ഉപനിഷത്തിന്‍റെ മനസ്സുമായൊരമ്പലം

സ്വാമി അവ്യയാനന്ദ

      അറിവിനെ ജീവിതത്തിലെ ഭാഗ്യവതിയായ അനുഭവസമ്പന്നതയായി കാണുമ്പോഴാണ് ശ്രീശാരദാംബ അനുഗൃഹീതമായ ദൈവികതയായി  നമ്മെ വന്നു പുണരുന്നത്. ഇത് വാത്സല്യാമൃതമായ ഒരു വാക്യമാണ്. പക്ഷേ, ശാരദ ഒരു വാക്കും വാക്യവുമല്ല. സങ്കല്പവും ചിത്രവും ശില്പവുമല്ല. ശാരദ ശരത്തിന്‍റെ ദേവതയാണ്. അക്ഷരങ്ങളുടെ അവനീശ്വരിയും. പ്രപഞ്ചത്തിന് ഒന്നാകെ ഉണ്മ യും അര്‍ത്ഥവും പ്രദാനം ചെയ്യുന്ന ശാരദ അറിവിന്‍റെ അനന്തമായ അന്വേഷണങ്ങള്‍ക്കു മുന്നിലെ മൗനമന്ദഹാസമാണ്.

      ഭാഷയ്ക്കെന്നപോലെ മൗനത്തിനും അതിന്‍റേതായ വ്യാകരണമുണ്ടോ?, ഒരു നിമിഷത്തിലെ മൗനം പറയാതെ പറയുന്നത് എന്താണ്? മുഖത്തെ മൗനത്തിന് ചിലപ്പോള്‍ എന്തുമാത്രം പരികല്പനകളാണ്. മുനിമാരുടെ പ്രസിദ്ധമായ മൗനം അവരുടെ വാക്കുകള്‍ക്കും വരികള്‍ക്കുമുപരിയായി നമ്മോട് സംവദിച്ചു. വാക്കുകള്‍ക്കിടയിലെ നിശബ്ദതയുടെ നീട്ടലും കുറുക്കലുമാണല്ലോ നമ്മുടെ സം സാരഭാഷയിലെ കുത്തും കോമയും. പരമ്പരാഗത നൃത്തരൂപങ്ങള്‍ മൗനത്തിന്‍റെ അനന്തസാധ്യതകള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. കലാകാരി കാഴ്ചക്കാരുമായി സംവദിക്കുന്നത് ചടുലവും സൂക്ഷ്മവുമായ ഭാവഭേദങ്ങളോടെയാണ്.  മൗനമാണ് അവിടെ ഭാഷയും വ്യാകരണവും.

     വാക്കുകള്‍ ചിതറിവീഴുന്ന ഒരു ബ്ലാ ക്ക്ബോര്‍ഡിനോട് നമുക്ക് മൗനത്തെ ഉപമിക്കാം. ബോര്‍ഡിന്‍റെ പ്രകൃതത്തേ യും ഗുണത്തേയും അറിയുമ്പോഴേ എഴുത്തിന്‍റെ ശരിയായ ഒഴുക്ക് സാധ്യമാവുകയുള്ളൂ. മൗനത്തിന്‍റെ അര്‍ത്ഥതലങ്ങളെപ്പറ്റി നല്ല ബോധമുണ്ടാകുമ്പോഴേ ആശയവിനിമയം സുസാധ്യമാവുകയുള്ളൂ.

     സംഗീതത്തിലെ മൗനത്തിന്‍റെ സാ ന്നിദ്ധ്യം നോക്കു. ഒരു വീണക്കമ്പിനാദത്തിന് രണ്ട് മാനമുണ്ട്. വീണക്കമ്പിയിലെ വിരല്‍സ്പര്‍ശം ശബ്ദവീചികളായി ആസ്വദിക്കപ്പെടുന്നു. ആ ശബ്ദങ്ങള്‍ നേര്‍ത്ത് നേര്‍ത്തില്ലാതാവുന്നതാകട്ടെ അതിലേറെ ആസ്വദിക്കപ്പെടുന്നു. നാദപ്രപഞ്ചം, നാദബ്രഹ്മം എന്നൊ ക്കെ സംഗീതാസ്വാദകര്‍ പറയുന്നു. അ രങ്ങിലെ കച്ചേരി കഴിഞ്ഞിട്ടും ഉള്ളിലെ തുടികൊട്ട് നിലയ്ക്കാത്തതായി നമുക്ക് പലപ്പോഴും തോന്നാറുണ്ട്. ശബ്ദവീചികള്‍ തീര്‍ക്കുന്ന നാദപ്രപഞ്ചത്തിനപ്പുറത്തെ ആത്മഭാവം മനസ്സ് ആഗിരണം ചെയ്യുമ്പോഴാണിത് സംഭവിക്കുന്നത്.

