ഗുരുദേവന്‍ പറഞ്ഞു തന്ന സദാചാരമന്ത്രം
ഡോ. കെ. രാധാകൃഷ്ണന്‍
ഡയറക്ടര്‍, വി.എസ്.എസ്.സി.

         ഒരു പുതുവത്സര പുലരിയില്‍ ഈ പുണ്യഭൂമിയിലേക്ക് വരാനും , പഞ്ചശുദ്ധിയോടെ ഈ പുണ്യസ്ഥലത്ത് വന്ന് പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചു കേട്ട് തിരിച്ചു പോകുമ്പോള്‍ അവയെ എങ്ങനെ പ്രാവര്‍ത്തികമാക്കണം എന്നു കരുതി ഇവിടെ ഇരിക്കുന്ന നിങ്ങളുടെ ഇടയില്‍ കുറച്ചുസമയം ചെലവഴിക്കാനും, ബഹിരാകാശഗവേഷണരംഗത്ത് ഭാരതം കൈവരിച്ച നേട്ടങ്ങള്‍ എങ്ങനെ ഭാരതത്തിലെ സാധാരണക്കാരായ ആളുകള്‍ക്ക് ഉപകാരപ്രദമാകുന്നു എന്നതിനെപ്പറ്റി അല്പം സംസാരിക്കാനും എനിക്ക് ലഭിച്ച ഈ അവസരം ഒരു വലിയ പുണ്യമായി ഞാന്‍ കരുതുന്നു.


         ഗുരുദേവന്‍ ഒരു വലിയ ആചാര്യനാണ്. കേരളം ഭാരതത്തിന് കഴിഞ്ഞ നൂറ്റാണ്ടില്‍ നല്‍കിയ ഏറ്റവും വലിയ സംഭാവനകളില്‍ ഒന്നാണു ഗുരുദേവന്‍. ഒരു വലിയ മഹാത്മാവായ ഗുരുദേവന്‍ ഭാരതീയമായ ആത്മീയചിന്തകളില്‍ അടിയുറച്ചു നിന്നുകൊണ്ട്, അത് മനസ്സിലാക്കി വിശകലനം ചെയ്തുകൊണ്ട്, തന്‍റേതായ ഒരു ദര്‍ശനം പാകപ്പെടുത്തിയെടുത്തു. എന്തിനാണെന്ന് വെച്ചാല്‍ സാധാരണക്കാരനായ മനുഷ്യനുവേണ്ടി. ഏതു മതത്തില്‍പ്പെട്ട ആളായാലും മനുഷ്യനെ മനുഷ്യനായി കാണാനും അവനിലുള്ള ഈശ്വരചൈതന്യം മനസ്സിലാക്കാനുമാണ് ഗുരുദേവന്‍ പഠിപ്പിച്ചത്. ജീവിതത്തിന്‍റെ സമഗ്രമായ പുരോഗതിക്കും വികാസത്തിനും ഉപകരിക്കുന്നതാണ് അറിവ്. പരാവിദ്യയെന്നും അപരാവിദ്യയെന്നും അറിവ് രണ്ടുവിധമാണ്. ആ അറിവിനെ ഗുരുദേവന്‍ തന്‍റേതായ ലളിതഭാഷയില്‍ മനുഷ്യനിലേക്ക് എത്തിച്ചുകൊടുത്തു. അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ വഴി അനുയായികള്‍ വഴി അത് ഇന്നും തുടര്‍ന്ന് പോരുന്നു.


         76 വര്‍ഷമായി ഇവിടെ ശിവഗിരി തീര്‍ത്ഥാടനം നടക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ കേരളത്തിന്‍റെയും ഭാരതത്തിന്‍റെയും പലഭാഗങ്ങളില്‍ നിന്നും ഇവിടെ വന്നു ഒത്തുചേര്‍ന്ന് തീര്‍ത്ഥാടനപ്രസംഗങ്ങള്‍ ശ്രദ്ധിച്ചു മനസ്സിലാക്കി തിരിച്ചുപോകുന്നു. അത് ഒരു അടിത്തറയുള്ളതുകൊണ്ടാണ്. ആ ഒരു ദര്‍ശനത്തിന്‍റെ ശക്തിയാണ് അത്. മഹാഭാരതകര്‍ത്താവായ വേദവ്യാസന്‍ പരോപകാരം പുണ്യമാണെന്നും പരപീഡനം പാപമാണെന്നും പറഞ്ഞു തന്നു. നരനെ പൂജിക്കുന്നതാണ് ശിവനെ പൂജിക്കുന്നതിനു തുല്യമായിട്ടുള്ളതെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞു. നമ്മുടെ ചുററുമുള്ള സകലജീവജാലങ്ങളിലും സകല മനുഷ്യരിലും ഈശ്വരന്‍റെ ചൈതന്യം ഉണ്ട്. അപ്പോള്‍ അവരെ അര്‍ച്ചന ചെയ്യുന്നതുകൊണ്ടോ, അവരെ പൂജിക്കുന്നതുകൊണ്ടോ അവരെ ആദരിക്കുന്നതുകൊണ്ടോ നമുക്കു നാം കാംക്ഷിക്കുന്ന ഈശ്വരനിലേക്കു എത്താന്‍ സാധിക്കും. ഗുരുദേവന്‍ പറഞ്ഞതും ഇതുതന്നെയാണ്. നമ്മുടേതായിട്ടുള്ള സുഖത്തിന് നമ്മള്‍ എന്തെ ല്ലാം പ്രവര്‍ത്തിക്കുന്നുവോ അത് മറ്റുള്ളവരുടേയും സുഖത്തിനായി ഭവിക്കണം. അതായത് എല്ലാ മനുഷ്യരെയും തന്‍റെ ആത്മസഹോദരരായി കാണണം. ഇതാണ് ഇതിന്‍റെ എല്ലാം പരമമായ തത്ത്വം. അതാണ് ഗുരുദേവന്‍ നമുക്ക് പറഞ്ഞുതന്ന സ ദാചാരമന്ത്രം.


