ഒന്നായ മാമതിയില്‍ നിന്നായിരം....

ദക്ഷിണാമൂര്‍ത്തിസ്വാമികള്‍

        സര്‍വ്വചരാചരത്തിനും നമസ്കാരം. ഗുരുവിനും നമസ്കാരം. സംഗീതം, സംഗീതം, സംഗീതം. വാസ്തവത്തില്‍ സംഗീതമെന്നു പറഞ്ഞാല്‍ സാക്ഷാത് ഈശ്വരനെന്നേ പറഞ്ഞിട്ടുളളൂ. പറയുകയുള്ളൂ, ഇനി പറയാനുമുള്ളൂ. കാരണം സംഗീതമെന്നു പറഞ്ഞാല്‍ മറ്റ് നിര്‍വചനം പറയാന്‍ ഒക്കുകയില്ല.  ഒരു ഉത്സവമോ അതുപോലെയുള്ള ചടങ്ങുകളോ വന്നുകഴിഞ്ഞാല്‍ ഒരു പാട്ടുമേള കാണും. പക്ഷേ ആരും പാട്ടുമേളയെന്നു പറയുന്നില്ല. ഗാനമേള എന്നേ പറയുന്നുള്ളൂ. സംഗീതമെന്ന് പറഞ്ഞാല്‍ പാട്ടല്ല. ഗാനമാണ്. എന്നാല്‍ ഗാനം എന്നുള്ളത് ഒരു സാധനയാണ്. അതു തന്നെയാണ് ഈശ്വരന്‍. അത് സംഗീതം പോലെ തന്നെ. സംഗീതം ഈശ്വരനാണെന്നു പറയുമ്പോള്‍ ഗാനവും അതു തന്നെയാണ്.  നമ്മള്‍ സരിഗമ പധനി എന്ന് പറയുന്നുണ്ട്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ സംഗീതം ഒരു ധ്യാനമാണ്. ആ ധ്യാനം തന്നെയാണ് ഗാനമായിത്തീരുന്നത്.  ജപകോടി ഗുണം ധ്യാനം. ഒരു നാമം ഒരു കോടി ജപിച്ചാല്‍ ഒരു ധ്യാനം വരും.  'ധ്യാനകോടി ഗുണം ലയം'. അപ്പോള്‍ എത്ര കോടി ജപിക്കേണ്ടിവരും ഒരു ലയം കിട്ടണമെങ്കില്‍? എന്നു വെച്ചാല്‍ അത് ജപിക്കണം. അതായത് കോടി കോടി നാമം. ഒരു നാമം ഗുരുവെന്നോ  രാമനെന്നോ കൃഷ്ണനെന്നോ നാരായണനെന്നോ  എന്തായാലും വേണ്ടില്ല ആ നാമം ഒരു കോടി ജപിച്ചാല്‍ ഒരു ധ്യാ നം വരും. പിന്നെ ധ്യാനകോടി ജപിച്ചു കഴിഞ്ഞാല്‍ ലയം വരും. ലയകോടി ഗുണം ഗാനം. അതാണ് ഗാനം. ഈ സംഗീതത്തിന് എന്തു പറയാനൊക്കും. ഗാനമെന്നേ പറയേണ്ടൂ. അതുകൊണ്ടാണ് എല്ലാവരും ഗാനമേള എന്നു പറയുന്നത്. പാട്ടുമേള എന്നു ആരും  ഇതുവരെ പറഞ്ഞിട്ടില്ല. സംഗീതം വരുന്നത് ഈശ്വരന്‍റെ അനുഗ്രഹത്താലാണ്. നമ്മുടെ കഴിവില്‍ നിന്നല്ല. ഇങ്ങനെ പൂര്‍ണ്ണമായ ഒരു ഉണര്‍വ്വും അതിനകത്തൊരു ശക്തിയും ഉണ്ടാവണം. അതേപ്പറ്റി മഹാത്മാര്‍ പലതു പറഞ്ഞിട്ടുണ്ട്. അതില്‍ ഒരു നാലു കാര്യം തമിഴില്‍ പറഞ്ഞത് മലയാളത്തില്‍ പറയാം.

