ധര്‍മ്മമീമാംസാ പരിഷത്ത്

പ്രൊഫ. കെ. ബാലരാമപ്പണിക്കര്‍

 

     ആദ്ധ്യാത്മികസത്യങ്ങള്‍ ഗ്രഹിക്കുവാനും അതുമാത്രമേ ശാന്തിസമാധാനങ്ങള്‍ക്കു മാര്‍ഗ്ഗമാവുകയുള്ളൂ എന്നു ധരിക്കുവാനും ജനങ്ങള്‍ക്ക് കഴിയുന്നുണ്ട്. പകല്‍പോലെ പരമാര്‍ത്ഥമായ ഒരു സ്ഥിതിക്ക് ആവരണങ്ങള്‍ സംഭവിച്ചാലും മാറ്റം വരുവാന്‍ വഴിയില്ലല്ലോ. അതുകൊണ്ട് നമുക്ക് വിശ്വാസത്തോടും ആശ്വാസത്തോടും കൂടി ശ്രീനാരായണധര്‍മ്മമീമാംസാപരിഷത്തുവഴി ആദ്ധ്യാത്മികസിദ്ധാന്തങ്ങള്‍ ഗ്രഹിക്കുവാനും ആത്മജ്ഞാനം നേടുവാനും ശാന്തിയും സമാധാനവും ആവുംമട്ടു കൈവരുത്തുവാനും പരിശ്രമിക്കാം.

    ശ്രീനാരായണധര്‍മ്മമീമാംസാപരിഷത്ത് എന്ന പദത്തിന് ശ്രീനാരായണഗുരുദേവന്‍ ലോകരുടെ നന്മയ്ക്കായി ഉപദേശിച്ചിട്ടുള്ള പ്രവൃത്തിധര്‍മ്മങ്ങളുടെയും നിവൃത്തിധര്‍മ്മങ്ങളുടെയും  സ്വരൂപവും സ്വഭാവവും എന്തെന്നു നിസ്സന്ദേ ഹം  ധരിക്കുമാറ് ഒരു ചര്‍ച്ച അല്ലെങ്കില്‍ വിചാരണ നടത്തുന്ന സഭ എന്നാണ് അര്‍ത്ഥം.

     സത്യം ജ്ഞാനമനന്തം ബ്രഹ്മ; വിജ്ഞാനമാനന്ദം ബ്രഹ്മ; തത്ത്വമസി ; അയമാത്മാ ബ്രഹ്മ ; അഹം ബ്രഹ്മാ സ്മി  എന്നീ വാക്യങ്ങളെക്കുറിച്ച് ശ്രവണവും മനനവും നിദിധ്യാസനവും നടത്തിയാല്‍ വ്യുത്പന്നരായ ആളുകള്‍ ക്ക്, ആത്മാവിനെ പൊതിഞ്ഞ് മനസ്സ്, ഇന്ദ്രിയം, വിഷയം എന്നിവയെ ഉണ്ടാക്കിക്കൊണ്ട് നിലനില്‍ക്കുന്ന അജ്ഞാനത്തെ അല്ലെങ്കില്‍ അവിദ്യയെ നിശ്ശേഷം നശിപ്പിക്കാന്‍ കഴിയുന്ന ആത്മജ്ഞാനം ലഭിക്കുവാന്‍ ഇടവരും. ഈ അജ്ഞാനനാശം അല്ലെങ്കില്‍ ആത്മജ്ഞാനലാഭം തന്നെയാണ് മോക്ഷം.

    ആത്മതത്ത്വപ്രതിപാദകങ്ങളാകുന്ന വാക്യങ്ങള്‍ കേള്‍ക്കുവാനും അര്‍ത്ഥം ധരിക്കുവാനും മറ്റുമുളള ആഗ്രഹം പുണ്യമുള്ളവര്‍ക്കേ ഇടവരികയുള്ളൂ. സത്കര്‍മ്മം കൊണ്ടേ പുണ്യമുണ്ടാകൂ. അനുഷ്ഠിക്കാം എന്ന് പൊതുവില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സത്കര്‍മ്മങ്ങളെ ധര്‍മ്മങ്ങള്‍ എന്ന് പറയാറുണ്ട്. പുണ്യകര്‍മ്മം അല്ലെങ്കില്‍ ധര്‍മ്മം പു ണ്യഫലം വഴി മോക്ഷത്തിന് ദൂരെനിന്ന് സഹായമരുളുന്നു എന്ന് ആചാര്യന്മാര്‍ സിദ്ധാന്തിച്ചിട്ടുണ്ട്. അതുകൊണ്ടാണ് മോക്ഷശാസ്ത്രമായ ഗീത സമസ്തവേദാര്‍ത്ഥസാരമാണ് എന്ന്  ശ്രീശങ്കരന്‍ സിദ്ധാന്തിച്ചിരിക്കുന്നത്.

