ഗുരുദര്‍ശനവും വിശ്വ മാനവികതയും

ഡോ. ടി. ഭാസ്കരന്‍

     മാനവികത അഥവാ ഹ്യൂമനിസം എന്ന തത്ത്വസംഹിത മനുഷ്യമഹത്വത്തിലും നന്മയിലും വിശ്വാസം അര്‍പ്പിക്കുന്നു. എല്ലാക്കാര്യങ്ങളുടെയും മാനദണ്ഡം മനുഷ്യനാണ് എന്നു  ഗ്രീക്ക് ചിന്തകനായ പ്രോട്ടഗോറസ് ഉദ്ഘോഷിച്ചു. മാനുഷ്യകത്തിന്‍റെ യഥാര്‍ത്ഥപഠനം മനുഷ്യന്‍തന്നെ എന്നു അലക്സാണ്ടര്‍ പോപ് നിരീക്ഷിച്ചു. മാനവരാശിയുടെ വേര് മനുഷ്യനാണ് എന്ന് മാര്‍ക്സ് ഉപദേശിച്ചു. മനുഷ്യന്‍ എത്ര മനോഹരമായ  പദം എന്ന് മാക്സിം ഗോര്‍ക്കിയും പറഞ്ഞു. മാനവികതാവാദി ഇവയെല്ലാം പ്രമാണമാക്കുന്നു.   മനുഷ്യനില്‍  നിലീനമായ കഴിവ് അപാരമാണ്. അവയ്ക്ക് പൂര്‍ണ്ണമായ വികാസം ലഭിക്കുവാന്‍ വേണ്ട  അവസരം ഒരുക്കണം. അതിന് മനുഷ്യന് ആദ്യം വേണ്ടത് സ്വാതന്ത്ര്യമാണ്. മനുഷ്യന് ഒറ്റയ്ക്കു കഴിയുവാന്‍ സാധ്യമല്ല. അവന്‍ സമൂഹത്തിലെ അംഗമാണ്. തന്മൂലം സമൂഹനന്മയ്ക്കു വേണ്ടി രൂപംകൊടുത്ത ചട്ടങ്ങള്‍ അവന്‍ അനുസരിക്കണം. ഈ അനുസരണം പുറമെ നിന്നു വരേണ്ടതല്ല. പോലീസിനെ പേടിച്ച് നല്ല കുട്ടി ചമയുന്നതല്ല എന്നര്‍ത്ഥം. അവന്‍ സ്വയം തന്‍റെ മേല്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണമാണത്. അതേ സമയം വ്യക്തി സമഷ്ട്യഹന്തയ്ക്കു കീഴ്പ്പെടുവാനും പാടില്ല. സമൂഹം സൃഷ്ടിച്ച നിയമങ്ങള്‍ സമൂഹത്തിനും  വ്യക്തിക്കും ദ്രോഹകരങ്ങളാകുമ്പോള്‍ അവയ്ക്കു വേണ്ട പരിവര്‍ ത്തനം വരുത്തണം.

വെളിച്ചം തൂകിടുന്നോളം
പൂജാര്‍ഹം താനൊരാശയം
അതിരുണ്ടഴല്‍ ചാറുമ്പോള്‍
പൊട്ടിയാട്ടുക താന്‍ വരം

എന്ന് ഇടശ്ശേരി പാടി.