         പല തുറകളിലും ഗുരുദേവന്‍ നമുക്ക് പുതിയ വഴികള്‍ കാണിച്ചു തന്നു. അതുപോലെ തന്നെ ഏകദേശം 75-80 വര്‍ഷം മുമ്പ് വ്യവസായത്തില്‍ സാങ്കേതികവിദ്യ എങ്ങനെ പ്രയോഗിക്കാം. കയര്‍ പിരിക്കുന്നതായാലും വസ്ത്രം നെയ്യുന്നതായാലും ഏത് തുറയിലായാലും സാങ്കേതികവിദ്യകള്‍ എങ്ങനെ നമുക്ക് പ്രാവര്‍ത്തികമാക്കാം. അതില്‍ വിവരമുള്ള ആളുകളെ എങ്ങനെ എവിടെ കൊണ്ടുവന്ന് ജനങ്ങളെ പഠിപ്പിക്കുവാന്‍ സാധിക്കും. അതിനു വേണ്ടിയുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കണം. ഇതെല്ലാം ഗുരുദേവന്‍ ചെയ്ത കാര്യമാണ്. ഏതൊരു കാര്യത്തെയും ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടില്‍ കൂടി വിശകലനം ചെയ്തു മനസ്സിലാക്കി, അതിനുവേണ്ടുന്ന വിവരങ്ങള്‍ കിട്ടാവുന്ന സ്ഥലത്ത് നിന്നെല്ലാം ശേഖരിച്ച് ഗുരുദേവന്‍ നമ്മള്‍ ഇന്നത്തെ ഭാഷയില്‍ പറഞ്ഞാല്‍ ദര്‍ശനത്തില്‍ക്കൂടി അതു പുറത്ത് കൊണ്ടുവന്നു.


         ബേസിക് എന്‍ജിനീയറിംഗ്, ബേസിക് സയന്‍സ് ഈ മേഖലകള്‍ നമ്മള്‍ പഠിച്ച്, ഇതില്‍ പ്രവര്‍ത്തിച്ച്, പല ഗവേഷണം ചെയ്ത് ഫലങ്ങള്‍ കൊ ണ്ടുവന്നാല്‍ മാത്രമേ നമ്മുടെ രാജ്യത്തിനു ഭാവിയില്‍ പുരോഗതി ഉണ്ടാകുകയുള്ളു. അപ്പോള്‍ ഈ ഭാഗം ന മ്മള്‍ ഒരിക്കലും വിടരുത്. ഇന്നു നമ്മു ടെ കോളേജുകളിലെ അഡ്മിഷന്‍ നോക്കുകയാണെങ്കില്‍ ബേസിക് സയന്‍സ്, ബേസിക് എന്‍ജിനീയറിംഗ് മേഖല യ്ക്കു വളരെ പ്രാധാന്യം കുറഞ്ഞിരിക്കുകയാണ്. അതുപാടില്ല. നമ്മുടെ ഭാവി ഭദ്രമാകണമെങ്കില്‍ ഗുരുദേവന്‍ കാണിച്ചുതന്ന ആ ദാര്‍ശനികമായ ഒരു കാഴ്ചപ്പാട് സ്വീകരിക്കുകയും പിന്തുടരുകയും ചെയ്യേണ്ടതുണ്ട്. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ നമ്മള്‍ ഒട്ടും പിന്നോക്കം വരരുത്. ഈ രംഗത്ത് നല്ല ബുദ്ധിയുള്ള ആള്‍ക്കാര്‍ എത്തി പ്രവര്‍ത്തിക്കണം. അത് വളരെ ആവശ്യമാണ്.


(76-ാമത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി നടന്ന  ശാസ്ത്ര സാങ്കേതിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)