ശിവഗിരി ശാരദാംബയ്ക്ക് കോടിയര്‍ച്ചന

സ്വാമി പ്രകാശാനന്ദ

    ശ്രീനാരായണഗുരുദേവന്‍റെ തൃക്കരങ്ങളാല്‍ ശിവഗിരിയില്‍ പ്രതിഷ്ഠാപിതയായ ശ്രീശാരദാദേവി കഴിഞ്ഞ നൂറ് സംവത്സരങ്ങളായി കേരളത്തിന്‍റെ ഹൃദയത്തില്‍ ജ്ഞാനപ്രകാശവര്‍ഷിണിയായി പരിലസിച്ചുകൊണ്ടിരിക്കുന്നു. 1912 മെയ്  1 നു ശിവഗിരിയിലെ പുണ്യഭൂവില്‍ സ്ഥിരവാസയായ ഈ അറിവിന്‍റെ ദേവതയുടെ പ്രതിഷ്ഠാ ശതാബ്ദിയാഘോഷങ്ങള്‍ ഇക്കഴിഞ്ഞ ഒരു കൊല്ലമായി കേരളത്തിനകത്തും പുറത്തും ജ്ഞാനോത്സവത്തിന്‍റെ ദിവ്യസുഗന്ധം പരത്തിക്കൊണ്ടിരിക്കുകയാണ്. ഈ ജ്ഞാനോത്സവത്തിന്‍റെ സമാപനച്ചടങ്ങുകള്‍ക്ക് ഏപ്രില്‍ 25 ന് ശിവഗിരിയില്‍ തുടക്കമാവും.

   ഇതിന്‍റെ ഭാഗമായി  ഈ ജഗജ്ജനനിക്ക് ഒരു നൂറ്റാണ്ടായി അര്‍പ്പിച്ചുവരുന്ന 'ശ്രീശാരദാപുഷ്പാഞ്ജലി' എന്ന അഷ്ടോത്തരശതനാമാവലിയുടെ കോടി മംഗളശബ്ദങ്ങള്‍ അര്‍പ്പിക്കുന്ന 'കോടിയര്‍ച്ചന' ഏപ്രില്‍ 25 മുതല്‍ മെയ് 5 വരെ ശിവഗിരിയില്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഭക്തജനഹൃദയങ്ങളില്‍ ശുദ്ധിയുടെയും ശാന്തിയുടെയും ഭക്തിയുടെയും ജ്ഞാനത്തിന്‍റെയും നിറദീപങ്ങള്‍ തെളിക്കുന്നതിനായുള്ള ഒരു മഹാസാധനയാണിത്. ആത്മോപദേശശതകത്തില്‍ ഗുരുദേവന്‍ ഇങ്ങനെയൊരു മഹാര്‍ച്ചനയുടെ മൂന്നു മാര്‍ഗ്ഗങ്ങള്‍ വിളംബരം ചെയ്യുന്നതായി കാണാം.

    'മനമലര്‍ കൊയ്തു മഹേശപൂജ ചെയ്യും
    മനുജനു മറ്റൊരു വേല ചെയ്തിടേണ്ട;
    വനമലര്‍ കൊയ്തുമതല്ലയായ്കില്‍ മായാ
    മനുവുരുവിട്ടുമിരിക്കില്‍ മായ മാറും.'