     മാനവികതയുടെ ഉദ്ഭവം ഗ്രീസി ലും റോമിലുമാണ്. ഗ്രീസ് പുരാണത്തി ലെ പ്രോമിത്യൂസ് മാനവികതയുടെ അല്ലെങ്കില്‍ സ്വാതന്ത്ര്യത്തിന്‍റെ ഉജ്ജ്വ ല പ്രതീകമാണ്. ഗ്രീക്കുകാരുടെ ദേ വേന്ദ്രനാണ്  സ്യൂസ്. അദ്ദേഹത്തിന്‍റെ മകനായ പ്രോമിത്യൂസ് ജ്ഞാനത്തിന്‍റെയും വിവേകത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും പ്രതീകമായ അഗ്നി സ്വര്‍ഗത്തില്‍ നിന്ന് കട്ടുകൊണ്ടുവന്നു മനുഷ്യര്‍ക്കു നല്‍കി. സ്യൂസ് കോപി ച്ചു മകനെ ശിക്ഷിച്ചു. വിജനമായ പാറക്കെട്ടില്‍ കൈയും കാലും കെട്ടി തടവിലിട്ടു. ഓരോ ദിവസവും ഒരു കഴുക ന്‍ വന്ന് അദ്ദേഹത്തിന്‍റെ കരള്‍ കൊ ത്തിപ്പറിക്കും. വിവരിക്കാനാവാത്ത വേ ദന. പിറ്റേ ദിവസം കരള്‍ മുന്‍പടിയാകും. വീണ്ടും കഴുകന്‍ വരും. കരള്‍ കൊത്തിപ്പറിക്കും. വീണ്ടും സഹിക്കാനാവാത്ത വേദന. കുറ്റം സമ്മതിച്ച് മാപ്പിരന്നാല്‍ അതില്‍ നിന്ന് മോചനം കിട്ടുമായിരുന്നു. താന്‍ കുറ്റമൊന്നും ചെ യ്തിട്ടില്ല. ചെയ്യാത്ത കുറ്റത്തിന് മാപ്പപേക്ഷിക്കുന്നതെങ്ങനെ എന്നായിരുന്നു പ്രോമിത്യൂസിന്‍റെ ചോദ്യം. കരള്‍ പറിക്കുന്ന വേദന സഹിക്കേണ്ടി വന്നിട്ടു പോലും സ്വാതന്ത്ര്യം അടിയറവയ് ക്കാന്‍ പ്രോമിത്യൂസ് സന്നദ്ധനായില്ല.

   മാനവികത എന്ന പദത്തിന് ഒരു നീണ്ട ചരിത്രമുണ്ട്. ഓരോ കാലഘട്ടത്തിലും അതിന്‍റെ അര്‍ ത്ഥമാനങ്ങള്‍ വികസിച്ചുകൊണ്ടി രുന്നു. അതുകൊണ്ടുതന്നെ അതു നിര്‍ വചനത്തിനു വഴങ്ങിത്തരുന്നില്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ഡോ. ജോണ്‍ സണ്‍ വൈയാകരണനെന്നും ഭാഷാശാസ്ത്രജ്ഞനെന്നും ആണ് മാനവികതാവാദിയെ നിര്‍വചിച്ചത്. മാത്യുആര്‍ ണോള്‍ഡിന്‍റെ നോട്ടത്തില്‍ മാനവികതയും സംസ്കാരവും പര്യായപദങ്ങളത്രേ. ജര്‍മ്മന്‍കാരാണ് ഹ്യൂമനിസം എന്ന പദം അടിച്ചിറക്കിയതെങ്കിലും ആ വാക്കിന്‍റെ മൂലം ഗ്രീക്കുഭാഷയിലാണ്. മാനവികതാ വിഷയങ്ങള്‍ എന്നു പറഞ്ഞാല്‍ ആദ്യകാലത്ത് അര്‍ത്ഥമാക്കിയിരുന്നത് ഗ്രീക്ക്, ലാറ്റിന്‍ എന്നീ ക്ലാസിക് ഭാഷകളുടെ പഠനമായിരുന്നു. ഇന്നാകട്ടെ സയന്‍സ് ഒഴികെയുള്ള മിക്ക വിഷയങ്ങളും മാനവികതയുടെ പരിധിയില്‍ വരും. മനുഷ്യന്‍റെ സ്വാതന്ത്ര്യത്തിനും ആ സ്വാതന്ത്ര്യം അനുഭവവേദ്യമാക്കുന്ന ഭരണ സംവിധാനത്തി നും പ്രാധാന്യം നല്‍കുന്ന ഒരു ആശയ സംഹിതയാണിവിടെ മാനവികതകൊ ണ്ട് ഉദ്ദേശിക്കുന്നത്.

