ഗുരുവിന്‍റെ വാക്കുകള്‍
വി.എസ്. അച്യുതാനന്ദന്‍
കേരളാ മുഖ്യമന്ത്രി

         76-ാമത്  ശിവഗിരി തീര്‍ത്ഥാടനം നിങ്ങളുടെയെല്ലാം അനുവാദത്തോടെ ഉദ്ഘാടനം ചെയ്തതായി അറിയിക്കുകയാണ്. ശിവഗിരി തീര്‍ത്ഥാടനം ഒരു മതേതരതീര്‍ത്ഥാടനമാണ്. വേര്‍തിരിവുകള്‍ക്കതീതമായ ഒരു ഐക്യപ്പെടലിനാണ് ശിവഗിരി ഇന്ന് സാക്ഷ്യം വഹിക്കുന്നത്. മനുഷ്യരെ ശുദ്ധീകരിക്കുകയും നവീകരിക്കുകയും ചെയ്യുന്ന മഹത്തായ ഒരു  ദൗത്യമാണിത്. ഗുരുസ്മരണയില്‍ ഉയിര്‍ കൊള്ളുന്ന സന്ദേശം ആവേശഭരിതമാണ്. ഒരു പരിഷ്കൃതസമൂഹത്തിനാവശ്യമായ  വെളിച്ചവും ഊര്‍ജ്ജവുമാണ് ഇവിടെ നിന്ന് ലഭിക്കുന്നത്. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴില്‍, സാങ്കേതിക പരിശീലനങ്ങള്‍ എന്നീ സമസ്ത വിഷയങ്ങളേയും സ്പര്‍ശിക്കുന്നതാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഉള്ളടക്കം.


         ശിവഗിരി തീര്‍ത്ഥാടനം ആര്‍ഭാടരഹിതവും വിനീതവുമായിരിക്കണമെന്ന് ഗുരു പ്രത്യേകം നിഷ്കര്‍ഷിച്ച വിവരം ഞാന്‍ പ്രത്യേകം അനുസ്മരിക്കുകയാണ്. 'മഞ്ഞവസ്ത്രം എന്നതിന് മഞ്ഞപ്പട്ടു വാങ്ങിക്കാന്‍ ആരും തുനിയരുത്. ഉപയോഗത്തിലിരിക്കുന്ന വെള്ള വസ്ത്രം മഞ്ഞളില്‍ മുക്കി ഉപയോഗിച്ചിട്ട് പിന്നീട് അലക്കിത്തെളിച്ച് എടുക്കണം' ഇതാണ് ഗുരുവിന്‍റെ വാക്കുകള്‍.


         ഗുരുവിന്‍റെ വാക്കുകള്‍ കാലം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ പ്രസക്തമാവുകയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകുവാനുള്ള ഉദ്ബോധനം പ്രത്യേക പ്രാധാന്യമര്‍ഹിക്കുന്നു. പ്രബുദ്ധനായ മനുഷ്യനെയാണ് ഗുരു വിഭാവനം ചെയ്തത്. അറിവ് എല്ലാത്തിന്‍റെയും കേന്ദ്രബിന്ദുവായി മാറുകയാണ്. അറിവിന്‍റെ ജനാധിപത്യവല്‍ക്കരണത്തിനു വേണ്ടിയാണ് നാം നിലകൊള്ളേണ്ടത്. എന്നാല്‍ വിദ്യാഭ്യാസത്തിന്‍റെ വിപണന സാദ്ധ്യതയിലാണ് ഇന്ന് പലരും കണ്ണുവെച്ചിട്ടുള്ളത്. കമ്പോളത്തില്‍ എല്ലാറ്റിനും വിലയുണ്ട്. അവിടെ വില്‍ക്കലും വാങ്ങലുമേ ഉള്ളൂ. വിദ്യാഭ്യാസത്തെ ഒരു കച്ചവടമാക്കി മാറ്റാന്‍ നാം അനുവദിച്ചുകൂടാ.