       'അഥതോ ബ്രഹ്മജിജ്ഞാസ' എ ന്ന ബ്രഹ്മസൂത്രത്തിലെ ഒന്നാം സൂത്രത്തിലെ ഒന്നാംപദമായ 'അഥ' ശബ്ദത്തിന് അനന്തരം അല്ലെങ്കില്‍ അതിന്‍റെ ശേഷം എന്നാണര്‍ത്ഥം. ഏതിന്‍റെ ശേ ഷം എന്ന ചോദ്യത്തിന് കര്‍മ്മബോധത്തിന്‍റെ ശേഷം എന്ന് ഒരു കൂട്ടരും സാധനാചതുഷ്ടയസമ്പത്തിയുടെ ശേ ഷം എന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. സാധനാചതുഷ്ടയസമ്പത്തിക്കുശേഷം എന്ന അര്‍ത്ഥമാണ് അദ്വൈതവേദാന്തികള്‍ക്ക് സമ്മതമായിട്ടുള്ളത്.

     ഇവിടെ മോക്ഷകാരണം ജ്ഞാനം മാത്രമാണ് എന്ന് സിദ്ധാന്തിക്കുന്ന അദ്വൈതികള്‍ മോക്ഷത്തെക്കുറിച്ചു സഹായമരുളാനുള്ള കഴിവ് കര്‍മ്മത്തിനുണ്ട് എന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അനേകം ശ്രുതിവാക്യങ്ങളും സ്മൃതിവാക്യങ്ങളും ഈ ആ ശയം തന്നെ പ്രകാശിപ്പിക്കുന്നു.

ആരുരുക്ഷോര്‍മുനേര്‍യോഗം
കര്‍മ്മ കാരണമുച്യതേ
യോഗാരൂഢസ്യ തസ്യൈവ
ശമഃ കാരണമുച്യതേ

 എന്നു തുടങ്ങിയ ഗീതാവാക്യങ്ങള്‍ ആത്മജ്ഞാനസിദ്ധിക്ക് മുമുക്ഷുവിന് ഒരു ദശവരെ പ്രസിദ്ധങ്ങളായ പുണ്യകര്‍മ്മങ്ങള്‍ ആവശ്യമാണെന്നും സഹായകമാണെന്നും തെളിയിക്കുന്നു. ഭഗവദ്ഗീതാഭാഷ്യത്തിന്‍റെ ആമുഖത്തില്‍ ഈ തത്ത്വം ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് കര്‍മ്മവിദ്യയും കര്‍മ്മവും ബ്രഹ്മവിദ്യയ്ക്കും ബ്രഹ്മവിദ്യാഗുരുക്കന്മാര്‍ക്കും വര്‍ജ്ജ്യമാണ് എ ന്ന അഭിപ്രായം അദ്വൈതവേദാന്തശാസ്ത്രത്തിന്‍റെ പരിധിയില്‍പ്പെടുന്നതല്ല എന്ന് നമുക്ക് സിദ്ധാന്തിക്കാം.