ആട്ടുവിത്താല്‍ ആടുഹിണ്ട്രേന്‍
പാട്ടുവിത്താല്‍ പാടുഹിണ്ട്രേന്‍
ഊട്ടുവിത്താല്‍ ഉണ്‍ഹിണ്ട്രേന്‍
ഉറക്കുവിത്താല്‍  ഉറങ്ങുഹിണ്ട്രേന്‍

     ഇത് ജ്യോതി രാമലിംഗഅടിഗളാര്‍ പറഞ്ഞതാണ്. നമുക്ക് ഇതു മനസ്സിലാകണമെങ്കില്‍ അതിനെ മലയാളം ലിപിയാക്കി പറയണം. ഇത് മലയാളത്തില്‍ കുറച്ചു വര്‍ഷങ്ങളായി ഞാന്‍ പറയാന്‍ തുടങ്ങിയിട്ട്. ആടിച്ചാല്‍ ആടും, പാടിച്ചാല്‍ പാടും, ഊട്ടിച്ചാല്‍ ഉണ്ണും, ഉറക്കിച്ചാല്‍ ഉറങ്ങും. ഈ നാലുകാര്യം അദ്ദേഹം പറഞ്ഞു. ഈ നാലുകാര്യത്തിലാണ് നമ്മള്‍ ഇന്നും ജീവിക്കുന്ന തും ചെയ്യുന്നതും പറയുന്നതും കേള്‍ ക്കുന്നതും എല്ലാമെല്ലാം. അതുകൊണ്ട് നമ്മള്‍ അറിയേണ്ടത് ഈശ്വരനല്ലാതെ മറ്റൊന്നുമില്ല. ഈ ഞാനെന്നുള്ള ഒരു വസ്തു- അതില്ല. ഞാന്‍ എന്ന ഒരു വസ്തു ഉണ്ടെങ്കില്‍ അതിനര്‍ത്ഥം അഹങ്കാരമെന്നാണ്. അപ്പോള്‍  ഞാന്‍ എന്ന അഹങ്കാ രം നശിക്കുവാന്‍ ഞാനെന്നു തോന്നാതിരിക്കണം. അങ്ങനെ തോന്നുകില്‍ ഞാനില്ല. നീ ഒന്നുമാത്രമാണെന്ന അറി വ് ഞാന്‍ അറിയായ് വരിക.

ദൈവമേ ഗുരുനാഥാ.

     ഗുരുവിന്‍റെ കൃതി ഞാനിത് ട്യൂണ്‍ ചെയ്തത് വാസ്തവത്തില്‍ പരിപൂര്‍ണ്ണമായിട്ട് ഗുരുവിന്‍റെ അനുഗ്രഹത്താല്‍ മാത്രമാണ്. കാരണം ഇതു തോന്നിയതു തന്നെ അങ്ങനെയാ.  ഒന്നായ മാമതിയില്‍ നിന്നായിരം....

     അതു തന്നെയാണ് ആ മഹാന്‍. അവരെപ്പോലെയുള്ളവരുടെ പാദസ്മരണകളില്‍ നമ്മള്‍ അങ്ങനെ ഒട്ടി ഒട്ടി നിന്നാല്‍ നമുക്കും അതുപോലെയുള്ളതൊക്കെ തരും.  നിങ്ങള്‍ക്കെല്ലാപേര്‍ ക്കും ഗുരുവിന്‍റെ പരിപൂര്‍ണ്ണ അനുഗ്രഹവും ആശിസ്സും കൊണ്ടു ശ്രേയസ്സും ദീര്‍ഘായുസ്സും ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

നാരായണ... നാരായണ... നാരായണ...