 
         ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയ ഇരുണ്ട കാലഘട്ടത്തിലാണ് നവോത്ഥാനത്തിന്‍റെ പൊന്‍വെളിച്ചം തെളിഞ്ഞത്. അരുവിപ്പുറത്തെ നെയ്യാറില്‍ നിന്ന് മുങ്ങിയെടുത്ത കല്ല് പ്രതീകമാക്കിക്കൊണ്ട് ശിവപ്രതിഷ്ഠ നടത്തി സാമൂഹ്യനവോത്ഥാനത്തിന് തുടക്കം കുറിച്ചു. ഗുരു തുടങ്ങിവെച്ചതും ഒരളവുവരെ വിജയം കണ്ടതുമായ സാമൂഹ്യനവോത്ഥാന യത്നങ്ങള്‍ അട്ടിമറിക്കപ്പെടാതിരിക്കാന്‍ നാം നിതാന്തജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. 


         ഗുരു തുടങ്ങിവെച്ച സാമൂഹ്യ നവോത്ഥാനം സഫലമാകണമെങ്കില്‍ ദളിതരുടെ ജീവിതംകൂടി പുനരുദ്ധരിക്കപ്പെടണം. സ്വന്തം ജീവിതം മാതൃകയാക്കിക്കൊണ്ടാണ് മഹത്തായ ആശയങ്ങള്‍ക്കുവേണ്ടി ഗുരു നിലകൊണ്ടതെന്ന വസ്തുത നാം പ്രത്യേകം അനുസ്മരിക്കുകയാണ്.


         ഗുരുധര്‍മ്മത്തിന്‍റെ ആധികാരിക വ്യാഖ്യാനകേന്ദ്രമായി ശിവഗിരി ഉയര്‍ന്നുനില്‍ക്കണം. മതസമന്വയത്തിനുള്ള മാര്‍ഗ്ഗരേഖയാണ് ശിവഗിരി ഉയര്‍ത്തിപ്പിടിക്കേണ്ടത്. മതേതര നിശ്ചയദാര്‍ഢ്യത്തില്‍ നിന്ന് വ്യതിചലിക്കാതെയും സാമൂഹ്യനീതി എന്ന മഹത്തായ ആശയത്തില്‍ ഉറച്ചുനിന്നുമാണ് കേരളത്തിന്‍റെ ഗവണ്‍മെന്‍റ് ഇന്ന് മുന്നോട്ടു നീങ്ങുന്നത്. മതേതരത്വത്തിന്‍റെ പുണ്യഭൂമിയായി ശിവഗിരി സംരക്ഷിക്കപ്പെടണം. മതഭീകരതയുടെയും ഭീകരാക്രമണങ്ങളുടെയും വെല്ലുവിളികള്‍ക്കെതിരെ മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഐക്യദാര്‍ഢ്യത്തോടെ നാം നിലകൊള്ളേണ്ടതുണ്ട്.


          ഗുരുധര്‍മ്മത്തെ കാപട്യം കൊണ്ട് വികൃതമാക്കാന്‍ അനുവദിച്ചുകൂടാ. ഗുരുവിനെ കൊണ്ടുനടക്കുന്നവരെല്ലാം ഗുരുഭക്തരാണെന്ന് തെറ്റിദ്ധരിക്കരുത്. സാധാരണക്കാരുടെ കളങ്കമില്ലാത്ത ഗുരുഭക്തിയെ ചൂഷണം ചെയ്യാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും അവര്‍ക്കുനേരെ കരുതിയിരിക്കുകയും വേണം.


          ശ്രീനാരായണധര്‍മ്മത്തിന്‍റെ വെളിച്ചത്തില്‍ ആത്മപരിശോധനയുടെയും ആത്മവിമര്‍ശനത്തിന്‍റെയും തീക്ഷ്ണതയില്‍ സ്വയം ശുദ്ധീകരണത്തിന് നാം വിധേയരാകണം.

 

(76-ാമത് ശിവഗിരി തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗം)