മതവും മാനവികതയും

പി. പരമേശ്വരന്‍

    ഹിന്ദുമതവും മാനവികതയും  എന്ന തലക്കെട്ടു മനസ്സിലാക്കാന്‍ ലളിതവും വിശദീകരിക്കാന്‍ എളുപ്പവും ആണെന്നു തോന്നാമെങ്കിലും വിഷയത്തിന്‍റെ  യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമ്പോള്‍ പ്രശ്നം വളരെ സങ്കീര്‍ണ്ണമാണെന്നു കാണാം. കാരണം ഹിന്ദുമതം, മാനവികത എന്നീ രണ്ടു പദങ്ങളും കൃത്യമായ നിര്‍വ്വചനം ആവശ്യപ്പെടുന്നതാണ്. പ്രയോഗസാധുത്വം ഉണ്ടെങ്കിലും അവ അത്ര നിശ്ചിതമായി നിര്‍വ്വചിക്കപ്പെടാവുന്നവയല്ല.

    തെറ്റായ പദപ്രയോഗം വലിയ അപകടമാണ്.  കാരണം, അത് തെറ്റായ ധാരണകളിലേക്ക് നയിക്കും. ക്രമത്തില്‍ തെറ്റാണ് ശരി എന്ന് ആളുകള്‍ കരുതിത്തുടങ്ങും. അതുവഴി പല അനര്‍ത്ഥങ്ങളും ഉണ്ടാവും. ഇതാണ് ഹിന്ദുമതം എന്ന പദപ്രയോഗം കൊണ്ട് സംഭവിക്കുന്നത്. അല്പം വിശദീകരിക്കാം.

    ക്രിസ്തുമതം, ഇസ്ലാംമതം എന്നിവപോലെ ഹിന്ദുമതം എന്നൊന്നുണ്ട് എന്ന തെറ്റായ ധാരണ പരക്കെ പ്രചരിച്ചിരിക്കുന്നു. ആദ്യത്തെ രണ്ടും ചരിത്രത്തില്‍ നിശ്ചിതകാലഘട്ടത്തില്‍ ഉണ്ടായവയാണ്. അവയ്ക്ക് സ്ഥാപകന്മാര്‍ ഉണ്ട്. നിശ്ചിതമായ പുണ്യഗ്രന്ഥങ്ങളുണ്ട്. നീക്കുപോക്കില്ലാത്ത വിശ്വാസ പ്രമാണങ്ങളുണ്ട്. അവ പുനര്‍വായനയ്ക്ക് വിധേയമല്ല. ക്ലിപ്തമായ ഉപാസനാസമ്പ്രദായങ്ങള്‍ ഉണ്ട്. ആ മതാനുയായികള്‍ ഇവയില്‍ വിശ്വസിക്കണമെന്നത് നിര്‍ബന്ധമാണ്. വിശ്വാസത്തില്‍ നിന്ന് വ്യതിചലിക്കുന്നത് പാപവും ശിക്ഷാര്‍ഹവുമാണ്. ഈ തരം വിധികളോടും നിഷേധങ്ങളോടും കൂടിയ ഹിന്ദുമതം എന്നൊ ന്നില്ല. അത് എന്നു രൂപം പൂണ്ടു എന്നു കൃത്യമായി നിര്‍ണ്ണയിക്കാനാവില്ല. അ തിനു രൂപം കൊടുത്ത ഒരു പ്രത്യേക പ്രവാചകനില്ല. എല്ലാവര്‍ക്കും ഒരുപോ ലെ ബാധകമായ മതഗ്രന്ഥമോ ആരാധനാ രീതിയോ ഇല്ല. വ്യതിയാനം കുറ്റകരമല്ല. പുനര്‍വായന വിലക്കപ്പെട്ടിട്ടുമില്ല.

