നവോത്ഥാന നായകരില്‍ ഗുരുവും സ്വാമി വിവേകാനന്ദനും

കൊളത്തോള്‍ രാഘവന്‍

     19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിലും 20-ാം നൂറ്റാണ്ടിന്‍റെ ആദ്യകാലങ്ങളിലും ഭാരതത്തിന്‍റെ അദ്ധ്യാത്മികമണ്ഡലം കടുത്ത ജീര്‍ണ്ണത അനുഭവിച്ച കാലഘട്ടമായിരുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിക്കുകയും അവര്‍ ഭാരതത്തിന്‍റെ തനതായ ആദ്ധ്യാത്മികമഹത്വത്തെ ഇകഴ്ത്തിക്കാണിക്കുവാനും, അതുവഴി ന മ്മുടെ സാംസ്കാരിക മൂല്യത്തെ ദുര്‍ബലമാക്കി ജനസമൂഹത്തെ അസ്വതന്ത്രരും മറ്റുള്ളവരുടെ സേവകന്മാരുമാക്കി മാറ്റുവാനും ശ്രമം നടത്തുകയുണ്ടായി.  ക്രിസ്ത്യ ന്‍ മിഷണറിമാരുടെ സ്വാധീനവും  ശക്തിയും ഇതിനായി അവര്‍ ഉപയോഗിച്ചു.

   അന്നത്തെ മതപുരോഹിതന്മാരും ഒട്ടുമിക്ക സാം സ്കാരിക നായകരും വര്‍ണ്ണാശ്രമവ്യവസ്ഥിതിയെ തീരെ ജീവിതത്തില്‍ നിന്നും മാറ്റിനിര്‍ത്തിയിരുന്നില്ല. ദൈവകല്പിതമെന്നും മായാസൃഷ്ടമെന്നും പറഞ്ഞ് അതിന്‍റെ സ ഹസഞ്ചാരികളാവാനെ അവര്‍ക്ക് കഴിഞ്ഞുള്ളൂ. അതിന്‍റെ ഫലമായി ഭൂരിപക്ഷസമൂഹം ജാതിഭേദങ്ങളിലും മതദ്വേഷങ്ങളിലും കുരുങ്ങി കടുത്ത അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അകപ്പെട്ടു. മഹത്തരമായ ഹിന്ദുസംസ്കാരം ഇരുളിന്‍റെ  പടുകുഴിയിലകപ്പെട്ടു. ഭൂരിപക്ഷ വിഭാഗത്തെ ന്യൂനപക്ഷം അകറ്റി നിര്‍ത്തി തൊട്ടുകൂടാത്തവരും തീണ്ടിക്കൂടാത്തവരുമായി മുദ്രകുത്തി. മേലാളര്‍ വെച്ചുപുലര്‍ത്തിയിരുന്ന 64 അനാചാരങ്ങള്‍ കണ്ടിട്ടാവണം മഹാകവി കുമാരനാശാന്‍ 'വമ്പാര്‍ന്നനാചാരമണ്ഡലഛത്രരായ്.... നമ്പൂരാര്‍വാണരുളുന്നനാട്ടില്‍... ' എന്നും

'ആ ഹന്തയെത്രവിഫലമാക്കിത്തീര്‍ത്തു
നീ ഹിന്ദുധര്‍മ്മമേ ജാതിമൂലം
എത്ര പെരുമാക്കള്‍ ശങ്കരാചാര്യന്മാ-
രെത്രയോ കുഞ്ചന്മാര്‍ തുഞ്ചന്മാരും
ക്രൂരമാം ജാതിയാല്‍ നൂനമലസിപ്പോയ്
കേരളമാതാവെ നിന്‍ വയറ്റില്‍..'
എന്നും രോഷം കൊണ്ടത്.

    ഈ വിപത്തിന് പ്രതിരോധമായി നി ന്നത് ഭാരതത്തിന്‍റെ തെക്കും  വട ക്കു മുള്ള രണ്ടു ആദ്ധ്യാത്മിക ജ്യോതിസ്സുകളായിരുന്നു.- ശ്രീനാരായണഗുരുവും  സ്വാമി വിവേകാനന്ദനും .

