നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ
ടി.കെ. പദ്മാകരന്‍
'ദൈവം' എന്ന പദം ഏവര്‍ക്കും സുപരിചിതമാണ്. അതിന് ഈശ്വരന്‍ എന്നാണ് നിഘണ്ടുവില്‍ അര്‍ത്ഥം കൊടുത്തിട്ടുള്ളത്. ദൈവം എന്നതിന് തത്തുല്യമായ 'God' എന്ന ഇംഗ്ലീഷ് പദത്തിന് The supreme being, the creator and preserver of the world; an object of worship;; an idol എന്നിങ്ങനെയാണ് അര്‍ത്ഥം.
'ദ്യോവില്‍ അതായത് ആകാശത്തു നിറഞ്ഞു നില്‍ക്കുന്നത് ദൈവം' എന്നാണ് ഗുരുദേവകൃതികളുടെ സമ്പൂര്‍ണ്ണവ്യാഖ്യാതാവ് പ്രൊഫ. ജി. ബാലകൃഷ്ണന്‍നായര്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് (പുറം 78, ശ്രീനാരായണഗുരുദേവകൃതികള്‍ സമ്പൂര്‍ണ്ണവ്യാഖ്യാനം - വാല്യം ഒന്ന്)
'ദിവ്' എന്ന സംസ്കൃതധാതുവില്‍ നിന്നാണ് ദൈവം എന്ന പദം ഉണ്ടായിരിക്കുന്നത്. 'ദിവ്' ധാതുവിന് പ്രകാശം എന്നാണര്‍ത്ഥം. സ്വയം പ്രകാശിക്കുകയും മറ്റുള്ള എല്ലാറ്റിനെയും പ്രകാശിപ്പിക്കുകയും ചെയ്യുന്ന യാതൊരു ചൈതന്യവിശേഷമുണ്ടോ അതാണ് ദൈവം. അതായത് ദൈവം എന്ന പദത്തിന്‍റെ താത്പര്യം പ്രകാശരൂപന്‍ എന്നാണ്.
പ്രകാശങ്ങള്‍ക്കു കൂടി പ്രകാശമായിരിക്കുന്നത് ഏതോ അതിനെ ദൈവം എന്നു വിളിക്കുന്നു. സര്‍വ്വാന്തര്യാമിയായും സ്വയംപ്രകാശകമായും ഇരിക്കുന്ന ഈ മഹാസത്യത്തെ തന്നെയാണ് കേനാദി ഉപനിഷത്തുകളില്‍ കണ്ണിന്‍റെ കണ്ണെന്നും, കാതിന്‍റെ കാതെന്നും, മനസ്സിന്‍റെ മനസ്സെന്നും മറ്റും പറയുന്നത് എന്നാണ് ദൈവദശകം വ്യാഖ്യാനത്തില്‍ (പുറം 12) ഗുരുനിത്യചൈതന്യയതി രേഖപ്പെടുത്തിയിരിക്കുന്നത്.
ലോകപ്രശസ്തിയാര്‍ജ്ജിച്ച നാലു മഹാഗ്രന്ഥങ്ങളാണ് വേദം, ബൈബിള്‍ , ഖുര്‍ ആന്‍, ഗീത എന്നിവ. വേദം എന്നാല്‍ അറിഞ്ഞത് - അറിവെന്നര്‍ത്ഥം. ബൈബിള്‍ എന്നാല്‍ പുസ്തകം. ഖുറാന്‍ എന്നാല്‍ വായിച്ചത്. ഗീത എന്നാല്‍ പാടിയത്. ഈ നാലു ഗ്രന്ഥങ്ങളുടെയും വിഷയം 'ദൈവ' വാക്കുതന്നെയാണ്.
ഹിന്ദുക്കള്‍ ഈശ്വരന്‍ എന്നും മുഹമ്മദീയര്‍ അല്ലാഹു എന്നും ക്രിസ്ത്യാനികള്‍ കര്‍ത്താവെന്നും ദൈവത്തെ വിളിക്കുന്നു.
ദൈവസങ്കല്‍പ്പത്തെക്കുറിച്ച് പൗരസ്ത്യദാര്‍ശനികന്മാരുടെ അഭിപ്രായങ്ങള്‍ 'ഭാരതീയചിന്ത' എന്ന ഗ്രന്ഥത്തില്‍ മലബാര്‍ കെ.ദാമോദരനും പാശ്ചാത്യദാര്‍ശനികന്മാര്‍ക്കുള്ള അഭിപ്രായം 'വിശ്വദര്‍ശനങ്ങള്‍' എന്ന കൃതിയില്‍ രാഹുല്‍സാം കൃത്യായനും രേഖപ്പെടുത്തിയിട്ടുണ്ട്.
കേരളം എക്കാലവും കണ്ടിട്ടുള്ള ദാര്‍ശനികന്മാരില്‍ അഗ്രൈസരനും തികഞ്ഞ ആസ്തികനുമായിരുന്നു ശ്രീനാരായണഗുരുദേവന്‍ . തികഞ്ഞ ആത്മജ്ഞാനിയും സിദ്ധനും ജീവന്മുക്തനുമായിരുന്ന അവിടുത്തെ ദൈവസങ്കല്‍പ്പം എന്തായിരുന്നു എന്നു പരിശോധിക്കാം.
ആത്മോപദേശശതകത്തില്‍ ആദ്യത്തെ ഏഴു പദ്യങ്ങളില്‍ ദൈവം എന്ന വാക്കുപയോഗിക്കാതെ തന്നെ ദൈവത്തിന്‍റെ ഏകതയെ 'അറിവ്' എന്ന പദം കൊണ്ടാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഗുരുദേവന്‍ രചിച്ച ഗദ്യപ്രാര്‍ത്ഥനയിലും ദൈവത്തെ അറിവായിട്ടാണ് വിവക്ഷിച്ചിരിക്കുന്നത്. 'നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിനു മുമ്പും അറിവായ നാം ഉണ്ടായിരുന്നു' എന്നീ വാക്യങ്ങള്‍ ഇതാണ് വ്യക്തമാക്കുന്നത്. ഉണ്ടാകാത്തതും മറയാത്തതുമായ അറിവാണ് ഗുരുദേവന്‍റെ കാഴ്ചപ്പാടില്‍ ദൈവം. നാമരൂപങ്ങളില്ലാത്ത അഖണ്ഡമായ അറിവാണ് ദൈവം.
'ജനനീനവരത്നമഞ്ജരി' യില്‍ ഗുരുദേവന്‍ ദൈവത്തെ 'ഒന്നായ മാമതി, മേലായ മൂലമതി' എന്നൊക്കെയാണ് സുന്ദരമായി വിളിക്കുന്നത്. ആത്മവിലാപം എന്ന ഗദ്യകൃതിയില്‍ ഗുരുദേവന്‍ ദൈവത്തെ 'ജ്യോതിര്‍മ്മയിയായിരിക്കുന്ന ദിവ്യസമുദ്ര' മായിട്ടും, 'നാം കാണുന്നതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്‍റെ തരംഗം' ആയിട്ടുമാണ് കണക്കാക്കിയിരിക്കുന്നത്.
ആനന്ദോ ള ഹമഹം ബ്രഹ്മാ
ത്മാ ള ഹമസ്മീതി രൂപതഃ
ഭാവനാ സതതം യസ്യ
സ ഭക്ത ഇതി വിശ്രുതഃ
(ദര്‍ശനമാല)
ഈ ശ്ലോകത്തിലെ 'ഞാന്‍ ആനന്ദമാകുന്നു; ഞാന്‍ ബ്രഹ്മമാകുന്നു; ഞാന്‍ ആത്മാവാകുന്നു എന്നുള്ള രൂപത്തില്‍ യാതൊരുവന് എല്ലായ്പ്പോഴും ഭാവനയുണ്ടോ അവന്‍ തന്നെ ഭക്തനെന്നു വിശ്രുതനാകുന്നു' എന്ന ഗുരുവരുളില്‍ നിന്നും ദൈവത്തെ ആനന്ദത്തിന്‍റെ മൂര്‍ത്തീകരണമായിട്ടും ബ്രഹ്മമായിട്ടും ആത്മാവായിട്ടും ആണ് കണക്കാക്കിയിരിക്കുന്നതെന്നു കാണുവാന്‍ കഴിയും.
ഗുരുദേവന്‍ ഒരു സന്ദര്‍ഭത്തില്‍ ബ്രഹ്മവാദിയും മതദൈവവിദ്വേഷിയും ആയിരുന്ന ഒരു താര്‍ക്കികനുമായി നടത്തിയ സംഭാഷണം നിരീക്ഷിച്ചാല്‍ ആ പുണ്യാത്മാവിന്‍റെ ദൈവസങ്കല്‍പ്പം ഏതുവിധത്തിലായിരുന്നുവെന്നതിന്‍റെ ഒരേകദേശരൂപം കിട്ടും.
താര്‍ക്കികന്‍ - സ്വാമി , ദൈവം ആരാ ണ്?
ഗുരുദേവന്‍ - ദൈവം മനുഷ്യന്‍റെ ഒരു സൃഷ്ടി
താര്‍ക്കികന്‍ - അതിന്‍റെ രൂപം എന്താ ണ്?
ഗുരുദേവന്‍ - സ്രഷ്ടാവിന്‍റെ രൂപം
ദൈവം മനുഷ്യനിര്‍മ്മിതമായ ഒരു പ്രതിഭാസമാണെന്നും സത്കര്‍മ്മങ്ങളിലൂടെയും മറ്റും മനുഷ്യന് ഈശ്വരതുല്യമായ ഒരു പദവി കൈവരിക്കാനാവുമെന്നും അവിടുന്നു വിശ്വസിച്ചിരുന്നതായി കരുതാം.
ദൈവത്തെക്കുറിച്ചുള്ള ഗുരുദേവസങ്കല്‍പ്പത്തിന്‍റെ ചുരുള്‍ പൂര്‍ണ്ണമായി അഴിയുന്നത് 'ദൈവദശകം' എന്ന പ്രാര്‍ത്ഥനയിലാണ്. ദൈവദശകത്തില്‍ ഗുരുദേവന്‍ ദൈവത്തെ എപ്രകാരമാണ് വീക്ഷിച്ചിരിക്കുന്നതെന്നും പ്രകീര്‍ത്തിച്ചിരിക്കുന്നതെന്നും കാണുവാന്‍ കഴിയും.
ഇഹലോകത്തെ ദുഃഖഭൂയിഷ്ടമായ സംസാരസാഗരമായും ഭക്തരെ അതിലകപ്പെട്ട അശരണരായും, ദൈവത്തെ സാഗരത്തിന്‍റെ മറുകര എത്തിക്കുവാന്‍ കഴിവുള്ള നാവികനായും, ഈശ്വരപാദത്തെ ആവിക്കപ്പലായും, ആഹാരം വസ്ത്രം മുതലായവ ഒരിക്കലും മുട്ടിപ്പോകാതെ കൊടുത്ത് ഭക്തരെ സന്തുഷ്ടരാക്കുന്ന തമ്പുരാനായും, എല്ലാറ്റിന്‍റേയും സൃഷ്ടികര്‍ത്താവായിരിക്കെത്തന്നെ എല്ലാറ്റിനേയും സദാ സംഭവിപ്പിച്ചുകൊണ്ടിരിക്കുന്ന സൃഷ്ടിപ്രക്രിയയുടേയും കാര്യജാലങ്ങളായ ചരാചരങ്ങളുടേയും എല്ലാം സത്തായ മൂലപദാര്‍ത്ഥമായും, മായയായും, മായയെ ഉണ്ടാക്കുന്ന മായാവിയായും , മായാവിനോദനായും , മായകൊണ്ട് സംസാരത്തില്‍ കുടുങ്ങിക്കിടന്നു ദുഃഖിക്കുന്നവരെ അതില്‍ നിന്നും നിവര്‍ത്തിപ്പിച്ച് സായൂജ്യം നല്‍കുന്ന കൃപാലുവായും, സത്യവും, ആനന്ദവും, ജ്ഞാനവും, വര്‍ത്തമാനവും ഭൂതവും ഭാവിയും എന്ന ല്ല ഏതുവാക്കുകൊണ്ടാണോ സ്തുതിക്കുന്നത് ആ വാക്കുതന്നെയായും ആണ് ഗുരുദേവന്‍ ദൈവത്തെ നിര്‍വ്വചിച്ചിരിക്കുന്നത്.