     മാനവികതയുടെ വളര്‍ച്ചക്കിടയില്‍ അതിന് പല അവാന്തര വിഭാഗങ്ങളും ഉളവായി. ഇവയില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനം അര്‍ഹിക്കുന്നു മൗലിക മാനവികത (ഞമറശരമഹ ഔാമിശാെ) അഥവാ നവ മാനവികത (ചലം ഔാമിശാെ). മാര്‍ക്സ് തന്നെ ആദ്യകാലത്ത് തന്‍റെ ചിന്താപദ്ധതിയെ നവമാനവികത എന്നാണ് വിളിച്ചത്. ഇത് വ്യക്തമായി വിവരിക്കുകയും പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിക്കുകയും ചെ യ്ത മഹാമനീഷി എം. എന്‍. റോയ് ആണ്. ഈ മാനവികത മതത്തിലൊ അതിമാനുഷമായ ശക്തിയിലൊ വിശ്വസിക്കുന്നില്ല. മാനവികത യുക്തിയില്‍ അധിഷ്ഠിതമാണ്. അമാനുഷ ശക്തിയില്‍ വിശ്വസിക്കുന്നത് സ്വന്തം സ്വാതന്ത്ര്യം പണയപ്പെടുത്തുന്നതിനു തുല്യമാണ്.  ഇതിന്‍റെ എതിര്‍ച്ചേരിയില്‍ നില്‍ക്കുന്നു മതപരമായ മാനവികത. അത് ഈശ്വരനില്‍ വിശ്വസിക്കുന്നതുകൊണ്ട് യുക്തിചിന്ത കൈവെടിയുന്നു എന്നര്‍ത്ഥമില്ല. സ ന്മാര്‍ഗത്തില്‍  ഊന്നി നിന്നുകൊണ്ട് മാനവികതയെ പുണരുന്ന ഒരു വിഭാഗമുണ്ട്. ക്രിസ്തീയവും സ്വതന്ത്രവും കാല്പനികവും ആയ മാനവികതകളും  ഉരുത്തിരിഞ്ഞു വന്നിരിക്കുന്നു. ഇവയൊന്നും പോരാതെ മാനവികതയ്ക്കെതിരായ മാനവികതയും (അിശേ ഔാമിശാെ) പ്രചരിക്കുന്നു.

   14 - 16 നൂറ്റാണ്ടുകളില്‍ ഇറ്റലിയില്‍ തുടങ്ങി മറ്റു യൂറോപ്യന്‍ നാടുകളിലേക്കു വ്യാപിച്ച നവോത്ഥാനത്തിന്‍റെയും അതിനെത്തുടര്‍ന്നു പള്ളികളില്‍ നടന്ന നവീകരണത്തിന്‍റെയും അവയുടെ ഫലമായി 18-ാം നൂറ്റാണ്ടില്‍ സംജാതമായ ഉദ്ബുദ്ധതയുടെയും അനന്തരം സംഭവിച്ച വ്യവസായ വിപ്ലവത്തിന്‍റെയും പല അംശങ്ങളും മാനവികതയില്‍ കലര്‍ന്നിരുന്നു. ഫ്രഞ്ച് വിപ്ലവം ഉയര്‍ത്തിക്കാട്ടിയ സ്വാതന്ത്ര്യം, സമത്വം, സൗഭ്രാത്രം എന്നീ മൂല്യങ്ങള്‍ ജീവിതത്തില്‍ നടപ്പാക്കാന്‍ മാനവികതാവാദി ശ്രമിക്കുന്നു. മാനവികത വെറും സൈദ്ധാന്തികമായ തത്ത്വചിന്തയല്ല. അത് ജീവിതത്തില്‍ പ്രയോഗിക്കാനുള്ളതാണ്. മനുഷ്യ സ്വാതന്ത്ര്യത്തിന്‍റെ തത്ത്വചിന്തയെന്ന് അതിനെ വിശേഷിപ്പിക്കാം. ഈ സ്വാതന്ത്ര്യ ബോധം ആത്മാംശമായി മാറ്റിയതു കൊണ്ടാണ് കുമാരനാശാന്‍