   ഹിന്ദുമതം എന്ന് തെറ്റായി വ്യവഹരിക്കപ്പെടുന്നത്, യഥാര്‍ത്ഥത്തില്‍ ഹി ന്ദുക്കള്‍ അനാദികാലം മുതല്‍ പിന്‍തുടര്‍ന്നുവരുന്ന വൈവിധ്യമാര്‍ന്ന ഈശ്വരസങ്കല്പങ്ങളുടെയും ഉപാസനാസ മ്പ്രദായങ്ങളുടെയും അസംഖ്യം പ്രമാണഗ്രന്ഥങ്ങളുടെയും  ആകെത്തുകയാണ്. തുടക്കത്തില്‍ അതൊരു ഭൂപ്രദേശത്തെക്കുറിക്കുന്ന സംജ്ഞയും കാലക്രമത്തില്‍ അവിടെ വളര്‍ന്നു വന്ന വൈവിധ്യപൂര്‍ണ്ണമായ സംസ്കാരത്തേയുമാണ് സൂചിപ്പിക്കുന്നത്. ഭാരതത്തില്‍ ജനിച്ചുവളര്‍ന്നവരും ഭാരതീയര്‍ പിന്‍തുടരുന്നതുമായ എല്ലാ ഉപാസനാ സമ്പ്രദായങ്ങളേയും കൂട്ടിച്ചേര്‍ത്ത് ഹിന്ദുമതങ്ങള്‍ അഥവാ മതസമുച്ചയം എന്നു വിളിക്കുന്നതായിരിക്കും ശരി. അടിസ്ഥാനപരമായി ചില മൗലിക സ്വഭാവങ്ങള്‍ ഉണ്ട് എന്നത് ശരിതന്നെ. പക്ഷേ അത്രതന്നെ വൈവിധ്യങ്ങളുമുണ്ട്.

മതവും തത്ത്വവും

       ചൂണ്ടിക്കാണിക്കേണ്ട മറ്റൊരു വ സ്തുത ഉണ്ട്. മതം എന്ന ശബ്ദത്തിനര്‍ത്ഥം അഭിപ്രായം എന്നാണ്. അത് ശരിയോ തെറ്റോ ആയിരിക്കാം. തെറ്റാണെന്നു തെളിഞ്ഞാല്‍ മാറ്റുകയും ചെയ്യാം. എന്നാല്‍ തത്ത്വം മാറ്റമില്ലാത്തതാണ്. സ്വാമി രംഗനാഥാനന്ദജി തത്ത്വത്തേയും മതത്തേയും ഇങ്ങനെ വിവേചിച്ചിരിക്കുന്നു. 

     'എനിക്ക് ഒരു അ ഭിപ്രായം ഉണ്ടാ കാം. അതില്‍ ഉറച്ചുനില്‍ക്കുകയും ചെ യ്യാം. എന്നാല്‍ അത് സത്യത്തില്‍ അ ധിഷ്ഠിതമാകണം. എന്നാലെ അതു തത്ത്വമാകൂ. അല്ലെങ്കില്‍ അത് മതം അഥവാ അഭിപ്രായം മാത്രം. മതം പരീക്ഷണത്തിലൂടെ സത്യമാണെന്നു തെളിയാത്തിടത്തോളം കാലം അതിനെ ത ത്ത്വമായി കരുതിക്കൂടാ. മതസ്ഥാപകരുടെ അഭിപ്രായത്തെയാണ് അവരുടെ മതം എന്നു പറയുന്നത്. അഭിപ്രായങ്ങള്‍ പലതാകാം. അതുകൊണ്ടു തന്നെ  പല മതങ്ങളും ഉണ്ടാകുന്നു. എനിക്കിഷ്ടപ്പെടുന്നതും എന്നെ ആ കര്‍ഷിക്കുന്നതും എനിക്കു പ്രയോജനപ്രദവുമായതിനെ ഞാന്‍ മതമായി സ്വീകരിക്കുന്നു. അങ്ങനെ ഞാന്‍ വൈ ഷ്ണവനോ ശൈവനോ മുസ്ലീമോ ക്രി സ്ത്യാനിയോ ആയിത്തീരുന്നു. പക്ഷേ അവയുടെ പിന്നിലുള്ള സത്യം അനുഭവത്തിലൂടെ വെളിപ്പെടുമ്പോള്‍ അത് തത്ത്വമായിത്തീരുന്നു. തത്ത്വം ഒന്നേയുള്ളു മതങ്ങള്‍ പലതുണ്ട്.'