      ക്രിസ്ത്വാബ്ദം 1863 ല്‍ കല്ക്കത്തയിലെ ഒരിടത്തരം കുടുംബത്തില്‍ സ്വാ മി വിവേകാനന്ദനും കേരളത്തിലെ ചെമ്പഴന്തിയിലെ ഒരിടത്തരം കുടുംബത്തില്‍ ഗുരുദേവനും ജനിച്ചു. വിവേകാനന്ദന്‍റെ ബാല്യത്തിലെ പേര് നരേന്ദ്രന്‍ എന്നായിരുന്നു. സാമൂഹ്യരംഗം ഏ റ്റവും  ഇരുളിലാണ്ട ഒരു കാലഘട്ടമായിരുന്നു അത്. ഈ അന്ധകാരത്തില്‍ നിന്ന് ജനതയെ മുക്തമാക്കാന്‍ ഇരുവരും രംഗത്തുവന്നു.

  വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ത്ത ന്നെ നവീനാശയങ്ങള്‍ നരേന്ദ്രനെ സ്വാധീനിച്ചുകൊണ്ടിരുന്നു. ഈശ്വരനെ അന്വേഷിച്ച് ശ്രീരാമകൃഷ്ണപരമഹംസരുടെ അടുത്തെത്തിയതുമുതലാണ് നരേന്ദ്രന്‍ എന്ന ബാലന് ബുദ്ധിവികാസമുണ്ടായത്. ' നിന്നെ കാണുന്നതുപോലെ ഞാന്‍ ഈശ്വരനെ കാണുന്നു' എന്ന രാമകൃഷ്ണപരമഹംസരുടെ വാക്കുകള്‍ ഈശ്വരാന്വേഷണം അവസാനം മനുഷ്യനിലാണ് ചെന്നെത്തുന്നതെന്ന പാഠം അദ്ദേഹത്തിനു നല്കി.

    1857 ല്‍ നടന്ന സായുധ കലാപാനന്തരം ബ്രിട്ടീഷ് ഭരണമേധാവികള്‍ മതാനുയായികളെ ഭിന്നിപ്പിച്ചു നിര്‍ത്താനും അവരെ പരസ്പരം പോരടിപ്പിക്കാനും ശ്രമിക്കുകയും, അത് അവര്‍ക്ക് നടപ്പില്‍ വരുത്താന്‍ സാധിക്കുകയും ചെയ്തു.

  തുടര്‍ന്നുണ്ടായ കാലങ്ങളില്‍ മേലാളവര്‍ഗ്ഗം നടപ്പാക്കിയ തൊട്ടുകൂടായ്മ യും തീണ്ടിക്കൂടായ്മയും കീഴ്ജാതിക്കാരെ  മൃഗതുല്യരാക്കുകയാണുണ്ടായത്. കീഴാളര്‍ കണ്ടിടത്തുവെച്ചെല്ലാം ആട്ടിയോടിക്കപ്പെട്ടു.

             മതത്തിന്‍റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ വഴക്കടിച്ചു നില്ക്കുന്നതു കണ്ട് സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.

   'മതത്തിന്‍റെ പേരില്‍ എല്ലാവരും വഴക്കടിക്കുന്നത് ഞാന്‍ കാണുന്നു. ഹിന്ദുക്കള്‍, മുസല്‍മാന്മാര്‍, ബ്രാ ഹ്മണര്‍, ശാക്തന്മാര്‍, വൈഷ്ണവന്മാര്‍, ശൈവന്മാര്‍ എല്ലാവരും പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കയാണ്. അവരൊരിക്കലും ആലോചിക്കുന്നില്ല കൃഷ്ണന്‍ എന്നു വിളിക്കപ്പെടുന്നവന്‍ തന്നെയാണ് ശിവന്‍ എന്ന മൂലശക്തിയും യേശുവും അല്ലാഹുവും....'

      എല്ലാ മതവും ഒരേ വൃക്ഷത്തിന്‍റെ ശാഖകളാണ് എന്ന ശ്രീരാമകൃഷ്ണപരമഹംസരുടെ ദര്‍ശനം ഉള്‍ക്കൊണ്ടിട്ടാവണം സ്വാമി എല്ലാ മതത്തിന്‍റെയും സാരാംശം ഹൃദിസ്ഥമാക്കി എല്ലാം ഒന്നാണെന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചത് . ശ്രീനാരായണഗുരുദേവന്‍ 'പലമതസാരവുമേകം' എന്ന് ജനങ്ങളെ  പഠിപ്പിച്ചു. ആത്മോപദേശശതകത്തി ലെ 44 മുതല്‍ 49 വരെയുള്ള പദ്യങ്ങള്‍ ഗുരുദേവന്‍റെ മതമീമാംസയായിട്ടാണ് ലോകം വിലയിരുത്തിപ്പോരുന്നത്.

