മനസ്സിന്‍റെ സംയമനം
സ്വാമി സാന്ദ്രാനന്ദ
തിരക്കുപിടിച്ച ജീവിതത്തില്‍ എല്ലാവര്‍ക്കും വേണ്ടത് പെട്ടെന്നുള്ള ഒരു ശാന്തി അല്ലെങ്കില്‍ ഒരു സമാധാനമാണ്. ഇന്ന് ഭൂരിഭാഗം ആളുകളും യോഗയെ സമീപിക്കുന്നത് രോഗനിവാരണത്തിനു വേണ്ടിയോ ടെന്‍ഷനില്‍ നിന്നും സ്വതന്ത്രമാകുന്നതിനു വേണ്ടിയോ ഉള്ള ഒരു ഉപാധി എന്ന നിലയ്ക്കാണ്. അങ്ങനെ ഒരു പ്രത്യേക കാര്യത്തിന് വേണ്ടി വരുമ്പോള്‍ ക്ഷമയോടുകൂടി യോഗയുടെ ആന്തരിക തലങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്നതിനുള്ള സൂക്ഷ്മതയും ഉള്‍ക്കാഴ്ചയും ഈ തിരക്കുപിടിച്ച ജീവിതത്തില്‍ ഇല്ലായെന്നുള്ള തെറ്റായ ധാരണയാണ് ഇത്തരം ഷോർട്കട്ടിലൂടെ പോകാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്.
അങ്ങനെ ഇരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ രാജയോഗയെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാവാന്‍ നമ്മുടെ ഋഷീശ്വരന്മാര്‍ പറഞ്ഞുവെച്ചിട്ടുള്ളതെന്താണെന്ന് സാമാന്യമായിട്ടെങ്കിലും അറിയേണ്ടതുണ്ട്. കര്‍മ്മയോഗമാണെങ്കിലും ഭക്തിയോഗമാണെങ്കിലും ജ്ഞാനയോഗമാണെങ്കിലും വളരെ വ്യക്തതയോടുകൂടി സൂക്ഷ്മതയോടുകൂടി അതിന്‍റെ അങ്ങേയറ്റം വരെ സഞ്ചരിച്ചിട്ടുള്ളവരാണ് ഗുരുദേവനെപ്പോലെയുള്ള ഋഷീശ്വരന്മാര്‍. പക്ഷേ ഗുരുവിന്‍റെ ആദ്ധ്യാത്മികമായിട്ടുള്ള ആ സൂക്ഷ്മതയിലേക്കു എത്രമാത്രം നമ്മള്‍ കടന്നു ചെന്നു അല്ലെങ്കില്‍ എത്രമാത്രം നമ്മള്‍ ഉള്‍ക്കൊണ്ടു എന്നുള്ള ഒരു വിലയിരുത്തല്‍ കൂടി അനിവാര്യമാണ്. ശരിയായ രീതിയില്‍ മനസ്സിലാകണമെങ്കില്‍ എന്താണ് ഈ 'യോഗം' എന്നറിയണം.
ചിത്തവൃത്തിനിരോധമാണ് യോഗം. എന്താണ് ചിത്തവൃത്തിനിരോധം? ചിത്തമെന്നാല്‍ മനസ്സ്, ഈ മനസ്സിന്‍റെ നിരോധം. ഈ മനസ്സിനെ എങ്ങനെ നിരോധിക്കാം ? കാരണം അത്രമാത്രം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് മനസ്സ്. കാണാന്‍ പറ്റാത്തതായിട്ടുള്ളതാണ്.
മനോദുര്‍നിഗ്രഹം ചലം
അഭ്യാസേന തു കൗന്തേയ
വൈരാഗ്യേണ ച ഗൃഹ്യതേ
എന്നു ഗീതയില്‍ അര്‍ജ്ജുനനോട് ഭഗവാന്‍ ശ്രീകൃഷ്ണന്‍ പറയുന്നു. മനസ്സ് ദുര്‍നിഗ്രഹവും ചഞ്ചലവും തന്നെ . എന്നാല്‍ അഭ്യാസം കൊണ്ടും വൈരാഗ്യം കൊണ്ടും മനസ്സിനെ വശീകരിക്കാം. അപ്പോള്‍ നിരന്തരമായ അഭ്യാസം വേണം, വൈരാഗ്യം വേണം. അതിനു വിഷയങ്ങളില്‍ നിന്നും വിടുതല്‍ നേടണം. ജ്ഞാനം കൊണ്ട് ചിത്തത്തെ നമുക്ക് നിരോധിക്കാം.