     പുണ്യകര്‍മ്മങ്ങള്‍ക്ക് സുകൃതം വ ഴി ശ്രദ്ധയും സജ്ജനസംസര്‍ഗ്ഗവും മു മുക്ഷുത്വവും സദ്ഗുരുലാഭവും ഉണ്ടാക്കിത്തരാന്‍ വരെയുള്ള കഴിവുകളുണ്ട്. പാപികള്‍ക്ക് ആ വക നേട്ടങ്ങള്‍ ഒരിക്കലും ലഭിക്കുകയില്ല. ബാഹ്യവേഷങ്ങള്‍ എത്രയുണ്ടായിരുന്നാലും പാപികള്‍ക്ക് ആത്മമാര്‍ഗ്ഗത്തില്‍ ഉത്കര്‍ഷം ഉണ്ടാകുന്നതല്ല. അതുകൊണ്ട് ദുഃഖ വും  ദുരിതവുമറ്റു ശാന്തിയും സമാധാനവും കൈവന്ന് മോക്ഷസുഖം ആ സ്വദിക്കണമെന്നാഗ്രഹിക്കുന്നവന്‍ മോഷ്ടിക്കുക, വഞ്ചിക്കുക, പരനിന്ദ ചെയ്യുക, കള്ളം പറയുക, വ്യഭിചരിക്കുക, സ്വകര്‍മ്മവിഭ്രംശം വരുത്തുക മുതലായവയൊന്നും ചെ യ്യാന്‍ പാടില്ലാത്തതാണ്.

    പുണ്യകര്‍മ്മങ്ങളായാലും അവ ഫ ലം ഉണ്ടാക്കുമെന്നും അവ അവശ്യം അനുഭോക്തവ്യങ്ങളായിത്തീരുമെന്നും ശരീരാദികളായി പരിണമിക്കുമെന്നും ജന്മജരാമരണാദികള്‍ക്ക് തദ്ദ്വാരാ അവ കാരണമാകുമെന്നുമുള്ള വാദം അ ദ്വൈതവേദാന്തികള്‍ക്കും സമ്മതമാണ്. അതുകൊണ്ട് മുമുക്ഷുവിന് പുണ്യം ചെയ്യാമോ എന്നൊരു ചോദ്യം ആവിര്‍ ഭവിക്കുന്നുണ്ട്. ജീവിതം തന്നെ ഒരു പാപമാണ്. ശ്വസിക്കുക, കളിക്കുക, നടക്കുക, ഇരിക്കുക, ഭക്ഷിക്കുക, പചിക്കു ക മുതലായ വ്യാപാരങ്ങള്‍ നിമിത്തം നിരവധി  പ്രാണികള്‍ ഹിംസിക്കപ്പെട്ട് പോകുന്നുണ്ട്. ഹിംസ ഒരു ഭയങ്കര ദുഷ്കര്‍മ്മമാണ്. അത് മഹത്തായ പാപം ഉണ്ടാക്കും. അതുകൊണ്ടാണ് ജീവിതം ഒരു പാപമാണെന്ന് പറയുന്നത്.

    പുണ്യകര്‍മ്മങ്ങള്‍ക്ക് പുണ്യമുണ്ടാക്കാന്‍ കഴിവുള്ളതുപോലെ പാപങ്ങ ളെ പരിഹരിക്കാനും കഴിവുണ്ട്. പ്രായശ്ചിത്തകര്‍മ്മങ്ങളെല്ലാം പാപപരിഹാരകങ്ങളാണെന്നും പ്രസിദ്ധമാണല്ലോ. ഉപാസനാകര്‍മ്മങ്ങള്‍ക്കും ജപകര്‍മ്മങ്ങള്‍ക്കും പാപപരിഹാരപൂര്‍വ്വകമായ പുണ്യപ്രാപ്തിയാണുള്ളത്. മാത്രമല്ല    'മനഃകൃത കൃതം രാമ ന ശരീരകൃതകൃതം ' എന്ന ചൊല്ല് കര്‍മ്മേന്ദ്രിയവും മനസ്സെന്നത്രേ പ്രഖ്യാപിക്കുന്നത്. ഫലത്തെ ജനിപ്പിക്കുക എന്നതാണ് കര്‍മ്മത്തിന്‍റെ ലക്ഷണം. മനസ്സില്‍ ഞാന്‍ ചെയ്യുന്നുവെന്ന അഹങ്കാരവും ഇ തിന്‍റെ ഫലം എനിക്കുവേണം എന്ന അഭിസന്ധിയും ഇരിക്കുമ്പോള്‍ മാത്രം ചെയ്യപ്പെടുന്ന കര്‍മ്മമേ ഫലജനകമായിത്തീരുകയുള്ളൂ. മനസ്സ് നിയന്ത്രിതമാകാതെ കര്‍മ്മനിവൃത്തി വരുന്നതുമല്ല. അതുകൊണ്ട് മനോനിയന്ത്രണം സിദ്ധമാകാത്ത മുമുക്ഷുക്കളെ അഹങ്കാരാദി സന്ധിരഹിതങ്ങളായ വിഹിതകര്‍മ്മങ്ങള്‍ ചെയ്യുവാന്‍ അനുവദിച്ചിട്ടുണ്ട്. ഈ അഹങ്കാരാദിസന്ധിരാഹിത്യം സാധിക്കുവാനുള്ള എളുപ്പവഴിയാണ് ഈശ്വരാര്‍പ്പണബുദ്ധ്യാ കര്‍മ്മം ചെയ്യു ക എന്നത്. ഇങ്ങനെ വിഹിതകര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക എന്നതിനെയാ ണ് കര്‍മ്മയോഗം എന്നു പറയുന്നത്. അതുകൊണ്ട് യോഗയുക്തമായ കര്‍മ്മ വും മോക്ഷസാധകമാണ് എന്ന് നമുക്ക് സിദ്ധാന്തിക്കാം.

    ജ്ഞാനം മോക്ഷകാരണമെന്ന് ശ്രീ ശങ്കരനും കര്‍മ്മവും ജ്ഞാനവും ഒന്നുചേര്‍ന്ന് മോക്ഷത്തിന് കാരണമാകുന്നു എന്ന് ഭാസ്കരാചാര്യപ്രഭൃതികളും വാ ദിച്ചു. ഭാസ്കരാചാര്യമതത്തെ ജ്ഞാനകര്‍മ്മ സമുച്ചയവാദമെന്നും ശങ്കരാചാര്യമതത്തെ ജ്ഞാനമാത്രവാദമെന്നും പറയുന്നു. കാരണം എന്ന പദത്തിന്‍റെ നിര്‍വ്വചനത്തിലാണ് ഈ വാദികള്‍ അവസാനമായി കൂട്ടിമുട്ടിയത്. കാര്യം ഉണ്ടാകുന്നതിന്‍റെ പൂര്‍വ്വക്ഷണം വരെ നിലനില്‍ക്കുന്നതും ഏതുണ്ടായാല്‍ കാര്യമുണ്ടാകും ഏതില്ലാഞ്ഞാല്‍ കാര്യമുണ്ടാകുകയില്ല എന്ന നിലയും ഏതിനുണ്ടായിരിക്കുമോ അതാണ് കാരണമെന്ന വാദത്തില്‍ ആര്‍ക്കും എതിര്‍ പ്പില്ല.

അവിദ്യാസ്തമയോ മോക്ഷ

    എന്ന മോക്ഷനിര്‍വ്വചനം അവിദ്യയാകു ന്ന ബന്ധത്തെ ഏത് നശിപ്പിക്കുമോ അതു മാത്രമേ മോക്ഷകാരണമാകൂ എന്ന് വെളിപ്പെടുത്തുന്നുണ്ട്.

    ആത്മാവിനെക്കുറിച്ചുള്ള തെറ്റായ അറിവാണ് അജ്ഞാനം അല്ലെങ്കില്‍ അവിദ്യ. ഏതിനെ ആശ്രയിച്ച്  ഏത് ആകൃതിയില്‍ ആണോ അജ്ഞാനം നിലനില്‍ക്കുന്നത് ആ അജ്ഞാനത്തെ നശിപ്പിക്കുവാന്‍ അതിനെ ആശ്രയിച്ച് അതേ ആകൃതിയിലുണ്ടാകുന്ന ജ്ഞാ നത്തിനു മാത്രമേ കഴിവുള്ളൂ. ഈ അംശത്തിലും ആര്‍ക്കും എതിരില്ല. ആത്മാവിനെ ആശ്രയിച്ച് പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായി നിലനില്‍ക്കുന്ന തെറ്റായ അറിവാണ് അ ജ്ഞാനം അല്ലെങ്കില്‍ അവിദ്യ.

   അതുകൊണ്ട് ആത്മാവിനെ ആശ്രയിച്ച് പ്രത്യക്ഷമായി അല്ലെങ്കില്‍ പരോക്ഷമായി നിലനില്‍ക്കുന്ന ജ്ഞാനത്തിനു മാത്രമേ അവിദ്യയെ നശിപ്പിക്കുവാന്‍ കഴിയുകയുള്ളൂ. അതുകൊണ്ട് അവിദ്യാസ്തമയമായ മോക്ഷത്തിനു കാരണം ജ്ഞാനം മാത്രമാണ് എന്ന് സിദ്ധിക്കുന്നു.