വെവ്വേറായ് മോക്ഷമാര്‍ജിപ്പി-
നൊന്നായ് ചേര്‍ന്നതു കാക്കുവിന്‍      -
എന്നും
മുറിവേല്‍പ്പിക്കിലും ധൂര്‍ത്തര്‍
പത്രം ചുട്ടുകരിക്കിലും
മുഷ്കിന്നു കീഴടങ്ങാതെ
മരിപ്പോളം തടുക്കുവിന്‍       എന്നും
സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം
പാരതന്ത്ര്യം മാനികള്‍ക്കു
മൃതിയെക്കാള്‍ ഭയാനകം     എന്നും ഒരു ഉദ്ബോധനത്തിലൂടെ ഉപദേശിച്ചതു കൂടാതെ സ്വാതന്ത്ര്യഗാഥയില്‍ ഇങ്ങനെയും പാടിയത്.
സത്യം ശ്വസിച്ചും സമത്വം കണ്ടും സ്നേഹ-
സത്തു നുകര്‍ന്നും കൃതാര്‍ത്ഥരായി
സദ്ധര്‍മ്മത്തൂടെ നടക്കട്ടെ മാനവ -
രിദ്ധര സ്വര്‍ഗമായ്ത്തീര്‍ന്നിടട്ടെ.

   മാനവികതയ്ക്ക് മനുഷ്യന്‍ സ്വയം ഒരു ലക്ഷ്യമാണ്. അവന്‍ വേറെ ഏതെങ്കിലും മഹത്തായ ലക്ഷ്യം  നേടാനു ള്ള ഉപായമല്ല. അവന്‍റെ ഭാവി അവന്‍ തന്നെ സൃഷ്ടിക്കുന്നു. അവന്‍റെ വിധി നിശ്ചയിക്കുന്നതും അവന്‍തന്നെ. ദൈവേച്ഛയല്ല അതിന്‍റെ നിയാമകം. മനുഷ്യന്‍ സ്വയം ലക്ഷ്യമാകയാല്‍ രാഷ്ട്രം, സമൂഹം, വര്‍ഗം എന്നീ സ മഷ്ട്യഹന്തകള്‍ ക്കുവേണ്ടി അവനെ സ്വയം സമര്‍പ്പണം നടത്തേണ്ടതില്ല. വ്യക്തിയുടെ വികാസത്തിലുടെയാണ് സമൂഹം വളരുന്നത്. മനുഷ്യനിലെ ഇച്ഛ, യുക്തി, വികാരം എന്നിവ ജീ വിത പരിണാമത്തിന്‍റെ ഫലമാണ്. തനിക്കു താന്‍ തുണ എന്നാണ് സ്വാതന്ത്ര്യത്തിന്‍റെ സത്ത. അതിനു സ്വതന്ത്രമായ മനസ്സുവേണം. യുക്തിബോധം സമൂഹത്തില്‍ വളരുന്നതോടൊപ്പം സന്മാര്‍ഗ്ഗനിലവാരവും വളരും. (നവമാനവികതയെ ആസ്പദമാക്കിയാണ് ഇത്രയും പറഞ്ഞത്. ഇതില്‍ നിന്ന് ചെ റിയ വ്യത്യാസങ്ങളേയുള്ളൂ മറ്റു മാനവികതകള്‍ക്ക്).