രാജയോഗത്തെ അഷ്ടാംഗയോഗം എന്നപേരിലും അറിയപ്പെടുന്നുണ്ട്. യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി എന്നിങ്ങനെ ഈ അഷ്ടാംഗയോഗത്തെ തിരിച്ചിരിക്കുന്നു. പടിപടിയായി ഓരോ ഘട്ടവും കടന്നാല്‍ ഈ ജന്മം കൊണ്ട് നമ്മള്‍ എന്താണോ നേടുവാന്‍ ആഗ്രഹിക്കുന്നത് അതിലേക്കു അനായാസം എത്തിച്ചേരുവാന്‍ സാധിക്കും. യമം എന്നു പറയുന്നത് ഓര്‍മ്മവയ്ക്കുന്ന നാള്‍ മുതല്‍ ജീവിതത്തില്‍ ആചരിക്കേണ്ടതായിട്ടുള്ള അല്ലെങ്കില്‍ അനുഷ്ഠിക്കേണ്ടതായിട്ടുള്ള കാര്യങ്ങളാണ്.
അതിലൊന്നാണ് അഹിംസ. നമ്മള്‍ എപ്പോഴും വളരെ ലാഘവത്തോടു കൂടി ഉപയോഗിക്കുന്നവാക്കാണിത്. ഏതെങ്കിലും ജീവിയെ യാതൊരു കാരണവശാലും ഉപദ്രവിക്കാതിരിക്കുക എന്നുള്ളതാണ്. നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞ് വേണം അത് മനസ്സിലാക്കാന്‍. കാരണം എപ്പോഴും നമ്മള്‍ പുറത്തുനില്‍ക്കുന്നതിനെയാണ് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത്. ഒരിക്കലും നമ്മുടെ മനസ്സിന്‍റെ വികാരവിചാരങ്ങള്‍ മനസ്സിലാക്കുവാനുള്ള ക്ഷമ അല്ലെങ്കില്‍ അങ്ങനെയുള്ള ഒരു ഉള്‍ക്കാഴ്ച നമ്മള്‍ കാണിക്കാറില്ല. അതുകൊണ്ട് ഓരോരോ കാര്യങ്ങള്‍ നമ്മള്‍ പഠിക്കുമ്പോഴും അത് നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞുള്ള ഒരു പഠനമായി മാറ്റണം.
മറ്റൊന്ന് അസ്തേയമാണ്. മോഷ്ടിക്കാതിരിക്കുക. പക്ഷേ ഇന്ന് കുട്ടികളില്‍ തന്നെ വളരെ സര്‍വ്വസാധാരണയായി കാണുന്ന ഒന്നാണ് തമാശയ്ക്ക് മോഷ്ടിക്കുക എന്നത്. അത് ചെന്ന് എത്തുന്നത് ഭീകരമായ ഒരവസ്ഥയിലേക്കാണ്. കുറച്ചുനാള്‍ മുമ്പ് എറണാകുളം മഹാരാജാസ് കോളേജിലെ കുട്ടികള്‍ തമാശയ്ക്ക് നടത്തിയ ഒരു മോഷണം ഓര്‍ക്കുക. ആ കുട്ടികള്‍ ആരും തന്നെ പാവപ്പെട്ട കുടുംബങ്ങളില്‍പ്പെട്ടവരായിരുന്നില്ല. എല്ലാവരും നല്ല സാമ്പത്തികസ്ഥിതിയുള്ള, സമൂഹത്തില്‍ സ്ഥാനമാനമുള്ള ആളുകളുടെ മക്കളായിരുന്നു. തമാശയ്ക്ക് നടത്തിയ മോഷണം പിന്നീട് അവരുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ഇത്തരം വാസന നമ്മുടെ മനസ്സില്‍ ഒരു സ്വഭാവമായി അടിഞ്ഞുകൂടും. അതുകൊണ്ട് അങ്ങനെയുള്ള ശീലങ്ങള്‍, സ്വഭാവങ്ങള്‍ നമ്മള്‍ പാടേ മാറ്റേണ്ടതുണ്ട്. അതുപോലെ അവ്യഭിചാരം - വ്യഭിചരിക്കാതിരിക്കല്‍. നോട്ടം കൊണ്ടുപോലും അതു പാടില്ലെന്നാണ്. എന്നാല്‍ ഇന്നത് നമ്മുടെ സമൂഹത്തില്‍ ഒരു തീരാശാപമായി തീര്‍ന്നിരിക്കുന്നു. ചെറുപ്രായത്തില്‍ ശരിയായ രീതിയില്‍ വിദ്യാഭ്യാസം കിട്ടാത്തതുകൊണ്ടു വരുന്ന ദൂഷ്യഫലങ്ങളാണ് ഇതൊക്കെയും. ഇങ്ങനെ മനസ്സ് ഒരിക്കലും തിരുത്താന്‍ പറ്റാത്തരീതിയില്‍ അധഃപതിച്ചു പോകുവാന്‍ കാരണമാകുന്നു.
