ആത്മജ്ഞാനത്തിന്‍റെ മധുമാസചന്ദ്രിക

മുതുകുളം പാര്‍വ്വതി അമ്മ

    'ചിത്തിരാപൗര്‍ണ്ണമി' ഹാ! മധുരമധുരമായ മഹനീയമന്ത്രം. ആ സ്മരണീയ സുദിനം ഇന്നും പ്രപഞ്ചത്തെ പൂവെണ്ണിലാവിലാറാടിക്കുന്നു. അതിന്‍റെ സുഖശീതളമായ മധുരരശ്മി ജനഹൃദയങ്ങളെ കുളിര്‍പ്പിക്കുന്നു; ഉത്തേജിപ്പിക്കുന്നു; ആനന്ദത്തിലാറാടിക്കുന്നു.

     ആദ്ധ്യാത്മികശാന്തിയുടെ അലൗകികമായ ദിവ്യപരിമളം അനവധി ശതവര്‍ഷങ്ങള്‍ക്കു ശേഷം അന്നാണ് വീണ്ടും ഭാരതത്തില്‍ അലയടിച്ചത്. ഇരുളടഞ്ഞ പൂമുഖത്തില്‍ പൗര്‍ണ്ണമി ചന്ദ്രന്‍ പാല്‍മഴ പൊഴിച്ചു. സുഗന്ധവാഹിയായ തൈമണിത്തെന്നല്‍ സമസ്തചരാചരങ്ങളേയും സമനിലയില്‍ തഴുകിത്തലോടി. ദേവന്മാര്‍ മന്ദാരസൂനങ്ങള്‍ പെരുമഴപോലെ വാരിച്ചൊരിഞ്ഞു. നിര്‍വ്വാണത്തിന്‍റെ സ്വര്‍ഗ്ഗീയസൗരഭ്യം ലോകമെങ്ങും ഒരുപോലെ പരന്നു. ആ പ്രശാന്തസുന്ദരമായ സുദിനത്തിലാണ് ലോകത്തിന് നിര്‍വ്വാണമാര്‍ഗ്ഗമുപദേശിച്ച അനുപമകൃപാനിധിയും അഖിലബാന്ധവനുമായ സാക്ഷാത് ബുദ്ധഭഗവാന്‍ തിരുവവതാരം ചെയ്തത്.

     പൗര്‍ണ്ണമിനാളില്‍ അവതരിച്ച ആ കോമളശിശു പൗര്‍ ണ്ണമിച്ചന്ദ്രനെപ്പോലെ തന്നെ വിശ്വവന്ദ്യനായിച്ചമഞ്ഞ് പ്രകാശപൂര്‍ണ്ണനായിത്തീര്‍ന്നു. സര്‍വ്വലോകൈകവന്ദ്യനും നിര്‍വ്വാണനിധി കണ്ട മഹാസിദ്ധനുമായ ആ തേജോമയന്‍റെ ഹൃദയത്തില്‍ നിന്നൂറിയുയര്‍ന്ന കാരുണ്യപ്രവാഹിനി  പ്രപഞ്ചത്തിനാകമാനം കുളിര്‍മ നല്‍കി. രാഗദ്വേഷങ്ങള്‍ അലയടിച്ചുമറിഞ്ഞ ഭാരതാന്തരീക്ഷം നിര്‍വ്വാണത്തിന്‍റേയും നിത്യശാന്തിയുടേയും നിര്‍മ്മലമലര്‍വാടിയായി.

       ലോകത്തിന് സുഖവും ശാന്തിയും നല്‍കുന്നതിനുവേണ്ടി തിരുവവതാരം ചെയ്ത കാരുണ്യക്കടലായ ഭഗവാന്‍ ബുദ്ധന്‍ ചെങ്കോല് ദൂരത്തിട്ട് യോഗദണ്ഡുമെടുത്ത് പൊന്‍കിരീടത്തെ ജടാജൂഡമായി മാറ്റി, സ്വര്‍ഗ്ഗവും തൃണപ്രായമെന്നു കരുതി നിര്‍വ്വാണസാധനത്തിനിറങ്ങിയതും പൗര്‍ണ്ണമിനാളില്‍ത്തന്നെയാണ്. നിര്‍വ്വാണ പ്രാപ്തിയും ചിത്തിരാപൗര്‍ണ്ണമിനാളില്‍ത്തന്നെയായിരുന്നു. അങ്ങനെ വിശ്വോത്തരമായ സ്വന്തം ധര്‍മ്മരശ്മിയുടെ ധവളകിരണങ്ങള്‍ ഭൂമുഖത്തില്‍ ആദ്യമായി ചൊരിയുവാന്‍ ബുദ്ധന് അവസരം നല്‍കിയ പൗര്‍ണ്ണമിയുടെ മഹിമാവിശേഷവും സര്‍വലോക സംപൂജ്യതയും വാചാമഗോചരമത്രെ. ഭാരതത്തില്‍ അനേക ശ താബ്ദം എത്തിനിന്ന അലൗകികമായ ആ ശാന്തിസൗരഭ്യത്തിന്‍റെ നന്ദനോദ്യാനമായിരുന്ന ഭഗവാന്‍ മഹാനിര്‍വ്വാണസമുദ്രത്തില്‍ നിത്യവിലയം പ്രാപിച്ചതും അതേ നാളിലാണെന്നതു അ ത്ഭുതാവഹമത്രെ.