     ലോകം മുഴുവനും ഒന്നിച്ചനുഗമിക്കാതെ ഒരു പുരോഗതിയും സാധ്യമല്ലെന്നും ഏതു പ്രശ്നത്തിനും  വംശീയമോ ദേശീയമോ ആയ അടിസ്ഥാനത്തില്‍ പരിഹാരം കാണാനാവില്ലെന്നുമുള്ള ആര്‍ഷഭാരത സാര്‍വ്വലൗകികചിന്ത ഗുരുവും  വിവേകാനന്ദസ്വാമികളും മനുഷ്യരിലേക്കു പകര്‍ന്നു.

     ഇന്ത്യയിലാകമാനം സഞ്ചരിച്ച് മനുഷ്യന്‍റെ നാനാവിധ ജീവിതസംസ്കാരങ്ങള്‍ സ്വാമി വിവേകാനന്ദന്‍ കണ്ടറിഞ്ഞു. ഭാരതത്തിന്‍റെ നാനാത്വത്തിലുള്ള ഏകത്വം എത്ര മഹത്തരമാണെന്ന് ക ണ്ടെത്താന്‍ ഈ യാത്രകൊണ്ടദ്ദേഹത്തിനു സാധിച്ചു.

    അനാചാരങ്ങളും അന്ധവിശ്വാസങ്ങളും,  ബ്രിട്ടീഷ് ഭരണാധികാരികളില്‍ നിന്നും ഉന്നതകുലജാതിക്കാരില്‍ നി ന്നും സാധാരണ ജനങ്ങള്‍ക്കേല്ക്കേ ണ്ടിവന്ന മര്‍ദ്ദനവും ജനങ്ങളുടെ വ്യ ക്തിത്വം തളര്‍ത്തിയിരിക്കുന്നതായി അദ്ദേഹത്തിനു മനസ്സിലായി.  ആത്മബോധത്തില്‍ നിന്നുമുള്ള അകല്‍ച്ചയാണ് മനുഷ്യര്‍ തമ്മിലുള്ള വിവേചനത്തിനു കാരണമായി ഗുരുദേവന്‍ ദര്‍ശിച്ചത്. സാമൂഹ്യമായി അവരെ ഉദ്ധരിക്കുകയും ആത്മവിശ്വാസം പകര്‍ന്നു ന ല്കുകയും ആത്മബോധത്തിലേക്കു ഉയര്‍ത്തുകയും ചെയ്യുകയെന്ന ചരിത്രനിയോഗമാണ് രണ്ട് യോഗീന്ദ്രന്മാരും നിര്‍വ്വഹിച്ചതെന്നു മനസ്സിലാക്കാം.  'അ ന്നവസ്ത്രാദികള്‍ മുട്ടാതെ തന്നു കാ ത്തു രക്ഷിച്ചിടുന്ന ദൈവത്തിന്‍റെ ആഴമേറും മഹസ്സാകുന്ന ആഴിയില്‍ ആഴുവാനും വാഴുവാനും ഗുരുദേവന്‍ അരുളിച്ചെയ്തു.'

'        അവര്‍ നമ്മോട് ഭക്ഷണം ചോദിക്കുന്നു. പകരം അവര്‍ക്കു കല്ലെറി ഞ്ഞു കൊടുക്കുന്നത് അവരെ അപമാനിക്കലാണ്...'

     എന്നു വിവേകാനന്ദസ്വാമികള്‍ മതപുരോഹിതന്മാരോട് പറഞ്ഞുകൊണ്ട്  അന്ധവിശ്വാസങ്ങളെയും ജാതിവിവേചനങ്ങളെയും ഉന്മൂലനം ചെയ്യുവാന്‍ പരിശ്രമിച്ചു.

    'നിങ്ങള്‍ അന്ധവിശ്വാസികളായ വങ്കന്മാരാകുന്നതിനേക്കാള്‍ കൊടിയ നിരീശ്വരവാദികളാവുന്നതാണെനിക്കിഷ്ടം' എന്നു സ്വാമികള്‍ പറഞ്ഞു.

     മനുഷ്യനില്‍ ആത്മീയശക്തി ഉണര്‍ ത്തലായിരുന്നു ഈ രണ്ടു ആദ്ധ്യാത്മി ക മഹത്തുക്കളുടെയും ലക്ഷ്യം. ഒഴി ഞ്ഞ വയര്‍ മതത്തിനു പറ്റിയതല്ല . ദാരിദ്ര്യമകറ്റലാണ് വേണ്ടതെന്ന് ഗുരുവും വിവേകാനന്ദസ്വാമികളും സ്വന്തം ശൈ ലികളില്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.