      വാക്കും മൗനവും ഒന്നുതന്നെയാ ണ്.  വാക്കാണ് മൗനത്തിന്‍റെ  മന്ദഹാസം. മൗനമാണ് വാക്കിന്‍റെ മാതാവ്. ശാരദാംബ വാഗീശ്വരിയാണ്. അറിവി ലും ഏറിയ അറിവായി സത്യത്തിലും ഏറിയ സത്യമായി അറിവിന്‍റെ വെളിച്ചമായി അറിവില്‍ നിന്നൂറി വന്ന പരമാനന്ദമായി അത് പരിലസിക്കുന്നു. സ്വരവ്യഞ്ജനങ്ങളില്‍ അത് ഒതുങ്ങി നില്ക്കുന്നില്ല.

     ജാതിഭേദമില്ലാതെ, മതദ്വേഷമില്ലാതെ സര്‍വ്വരും സോദരരായി കഴിയുന്ന ശിവഗിരിയിലേക്കുള്ള വഴിത്തുടക്കത്തില്‍ വലത് വശത്ത് നാട്ടുമാവുകള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന ശിവഗിരിക്കുന്നുകളുടെ അടിവാരത്തിലാണ് അറിവിന്‍റെ അമ്മയായ ശ്രീശാരദാദേവിയുടെ പ്രതിഷ്ഠയും കോവിലും. ഇ വിടെ നിന്നാണ് മഹാസമാധിയിലേ ക്കുള്ള കല്പടവുകള്‍ ആരംഭിക്കുന്നത്. ആദ്ധ്യാത്മികതയുടെ അദ്ധ്യായം തുറക്കുന്ന പടവുകള്‍ . ഇവ ഓരോന്നും പിന്നിട്ട് കുന്നിന്‍നെറുകയില്‍ എത്തിയാല്‍ ഗുരുദേവസമാധിമന്ദിരമായി.

     ഗുരുദേവനിലൂടെ ശാരദാദേവി ഉ യിര്‍ക്കൊണ്ടിട്ട് നൂറ് വര്‍ഷം തികയുകയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാകാന്‍ ഉപദേശിച്ച  ഗുരുദേവന്‍  ഏവര്‍ക്കും വിദ്യാഭ്യാസപരവും സാമൂഹികവുമായ ശക്തിയാര്‍ജ്ജിക്കാന്‍ കൈക്കൊണ്ട ശക്തമായ നീക്കമായിരുന്നു ശാരദാപ്രതിഷ്ഠ. കൊല്ലവര്‍ഷം 1084-ാം ആണ്ട് ചിങ്ങത്തിലെ ചതയം നാളില്‍ ഗുരുദേവന്‍ ശാരദാമഠത്തിന് ശിലയിട്ടു. അ ത്ഭുതമെന്നു പറയട്ടെ തൃപ്പാദങ്ങളുരുവിട്ടത് മുഴുവന്‍ കാവ്യതീര്‍ത്ഥങ്ങളായിരുന്നു. അതേ, വിദ്യാദേവതയുടെ നിത്യനികേതനത്തിന് ശിലപാകിയതുവഴി കൈരളിക്ക് കൈവന്നത് 'ജനനീ നവരത്നമഞ്ജരി' എന്ന പ്രൗഢസുന്ദരമായ ഒരു കാവ്യരത്നമായിരുന്നു. ശിവഗിരിയുടെ താഴ്വരയില്‍ അക്ഷരപ്പൂക്കാലമായി. മൂന്നുവര്‍ഷം കൊണ്ട് ക്ഷേത്രത്തിന്‍റെ പണി പൂര്‍ത്തിയായി. ശി വഗിരിയില്‍ ചേര്‍ന്ന ശ്രീനാരായണധര്‍മ്മപരിപാലനയോഗത്തി ന്‍റെ ഒന്‍പതാം വാര്‍ഷികത്തില്‍ 1912 മേയ് മാസത്തെ ചിത്രാപൗര്‍ണ്ണമിയിലായിരുന്നു ആ പ്രതിഷ്ഠാകര്‍മ്മം. നീലച്ചില്ലുകള്‍ പതിച്ച ജാലകങ്ങളോട് കൂടിയ അഷ്ടകോണ്‍ മന്ദിരമാണ് ശാരദാമഠം. ഓരോ വശവും ഓരോ ദിക്കിനെ അഭിമുഖീകരിക്കുന്നു. പഴയകാല വാ സ്തുശില്പ വൈദഗ്ദ്ധ്യത്തിന്‍റെ സര്‍ഗ്ഗലാവണ്യവും മികവും വിളിച്ചോതുന്ന മഠമാണിത്. ക്ഷേത്രമോ കോവിലോ അല്ല ശാരദാമഠം. ഗുരുശിഷ്യപാരസ്പര്യത്തിന്‍റെ ആത്മാവുതേടുന്നയിടമാണ് മഠം. അതിന് ഉപനിഷത്തിന്‍റെ ഒരു തെ ളിമനസ്സുണ്ട്. ശുഭ്രവസ്ത്രധാരിണിയായ ശ്രീശാരദാംബയുടെ പ്രതിഷ്ഠ പഞ്ചലോഹനിര്‍മ്മിതമാണ്. അഞ്ചിന്ദ്രിയങ്ങ ളും ഉള്ളടക്കി തെരുതെരെ വീണു വ ണങ്ങേണ്ടയിടം.

