ഭാഷാത്മികയായ  ശ്രീശാരദ

സ്വാമി പ്രകാശാനന്ദ

    1912 മെയ് 1 ന് (1187 മേടം 18) ലോകമംഗളത്തിനായി ഗുരുദേവന്‍ ശിവഗിരിയില്‍ പ്രതിഷ്ഠിച്ച  ശ്രീശാരദാദേവിയുടെ പ്രതിഷ്ഠാ ശതാബ്ദിയാഘോഷങ്ങളുടെ സമാപനവേളയാണിത്. 78-ാമത് ശിവഗിരിതീര്‍ത്ഥാടനമഹാമഹത്തോടനുബന്ധിച്ച 2010 ഡിസംബര്‍ 30- ന് പ്രതിഷ്ഠാശതാബ്ദിയാഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് നോബല്‍സമ്മാനജേതാവും ടിബറ്റന്‍ ആത്മീയനേതാവുമായ ശ്രീ. ദലൈലാമക്കുവേണ്ടി അദ്ദേഹത്തിന്‍റെ പ്രതിനിധിയും ആത്മീയ ഉപദേഷ്ടാവുമായ ശ്രീ ഗാഷേ ലാക്ടോര്‍ ആയിരുന്നു.

     ഭക്തി ജ്ഞാനത്തിലൂടെയും ജ്ഞാനം ഭക്തിയിലൂടെയും അന്തര്‍ഭവിക്കുമ്പോഴാണ് ലോകവാഴ്ച സുഖദായകമായിത്തീരുന്നത്.  ഇങ്ങനെ ലോകവാഴ്ചക്ക് തുണയായി ഭവിക്കുന്ന ശാരദാംബയുടെ പ്രതിഷ്ഠാശതാബ്ദിയാഘോഷങ്ങള്‍  കഴിഞ്ഞ  ഒരു വര്‍ഷമായി ജ്ഞാനോത്സവമായി ജനചിത്തങ്ങളില്‍ നിറയപ്പെടുകയായിരുന്നു. സാധാരണഗതിയില്‍ ദേവതാപ്രതിഷ്ഠയുടെ  ശതാബ്ദിയാഘോഷങ്ങള്‍ ആചാരാനുഷ്ഠാനപരതയ്ക്കാണ് പ്രാധാന്യം നല്കാറുള്ളത്. എന്നാല്‍ ശാരദാദേവിയും ശാരദാമഠവും സാധാരണ ക്ഷേ ത്ര- ദേവതാസങ്കല്പങ്ങളെ ഉല്ലംഘിച്ച് നില്‍ക്കുന്നതാണ്. കാരണം ഇവിടെ നിവേദ്യങ്ങളോ ഉത്സവങ്ങളോ എഴുന്നള്ളത്തുകളോ യാതൊന്നും ഇല്ല. നാമജപത്തോടെയുള്ള പുഷ്പാര്‍ച്ചനമാത്രമാണ് ശാരദാദേവിക്കു അര്‍പ്പിക്കുന്നത്. ജ്ഞാനദാനവും അതിന്മേലുള്ള വിചാരമാര്‍ഗ്ഗവുമാണ് ഇവിടുത്തെ ഉത്സവമായിരിക്കുന്നത്. ഇങ്ങനെ അറിവിന്‍റെ ദേവതയും സ്വരൂപവുമായി വിളങ്ങുന്ന ശാരദാദേവി ശബ്ദാത്മികമായ ബ്രഹ്മമാണ്. സകലകലകളുടെയും അധിദേവതയും അധിനായികയുമാണ്. ആരാധിക്കുന്നവര്‍ക്ക് ഉത്കര്‍ഷത്തെയുണ്ടാക്കുന്ന തേജസ്സാണ്. ഭാഷാത്മികയായ വിദ്യയും അക്ഷരരൂപിണിയായ ദേവതയുമാണ്. ഗുരുദേവന്‍റെ തൃക്കരങ്ങളാല്‍ പ്രതിഷ്ഠാപിതയായിരിക്കുന്ന ഈ ജഗത് ജനനിയില്‍ ഭക്തിയും വിശ്വാസവും ഉണ്ടായാല്‍ അതു ജ്ഞാനപ്രാ പ്തിക്കും തദ്വാരാ മോക്ഷത്തിനും കാരണമായിത്തീരും. എന്നാല്‍ ഇതു രണ്ടുമില്ലാതായാല്‍  അതു കണ്ണുണ്ടായിട്ടും കുരുടനായിരിക്കുന്നതിനു തുല്യമായിത്തീരും.

     ശിവഗിരിയിലെ ശാരദാദേവിയെ കേവലമൊരു ദേവതാസങ്കല്പത്തിന്‍റെ മൂര്‍ത്തരൂപമായിട്ടല്ല കാണേണ്ടത്, മറിച്ച് അനാദിയായി നിന്നു പ്രകാശിക്കുന്ന പരമാത്മചൈതന്യത്തിന്‍റെ തിരുസ്വരൂപമായാണ്. ഈ സ്വരൂപത്തെയറിഞ്ഞാല്‍ പിന്നെ അറിയുവാനായിട്ടൊന്നും അവശേഷിക്കുകയില്ല. എന്നു പറഞ്ഞാല്‍ അറിവിന്‍റെ പരമപദമാണു ശ്രീശാരദാസങ്കല്പമായി വിളങ്ങുന്നതെന്നര്‍ത്ഥം. അതുകൊണ്ടാണ്,

ഹേ! ശാരദേ! സകലഭക്തജനാനുകൂലേ!
നാകാധിപാദിവിബുധാര്‍ച്ചിത പാദപത്മേ!
ലോകേശരമ്യമുഖപങ്കജ നിത്യവാസേ
ദാസേ സദാമയിദയാം കുരുചാരുശീലേ
എന്നു ദിവ്യശ്രീ ശിവലിംഗദാസസ്വാമികളും,
വിശ്വാസ്യ കാരണം കിഞ്ചില്‍ വനിതാവേഷപേശലം
ശിവാചലതടഭ്രാജി ശാബ്ദം ബ്രഹ്മാനുസന്ദധേ
എന്നു മഹാകവി കുമാരനാശാനും,
ശാരദാംബ കൃപയൊന്നുതന്നെയി-
പ്പാരിടത്തിനൊരു മംഗളം സദാ  
സാരമാമിതു ധരിച്ചു ലോകരേ,
ശാരദാസ്തുതി പഠിച്ചുപാടുവിന്‍.
എന്നു സാധുശിവപ്രസാദും പാടിയത്.

    ഗുരുദേവന്‍റെ ശ്രീശാരദാസ്വരൂപത്തെ അറിയുവാനും ആരാധിക്കുവാനും ഈ പ്രതിഷ്ഠാശതാബ്ദി ആഘോഷങ്ങള്‍ പ്രേരണയായി ഭവിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു