അറിയാനും അറിയിക്കാനുമുള്ള ധര്‍മ്മനിയമങ്ങള്‍
സ്വാമി പ്രകാശാനന്ദ
ഈ പ്രപഞ്ചവും അതിലെ എല്ലാ ജീവജാലങ്ങളും ഈശ്വരന്‍റെ വരദാനങ്ങളാണ് . അതുകൊണ്ട് തന്നെ ഒന്നിനും മറ്റൊന്നിനു മേല്‍ ആധിപത്യം സ്ഥാപിക്കുവാനുള്ള അവകാശമോ അധികാരമോ ധാര്‍മ്മികമായി ഇല്ല. പുല്‍ക്കൊടി മുതല്‍ മനുഷ്യന്‍ വരെയുള്ള ജീവജാലങ്ങളെല്ലാം ഒരേ പരമാത്മാവില്‍ നിന്നും സൃഷ്ടമായി വന്നിരിക്കുകയാല്‍ യാതൊന്നിനെയും നിന്ദ്യമായോ ശ്രേഷ്ഠമായോ കരുതാനുമാവില്ല. എന്നാല്‍ മനനശേഷിയും ബുദ്ധിവൈഭവവുമുള്ള മനുഷ്യര്‍ തന്‍റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് മറ്റുള്ളവയെ ചൂഷണം ചെയ്യുകയും വംശനാശം പോലും വരുത്തുകയുമാണ്. മനുഷ്യന്‍റെ ഈ സ്വാര്‍ത്ഥതയാണ് ശത്രുമിത്രഭാവങ്ങളെ തളര്‍ത്തുകയും വളര്‍ത്തുകയും ചെയ്യുന്നത്.
ജീവിതത്തിന്‍റെ സമസ്തമേഖലകളിലും ഇന്നു ഈ ശത്രുമിത്രഭാവങ്ങള്‍ ശക്തമാണ്. ആത്മബോധം കൈവന്നിട്ടില്ലാത്തതുകൊണ്ടാണ് മനുഷ്യന്‍ മനുഷ്യനെ ശത്രുവായും മിത്രമായും ബന്ധുവായും അന്യനായുമൊക്കെ കാണുവാനിട വരുന്നത്. എല്ലാത്തരം ഭേദഭാവങ്ങളും വൈരുദ്ധ്യങ്ങളും അഹന്തകളും ഉണ്ടാകുന്നത് ആത്മാഭിന്നതയില്‍ നിന്നുമാണ്. ആത്മാഭിന്നതയാണ് മനുഷ്യനെ മൃഗതുല്യനാക്കിത്തീര്‍ക്കുന്നത്. മംഗളകാരിയായി അന്യജീവനുതകി സ്വജീവിതം ധന്യമാക്കേണ്ടവരാണ് മനുഷ്യര്‍. ഗുരുക്കന്മാരെല്ലാം തന്നെ ആത്മാവിനാല്‍ ആത്മാവിനെ ശരണീകരിക്കുവാനുള്ള ജ്ഞാനോപദേശങ്ങളും ഉപായങ്ങളും നല്കിയിട്ടുണ്ട്. എന്നാല്‍ ഈ ഗുരൂപദേശങ്ങളെ വേണ്ടുംവണ്ണം ദൈനംദിന ജീവിതത്തോടു ഇണക്കിച്ചേര്‍ക്കാതിരിക്കുന്നവര്‍ സത്യത്തെ അസത്യം കൊണ്ടും ധര്‍മ്മത്തെ അധര്‍മ്മം കൊണ്ടും അഹിംസയെ ഹിംസകൊണ്ടും മതത്തെ മദം കൊണ്ടും വെല്ലുവിളിക്കുകയാണ് . അത്യന്തം ഖേദകരമായ ഈ അവസ്ഥയാണ് മനുഷ്യനെ കൊല്ലുന്നവനും കൊല്ലപ്പെടുന്നവനുമാക്കിത്തീര്‍ക്കുന്നത്.
ഏതു ഹിതത്തിന്‍റെ പേരിലായാലും ഒന്നിന്‍റെ ജീവനപഹരിക്കുകയെന്നത് ഒരുകാലത്തും ഒരു പ്രകാരത്തിലും ന്യായീകരിക്കാനാകാത്ത നീചകര്‍മ്മമാണ്. അതി ബുദ്ധിമാനും ശക്തനുമെന്നഭിമാനിക്കുന്ന മനുഷ്യന്‍റെ അത്യന്താധുനികമായ കണ്ടുപിടിത്തങ്ങള്‍ കൊണ്ട് വളരെ നിസ്സാരമെന്നു കരുതുന്ന ഒരു കുഞ്ഞുറുമ്പിനെയെങ്കിലും സൃഷ്ടിക്കുവാന്‍ കഴിയുമോ?
വിധി എപ്പോഴും കൊല്ലുന്നവന്‍റെ ഹിതത്തിനു അനുകൂലമായിരിക്കുമെന്നു കരുതിക്കൂടായെന്നും ഇന്നു കൊല്ലുന്നവന്‍ നാളെ കൊല്ലപ്പെടുന്നവനായി ഭവിക്കാമെന്നും ഗുരുദേവന്‍ ജീവകാരുണ്യപഞ്ചകം എന്ന കൃതിയിലൂടെ അതിലളിതമായി ചൂണ്ടിക്കാട്ടിത്തരുന്നു. സമ്പത്തും സൗന്ദര്യവും സ്ഥാനവും അധികാരവും തുടങ്ങി എന്തെല്ലാം നേട്ടങ്ങളുണ്ടായാലും മറ്റ് എന്തെല്ലാം നന്മകളുണ്ടായാലും കൊല്ലുന്നവനായിത്തീര്‍ന്നാല്‍ ഒരിക്കലും അവന് ശരണ്യത ഉണ്ടായിരിക്കുകയില്ല.
ജീവകാരുണ്യപഞ്ചകം എന്ന കൃതിയിലൂടെ ഗുരുദേവന്‍ വെളിപ്പെടുത്തുന്ന ഈ ധര്‍മ്മനിയമങ്ങളെക്കുറിച്ചുള്ള അവബോധമില്ലായ്മയാണ് കൊല്ലുന്നവനെയും കൊല്ലപ്പെടുന്നവനെയും സൃഷ്ടിക്കുന്നതെന്ന ചിന്ത ഇനിയെങ്കിലും സമൂഹത്തില്‍ ശക്തമായിത്തീരേണ്ടതുണ്ട്. എല്ലാ മതവിശ്വാസികളും പ്രത്യയശാസ്ത്രക്കാരും എല്ലാ തലത്തിലും ഈ ധര്‍മ്മനിയമങ്ങളെ പാലിക്കുകയും പ്രചരിപ്പിക്കുകയും വേണം. അങ്ങനെയായാല്‍ ആനുകാലികങ്ങളായ അനിഷ്ടസംഭവങ്ങളൊന്നും സമൂഹത്തിലുണ്ടാവുകയില്ല. അപ്പോഴാണ് കേരളം ദൈവത്തിന്‍റെ 'സ്വന്തം' നാട് എന്ന ഖ്യാതിക്ക് അര്‍ഹമായിത്തീരുന്നത്.