     അതുപോലെ അഭിനവബുദ്ധനായ ഭഗവാന്‍ ശ്രീനാരായണപരമഹംസദേവ ന്‍റെ ദിവ്യോദയം ലോകത്തെ മുഴുവന്‍ പൗര്‍ണ്ണമി ചന്ദ്രന്‍റെ പാലൊളിപ്പൂനിലാവിലാറാടിക്കുക തന്നെ ചെയ്തു. അനാചാരജഡിലവും അന്ധകാരനിബിഡവുമായിരുന്ന കേരളാന്തരീക്ഷത്തില്‍ ഉദിച്ചുയര്‍ന്ന ആ പാര്‍വണശശാങ്കനില്‍ നിന്നു പൊഴിഞ്ഞുപരന്ന ആത്മജ്ഞാനത്തിന്‍റെ മധുമാസചന്ദ്രിക ഇന്നും ലോകത്തെങ്ങും ശാന്തിസൗരഭ്യം ചൊരിഞ്ഞു അനുസ്യൂതമായി പാഞ്ഞൊഴുകുക തന്നെ ചെയ്യുന്നു.   ആ തേജോമയന്‍റെ ജീവിതത്തിന് ചിത്തിരാപൗര്‍ണ്ണമിയുമായി അ ഭേദ്യമായ ഒരു ബന്ധം സര്‍വ്വവുമറിയു ന്ന നിയതി പ്രദാനം ചെയ്യാതിരുന്നില്ല.

   1087 മേടമാസ (ചിത്തിര) പൗര്‍ണ്ണമി ഗുരുദേവന്‍റെ ജീവിതത്തിലെ സുവര്‍ ണ്ണാദ്ധ്യായം സമാരംഭിക്കുന്ന ഒരു സുദിനമായിരുന്നു. സസ്യശ്യാമളകോമള വും പ്രകൃതിസുന്ദരവും സര്‍വ്വോപരി പരമപാവനവുമായ ശിവഗിരിയില്‍ ആ യതിവര്യന്‍ ശ്രീശാരദാദേവിയെ പ്രതിഷ്ഠിച്ചതായ മഹായജ്ഞം അന്നാണ് നടത്തിയത്. അത് കേവലം  ഒരു ശാരദാപ്രതിഷ്ഠയായിരുന്നില്ല. സര്‍വ്വവിധ അധഃപതനങ്ങള്‍ക്കും നിദാനമായ അ നാചാരാന്ധകാരത്തെ ദൂരീകരിച്ച്, ലോ കത്തിന് ജ്ഞാനവും ആനന്ദവും പ്രദാ നം ചെയ്യുന്ന ജ്ഞാനപ്രകാശശക്തികളെ സൃഷ്ടിക്കുന്ന ഒരു ജ്ഞാനയ ജ്ഞമായിരുന്നു ആ മഹനീയകര്‍മ്മം.

     കേരളകാവ്യാന്തരീക്ഷത്തിലും ഒരു ചിത്തിരാപൗര്‍ണ്ണമിയുടെ ഉദയം ലോ കത്തെ കോള്‍മയിര്‍ കൊള്ളിച്ചിട്ടുണ്ട്. അത് കൈരളീനളിനിക്ക് സ്വന്തം ആത്മജ്യോതിസ്സിനാല്‍ നവചൈതന്യം പ്രദാനം ചെയ്ത സാക്ഷാത് ദിവാകരനായ മഹാകവി കുമാരനാശാന്‍ അവര്‍ കളെ ലോകത്തിനു കാഴ്ചവെച്ച ചി ത്തിരാപൗര്‍ണ്ണമിയുടെ വിശിഷ്ടോദയമാണ്. ശ്രീനാരായണഭാനുമാന്‍റെ ദിവ്യദിവ്യമായ സ്വ യംപ്രകാശം സന്തതസാഹചര്യത്താല്‍ ഏറ്റെടുത്ത് വിശ്വമോഹനവും ധവളകോമളവുമായ കാവ്യചന്ദ്രികയിലൂടെ ലോകത്തിന് വര്‍ഷിച്ച അനുഗൃഹീതനായ മഹാകവി ആശാന്‍ ഒരു പൗര്‍ണ്ണമിചന്ദ്രന്‍തന്നെ ആയിരുന്നു. ജനഹൃദയങ്ങളെ ആദ്ധ്യാത്മികജ്യോതിസ്സിന്‍റെ അഭൗമമായ നറുംപാലൊളിക്കതിരില്‍ ആറാടിക്കുവാനും ലോകമാകമാനം ധവളകാന്തി പൂശുവാനും ആ 'കലാകലാവന്' കഴിഞ്ഞതുപോലെ അധികമാര്‍ക്കും സാധിച്ചിട്ടില്ലെന്നത് നിസ്തര്‍ക്കമാണ്. അങ്ങനെയുള്ള കലാനിധിയായ കവി 'കുമാരനെ ' പ്രസവി ക്കുവാന്‍ സുകൃതം സിദ്ധിച്ച 1046 മേടത്തിലെ ചിത്തിരാപൗര്‍ണ്ണമി എന്നെ ന്നും കേരളത്തിന്‍റെ ഒരു വാടാവിളക്കായി പരിലസിക്കുകതന്നെ ചെയ്യും.         

(1948 ഏപ്രിലില്‍ എഴുതപ്പെട്ടത്)