     ഹിന്ദുക്കള്‍ തത്ത്വത്തെ ആരാധിക്കുന്നവരാണ്. തത്ത്വത്തെ പല രൂപത്തില്‍ ദര്‍ശിക്കുകയും പല രീതിയില്‍ സമീപിക്കുകയും പല തരത്തില്‍ ആരാധിക്കുകയും ചെയ്യാം എന്ന് അനുഭവത്തിലും പരീക്ഷണത്തിലുംകൂടി മനസ്സിലാക്കിയവരാണ് അവര്‍. വൈവിധ്യത്തിലെ ഏകത്വത്തെ ദര്‍ശിച്ച് അവയെ സഹിഷ്ണുതയോടും സമഭാവനയോടുംകൂടി ഉള്‍ക്കൊള്ളാന്‍ ശീലിച്ചിട്ടുള്ളവരുമാണ് അവര്‍. അതുകൊണ്ടുതന്നെ മതഭിന്നതകള്‍ക്കതീതമായി മാനവികതയെ മാനിക്കാന്‍ പരിചയിച്ചിട്ടുള്ളവരാണ്. മതസാഹോദര്യം അവരുടെ മുഖമുദ്രയാണ്. മറ്റു മതസ്ഥരെ സ്വമതത്തിലേക്കു പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിക്കാത്തവരാണ്. ചില മതക്കാര്‍ സത്യത്തിന്‍റെ കുത്തക അവകാശപ്പെടുകയും അന്യ മതസ്ഥരെ സ്വമതത്തിലേക്ക് ഏതുമാര്‍ഗ്ഗം ഉപയോഗിച്ചും പരിവര്‍ത്തനം ചെയ്യേണ്ടത് തങ്ങളുടെ കടമയാണെന്നു വിശ്വസിക്കുകയും ചെയ്യുന്നവരാണ്. അതുകൊണ്ടു തന്നെ സ്വ ന്തം മതത്തിനു പുറത്തുള്ളവരെ സമന്മാരായി കാണാന്‍ അവര്‍ക്കു സാധ്യമല്ല. അവര്‍ക്കു മാനവികത പ്രദര്‍ശിപ്പിക്കാനും സാധ്യമല്ല. മതത്തിന്‍റെ പേ രില്‍ ലോകചരിത്രത്തില്‍ ഉണ്ടായിട്ടുള്ള അമാനവികമായ ക്രൂരതകളുടെ അടിസ്ഥാന കാരണം ഇതാണ്, ഇന്നും അ തു തുടരുന്നു. കാരണം, തത്ത്വത്തിലല്ല അവരുടെ വിശ്വാസം ഊട്ടി ഉറപ്പിച്ചിട്ടുള്ളത്.

മതവും ധര്‍മ്മവും

    ഹിന്ദുമതം എന്ന പദപ്രയോഗം ശ രിയല്ലെന്നു പറഞ്ഞു. കാരണം  എല്ലാ ഹിന്ദുക്കള്‍ക്കും പൊതുവായി ഒരു മതമില്ല. പൊതുവായുള്ളത് ധര്‍മ്മമാണ്. അതിനെ ഹിന്ദുധര്‍മ്മം എന്നു നാം പറഞ്ഞുവരുന്നു. പക്ഷേ ഹിന്ദുവെന്ന പദം ഉണ്ടാവുന്നതിനു മുമ്പും നിലനിന്നു പോന്നതാണത്. വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ളതായതുകൊണ്ട് അതിനെ വൈദികധര്‍മ്മം എന്നും വിളിച്ചുവന്നു. ശാശ്വതമായ ധര്‍മ്മം, സാര്‍വ്വലൗകികമായ ധര്‍മ്മം എന്ന അര്‍ത്ഥത്തില്‍ അതിനെ സനാതനധര്‍മ്മം എന്നും വിളിച്ചുപോന്നു. സനാതനധര്‍മ്മം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത് പ്രപഞ്ചത്തിന്‍റെ നിലനില്പിനാധാരമായ ശാശ്വതനിയമങ്ങളാണ്. ശാസ്ത്ര സത്യങ്ങളെപ്പോ ലെ. തപഃസ്വാധ്യായനിരതരായ ഋഷിമാര്‍ അവയെ കണ്ടെത്തി. അതുകൊണ്ടാണ് സനാതനധര്‍മ്മത്തെ ആര്‍ഷധര്‍മ്മമെന്നും ഭാരതീയ സം സ്കാരത്തെ ആര്‍ഷസംസ്കാരമെന്നും പറയുന്നത്. ഈ ധര്‍മ്മത്തെ പ്രതിപാദിക്കുന്ന ശാസ്ത്രങ്ങളെ  മാനവധര്‍മ്മശാസ്ത്രം എന്നു വിളിക്കുന്നു. അത് മാനവരാശിക്കാകമാനം ബാധകമാണ്.

       സനാതനധര്‍മ്മം ശാശ്വതമാണെങ്കിലും കാലവും ദേശവും മാറി മാറി വന്നുകൊണ്ടേയിരിക്കും. ദേശത്തിന്‍റെ സ്വഭാവത്തിനും കാലത്തിന്‍റെ മാറ്റത്തിനും അനുസരിച്ച്, ധര്‍മ്മത്തിന്‍റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് മാറ്റമില്ലെങ്കിലും, പ്രയോഗത്തില്‍ പല മാറ്റങ്ങളും വരുത്തേണ്ടിവരും. അടിസ്ഥാന തത്ത്വങ്ങള്‍ കാലദേശാനുസൃതമായി പുനര്‍ വായിക്കുകയും ആചരിക്കുകയും ചെ യ്യേണ്ടിവരും. കാലഹരണപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ മാറ്റേണ്ടിവരും.  സനാതനധര്‍മ്മം ഈ തരത്തില്‍ പുനര്‍വ്യാഖ്യാനിക്കപ്പെടുമ്പോള്‍ അവ  യുഗധര്‍മ്മമായി മാറും. ഹൈന്ദവ പാരമ്പര്യത്തില്‍ ഇത്തരം പുനര്‍ വായനയ്ക്കുള്ള സ്വാതന്ത്ര്യം എക്കാലത്തും ഉണ്ടായിരുന്നിട്ടുണ്ട്. പ്രോത്സാഹിക്കപ്പെട്ടിട്ടുമുണ്ട്. യുഗധര്‍മ്മത്തെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങള്‍ക്ക് സ്മൃതി എന്നും സനാതനധര്‍മ്മപ്രതിപാദനങ്ങളായവയ്ക്ക് ശ്രുതിയെന്നും ആചാര്യന്മാര്‍ പേരിട്ടിരിക്കുന്നു. സ്മൃതി ഒരിക്കലും ശ്രുതിക്കു വിരുദ്ധമാകാന്‍ പാടില്ല. അങ്ങനെ ഒരു സ്മൃതിവചനം ഉണ്ടായാല്‍ അത് നിസ്സംശയം തള്ളിക്കളയേണ്ടതാണെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു.

മാനവികത

     സ്വന്തം മതം മാത്രം സത്യമതമെന്നും അന്യമതങ്ങള്‍ അസത്യമതങ്ങള്‍ എന്നും സ്വന്തം മതസ്ഥര്‍ മാത്രം വിശ്വാസികളെന്നും മറ്റുള്ളവര്‍ അവിശാസികളെന്നും  സ്വമതത്തില്‍ വിശ്വസിക്കുന്നവര്‍ മാത്രം സ്വര്‍ഗ്ഗരാജ്യത്തിന് അര്‍ഹരെന്നും മറ്റുള്ളവര്‍ നരകത്തില്‍ പോ കാന്‍ വിധിക്കപ്പെട്ടവരെന്നും വിശ്വസിക്കുന്നവര്‍ക്ക്  ഒരിക്കലും ശുദ്ധമായ മാനവികത ഉള്‍ക്കൊള്ളാന്‍ സാധ്യമല്ല. മതമാനവികതക്ക് അപ്പുറം പോകാന്‍ അവര്‍ക്കു സാധ്യമല്ല.

    നേരേമറിച്ച് ആത്മാവിനു പാപസ്പര്‍ശമില്ലെന്നും അത് ഈശ്വരാംശമാണെന്നും അതിനെ ആവരണം ചെ യ്തിരിക്കുന്ന അജ്ഞാനാന്ധകാരം മാറിക്കിട്ടിയാല്‍ അതിന്‍റെ ദിവ്യത്വം വീണ്ടെടുക്കപ്പെടുമെന്നും ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അങ്ങനെ വീണ്ടെടുക്കുന്നതിനു മറ്റാരുടേയും മാധ്യസ്ഥമോ ക്രിയാദികളോ ആവശ്യമില്ല.

    എല്ലാ മനുഷ്യരും ജന്മനാ വിശുദ്ധരാണ്. ഭേദങ്ങള്‍ പിന്നീടു വന്നു ചേരുന്നതാണ്. അതുകൊണ്ട് തുല്യ മാനവികത എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതും ആവശ്യമായിട്ടുള്ളതുമാണെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അതുകൊ ണ്ടാണ് 'ശാശ്വതമായ ആനന്ദത്തിന്‍റെ സന്തതികളോ പാപികളോ ? മനുഷ്യരെ പാപികളെന്നു വിളിക്കുന്നതാണ് പാ പം.' എന്ന് സ്വാമി വിവേകാനന്ദന്‍ പ്രഖ്യാപിച്ചത്.

    താത്ത്വികമായി സ്ഥിതി ഇതൊ ക്കെയാണെങ്കിലും ഹിന്ദുക്കള്‍ എല്ലാകാലത്തും ശുദ്ധമാനവികത പുലര്‍ ത്തിപ്പോന്നിട്ടുണ്ട് എന്ന് അര്‍ത്ഥമില്ല. ചരിത്രപരമായ കാരണങ്ങളാലും മാനുഷിക ദൗര്‍ബല്യങ്ങളാലും പലപ്പോഴും നേരേമറിച്ച് സംഭവിച്ചിട്ടുണ്ടുതാനും. ചാതുര്‍വര്‍ണ്യം തന്നെ സൈദ്ധാന്തികമായി ഗുണത്തിലും കര്‍മ്മത്തിലും അധിഷ്ഠിതവും, മാനവികതയെയും സമത്വത്തെയും നിഷേധിക്കാത്തതും ആണെങ്കില്‍പ്പോലും കാലക്രമത്തില്‍ ഏറ്റവും ഘോരവും അമാനവികവുമായ വിവേചനങ്ങള്‍ക്കും പീഡനങ്ങള്‍ ക്കും അതു വഴിവെച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

അതുകൊണ്ടാണ് ധാര്‍മ്മികരോഷത്തോടെ വിവേകാനന്ദന്‍ ഒരിക്കല്‍ ഇങ്ങനെ പറഞ്ഞത്.

  'മനുഷ്യ മഹത്വത്തെ ഇത്രയും ഉച്ചത്തില്‍ ഉദ്ഘോഷിക്കുകയും അതേസമയം മനുഷ്യരെ ഇത്രയേറെ ഇടിച്ചു താഴ്ത്തുകയും ചെയ്ത മറ്റൊരു ജനതയെ ഞാന്‍ കണ്ടിട്ടില്ല' എന്ന്.

    എന്നാല്‍ മറ്റു മതക്കാരും ഹിന്ദുക്കളും തമ്മില്‍ ഇക്കാര്യത്തിലുള്ള ഒരു മൗലിക വ്യത്യാസം, മനുഷ്യര്‍ തമ്മിലുള്ള വിവേചനം മറ്റുള്ളവര്‍ക്ക് മതാനുശാസനം തന്നെയാണ്.; ഹിന്ദുക്കള്‍ ക്കാവട്ടെ അതു പ്രയോഗത്തില്‍ വന്നുചേര്‍ന്ന പഥഭ്രംശം മാത്രമാണ് എന്നതാണ്. അതുകൊണ്ടു തന്നെ ജാതി യോ മതമോ ഒന്നും നോക്കാതെ സാമൂ ഹ്യ പരിഷ്കാരത്തിലൂടെ മാനവികത വീണ്ടെടുത്തു പ്രയോഗത്തില്‍ കൊ ണ്ടു വരാന്‍ ഹിന്ദുക്കള്‍ക്ക് തടസ്സമില്ല. കാലാകാലങ്ങളില്‍ ആത്മീയാചാര്യന്മാരും സാമൂഹ്യ പരിഷ്കര്‍ത്താക്കളും വിജയപൂര്‍വ്വം അങ്ങനെ ചെയ്തിട്ടുമുണ്ട്. ശ്രീനാരായണഗുരുദേവന്‍റേയും മറ്റും നേതൃത്വത്തില്‍ നടന്ന അയിത്തോച്ചാടന ശ്രമങ്ങളും ക്ഷേത്രപ്രവേശന സമരങ്ങളും തികച്ചും അഹിംസാത്മകവും ഭൂരിഭാഗം ഹിന്ദുക്കളുടേയും പിന്‍തുണയോടുകൂടിയതുമായിരുന്നു.

    ഇവിടെ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ക്രൂശിക്കപ്പെട്ടിട്ടില്ല. ഇ.വി.രാമസ്വാമിനായ്ക്കരെപ്പോലുള്ള ദൈവനിഷേധികള്‍ക്കും വിഗ്രഹധ്വംസകര്‍ക്കും പോലും സമ്പൂര്‍ണ്ണമായ സ്വാതന്ത്ര്യം അനുവദിക്കപ്പെട്ടിരുന്നു. നേരേമറിച്ച് ഇതര മതങ്ങളുടെ കഥ വ്യത്യസ്തമാ ണ്. മതത്തിന്‍റെ പേരിലുള്ള അസഹിഷ്ണുതക്ക് മതസ്ഥാപകരടക്കം ക്രൂശിക്കപ്പെട്ടിട്ടുണ്ട്. മതതത്ത്വങ്ങള്‍ക്കു വിരുദ്ധമായ കണ്ടു പി ടുത്തങ്ങള്‍ നടത്തിയ ശാസ്ത്രജ്ഞന്‍മാര്‍ പോലും മതത്തിന്‍റെ പേരില്‍ വധിക്കപ്പെട്ടിട്ടുണ്ട്. ഇ ത് ഭാരതത്തില്‍ ഒരിക്കലും ഉണ്ടായിട്ടില്ല. മതവിശ്വാസം എന്തുതന്നെ ആ യാലും അത് മാനവികമായ സ്വാതന്ത്ര്യത്തിനോ മനുഷ്യത്വപരമായ പെരുമാറ്റത്തിനോ വിലങ്ങായിരുന്നിട്ടില്ല. ഒരു സല്‍മാന്‍ റുഷ്ദിയോ, തസ്ലീമ നസ്റീനോ ഹിന്ദുക്കള്‍ ക്കിടയില്‍ പീഡനത്തിനു വിധേയരായിട്ടില്ല.

     ചുരുക്കി പറഞ്ഞാല്‍ ഹിന്ദു മതം എന്ന തെറ്റായ പേരില്‍ വ്യവഹരിക്കപ്പെടുന്ന സനാതന ധര്‍മ്മം യഥാര്‍ത്ഥത്തില്‍ മാനവ ധര്‍മ്മം തന്നെയാണ്. അതിന്‍റെ സമീപനം മാനവികവുമാണ്. ഹിന്ദുധര്‍മ്മത്തിന്‍റെ തന്നെ അവാന്തരവിഭാഗങ്ങളില്‍പ്പെടുന്ന ജൈ നമതം, ബുദ്ധമതം എന്നിവ മനുഷ്യരോടു മാത്രമല്ല എല്ലാ ജീവജാലങ്ങളോടും അഹിംസാത്മകവും അനുകമ്പാപൂര്‍ ണ്ണവുമായ നിലപാടു സ്വീകരിക്കുന്ന വയാണ്. അഹിംസയെ അപ്രായോഗികവും ആത്മഹത്യാപരവുമായ തലംവരെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്നതായും ചിലപ്പോള്‍ കാണാം.

    രാഷ്ട്രത്തിന്‍റെ സുരക്ഷയ്ക്കു പോലും അത് അപകടം വരുത്തി വെ ച്ചിട്ടുണ്ട്.  മാനവികത നിലനിര്‍ത്തുക, അതേസമയം അമാനവികതയുടെ കൈപ്പിടിയില്‍ ഞെരിഞ്ഞ് മാനവികത നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ ശ്രദ്ധിക്കുക. ഈ പ്രായോഗിക ബുദ്ധി സംരക്ഷിച്ചതുകൊണ്ടാവണം ഹിന്ദുമതം എന്നൊന്ന് ഇന്നും നിലനില്‍ക്കുന്നത്. ഇല്ലായിരുന്നെങ്കില്‍ മറ്റു പല പ്രാചീന മതങ്ങള്‍ക്കും നാഗരികതകള്‍ക്കും സം ഭവിച്ചതുപോലെ ഹിന്ദുധര്‍മ്മത്തിനും ഭാരതീയ സംസ്കാരത്തിനും വംശനാശം വന്നു  പോകുമായിരുന്നു.