ആചാര്യസ്മൃതി
സ്വാമി ഋതംഭരാനന്ദ
ചോദ്യം:
സ്വാമിജീ, സമൂഹത്തിന് വെളിച്ചം പകരുന്നവരാണല്ലോ ആചാര്യന്മാര്‍. എന്നാല്‍ ആ സമൂഹം തന്നെ ഈ ആചാര്യന്മാരെ വളരെ വേഗം വിസ്മരിച്ചു പോകുന്നതായിക്കാണുന്നു. ഈയൊരു സമീപനം മാറിവരേണ്ടതല്ലേ?
ഉത്തരം:
ഈ ചോദ്യത്തിന് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. എന്തെന്നാല്‍ ഈശ്വരനിലേക്കുള്ള അഥവാ പരംപൊരുളിലേക്കുള്ള നേരാം വഴികള്‍ കാണിച്ചുതന്നിട്ടുള്ള മഹാഗുരുക്കന്മാരെ സമൂഹത്തിനു പരിചിതമാക്കിക്കൊടുക്കുന്നവരാണ് ആചാര്യന്മാര്‍. ഗുരുക്കന്മാരുടെ വാക്കും പൊരുളും സാഗരവും അതിലെ തിരയും പോലെയാണ് . ഒരു സാധാരണക്കാരന്‍ തിരയുടെ സ്ഥാനത്ത് നില്ക്കുന്ന വാക്കുകളെ മാത്രമേ കാണുകയും കേള്‍ക്കുകയും ചെയ്യുന്നുള്ളൂ. എന്നാല്‍ ആ വാക്കുകളുടെ പൊരുളായിരിക്കുന്ന സാഗരത്തെ അധികം പേരും വേണ്ടവണ്ണം അറിയുന്നുമില്ല. ഗുരുദേവന്‍ പല സന്ദര്‍ഭങ്ങളിലായി പറഞ്ഞ തിരുവാണികള്‍തന്നെ അധികം പേര്‍ക്കും പരിചയമുള്ളതാണ്. ഉദാഹരണത്തിനു 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്' എന്ന വിശ്വസന്ദേശം കേള്‍ക്കാത്തവരായി ആരുമുണ്ടാകില്ല. പക്ഷേ ഈ സന്ദേശത്തില്‍ ഉള്ളടങ്ങി നില്ക്കുന്ന പൊരുളിന്‍റെ ആഴം കണ്ടവര്‍ ചുരുങ്ങും. അതു കണ്ടറിഞ്ഞ് ജനങ്ങള്‍ക്ക് മനസ്സിലാകുന്നവിധം വ്യാഖ്യാനിച്ചു നല്കുന്നത് ആചാര്യശ്രേഷ്ഠന്മാരാണ്. ഇങ്ങനെ അറിവിന്‍റെ പ്രകാശത്തെയും ഗുരുക്കന്മാര്‍ കാട്ടിയ നേരാംവഴികളെയും മറയ്ക്കാതെ നിര്‍ത്തുന്ന മഹത്തുക്കളാണ് ആചാര്യന്മാര്‍. ഇവരെ നമിക്കേണ്ടതും ആദരിക്കേണ്ടതും സ്മരിക്കേണ്ടതും മനുഷ്യസമൂഹത്തിന്‍റെ വളര്‍ച്ചയ്ക്കും ഭദ്രതയ്ക്കും എക്കാലവും അനിവാര്യമാണ്.
എന്നാല്‍ സമൂഹം ഈ അനിവാര്യമായ കര്‍ത്തവ്യം വേണ്ടവിധത്തില്‍ നിറവേറ്റപ്പെടുന്നില്ല എന്നത് ഖേദകരമാണ്. അതാതു കാലത്തു ഗവണ്‍മെന്‍റുകളും ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധയും ശുഷ്കാന്തിയും കാണിക്കാതെ പോകുന്നുമുണ്ട്. കലാസാഹിത്യ സാംസ്കാരിക കായിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെ യഥാകാലം സ്മരിക്കുകയും ആദരിക്കുകയും ഒക്കെ ചെയ്യപ്പെടുമ്പോള്‍ ആചാര്യന്മാര്‍ വിസ്മൃതമായിപ്പോകുന്നുവെന്നത് ഗുരുകുലമെന്നു ഖ്യാതികേട്ട ഭാരതത്തിന്‍റെ പാരമ്പര്യത്തിനു മങ്ങലേല്‍പ്പിക്കുന്നില്ലേ എന്നു സംശയിക്കണം. അറിവിന്‍റെ വാഹകരെ കൂടി കാണുവാനുള്ള വിശാലമായ കാഴ്ചപ്പാട് ഉണ്ടാകേണ്ടതുണ്ട്. മാറിയും മറഞ്ഞും പോകുന്ന ദൃശ്യങ്ങളെയും വിഷയങ്ങളെയും മാത്രമേ നമ്മള്‍ കാണുന്നുള്ളൂ. ഈ അനിത്യതയുടെ കാഴ്ചയാണ് സുഖദുഃഖസമ്മിശ്രമായ സംസാരസമുദ്രത്തിന്‍റെ കയങ്ങളിലേക്ക് മനുഷ്യനെ തള്ളിയിടുന്നത്.