    വെള്ളത്താമരയിലിരിക്കുന്ന ദേവി ഇവിടെ വീണാപാണിയല്ല. ചതുര്‍ബാഹുവായ ദേവിയുടെ ഇടതുഭാഗത്തെ മുകള്‍ക്കൈയില്‍ ഒരിക്കലും ഉറവ വറ്റാത്ത കാരുണ്യമായി അമൃതകുംഭം. താഴത്തെ കയ്യില്‍ പുസ്തകം. വലതുവശത്തെ മുകള്‍ക്കൈയിലെ ചൂണ്ടാണിവിരലില്‍ ദേവിക്ക് അഭിമുഖമായി ഇരിക്കുന്ന ഒരു ചെറുകിളിയുമുണ്ട്. തു ഞ്ചത്തെഴുത്തച്ഛന് രാമചരിത്രം കവിതയായി പാടിയ തുഞ്ചന്‍പറമ്പിലെ മണിക്കിളിയാവാമിത്. വലതുഭാഗത്തെ താഴ ത്തെ കൈയ്യിനാല്‍  അമ്മ ഭക്തരെ അനുഗ്രഹിക്കുന്നു.

     സാന്ത്വനത്തിന്‍റെ സാമഗാനം പോ ലെ മഹാസമാധിയെ പ്രദക്ഷിണം വ ച്ചെത്തുന്ന ഇളംകാറ്റും വെള്ള മണല്‍പ്പരപ്പും ജാലകത്തിലെ നീലച്ചില്ലുകളിലൂടെ അരിച്ചെത്തുന്ന സൂര്യകിരണാവലിയും ഇവിടെ ശിവഗിരീശ്വരിക്ക് നിത്യവിനയത്തിന്‍റേയും നിഷ്കളങ്കതയുടേയും കുങ്കുമവും ചന്ദനവുമൊരുക്കുന്നു.

        ചെറിയ അറിവായാലും ഉന്നതമായ അറിവായാലും  അതില്‍ അറിവല്ലാതെ മറ്റൊന്നുമില്ല. ബാഹ്യമായ അറിവെ ന്നും ആന്തരികമായ അറിവെന്നും ഈ അറിവിനെ സത്യമറിയാതെ ഉപയോഗിച്ചുവരുന്നു. ഇങ്ങനെ ബുദ്ധികൊണ്ട് അറിവിനെ അറിഞ്ഞാല്‍ മാത്രം പോരല്ലോ. അറിവിനേയും അര്‍ത്ഥത്തേയും ഇതുരണ്ടും എന്‍റെ അറിവും എന്നുള്ള അഭിമാനത്തേയും വിവേകശക്തിയോ ടെ അറിഞ്ഞാല്‍ പിന്നെ ആദിയും അ ന്തവുമില്ലാത്ത മഹസ്സ് മാത്രമാണ് ഉള്ളതെന്ന് കാണാം. ഇത് നന്നായി മനസ്സിലാകാനാവണം ഗുരുദേവന്‍ ശാരദാംബയിലേക്ക് തിരിഞ്ഞത്.  ഇതുള്‍ ക്കൊണ്ടിട്ടാവണം ശാരദാംബയെ പ്രതിഷ്ഠി ച്ച ഒന്‍പതാംയോഗവാര്‍ഷികത്തില്‍ അദ്ധ്യക്ഷനായിരുന്ന 'മിതവാദി' പത്രാധിപര്‍ സി. കൃഷ്ണന്‍ ഇങ്ങനെ പറഞ്ഞത്.

        'ഈ സ്ഥാപനം ഭാവിശ്രേയസ്സിനു ള്ള ശൃംഗേരിയും എവിടേയുമുള്ള ന മ്മുടെ സ്വജനങ്ങള്‍ ജീവിതത്തിനും ജ്ഞാനത്തിനും പരസ്പരസ്നേഹത്തിനും ആവശ്യമായ വിവിധ വൃത്തികള്‍ ക്ക് വേണ്ടുന്ന ഈശ്വരാനുഗ്രഹത്തിനാ യി ഉത്കണ്ഠയോടെ അന്വേഷിച്ചെത്തു ന്ന വിശുദ്ധഗിരിയായും ഭവിക്കുന്നു.'

       ശരീരം തന്നെയാണ് ക്ഷേത്രം. തല അതിന്‍റെ താഴികക്കുടവും കാലുകള്‍ അതിന്‍റെ തൂണുകളുമാണ്. ഹൃദയം ഗര്‍ഭഗൃഹം. ആത്മചൈതന്യമാണ് അ വിടെ പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ള വിഗ്രഹം. അറിവിന്‍റെ ഹൃദയസ്ഥാനം. ഇവിടേക്ക് ഉറ്റുനോക്കുമ്പോള്‍ ബാഹ്യനേത്രങ്ങള്‍ ക്ക് കാഴ്ചക്കുള്ള കൗതുകമില്ല. ഒരുവന്‍ അവനിലേക്കുതന്നെ മടങ്ങിപ്പോകുന്ന അത്ഭുതകാഴ്ചയാണ് അപ്പോള്‍ സംഭവിക്കുന്നത്.

    ഇവിടെ കേള്‍ക്കാന്‍ കാതുകളില്ലാതെ വരുന്നു. ശ്രദ്ധ, അതുവരെ അറിഞ്ഞ വാക്കുകളുടെ പൊരുളിനപ്പുറത്തേക്ക് ക്ഷണിക്കുന്ന മൗനസ്മിതമാകുന്നു. ചുണ്ടുകളില്‍ ശാരദാമന്ത്രം മാത്രം. രുചിയും രുചിഭേദവും അന്യമാകുന്നു. പ്രാണന്‍ ഓരോ ശരീര കോശത്തിലും കയറിയിറങ്ങിപ്പോകുമെങ്കിലും അത് ജഡതുല്യമാണ്. മനം ഇവിടെ മൗനമാണ്. ആത്മാവ് ആത്മാവില്‍ അമരുന്നു. പിന്നെ ജീവാത്മാവും പരമാത്മാവുമില്ല. ഉള്ളത് സര്‍വ്വാത്മാവ് മാത്രം. 'ഞാന്‍' ഇല്ലാതാവുന്നു.  അതുകൊണ്ടുതന്നെ 'നീ'യും.

   ഓരോരുത്തര്‍ക്കും അവരവരെ തിരിച്ചറിയാന്‍ ഇത്രത്തോളം കഴിയുന്ന ഇടം ക്ഷേത്രങ്ങളല്ലാതെ മറ്റൊന്നില്ല,. അതുകൊണ്ടുതന്നെ ഗുരുദേവന്‍ ക്ഷേത്രമെന്ന മാധ്യമം സ്വീകരിച്ചു. ക്ഷേത്രമെ ന്ന പ്രതീകാത്മകമാധ്യമത്തിലൂടെ മനുഷ്യരെ ഉദ്ധരിക്കാന്‍ വേണ്ടി ഗുരു നടത്തിയ പ്രതിഷ്ഠകള്‍ പ്രസിദ്ധങ്ങളാണ്. വ്യത്യസ്ത അര്‍ത്ഥതലങ്ങളുടെ മനോജ്ഞമായ സമ്മേളനമാണ് ഗുരുദേവന്‍റെ ഓരോ പ്രതിഷ്ഠയും. അതറിയാന്‍ ഞാ നെന്ന ഭാവം അത് തോന്നായ്കവേണം. ഇതിന് കഴിഞ്ഞതുകൊണ്ടാകാം ശാരദാമഠം സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ അവിസ്മരണീയ ദിവസമാണെന്ന് ഗാ ന്ധിജി രേഖപ്പെടുത്തിയത്.

        നൂറിന്‍റെ നിറവില്‍ ശിവഗിരിയില്‍ കനകജ്യോതിസ്സായി വിളങ്ങി നില്ക്കു ന്ന ശ്രീശാരദയ്ക്ക് നിവേദ്യവും ഉത്സവവുമില്ല.