    ശ്രീനാരായണഗുരുവിനെ മതാധിഷ്ഠിത മാനവികതാവാദിയായി കരുതണം. ഗുരുവിനെ മതാതീതനായി ഗണിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ 'സെ ക്കുലര്‍' എന്ന പദത്തിന്‍റെ വിവക്ഷ ശരിയായി ധരിക്കാത്തതുകൊണ്ടാണ് അ ങ്ങനെ ചെയ്യുന്നതെന്നു തോന്നുന്നു. രാഷ്ട്രത്തിനു സ്വകീയമായ മതമില്ല എന്ന അര്‍ത്ഥത്തിലാണ് സെക്കുലര്‍ സ്റ്റേറ്റ് എന്നു പറയുന്നത്.  'നാം ഒരു ജാതിയിലോ മതത്തിലോ പെടുന്നില്ല. നാമായി ഒരു മതവും സ്ഥാപിച്ചിട്ടില്ല' എന്നു ഗുരു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മുന്‍ പറഞ്ഞ അര്‍ത്ഥത്തില്‍ ഗുരു സെക്കുലര്‍ അല്ല. 'നമുക്ക് ഒരു പ്രത്യേക ജാതിയോടൊ മതത്തോടൊ പ്രത്യേക മമതയില്ല' എന്നു ഗുരു തന്നെ അതിനു വിശദീകരണം തന്നിട്ടുണ്ട്.

     1888-ല്‍ അരുവിപ്പുറത്തെ ശിവലിംഗ പ്രതിഷ്ഠ കഴിഞ്ഞ് ഏറെ താമസിയാ തെ അവിടെ ചുവരുണ്ടായി. അപ്പോള്‍ അതില്‍ ഗുരു എഴുതി വയ്പ്പിച്ചു  (സ്വ ന്തം കൈകൊണ്ട് എഴുതി വച്ചു എ ന്നും ചിലര്‍ പറയുന്നു).

'ജാതിഭേദം മതദ്വേഷ -
മേതുമില്ലാതെ സര്‍വരും
സോദരത്വേന വാഴുന്ന -                                                          
മാതൃകാസ്ഥാനമാമിത്'