അതുകൊണ്ട് നിശ്ചയമായും ഈ സമീപനത്തിനു മാറ്റം വരേണ്ടതുണ്ട്. ആത്മസത്തയുടെ വെളിപാടുകളാല്‍ ലോകത്തെ അനുഗ്രഹിച്ച മഹാഗുരുക്കന്മാരുടെ വചനങ്ങളെ നമ്മുടെ ഹൃദയങ്ങളിലേക്കു പ്രാണവായുവിനെപ്പോലെ നിറയ്ക്കുന്ന ആചാര്യശ്രേഷ്ഠന്മാര്‍ ലോകത്ത് അപൂര്‍വ്വരില്‍ അപൂര്‍വ്വരാണ്. ഇരുപതാംനൂറ്റാണ്ടില്‍ ഈ ആചാര്യഗണത്തില്‍ കേരളത്തില്‍ ജന്മമെടുത്തവരാണ് ജീവിതദൗത്യം വേണ്ടവണ്ണം നിര്‍വ്വഹിച്ച് കൃതകൃത്യരായി ഇഹലോകവാസം വെടിഞ്ഞവരായ പ്രൊഫ. എം.എച്ച്. ശാസ്ത്രികള്‍, പ്രൊഫ. കെ. ബാലരാമപ്പണിക്കര്‍, പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍, ഡോ. ടി. ഭാസ്കരന്‍ എന്നിവരും ഇന്ന് സ്തുത്യര്‍ഹമായി സ്വധര്‍മ്മമനുഷ്ഠിക്കുന്ന പ്രൊഫ. വാസുദേവന്‍പോറ്റി തുടങ്ങിയവരുമെല്ലാം. ഇവരെ ആരെയും വേണ്ടവിധം സമൂഹമോ സര്‍ക്കാരോ യഥാകാലം ആദരിച്ചിട്ടില്ല എന്നത് ചരിത്രത്തിലെത്തന്നെ ഏറ്റവും വലിയ 'ന്യൂനത' ആയി നാളെ രേഖപ്പെടുത്ത പ്പെട്ടേക്കാം. അതുകൊണ്ട് രാജ്യത്തിന്‍റെ പരമോന്നത പുരസ്കാരമായ 'പത്മ' പുരസ്കാരങ്ങള്‍ നല്കുമ്പോള്‍ ഈ ആചാര്യപരമ്പരയെ വിസ്മരിക്കുവാന്‍ പാടുള്ളതല്ലെന്നു ബന്ധപ്പെട്ടവരെയെല്ലാം ഈ സന്ദര്‍ഭത്തില്‍ ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. കാരണം ആചാര്യശ്രേഷ്ഠന്മാര്‍ ലോകസേവകന്മാരാണ്. ലോകത്തിനു മംഗളമേകുവാനാണ് അവര്‍ കര്‍മ്മം ചെയ്യുന്നത്. അനിത്യതയുടെ ലോകത്ത് നിത്യതയുടെ പ്രകാശം വര്‍ഷിക്കുന്ന ഗുരുക്കന്മാരുടെ വചനങ്ങളിലേക്കും കൃതികളിലേക്കും സമൂഹത്തിനു കടന്നുചെല്ലുവാനുള്ള പ്രവേശനകവാടങ്ങളാണ് ആചാര്യന്മാരെന്നു നാമറിയണം. അവരെ വിസ്മരിക്കുന്നത് കണ്ണിനെയറിയാതെ കണ്ണുകൊണ്ടു കാണപ്പെടുന്നതിനെ മാത്രം അറിയുന്നതുപോലെയാണ്.