     വാസനാസങ്കല്പങ്ങളുടെ നിറവും സുഗന്ധവും മധുവും രേണുക്കളു മൊക്കെയായി വിരിഞ്ഞു വിലസുന്ന മനസ്സാകുന്ന പുഷ്പത്തെ മഹേശനു അര്‍പ്പിച്ച് പൂജ ചെയ്യുന്ന ഒരുവനു മായാമറ നീങ്ങും. അതിനായി ഈ ലോകത്ത് മറ്റൊരു സാധനയും അനുഷ്ഠിക്കേണ്ടതായിട്ടില്ല. എന്നാല്‍ മനസ്സിന്‍റെ പൂവാടിയില്‍ മധു നുകരുന്ന ഒരു വണ്ടിനെപ്പോലെ എല്ലാ ഇന്ദ്രിയങ്ങളെയും  ബാഹ്യലോകത്തേക്ക് തിരിച്ചു വച്ചു മോഹാകുലനായി ജീവിതം കഴിക്കുന്ന സാധാരണക്കാരനു ഈ ശ്രേഷ്ഠമായ മാര്‍ഗ്ഗം സ്വീകരിക്കുവാന്‍ പ്രയാസമാണ്. അങ്ങനെയുള്ളവര്‍ക്കായി കാട്ടുപൂക്കള്‍ ഇറുത്തെടുത്ത് മഹേശനു പൂജ ചെയ്യാമെന്നും മറ്റൊരു മാര്‍ഗ്ഗമരുളുന്നു. അതിനും സാധിക്കാതെ വരുന്നവര്‍ക്കു നിരന്തരമായ നാമജപാര്‍ച്ചനയെന്ന മാര്‍ഗ്ഗത്തിലൂടെ മഹേശപൂജ ചെയ്ത് ജീവിതത്തെ ഇരുളിലേക്കും ദുരിതത്തിലേക്കുമാഴ്ത്തുന്ന മായയുടെ മൂടുപടത്തെ  നീക്കാവുന്നതാണ്. ഗുരുദേവനരുളിയ ഈ മൂന്നാമത്തെ മാര്‍ഗ്ഗമായ നാമജപാര്‍ച്ചനയാണ് 'കോടിയര്‍ച്ചന'യായി  രാജയോഗജനനിയുടെ തിരുമുന്നില്‍ സമര്‍പ്പിക്കുവാന്‍ ശിവഗിരിമഠം അവസരമൊരുക്കുന്നത്. അഖിലര്‍ക്കും മംഗളദായകമായ ജ്ഞാനദീപം ഉള്ളില്‍ തെളിയുവാനും അതു കെടാതെ വിളങ്ങുവാനും ഈ സാധന നിമിത്തവും പ്രചോദനവുമായിത്തീരുമെന്നതില്‍ സംശയമില്ല.

     മന്ത്രജപം ഒരു പുണ്യകര്‍മ്മമാണ്. മന്ത്രജപത്തിലൂടെ മനസ്സും ശരീരവും മാത്രമല്ല പ്രകൃതി പോലും ശുദ്ധീകരിക്കപ്പെടും. എന്നുമാത്രവുമല്ല നമ്മുടെയുള്ളില്‍ ഈശ്വരന്‍ കൊളുത്തിവെച്ചിരിക്കുന്ന ആത്മദീപത്തെ മറച്ചുനില്ക്കുന്നതെല്ലാം അഴിഞ്ഞുപോകും. ഇങ്ങനെ 'കേവലത്തിന്‍ മഹിമ' യുമറ്റ് ആഴമേറുന്ന ആ മഹസ്സിലാഴുന്നതിനും വാഴുന്നതിനും ഇതിലൂടെ  നിത്യനിരതിശയമായ സുഖപ്രാപ്തിയിലെത്തുന്നതിനും   ഈ കോടിയര്‍ച്ചന വഴിയൊരുക്കും. ശിവഗിരിമഠത്തിലെ സംന്യാസിശ്രേഷ്ഠന്മാരുടെ കാര്‍മ്മികത്വത്തില്‍ നടക്കുന്ന അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ ഈ പുണ്യകര്‍മ്മത്തിലും അനുബന്ധചടങ്ങുകളിലും തുടര്‍ന്നു നടക്കുന്ന ശ്രീനാരായണധര്‍മ്മമീമാംസാപരിഷത്തിലും പങ്കുകൊള്ളുക വഴി ജീവിതം ധന്യമാക്കിതീര്‍ക്കുവാന്‍ ഏവരെയും ഗുരുദേവന്‍ അനുഗ്രഹിക്കുമാറാകട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.