ഈശ്വരപ്രണിധാനമാണ് അടുത്തത്. ഈശ്വരനെ പൂജിക്കുന്നതു വേണ്ട രീതിയിലായാല്‍ ഇന്ന് അനുഭവിക്കുന്ന ഈ ടെന്‍ഷന്‍റെ മുക്കാല്‍ഭാഗവും ഇല്ലാതാക്കാന്‍ നമുക്ക് സാധിക്കും. ഇനി നിയമം. അതിനകത്ത് ആദ്യം വരുന്നത് ശൗചമാണ്. ശുചിത്വം. ഗുരുദേവന്‍ വളരെ പ്രാധാന്യത്തോടു കൂടി ശുചിത്വത്തെക്കുറിച്ചു വിശദീകരിച്ചിട്ടുണ്ട്. അതിലെ പഞ്ചശുദ്ധി പ്രസിദ്ധമാണ്. മഹാന്മാരായിട്ടുള്ള ഈശ്വരദര്‍ശികളായ ഗുരുവിനെപ്പോലെയുള്ള മഹത്തുക്കളുടെ കൃതികള്‍ പഠിച്ചും വായിച്ചും മനനം ചെയ്യുന്നതാണ് സ്വാദ്ധ്യായം.
അതുകഴിഞ്ഞാല്‍ തപസ്. തപസ് എന്ന് പറയുന്നത് എല്ലാം ഉപേക്ഷിച്ച് കാട്ടില്‍ പോയി ഇരുന്ന് ചെയ്യുന്ന ഒന്നല്ല. ഒരു സ്വര്‍ണ്ണപ്പണിക്കാരന്‍ സ്വര്‍ണ്ണം തീയിലിട്ട് എപ്രകാരമാണോ അതിനെ ശുദ്ധീകരിക്കുന്നത് അതേപോലെ നമ്മുടെ മനസ്സിനെ ഈശ്വരസ്മരണയോടെ സ്വാദ്ധ്യായം ചെയ്തും തീര്‍ ത്ഥാടനം നടത്തിയും ശുദ്ധിപ്പെടുത്തുകയെന്നതാണ് തപസുകൊണ്ട് അര്‍ ത്ഥമാക്കുന്നത്. അതായത് മനസ്സിലുള്ള മാലിന്യങ്ങളെ പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ ചെയ്യുന്ന പ്രക്രിയ. തപസ്സു കഴിഞ്ഞാല്‍ ആസനം. സ്ഥിരമായി സുഖാവസ്ഥയില്‍ ഇരിക്കുകയെന്നു താത്പര്യം. അതിനു കഴിഞ്ഞാല്‍ ഒരു അസുഖവും ഒരു ടെന്‍ഷനും നമ്മെ ബാധിക്കുകയില്ല.
പ്രാണായാമം വളരെ കരുതലോടും ശ്രദ്ധയോടും കൂടി അനുഷ്ഠിക്കേണ്ട ഒരു സാധനയാണ്. അനുഭവസമ്പന്നനായ ഒരു ഗുരുവില്‍ നിന്നും പ്രാണായാമം ശാസ്ത്രീയമായി പഠിക്കേണ്ടിയിരിക്കുന്നു. കാരണം പ്രാണന്‍ എന്നുപറയുന്നത് സൂക്ഷ്മതയോടുകൂടി കൈ കാര്യം ചെയ്യേണ്ട ശക്തിയാണ്. പ്രാണന്‍ ഇല്ലെങ്കില്‍ യാതൊന്നും ഇല്ല. പ്രാണനെ കാണാന്‍ സാധ്യമല്ല. പ്രാണന്‍ എന്ന ശക്തികൊണ്ടാണ് ഇതെ ല്ലാം സ്പന്ദിക്കുന്നത്. സൈക്യാട്രി പഠിച്ച ഒരു ഡോക്ടര്‍ ഒരു ദിവസം എന്നോട് ചോദിക്കുകയാണ് 'സ്വാമിജീ, പ്രാണായാമം ചെയ്താല്‍ സിദ്ധി കിട്ടുമെന്ന് കേട്ടിട്ടുണ്ട്. സ്വാമിജി അതിനു വേണ്ടി കുറച്ച് ടെക്നിക്ക് പറഞ്ഞു തരുമോ?' അങ്ങനെ ഒരു 'ടെക്നിക്ക്' ആയി അല്ലെങ്കില്‍ ഒരു പ്രയോജനത്തിന് വേണ്ടി ഉപയോഗിക്കാവുന്ന ഒന്നല്ല പ്രാണായാമം. അത് തികച്ചും ശാശ്വതമായ ശാന്തിക്കും സമാധാനത്തിനും വേണ്ടിയുള്ളതാണ്.
ഇനി പ്രത്യാഹാരത്തെപ്പറ്റിയാണ് അറിയേണ്ടത്. ഇപ്പോള്‍ നമ്മുടെ മനസ്സ്, ഇന്ദ്രിയങ്ങള്‍ എല്ലാം പൂര്‍ണ്ണമായും വെളിയിലേക്കു സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. വെളിയിലാണ് സുഖം തേടുന്നത്. പക്ഷേ വെളിയിലുള്ള ഏതെങ്കിലും വസ്തുവിലല്ല സുഖം ഇരിക്കുന്നത് എന്ന് പറഞ്ഞ് ശാസ്ത്രീയമായി മനസ്സിലാക്കി അവയെ തിരിച്ചുകൊണ്ടുവരണം. പ്രത്യാഹരിക്കല്‍ എന്ന പ്രക്രിയയാണത്. അടുത്തത് ധാരണയാണ്. നമ്മള്‍ പൂര്‍ണ്ണമായും കൂടുതല്‍ Effort കൊടുത്തിട്ട് മനസ്സിനെ ഒരു Particular Point ല്‍ അല്ലെങ്കില്‍ ഒരു രൂപത്തില്‍, ഒരു പ്രകാശത്തില്‍ നിര്‍ത്തുന്നതിന് ചെയ്യുന്ന ഒന്നാണ് ധാരണ. ധാരണ കഴിഞ്ഞാല്‍ അടുത്ത തലമാണ് ധ്യാനം. അവിടെയാണ് ശരിയായ രീതിയില്‍ ധ്യാനം സംഭവിക്കുന്നത്. അപ്പോള്‍ മാത്രമേ സംഭവിക്കുകയുള്ളൂ. യാതൊരുവിധ Effort കളും ഇല്ലാതെ മനസ്സ് നമ്മള്‍ വിചാരിക്കുന്ന ഒരു രൂപത്തിലേക്കോ നാമത്തിലേക്കോ ഒരു പോയിന്‍റിലേക്കോ പൂര്‍ണ്ണമായി മുഴുകിയിരിക്കണം. Effort കൊടുക്കുമ്പോള്‍ അത് ധാരണയായി. Effort ഇല്ലാതെ വരുമ്പോള്‍ അത് ധ്യാനമായി. സ്വാഭാവികമായി അത് സംഭവിക്കേണ്ടതാണ്. ഒരു വ്യക്തിക്കു ധ്യാനം സംഭവിക്കണമെങ്കില്‍ ഈ പറഞ്ഞ ഏഴു തലങ്ങളിലൂടെ സൂക്ഷ്മതയോടും തെളിച്ചത്തോടും കൂടി വന്നാല്‍ മാത്രമേ സാധ്യമാകു.
നമ്മുടെ മനസ് ഭ്രമം കൂടാതെ അഹന്തയില്ലാതെ ഒരു Balance ല്‍ ആയിരിക്കുമ്പോഴാണ് ചിത്തവൃത്തി നിരോധം സംഭവിക്കുക. ഈ സംതുലനാവസ്ഥ നമ്മള്‍ക്കു സ്വാഭാവികമായി കൊണ്ടുവരാന്‍ പറ്റുന്നുണ്ടോ? അങ്ങനെ വന്നാല്‍ അടുത്ത സമാധിതലത്തിലേക്കു നമുക്ക് പ്രവേശിക്കാം. ബോധപൂര്‍വ്വം ഈ ശരീരം വിട്ട് പരമാത്മാവുമായി യോജിച്ച് ഒന്നായിച്ചേര്‍ന്നിരിക്കുന്ന ആ അവസ്ഥ, അതാണ് സമാധി എന്നു പറയുന്നത്. നമ്മള്‍ സന്ന്യാസിമാരുടെ ദേഹവിയോഗത്തിനു സമാധി എന്നാണു പറയാറുള്ളത്. ബോധപൂര്‍വ്വം മനസ്സിനെ നിയന്ത്രിച്ച് പരമാത്മാവുമായി ലയിച്ചു ചേര്‍ന്ന് ആരാണോ ഇരിക്കുന്നത് അങ്ങനെയുള്ളയാളെ സമാധിസ്ഥന്‍ എന്നു പറയും. ഈ തലത്തിലേക്കു എത്തിച്ചേരുമ്പോഴാണ് മോക്ഷപ്രാപ്തി സംഭവിക്കുക.
അതുമിതുമല്ല സദര്‍ത്ഥമല്ലഹം സ-
ച്ചിദമൃതമെന്നു തെളിഞ്ഞു ധീരനായി
സദസദിതി പ്രതിപത്തിയറ്റു സത്തോ-
മിതിമൃദുവായ് മൃദുവായമര്‍ന്നിടേണം
-ആത്മോപദേശശതകം 100
(ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന സംന്യാസി സമ്മേളനത്തില്‍ രാജയോഗത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം)