നന്മയിലേക്കുള്ള വഴി
സ്വാമി ഋതംഭരാനന്ദ
ചോദ്യം: സ്വാമിജീ, ഇന്നു വായനയുടെ ലോകം അന്യമായിക്കൊണ്ടിരിക്കുന്നുവെന്നത് ആശങ്കാജനകമാണ്. അത്യന്തം സങ്കീര്‍ണ്ണമായി വരുന്ന ഈ സാഹചര്യത്തെ നിവാരണം ചെയ്യുന്നതിനായി എന്തുപദേശമാണ് നല്കുവാനുള്ളത്.
ഉത്തരം: വായനയുടെ ലോകമെന്നാല്‍ സംസ്കാരത്തിന്‍റെ ലോകമെന്നാണ് മനസ്സിലാക്കേണ്ടത്. സംസ്കാരമുള്ളിടത്തേ മാനുഷികമൂല്യങ്ങള്‍ നിലനില്‍ക്കുകയുള്ളൂ. നല്ല കൃഷിഭൂമിയില്‍ വിതക്കുന്ന വിത്തുകളാണ് നാളത്തെ ഭക്ഷണമായി വരുന്നത്. ഭക്ഷണമില്ലെന്നായാല്‍ മനുഷ്യന്‍ മാത്രമല്ല ഒരു ജീവജാലങ്ങളും ഭൂമിയില്‍ ഇല്ലെന്നാവും. അപ്പോള്‍ ശരീരത്തിന്‍റെ നിലനില്പ്പിനും പോഷണത്തിനും ഭക്ഷണം എങ്ങനെയോ അതുപോലെയാണ് സംസ്കാരത്തിന്‍റെ നിലനില്പ്പിനും അതിന്‍റെ പോഷണത്തിനും വായനയെന്നത്.
വായന ഒരു മഹാപ്രപഞ്ചത്തിന്‍റെ ചലനാത്മകതയിലേക്കാണു മനുഷ്യനെ നയിക്കുന്നത്. മുന്നില്‍ക്കാണുന്ന ലോകത്തെ നമ്മിലേക്കും നമ്മെ ഈ ലോകത്തിലേക്കും പ്രവേശിപ്പിക്കുന്നത് ഇന്ദ്രിയങ്ങളുടെ പരസ്പര സന്നികര്‍ഷതകളാണ്. ഈ ഇന്ദ്രിയങ്ങളെ കൂട്ടിയോജിപ്പിക്കുന്നതും വേറുവേറാക്കുന്നതും നിയന്ത്രിക്കുന്നതുമെല്ലാം മനസ്സാണ്. അതുകൊണ്ട് തന്നെ ഒരാളിനെ വളര്‍ത്തുന്നതിനും തളര്‍ത്തുന്നതിനും പിന്നില്‍ മനസ്സിനുള്ള സ്ഥാനം നിര്‍ണ്ണായകമാണ്. അതിനാല്‍ മനസ്സിനെ ശുദ്ധിയോടെ 'നിലയ്ക്കു' നിര്‍ത്തുവാനുള്ള ശേഷി സമ്പാദിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നതിലൂടെ മാത്രമേ ജീവിതത്തില്‍ ശാന്തിയും അഭിവൃദ്ധിയുമുണ്ടാവുകയുള്ളൂ.
ഒരു വിത്തില്‍ അതില്‍ നിന്നു വളര്‍ന്നു വികസിക്കേണ്ടതായ വൃക്ഷം എപ്രകാരമാണോ സൂക്ഷ്മമായിരിക്കുന്നത് അതുപോലെയാണ് മനസ്സില്‍ വാസനകളുടെ സമൂഹവും സൂക്ഷ്മമായിരിക്കുന്നത്. ഈ വാസനകള്‍ സങ്കല്പങ്ങളായി വളര്‍ന്നു വൃക്ഷത്തെപ്പോലെ സ്ഥൂലരൂപം പ്രാപിക്കുന്നതോടെ ബാഹ്യവിഷയങ്ങളില്‍ നിരന്തരം അഭിരമിച്ച് നമ്മള്‍ അസ്വതന്ത്രരായിത്തീരും. ഇതു സനാതന മൂല്യങ്ങളുടെ വളര്‍ച്ചയെ തടഞ്ഞുനിര്‍ത്തുന്നതാണ്. അതുകൊണ്ട് മനസ്സിനെയും ഇന്ദ്രിയങ്ങളെയും അമിതമായി ലാളിക്കാതിരിക്കുകയും പീഡിപ്പിക്കാതിരിക്കുകയും ചെയ്യണം. അതിനുള്ള ഏറ്റവും മഹത്തായ ഉപായമാണ് സദ്ഗ്രന്ഥങ്ങളുടെ വായന. വായന ചുരുങ്ങിയാല്‍ മനസ്സിലെ സങ്കല്പകല്പിതമായ ധാരണകള്‍ വളരുകയും അതുമൂലം സത്യത്തില്‍ നിന്ന് അകലുകയും ചെയ്യും. എന്നാല്‍ വായന വികസിച്ചാല്‍ മനസ്സിന്‍റെ അദ്ധ്യാരോപവാസന ചുരുങ്ങുകയും അതുവഴി സത്യത്തോട് അടുത്തുവരുകയും ചെയ്യും. എവിടെയെല്ലാം സത്യത്തില്‍ നിന്നുമകലുന്നുവോ അവിടെയെല്ലാം മായാമറയുടെ കനമേറുകയാണ് ചെയ്യുന്നത്. ഈ മറയാണ് ലോകത്തെ എല്ലാ ദുഃസ്ഥിതികള്‍ക്കും കാരണം. അതുകൊണ്ട് ഈ മായാമറയെ നീക്കുകയെന്നത് പ്രധാനമാണ്. അതിനു വായനയും ചിന്തയും അതിലൂടെയുണ്ടാകുന്ന അറിവും കൊണ്ടല്ലാതെ സാധിക്കുന്നതല്ല.
ഇന്നു സമൂഹത്തില്‍ കാണുന്ന ദുഃസ്ഥിതികളിലേക്കെല്ലാമൊന്നു കണ്ണോടിച്ചാല്‍ മതി ഓരോരുത്തരിലുമുള്ള മാനുഷികമൂല്യങ്ങളുടെ കുറവുണ്ടാക്കുന്ന സങ്കീര്‍ണ്ണതകളുടെ കാഠിന്യം താനേ ബോദ്ധ്യപ്പെടും. അഭ്യസ്തവിദ്യകള്‍ കൊണ്ട് വിഷയബോധം വികസിക്കുന്നതല്ലാതെ സംസ്കാരത്തിന്‍റെ അടിത്തറ ഉറയ്ക്കുകയില്ല. അതുകൊണ്ട് സംസ്കാരത്തിന്‍റെ കരുവായി രൂപപ്പെടുന്ന വായന ഒരു ശീലമാക്കി മാറ്റണം. അതിനു പകരമായി മറ്റൊന്നില്ല. നല്ല വായനയുണ്ടായാല്‍ നല്ല ചിന്തകളുണ്ടാവും. നല്ല ചിന്തകളുണ്ടായാല്‍ നല്ല ആശയങ്ങളുണ്ടാവും. നല്ല ആശയങ്ങളുണ്ടായാല്‍ സദ് പ്രവൃത്തികളുണ്ടാവും. സദ്പ്രവൃത്തികളുണ്ടായാല്‍ ശാന്തിയും സമാധാനവും സംജാതമാകും. അതാണു നന്മയിലേക്കുള്ള വഴി.
"വിവേകം താനേ വരുമോ? വരില്ല . നല്ല പുസ്തകങ്ങള്‍ വായിക്കണം" എന്ന ഗുരുദേവവചനം നന്മയിലേക്കുള്ള വെളിച്ചമായി ഏവര്‍ക്കും അനുഭവമായിത്തീരണം. അതിനു ഗുരുദേവന്‍ അനുഗ്രഹിക്കുമാറാകട്ടെ.