     ഇതില്‍ മാനവികതയുടെ പ്രധാന തത്ത്വങ്ങള്‍ സംഗ്രഹിച്ചിരിക്കുന്നു. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മാനവികതാ മൂല്യങ്ങള്‍ ആ പദ്യം വിശകലനം ചെയ്താല്‍  ഉരുത്തിരിഞ്ഞു വരും. ഒന്നാമതായി മനുഷ്യനെ മനുഷ്യനില്‍നിന്ന് വേര്‍തിരിക്കുകയും ഒരുകൂട്ടര്‍ ഉത്തമന്മാരും വേ റൊരു കൂട്ടര്‍ അധമന്മാരും ആയി ക ല്പിക്കപ്പെട്ട് , രണ്ടാമതു പറഞ്ഞവരില്‍ അയിത്തം  ആരോപിച്ച് ആട്ടി  അകറ്റുകയും ഒപ്പം അവരെ ക്രൂരമായ മര്‍ദ്ദനത്തിനും ചൂഷണത്തിനും ഇരയാക്കുകയും ചെയ്യുന്ന  ജാതി സമ്പ്രദായം ഇല്ലാതാകണം. എന്നു പറഞ്ഞാല്‍ മനുഷ്യര്‍ തമ്മില്‍ സമത്വമുണ്ടാകണം. ഈ സമത്വം വന്നാല്‍ സ്വാതന്ത്ര്യം താനേ സംജാതമാകും. മനുഷ്യന്‍ മനുഷ്യനെ മൃഗത്തെക്കാള്‍ മോശമായി കണക്കാക്കുന്ന  സ്ഥിതി പോയാല്‍ അവന് സ്വ തന്ത്രമായി പെരുമാറാനുള്ള സന്ദര്‍ഭം ലഭിക്കുമല്ലോ. സ്വാതന്ത്ര്യബോധമുള്ളവര്‍ മറ്റുള്ളവര്‍ക്കും അതനുവദിക്കും. കേരളത്തില്‍ ഗുരു നയിച്ച സാമൂഹിക പരിഷ്കരണ പ്രയത്നങ്ങളുടെയെല്ലാം ലക്ഷ്യം എല്ലാത്തരക്കാരുടെ യും സ്വാതന്ത്ര്യം ഉറപ്പു വരുത്തുക എന്നതായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അടിമപ്പെട്ട് കഴിഞ്ഞിരുന്ന ജനതയെ (അവരില്‍ ബ്രാഹ്മണന്‍ തൊട്ട് ചണ്ഡാളന്‍ വരെയുള്ളവര്‍ പെടും) ഗുരു സ്വതന്ത്രരാക്കി. രണ്ടാമതായി ഗുരു വിഭാവനം ചെയ്യുന്നത് മതദ്വേഷരാഹിത്യമാണ്. അന്ന് (19 -ാം നൂറ്റാണ്ടില്‍ ) കേരളത്തിലെ മതാന്തരീക്ഷം വളരെ കലുഷമായിരുന്നു. ഒരു ഭാഗത്ത് ക്രി സ്തുമത പ്രസംഗകന്മാര്‍  സ്വന്തം മതത്തെ വാഴ്ത്തിയും അന്യമതങ്ങളെ പുച്ഛിച്ചും ദുഷിപ്പിച്ചും വാദകോലാഹലങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. ഒപ്പം മതപരിവര്‍ത്തന ശ്രമങ്ങളും. (തിരുവിതാംകൂര്‍ സര്‍ക്കാര്‍ താഴ്ന്ന ജാതി  ഹിന്ദുക്കളെ പരോക്ഷമായി മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചിരുന്നു, ഈഴവനായിരിക്കെ അപ്രാപ്യമായ ഉദ്യോഗം  ക്രിസ്ത്യാനിയായാല്‍ ലഭിക്കുമായിരുന്നു. മാത്രമല്ല അയിത്തം ഭയക്കാതെ വഴി നടക്കുകയും ചെയ്യാം. ഉദ്യോഗത്തിനപേക്ഷിച്ച ഒരു ഈഴവനോട് മതം മാറിക്കൂടെ എന്നു സര്‍ക്കാര്‍ ചോദിക്കുകപോലുമുണ്ടായി.  മതം മാറിയാല്‍ അടിയങ്ങള്‍ക്കു ലഭിക്കാവുന്ന അവകാശങ്ങള്‍ പൊന്നുതിരുമേനിയുടെ മതത്തില്‍ ഇരുന്നുകൊണ്ടുതന്നെ ലഭിക്കണമെന്നാണ് അടിയങ്ങളുടെ അപേക്ഷയെന്ന്  ഈഴവ മെമ്മോറിയലില്‍ വായിക്കാം.) ഇസ്ലാം, ബൗദ്ധം, സിഖ് എന്നീ മതക്കാരും ഈഴവരാദികളായ അവര്‍ണ്ണരെ അവരവരുടെ മതത്തിലേക്കാകര്‍ഷിക്കാന്‍ ശ്രമിച്ചിരുന്നു. മറുഭാഗത്ത് ഇതിനെതിരായ പ്രവര്‍ത്തനങ്ങളും തുല്യതോതില്‍ അല്ലെങ്കിലും അരങ്ങേറിക്കൊണ്ടിരുന്നു. ഈ ചുറ്റുപാടുകളിലാണ് ചട്ടമ്പി സ്വാമികള്‍ 'ക്രിസ്തുമതച്ഛേദനം' രചിക്കുവാന്‍ ഇടയായത്. ഗുരുവിന്‍റെ മനോഭാവം ആ ശാന്‍ പില്‍ക്കാലത്ത് അതിസൂക്ഷ്മമായി പ്രതിപാദിച്ചു.

