എല്ലാ വിദ്യയും ഉള്‍പ്പെടുന്ന വിദ്യ
ടി.എന്‍. ജയചന്ദ്രന്‍

         ജീവിതത്തില്‍ എന്തെങ്കിലും ചെയ്യുന്നതിന് എന്നെ ഞാനറിയാതെ തന്നെ പ്രാപ്തനാക്കിയ ശ്രീനാരായണഗുരുവിന്‍റെ സ്മരണയ്ക്ക് മുമ്പില്‍ ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ശ്രീനാരായണഗുരുവിന്‍റെ സിദ്ധാന്തങ്ങളും വചനങ്ങളും അനുസരിച്ച് സ്വജീവിതവും കുടുംബജീവിതവും രൂപപ്പെടുത്താന്‍ ശ്രമിച്ച എന്‍റെ അച്ഛനെയും ഞാന്‍ ആദരപൂര്‍വ്വം സ്മരിക്കുന്നു. സാമ്പത്തികമായി വലിയ മെച്ചമൊന്നുമില്ലാതിരുന്ന ഒരു അവസ്ഥയില്‍ ജനിച്ച ഞാന്‍ എന്തെങ്കിലും ആയിത്തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന് കാരണം വിദ്യാഭ്യാസത്തില്‍ അര്‍പ്പിച്ച ശ്രദ്ധയാണ്. അത് മതിയോ എന്ന കാര്യം വേറെ. അങ്ങനെ വിദ്യാഭ്യാസത്തില്‍ ശ്രദ്ധിക്കുവാന്‍ കാരണം ശ്രീനാരായണഗുരുവിന്‍റെ സന്ദേശമാണ്, വചനങ്ങളാണ്, നിര്‍ദ്ദേശങ്ങളാണ്.


         ശ്രീനാരായണഗുരുവിനെ ഓര്‍ക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഓടിവരുന്നത് മൂന്ന് സുപ്രധാന സന്ദേശങ്ങളാണ്. ആദ്യത്തേത് സംഘടനയെ സംബന്ധിച്ചുള്ളതാണ്. 'സംഘടിച്ചു ശക്തരാകുവിന്‍' എന്നു അദ്ദേഹം അന്ന് സാമൂഹ്യമായി  പിന്നോക്കാവസ്ഥയിലായിരുന്ന അധഃകൃതവര്‍ഗ്ഗത്തോട് ആഹ്വാനം ചെയ്തു. രണ്ടാമത് വിദ്യയെ സംബന്ധിച്ചുള്ളതാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍  അദ്ദേഹം അനുയായികളെ ഉപദേശിച്ചു. മൂന്നാമത്തേത്  അധികംപേരും ആവര്‍ത്തിക്കാന്‍ ഇഷ്ടപ്പെടാത്ത എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രസക്തമായ ഒരു സന്ദേശമാണ്. അത് മദ്യത്തെ സംബന്ധിച്ചുള്ളതാണ് . 'മദ്യം വിഷമാണ് . അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്' എന്ന വളരെ ശക്തമായ ഒരു ആഹ്വാനം ലളിതമായ എന്നാല്‍ മൂര്‍ച്ചയേറിയ വാക്കുകളിലൂടെ അദ്ദേഹം നല്‍കി.


         ഞാന്‍ ഇവിടെ പങ്കെടുത്തിട്ടുള്ള സമ്മേളനങ്ങളിലെല്ലാം ദയവായി ഇതൊരു വിഷയമായി അവതരിപ്പിക്കണം എന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുമായിരുന്നു.  കാരണം ഇത് വളരെ പ്രസക്തമാണ്. കാലിക പ്രാധാന്യമുള്ളതാണ്. ഇത്തവണ ഭാഗ്യവശാല്‍ 'മദ്യവര്‍ജ്ജനം' ഇവിടെ ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമായി ഉള്‍പ്പെടുത്തിയതിലുള്ള കൃതജ്ഞത ഞാന്‍ രേഖപ്പെടുത്തട്ടെ.


         വിദ്യകൊണ്ട് പ്രബുദ്ധരാകാനാണ് ശ്രീനാരായണഗുരു ഉപദേശിച്ചത്. വിദ്യ എന്നു പറയുമ്പോള്‍ വിദ്യയെ സംബന്ധിച്ച സമസ്ത മണ്ഡലങ്ങളും അതിനകത്തു ഉള്‍പ്പെടുന്നു. ആത്മീയവിദ്യയും പ്രായോഗികവിദ്യയും സാമൂഹ്യജീവിതത്തിന് ഉതകുന്ന തരത്തിലുള്ള വിദ്യയും ഉപജീവനമാര്‍ഗ്ഗത്തിനുള്ള വിദ്യയും എല്ലാ വിദ്യയും ഉള്‍പ്പെടുന്ന ഒരു സംജ്ഞയാണ് അദ്ദേഹം വിദ്യയായി അവതരിപ്പിച്ചതെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം സാക്ഷരതയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് . സാക്ഷരതയില്‍ മുന്‍പന്തിയിലാണെങ്കിലും വിദ്യാഭ്യാസത്തില്‍ നാം ഇപ്പോഴും പിന്നില്‍ തന്നെയാണെന്നാണ് എന്‍റെ അഭിപ്രായം. എണ്ണത്തില്‍ നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വളര്‍ന്നിട്ടുണ്ട്. ഒരു കണക്കിന് പറഞ്ഞാല്‍ വിദ്യാഭ്യാസത്തിന് നമുക്ക് ആവശ്യത്തില്‍ കവിഞ്ഞ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട് എന്ന് ഉറപ്പിച്ചു പറയാമെങ്കിലും അവയുടെ ഗുണനിലവാരത്തെപ്പറ്റി അത്രതന്നെ ഉറപ്പിച്ചു പറയാന്‍ നമുക്ക് സാധിക്കുമോ എന്നു പറയാന്‍ സംശയമാണ്. 


         ഇവിടെ 2500 ഓളം വിദ്യാലയങ്ങള്‍ ഉണ്ട്. സ്കൂളുകളില്‍ പോകാത്ത കുട്ടികളേ ഇല്ല എന്ന് വേണമെങ്കില്‍ പറയാം. എല്ലാവര്‍ക്കും സാമാന്യരീതിയിലുള്ള സ്കൂള്‍ വിദ്യാഭ്യാസം നല്‍കപ്പെടുന്നു. പക്ഷെ എന്നെ വിഷമിപ്പിക്കുന്ന ഒരു സംഗതി നമ്മുടെ വിദ്യാഭ്യാസത്തില്‍ പ്രായോഗികജീവിതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു ശ്രമം നടക്കുന്നില്ല എന്നതാണ്. ഏതാണ്ടൊരു 8-ാം ക്ലാസ്സ് 10-ാം ക്ലാസ്സ് വരേയ്ക്ക് എങ്കിലും വിദ്യാഭ്യാസത്തെ പ്രായോഗിക ജീവിതവുമായി ബന്ധപ്പെടുത്തുന്നതിനുള്ള ഒരു കണ്ണിയാക്കിത്തീര്‍ക്കേണ്ടത് ആവശ്യമാണ്. അവരുടെ വാസനയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസം നല്‍കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടതുമാണ്. അത് ഇപ്പോള്‍ നടക്കുന്നില്ല എന്നുള്ളതാണ് വേറൊരു കാര്യം. വിദ്യാഭ്യാസരംഗത്തെ സംബന്ധിച്ചിടത്തോളം വളരെ ദയനീയം എന്നു ഞാന്‍ കരുതുന്ന ഒരവസ്ഥ കുട്ടികള്‍ക്കു വേണ്ടി വിദ്യയ്ക്കു  തെരഞ്ഞെടുക്കേണ്ട വിഷയം തെരഞ്ഞെടുക്കുന്നത് അവരല്ല മാതാപിതാക്കന്മാരാണ് എന്നതാണ്. മാതാപിതാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം ആവശ്യമാണ് എന്നുള്ള കാര്യം സമ്മതിക്കുന്നു. പക്ഷെ മാതാപിതാക്കള്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ മാത്രമേ ആകാവു കുട്ടികളുടെ വിദ്യാഭ്യാസം എന്ന് നിഷ്കര്‍ഷിക്കുന്നത് ശരിയല്ല.  രണ്ടേ രണ്ടു വിഷയങ്ങളേ അവരുടെ മനസ്സിലുള്ളൂ. ഒന്ന് മെഡിസിന്‍, രണ്ട് എന്‍ ജിനീയറിംഗ്. വേറേ ഒന്നും വിഷയങ്ങളല്ല. വേറെ എന്തെല്ലാം വിഷയങ്ങളുണ്ട് ഈ രാജ്യത്ത്. രാജ്യത്തെ നയിക്കാന്‍ പ്രാപ്തമായ പൊളിറ്റിക്സ് തന്നെ. ഞാന്‍ പാര്‍ട്ടി പൊളിറ്റിക്സ് അല്ല പറയുന്നത്. രാജ്യതന്ത്രം. അത് മഹത്തായ, പഠിക്കേണ്ട ഒരു വിഷയമാണ്. അതുപോലെ തന്നെ സാമ്പത്തികശാസ്ത്രവും  തത്ത്വചിന്തയും.

 
         മെഡിസിനില്‍ യാതൊരു താല്പര്യവും ഇല്ലാത്തവര്‍ അതിന് പോകാന്‍ നിര്‍ബന്ധിതരാകുന്നു. ഒറ്റയടിക്കു എത്രയോ മെഡിക്കല്‍ കോളേജുകള്‍ നമ്മുടെ നാട്ടിലുണ്ടായി. അതിനേക്കാള്‍ ഏറെ എന്‍ജിനീയറിംഗ് കോളേജുകള്‍ ഉണ്ടായി. ഞാന്‍ സൂചിപ്പിക്കുന്നത്, കുട്ടികളെ ഏറ്റവും നല്ല സ്കൂളിലേക്ക് എന്നു പറഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പണച്ചെലവുള്ള വിദ്യാലയങ്ങളിലേക്ക് പറഞ്ഞയക്കുന്നതോടെ നമ്മുടെ ഉത്തരവാദിത്വം തീര്‍ന്നു എന്ന് മാതാപിതാക്കള്‍ ഒരിക്കലും കരുതരുത്. കുട്ടികളെ ശ്രദ്ധിക്കാന്‍ അവരോട് നിത്യവും ഇടപെടാന്‍ ഒരു മണിക്കൂര്‍ നേരം എങ്കിലും ചെലവാക്കാന്‍ ശ്രദ്ധിക്കണം. അവരുടെ മനസ്സിലുള്ളത് എന്ത് എന്നറിയാന്‍ ശ്രമിക്കണം. അവര്‍ വിദ്യാലയങ്ങളില്‍ എന്തുചെയ്യുന്നു എന്നുള്ളത് അറിയാന്‍ ശ്രമിക്കണം. നിത്യേന അവരോടൊത്ത് ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണം. അവര്‍ക്ക് ഏത് കാര്യത്തിലാണ് വാസന ഉള്ളതെന്നും ഇല്ലാത്തതെന്നും കണ്ടുപിടിച്ചാല്‍ നല്ല പൗരന്മാരായി അവരെ  വാര്‍ത്തെടുക്കാനാകും. എങ്കില്‍ അതിനു പറ്റുന്ന ഏറ്റവും നല്ലൊരു വിദ്യാഭ്യാസ സമ്പ്രദായം നമുക്ക് ഉണ്ടാകും.


         മദ്യം ഉണ്ടാക്കിക്കൊണ്ട്, മദ്യം ആസ്വദിച്ചുകൊണ്ട്, മദ്യം വിറ്റുകൊണ്ട്, മദ്യം ഉണ്ടാക്കരുത് കൊടുക്കരുത്, കുടിക്കരുത് എന്നു പറയുന്ന മാതാപിതാക്കളോട് കുട്ടികള്‍ക്ക് എത്ര ബഹുമാനം ഉണ്ടാകും? നാം അവരോട് ആ ഹ്വാനം ചെയ്യുന്നത് സ്വന്തം ജീവിതത്തില്‍ പ്രതിഫലിപ്പിക്കണം. അതിനുള്ള ഒരു ആത്മാര്‍ത്ഥത മാതാപിതാക്കള്‍ സ്വീകരിക്കേണ്ടതാണ് എന്നാണ് എന്‍റെ വിനയപൂര്‍വ്വമായ അഭിപ്രായം.


         മനുഷ്യന്‍ നന്നാകാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം വിദ്യാഭ്യാസമാണ് എന്ന അടിസ്ഥാനത്തിലാണ് ശ്രീനാരായണഗുരു 'വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍' നമ്മെ ഉപദേശിച്ചത്. നാം വിദ്യയെ സ്വീകരിച്ചു. വിദ്യാഭ്യാസസ്ഥാപനങ്ങള്‍ നമുക്ക് ഉണ്ട്. വിദ്യ നാം അഭ്യസിക്കുന്നുണ്ട്. പക്ഷെ അതുകൊണ്ട് പ്രബുദ്ധരായോ?  


         ഈ ശിവഗിരിതീര്‍ത്ഥാടനസമ്മേളനം വിദ്യകൊണ്ട് പ്രബുദ്ധരാകാനുള്ള ഉത്തേജനം നല്‍കട്ടെ എന്നു ആശംസിച്ചുകൊണ്ട് ഞാന്‍ ഈ സമ്മേളനം ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു.

(76-ാമത് ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന വിദ്യാഭ്യാസസമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രഭാഷണം)