ശ്രീനാരായണഗുരു

     കേരളത്തിലെ കടുത്ത ജാതിവ്യവസ്ഥ കണ്ട് സ്വാമി വിവേകാനന്ദന്‍ 'കേരളം ഭ്രാന്താലയമാണെന്ന്' പറ ഞ്ഞു. എന്നാല്‍ ആ ഭ്രാന്താലയത്തെ മനുഷ്യത്വത്തിന്‍റെ ദേവാലയമാക്കിത്തീര്‍ത്ത മഹാഋഷീശ്വരനായിരുന്നു ശ്രീനാരായണഗുരുദേവന്‍.

       19-ാം നൂറ്റാണ്ടിന്‍റെ അന്ത്യപാദത്തില്‍, ഫ്യൂഡലിസ്റ്റ് വ്യവസ്ഥിതി കൊ ടികുത്തിവാഴുമ്പോള്‍, നവോത്ഥാനത്തിന്‍റെ ദേശീയ അലയൊലി കേരളത്തിലും അലയടിക്കാന്‍ തുടങ്ങി. ഈ നവോത്ഥാനപ്രക്രിയയ്ക്ക് തുടക്കം കുറിച്ചത് ശ്രീനാരായണഗുരുവായിരുന്നു. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്നും 'മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി' എന്നും ഉള്ള കാലഘട്ടത്തിന്‍റെ കാഹളം മുഴക്കിയാണ് ഗുരുദേവന്‍ സാമൂഹ്യനവോത്ഥാനത്തിന് കരുത്തു പകര്‍ന്നത്. അനാചാരത്തിന്‍റെയും അന്ധവിശ്വാസത്തിന്‍റെയും നാരായ വേരിനിളക്കം തട്ടാന്‍ ഈ കരുത്ത് കാരണമായി. നിലവിലുള്ള എല്ലാ സാമൂഹ്യഅനീതിയേയും അനാചാരങ്ങളേയും എതിര്‍ത്തു തോല്പ്പിക്കാതെ നല്ല മനുഷ്യനെ സൃഷ്ടിക്കാനാവില്ലെന്നതായിരുന്നു ഗുരുവിന്‍റെ നിരീക്ഷണം. അതുകൊണ്ടാവാം ഇനി ദേവാലയങ്ങള്‍ക്കു പകരം വിദ്യാലയങ്ങള്‍ മതിയെന്നു ഉദ്ബോധിപ്പിച്ചത്.

     മതപരിഷ്കരണരംഗത്ത് മറ്റേതു മഹാന്മാരെക്കാളും പ്രഥമസ്ഥാനം ശ്രീനാരായണഗുരുദേവനാണ്. ദേശീയ നവോത്ഥാന പ്രവര്‍ത്തനത്തിനു ആ ക്കം കൂട്ടുവാന്‍ തക്കവിധം കേരളത്തെ മുന്നോട്ടു കൊണ്ടു പോകുവാന്‍ ഗുരുവിനു സാധിച്ചു. തമിഴിലും സംസ്കൃതത്തിലും അഗാധപാണ്ഡിത്യമുണ്ടായിരുന്ന ഗുരുദേവന്‍ എക്കാലത്തെയും  പ്രകാശിപ്പിക്കുന്ന അമൂല്യകൃതികള്‍ രചിച്ച് മനുഷ്യവംശത്തിനു നല്കുകയും ചെയ്തു.

     സാമൂഹ്യനവോത്ഥാനവും ദാര്‍ശനികനവോത്ഥാനവും ഒരേസമയം  നിര്‍വ്വഹിച്ചുകൊണ്ട് മനുഷ്യത്വമല്ലാതെയുള്ള തൊന്നും മനുഷ്യന്‍റെ ജാതിയല്ലെന്ന തിരിച്ചറിവിലേക്ക് ലോകത്തെ നയിച്ചു. ജാതിഭേദം മതദ്വേഷം എതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന ഒരു ലോകമായിരുന്നു ഗുരുവിന്‍റെ സ്വപ്നം. അതിന്‍റെ സാക്ഷാത്കാരത്തിനുവേണ്ടി യത്നിക്കുകയെന്നതാണ് ഗുരുദേവ ഭക്തന്മാരുടെ കര്‍ത്തവ്യം.

(കെ. ദാമോദരന്‍റെ ഇന്ത്യയുടെ ആത്മാവിനോട് കടപ്പാട്.)