വാദങ്ങള്‍ ചെവിക്കൊണ്ടു മതപ്പോരുകള്‍ കണ്ടും

മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ

   ജാതിഭേദവും മതദ്വേഷവും ഇല്ലാതായാല്‍ മനുഷ്യനും മനുഷ്യനും തമ്മില്‍  സാഹോദര്യത്തോടെ ജീവിക്കാവുന്ന ഒരു സമൂഹം നിലവില്‍ വരും. ഗുരു വേറെ ഇടങ്ങളിലും സാഹോദര്യത്തിന്‍റെ  പ്രാധാന്യം ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം :നരനും നരനും തമ്മില്‍ സാഹോദര്യമുദിക്കണം,

അതിന്നു വിഘ്നമായുള്ളതെല്ലാമില്ലാതെയാകണം.

    ഗുരുവിന്‍റെ ആശ്രമത്തില്‍ വരുന്നവര്‍ക്കെല്ലാം സാഹോദര്യ ബുദ്ധി വേണമെന്ന് ഗുരു നിഷ്കര്‍ഷിക്കുന്നു.

അസ്യാമായാന്തി യേ തേ സ്യുഃ

സര്‍വ്വേ സോദര ബുദ്ധയഃ

     കൂട്ടത്തില്‍ പറയട്ടെ , ആശ്രമാധിപനു വേണ്ടതായി 'ആശ്രമം' എന്ന കൃതിയില്‍ ഉപസംഖ്യാനം ചെയ്തിട്ടുള്ള ഗുണങ്ങളെല്ലാം ഒരു മാനവികതാവാദിക്കും  വേണ്ടതാണ്.

ആശ്രമേ f  സ്മിന്‍ ഗുരുഃ കശ്ചിദ്
വിദ്വാന്‍ മുനിരുദാരധീഃ
സമദൃഷ്ടിഃ ശാന്തഗംഭീ -
രാശയോ വിജിതേന്ദ്രിയഃ                                                                                                                                                          
പരോപകാരീ, സ്യാദ്ദീന -
ദയാലുഃ സത്യവാക് പടുഃ
സദാചാരരതഃ ശീഘ്ര -
കര്‍ത്തവ്യകൃദതന്ദ്രിതഃ

ആശ്രമത്തിലെ ഗുരുവിന്‍റെ ഗുണങ്ങള്‍: 

1. വിദ്വത്വം 2.  മുനിത്വം  3.  ഉ ദാരമനസ്കത 4.  സമദൃഷ്ടിത്വം 5. ശാന്തഗംഭീരാശയത്വം 6.  ഇന്ദ്രിയ ജ യിത്വം 7.  പരോപകാരിത്വം  8. ദീനദയാശീലത്വം  9.  സത്യസന്ധത  10. സാമര്‍ത്ഥ്യം   11. സദാചാരതത്പരത 12.  ശീഘ്രകര്‍ത്തവ്യകരണത്വം   13.  ആലസ്യരാഹിത്യം.

    ഗുരുവിന്‍റെ മാനവികത ഗുരു ഉള്‍ക്കൊള്ളുകയും നടപ്പിലാക്കി കാ ണിക്കുകയും ചെയ്ത അദ്വൈതത്തില്‍ നിന്നുതന്നെ ഉരുത്തിരിഞ്ഞു വന്നതാണ്. അദ്വൈതപ്രകാരം ഓരോ മനുഷ്യനും പരമാത്മചൈതന്യത്തിന്‍റെ സ്ഫുരണമത്രേ. അതുകൊണ്ട് അവന്‍റെ അ ന്തഃസത്തയില്‍ അവന്‍ ആ പരംപൊ രുള്‍ തന്നെ. എന്നാല്‍ അജ്ഞാനവി ലയിതനാകയാല്‍ അവന് ആ സത്യം കണ്ടെത്താന്‍ കഴിയുന്നില്ല.