ദാനവസ്തുവില്‍ ആശ വയ്ക്കരുത്

സ്വാമി ഋതംഭരാനന്ദ

ചോദ്യം:

      സ്വാമിജീ, ഗുരുഭക്തനായ ഞാന്‍ ഒരു സമയത്ത്  എന്‍റെയൊരു ബന്ധുവിനു അല്പം ഭൂമി ദാനമായി കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ എനിക്ക് ആ വസ്തു തിരികെക്കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്. പകരം മറ്റൊരു സ്ഥലം കൊടുക്കാന്‍  ഞാനൊരുക്കമാണ്. ഇതില്‍ എന്തെങ്കിലും അസാംഗത്യം ഉള്ളതായി കരുതാമോ?

ഉത്തരം: 

   ~ഒരിക്കല്‍ ഒരാള്‍ക്ക് ദാനമായി നല്കിയതിനെ പിന്നീട് തിരികെ വാങ്ങുന്നവരും തിരികെ ചോദിക്കുന്നവരും തിരികെക്കിട്ടാന്‍ ആഗ്രഹിക്കുന്നവരും നമ്മുടെ സമൂഹത്തില്‍ ഇന്നു ധാരാളമുണ്ട്. ദാനം എന്നാല്‍ എന്തെന്നു അറിയാത്തവരാണ് ഇവര്‍.

    ദാനം ചെയ്യുകയെന്നത് ധാര്‍മ്മികമായ ഒരു പ്രവൃത്തിയാണ്. ഒരിക്കലും ഒരു വസ്തുവില്‍ ആശ വച്ചുകൊണ്ട് അത് മറ്റൊരാള്‍ക്ക് കൊടുക്കുന്നതു ദാനമല്ല. ദാനമായി കൊടുക്കുന്നതിനെ അതെന്തായാല്‍ തന്നെയും പിന്നീട് ആഗ്രഹിക്കുവാന്‍പോലും പാടില്ല. കാരണം അങ്ങനെയൊരാഗ്രഹമുണ്ടായാല്‍ അവിടെ കൊടുക്കപ്പെട്ടത് 'ദാന' മായിട്ടല്ല എന്നു മനസ്സിലാക്കണം. എന്തെന്നാല്‍ അതു കേവലം കൈമാറ്റം മാത്രമാണ്.

സദാചാരം എന്ന കൃതിയില്‍ ഗുരുദേവന്‍ പറയുന്നതു നോക്കുക.
                'കൊടുത്തതു തിരിച്ചങ്ങോ-
                ട്ടെടുക്കുന്നവനെത്രയും
                നിസ്സ്വനാമവനെക്കാളും
                നിസ്സ്വനില്ലാരുമൂഴിയില്‍'

     ഒരിക്കല്‍ ദാനമായി നല്കിയതിനെ തിരിച്ചെടുക്കുന്നവന്‍ ഏറ്റവും വലിയ ദരിദ്രനാണ്. അവനെക്കാളും  ദരിദ്രനായി മറ്റൊരുവനും ഈ ഭൂമിയിലില്ല  എന്നാണ് ഈ പദ്യത്തിന്‍റെ സാരം.

       ഗുരുദേവചരിത്രത്തില്‍ നിന്നും ഇതിനു യോജിച്ച മറ്റൊരു സംഭവം കൂടി പറയാം.

      ഗുരുദേവന്‍ അരുവിപ്പുറത്ത് വിശ്രമിക്കുന്ന അവസരത്തില്‍ പുലിവാതുക്കല്‍ വീട്ടിലെ ഒരു വൃദ്ധനായ വൈദ്യന്‍ ഒരു പൊന്‍മോതിരം കാഴ്ചവെച്ചു. നമുക്ക് മോതിരം ആവശ്യമില്ല എന്നു പറഞ്ഞു ഗുരുദേവന്‍ അതെടുക്കാതെ എഴുന്നേറ്റ് നടന്നു. കുറേക്കഴിഞ്ഞ് മോതിരം കാഴ്ചവച്ച വൈദ്യന്‍ അവിടെ വന്നു നോക്കിയപ്പോള്‍ ആ മോതിരം കണ്ടില്ല. അപ്പോള്‍ അവിടെയുണ്ടായിരുന്ന ഒരു കുഷ്ഠരോഗിയെ സംശയിക്കുകയും അവന്‍റെ ഭാണ്ഡക്കെട്ടഴിച്ച് പരിശോധിക്കുകയും ചെയ്തു. മോതിരം കാണായ്കയാല്‍ ആ രോഗിയെ വൈദ്യന്‍ മര്‍ദ്ദിക്കുകയുമുണ്ടായി. അവിടേക്ക് മടങ്ങിയെത്തിയ ഗുരുദേവന്‍ രോഗിയായ ആ സാധു കരയുന്നതു കണ്ടിട്ട് വിവരം എന്തെന്നു ചോദിച്ചറിഞ്ഞു.

    'നിങ്ങള്‍ ഈ രോഗിയെ അടിച്ചുവോ? കഷ്ടം . മോതിരം നിങ്ങള്‍ ന മുക്ക് തന്നതല്ലേ? അതു പിന്നെ ആരു എടുത്താല്‍ നിങ്ങള്‍ക്കെന്ത്? അതില്‍ ആഗ്രഹം വച്ചുകൊണ്ടാണോ നമുക്ക് തന്നത് ' എന്നു വൈദ്യനോടും 'നീ വ്യസനിക്കേണ്ട. നിന്നെ അടിച്ചതോടുകൂടി നിന്‍റെ രോഗവും അവര്‍ എടുത്തിരിക്കുന്നു' എന്നു ആ സാധുവിനോടും ഗുരുദേവന്‍ പറയുകയുണ്ടായി.

      ഇതില്‍ നിന്നും ആശ വച്ചുകൊണ്ട് ഒരിക്കലുമൊരു വസ്തു ദാനം ചെയ്യരുതെന്നും ഒരിക്കല്‍ ദാനം ചെയ്ത വസ്തുവില്‍ ഒരിക്കലും ആശ വെയ്ക്കരുതെന്നുമുള്ള സന്ദേശമാണ് നമുക്ക് കിട്ടുന്നത്. ഇതനുസരിച്ച് ചെയ്യുന്ന ദാനകര്‍മ്മമാണ് ശ്രേഷ്ഠമായ ധര്‍മ്മമായിത്തീരുന്നത്. ഈ സത്യമറിഞ്ഞ് ജീവിക്കുന്നവരും ദാനം ചെയ്യുന്നവരും കൃതകൃത്യരായിത്തീരും.