     ഇവിടെ അജ്ഞാനനിവൃത്തിയെ സംബന്ധിച്ചിടത്തോളം ജ്ഞാനത്തിനല്ലാതെ കര്‍മ്മത്തിന് യാതൊരു പ്രസക്തിയും വരുന്നില്ല. എന്നാല്‍ കര്‍മ്മം ദൂരെനിന്ന് ജ്ഞാനമുണ്ടാകുവാന്‍ സ ഹായമരുളുന്നു. അതുകൊണ്ട് എല്ലാ ബ്രഹ്മവിദ്യാഗ്രന്ഥങ്ങളിലും കര്‍മ്മത്തെ പരിച്ഛേദിക്കുകയും എല്ലാ ബ്രഹ്മവിദ്യാഗുരുക്കന്മാരും  മോക്ഷശാസ്ത്രങ്ങളില്‍ ഉള്‍പ്പെടുത്തി കര്‍മ്മവിദ്യയുടെ രഹസ്യംകൂടി ഉപദേശിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ശ്രീ നാരായണഗുരുദേവന്‍റെ പേരിനോ ട് ധര്‍മ്മപദം ചേര്‍ക്കുന്നതും കര്‍ മ്മത്തെപ്പറ്റി പ്രതിപാദിക്കുന്നതുമെല്ലാം തെറ്റാണെന്ന അഭിപ്രായം അംഗീകാര്യമല്ല. ജ്ഞാനവും കര്‍മ്മവും ഒരുപോ ലെ  മോക്ഷത്തിന് സാധകമാണ്. മോ ക്ഷകാരണത്വം  രണ്ടിലും ഒരുപോലെ നിലനില്‍ക്കുന്നു. ഈ വാദത്തെയാണ് ജ്ഞാനകര്‍മ്മസമുച്ചയവാദം എന്നു പറയുന്നത്.  ജ്ഞാനകര്‍മ്മസമുച്ചയവാദഖണ്ഡനം ശങ്കരാചാര്യര്‍ നിര്‍വ്വഹിക്കുന്നുണ്ടെങ്കിലും മോക്ഷവാദത്തില്‍ കര്‍മ്മത്തിന് സമുചിതമായ സ്ഥാനം നല്‍കിയിട്ടുണ്ട്. ഗീതാഭാഷ്യവും സൂത്രഭാഷ്യവും ധാരാളം തെളിവുകള്‍ അതി നു നല്‍കുന്നുമുണ്ട്. സ്ഥിതികാരണമായ ധര്‍മ്മം പ്രവൃത്തിരൂപമായും നിവൃത്തിരൂപമായും രണ്ടുണ്ടെന്നും വേദപ്രതിപാദകത്വം ബ്രഹ്മത്തിനും കര്‍മ്മത്തിനുമുണ്ടെന്നും ധര്‍മ്മപദം കൊണ്ട് കര്‍ മ്മത്തെയും  ബ്രഹ്മത്തെയും ഗ്രഹിക്കാമെന്നും ഗീതാഭാഷ്യത്തിന്‍റെ ആരംഭത്തിലും ഈ ശാവാസ്യോപനിഷത്തി ന്‍റെ ആരംഭത്തിലും ബ്രഹ്മസൂത്രത്തി ന്‍റെ സമന്വയാധികരണഭാഷ്യത്തിലും വ്യക്തമായി പ്രസ്താവിച്ചിട്ടുണ്ട്.

   അതുകൊണ്ട് ശ്രീനാരായണഗുരുവിനാല്‍ വിശദീകരിക്കപ്പെട്ട പ്രവൃത്തിധര്‍മ്മങ്ങളെയും നിവൃത്തിധര്‍മ്മങ്ങളെ യും കുറിച്ച് നിസന്ദേഹമായ അറിവ് ഉണ്ടാക്കുവാനായി രൂപവത്കരിച്ചിരിക്കുന്നതാണ് ശ്രീനാരായണധര്‍മ്മമീമാംസാ പരിഷത്ത്.