കൂടാതെ, ദൈവത്തിന്‍റെ മഹിമ അകവും പുറവും തിങ്ങിവിങ്ങുന്നതാണ്; ദൈവം ദീനന്മാരുടെ ക്ഷേമത്തില്‍ സര്‍വ്വദാ പരായണനാണ്. അറിവിന്‍റേയും ആനന്ദത്തിന്‍റേയും മൂര്‍ത്തീകരണവുമാണ് ദൈവം എന്നാണ് ഗുരുദേവന്‍റെ മതം.
'ദൈവം' എന്ന പദത്തിന്‍റെ അര്‍ത്ഥം പ്രകാശരൂപന്‍ എന്നാണെന്ന് അന്യത്ര സൂചിപ്പിച്ചിട്ടുണ്ട്. 'ഗുരു' എന്ന പദത്തിന്‍റെ അര്‍ത്ഥം എന്താണെന്നു പരിശോധിക്കാം.
'ഗു' കാരശ്ചന്ധകാരശ്ച
'രു' കാരസ്തന്നിരോധക
അന്ധകാര വിനാശിത്വാത്
ഗുരൂരിത്യധീയതേ
ഗുരു എന്ന പദത്തിലെ 'ഗു' എന്ന അക്ഷരം അന്ധകാരത്തെ കുറിക്കുന്നു. 'രു' ആകട്ടെ അന്ധകാരത്തെ നിരോധിക്കുന്നത് എന്നും. അന്ധകാരത്തെ നിരോധിക്കുന്നത് എന്നാണ് 'ഗുരു' പദത്തിന്‍റെ താല്പര്യം. അന്ധകാരത്തെ- ഇരുട്ടിനെ- നിരോധിച്ചാല്‍ പിന്നെ ശേഷിക്കുന്നത് പ്രകാശം മാത്രമാണ്. അപ്പോള്‍ 'ഗുരു' എന്ന പദത്തിനു പ്ര കാശരൂപന്‍ എന്നു തന്നെയാണര്‍ത്ഥം. അതായത് ഗുരുവും ദൈവവും ഒന്നു തന്നെയാണ്.
ഈ അര്‍ത്ഥകല്പന നാം അംഗീകരിക്കുകയാണെങ്കില്‍ ശ്രീനാരായണഗുരുദേവന്‍ ദൈവതുല്യന്‍ അഥവാ ദൈവം തന്നെയാണെന്നു സമ്മതിക്കേണ്ടിവരും. ഇതോടൊപ്പം 'നാം ദൈവത്തിന്‍റെ പ്രതിപുരുഷനാകുന്നു' എന്ന ആത്മവിലാസത്തിലെ ഗുരുവരുള്‍ കൂടി പരിഗണിച്ചാല്‍ ഗുരുദേവന്‍ ദൈവമല്ലാതെ മറ്റാരുമല്ലെന്ന് ഏവര്‍ക്കും ബോ ദ്ധ്യമാവും. ഇതുകൊണ്ടായിരിക്കാം മഹാകവി കുമാരനാശാന്‍ 'നമിക്കുവിന്‍ സഹജരെ നിയതമീ ഗുരു പദം നമുക്കിതില്‍ പരം ദൈവം നിനയ്ക്കിലുണ്ടോ?' എന്നു പാടുവാന്‍ നിര്‍ബന്ധിതനായത്.