ജലംപോലെ തോന്നുന്നതല്ലാതെ, വിചാരിച്ചു നോക്കുമ്പോള്‍ ഇതെല്ലാം ശുദ്ധചിത്തായിത്തന്നെ വിളങ്ങുന്നു. അത് എങ്ങനെയെന്നാല്‍ ഒരു കയറ്റിന്‍കണ്ടത്തില്‍ കല്പിതമായിരിക്കുന്ന നാഗം വെളിച്ചം വരുമ്പോള്‍ അധിഷ്ഠാനമായ ആ കയറ്റില്‍ത്തന്നെ മറയും. അപ്പോള്‍ മുമ്പില്‍, 'ഇത് നാഗം' എന്നിങ്ങനെ ഇദംവൃത്തിയാല്‍ ഗ്രഹിക്കപ്പെട്ടിരുന്ന കല്പനാ നാഗത്തില്‍നിന്നു വിട്ടു കണ്ണു ആ കയറ്റില്‍ത്തന്നെ പറ്റിനിന്നു വിളങ്ങുന്നതുപോലെ, 'അവിചാരദശയില്‍ കാണപ്പെടുന്ന ഈ ശരീരാദി പ്രപഞ്ചം മുഴുവനും ഇപ്രകാരം നിഷ്ക്കാരണമായി അഖണ്ഡചിന്മാത്രമായിരിക്കുന്ന ബ്രഹ്മത്തില്‍ ഇരിക്കുന്നതിനു ഒരിക്കലും അവകാശമില്ല' എന്നിങ്ങനെ ചിന്തിച്ചുചിന്തിച്ചുണ്ടാകുന്ന ബോധോദയത്തില്‍ ഇതൊക്കെയും അധിഷ്ഠാനമായ ബ്രഹ്മത്തില്‍ത്തന്നെ മറയുന്നു. അപ്പോള്‍ ഇതു മുമ്പില്‍ കണ്ടിരുന്ന കല്പിതപ്രപഞ്ചത്തില്‍നിന്നും വിട്ട്, നിരാധാരമായിരിക്കുന്ന ഇദംവൃത്തി ഊര്‍ധ്വമുഖിയായി ജീവബോധത്തോടുകൂടെ അഖണ്ഡചിത്തില്‍ ലയിച്ചു ചിത്തു മാത്രമായി വരുന്നു.'