    ശ്രീശാരദാംബയുടെ ഉത്സവം ഇ വിടെ എത്തുന്ന ഭക്തരുടെ മനസ്സകങ്ങളിലെ ഉത്സവം തന്നെയാണ്. ആനയും അമ്പാരിയുമില്ലാത്ത ഉത്സവം. തൊഴുതു മടങ്ങുമ്പോള്‍ പരിസരങ്ങളിലെ വൃക്ഷശാഖകളിലിരുന്നു സല്ലപിക്കുന്ന ചെല്ലക്കിളികളുടെ നാദധാര ഉത്സവാഘോഷങ്ങളിലെ നാഗസ്വരത്തെയും വെല്ലുന്നതാണ്.

    നവരാത്രി വിജയദശമിനാളുകളില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുരുന്നുകള്‍ ആദ്യാക്ഷരത്തിന്‍റെ പുണ്യംതേടി എത്തുന്നത് ഇവിടെയാണ്. അതേ, പുരുഷാകാരം പൂണ്ട പുണ്യത്തിന്‍റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠാപിതമായ ശിവഗിരീശ്വരിയും നാരായണഗുരുപ്രിയയുമാണമ്മ. ശ്രീശാരദാംബ അക്ഷരാംബികയും നാദരൂപിണിയും രാജയോഗജനനിയുമാണ്. ഗുരുചൈതന്യം നിറഞ്ഞു നില്ക്കുന്ന ശിവഗിരിയിലെ വെള്ളമണല്‍പ്പരപ്പില്‍ ശ്രീശാരദാസന്നിധിയിലിരുന്നു 'ഹരിശ്രീ' കുറിച്ചവര്‍ വിജ്ഞാനത്തിന്‍റെ അകപ്പൊരുള്‍ അതിവേഗം ഹൃദിസ്ഥമാക്കുമ്പോള്‍ അത് ദേവിക്കുള്ള നിവേദ്യവും ഗുരുദക്ഷിണയുമാകുന്നു.

        ശിലാസ്ഥാപനവേളയില്‍ തൃ പ്പാദങ്ങള്‍ ജനനീനവരത്നമഞ്ജ രി രചിച്ചതു പോലെ പ്രതിഷ്ഠാനേരത്ത് ആശാനും കുറിച്ചു അ തിമനോഹരമായ ഒരു പ്രാര്‍ത്ഥനാഗീതം. ശാരദാഷ്ടകം.  ഇന്നും ശിവഗിരിയുടെ താഴ്വരകളെ പ്രഭാമയമാക്കുന്ന ഒരു അഷ്ടകമാണിത്. പ്രഭാതത്തിലും പ്രദോഷത്തിലും ഭക്തവൃന്ദം ആനന്ദചിത്തരായി ഇതു പാടി സായൂജ്യം കൊള്ളുന്നു. അങ്ങനെ തുടക്കം മുതല്‍ ജ്ഞാനദായികയായി മൗനപ്പൊരുളായി ആത്മഹര്‍ഷമൊരുക്കുന്നു ശ്രീശാരദാംബ.

     ഓരോ മനുഷ്യരിലും ദൈവികത , മാനുഷികത, ആസുരത എന്നിവ ഒരേപോലെ കലര്‍ന്നു കിടക്കുന്നുണ്ട്. ഒരുവനു തന്നിഷ്ടം പോലെ ആസുരതയിലേക്ക് നിപതിക്കാം. അല്ലെങ്കില്‍ ദൈവികതയിലേക്ക് ഉയരാം. ദൈവികതയിലേക്കുള്ള മാര്‍ഗ്ഗം ജ്ഞാനമാണ്. ജ്ഞാനികള്‍ സ്വന്തം പ്രിയം മറ്റുള്ളവരുടെ പ്രിയത്തിന് കാരണമാക്കുകയും മറ്റുള്ളവരുടെ പ്രിയത്തെ സ്വന്തം ഹിതമായി മാ റ്റുകയും ചെയ്യുന്നു. ഇത് അവരെ ധന്യരാക്കും. ധന്യതയിലേക്കുള്ള ഈ വഴിയിലെ ഉപനിഷത്തിന്‍റെ മനോഹാരിതയാണ് ശ്രീശാരദാമഠം. അറിവിന്‍റെ അനന്തസാഗരം. അവിടെ ഹൃദയത്തില്‍ സ്നേഹാര്‍ദ്രത അക്ഷരാമൃതമായി നിറ ച്ച് അറിവിന്‍റെ അമ്മ മക്കളെ കാത്തിരിക്കുന്നു. ഇതറിയാന്‍ പുറം കണ്ണുകള്‍ പോര. അകക്കണ്ണുകളും വേണം.