വിജയം അരികിലുണ്ട്
സ്വാമി ഋതംഭരാനന്ദ
ചോദ്യം: സ്വാമിജീ, മാര്‍ച്ച് ഏപ്രില്‍ മാസങ്ങള്‍ പരീക്ഷകളുടെ ഒരു കാലമാണല്ലോ. ഈയവസരത്തില്‍ വലിയ മാനസികസമ്മര്‍ദ്ദങ്ങള്‍ക്കു കീഴ്പ്പെട്ടുപോകുന്നവരാണ് കുട്ടികളും അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളുമെല്ലാം തന്നെ. ഇതിനു ഒരു പ്രത്യൗഷധം....?
ഉത്തരം: കേരളത്തിലെന്നല്ല ഏതാണ്ട് ഇന്ത്യയിലാകവേ തന്നെ പലതരം പരീക്ഷകളുടെ വരവു കാലമാണിത്. ഒരു പഠനത്തിന്‍റെ സമാപനത്തിനും മറ്റൊരു പഠനത്തിന്‍റെ പ്രവേശനത്തിനും ഹേതുവായിത്തീരുന്ന ഈ പരീക്ഷകളെല്ലാം അടുത്തു വരുന്നതോടെ മിക്ക കുട്ടികള്‍ക്കും കടുത്ത സമ്മര്‍ദ്ദങ്ങളാണുണ്ടാകുന്നത്. ഈ സമ്മര്‍ദ്ദങ്ങളില്‍ നിന്നെല്ലാം അവരെ മോചിപ്പിച്ചു നിര്‍ത്തേണ്ട രക്ഷിതാക്കളും അദ്ധ്യാപകര്‍ പോലും കുട്ടികളെക്കാള്‍ വലിയ സമ്മര്‍ദ്ദങ്ങളിലാണകപ്പെടുന്നത്. ഈ സമ്മര്‍ദ്ദങ്ങളും പിരിമുറുക്കവും പരാജയങ്ങളേക്കാള്‍ ഭീതിയുളവാക്കുന്നതാണ്.
പരീക്ഷകളൊന്നും തന്നെ ഒരു അന്തിമവിധിയല്ല. പഠിച്ചതിനെ അല്ലെങ്കില്‍ അറിഞ്ഞതിനെ കേവലം വിഷയാധിഷ്ഠിതമായി വിലയിരുത്തുന്നതിനുള്ള ഒരു സമ്പ്രദായം മാത്രമാണ് പരീക്ഷകള്‍. ഒരു കലാലയ പരീക്ഷയും എഴുതാതെ വന്നിട്ടുള്ളവരാണ് പില്ക്കാലത്ത് മഹാഗുരുക്കന്മാരായിത്തീര്‍ന്നിട്ടുള്ളതെന്നോര്‍ക്കണം. ഭഗവാന്‍ ബുദ്ധനും ക്രിസ്തുദേവനും നബി തിരുമേനിയും ശ്രീശങ്കരാചാര്യരും ശ്രീരാമകൃഷ്ണപരമഹംസനും സ്വാമി വിവേകാനന്ദനും ഗുരു നാനക്കും രമണമഹര്‍ഷിയും ശ്രീനാരായണഗുരുദേവനുമൊക്കെത്തന്നെ കലാലയ പരീക്ഷകള്‍ എഴുതാതെ ലോകത്തെ നയിച്ചവരും നയിക്കുന്നവരുമാണ്. അതുകൊണ്ട് പരീക്ഷ എന്നത് ജീവിതത്തെ ഭദ്രമാക്കുന്നതോ അന്തിമവ്യക്തിത്വത്തെ രൂപപ്പെടുത്തുന്നതോ ആയ ഘടകങ്ങളില്‍ മുഖ്യമായ ഒന്നല്ല. വിദ്യാഭ്യാസത്തിന്‍റെ ഓരോ ഘട്ടങ്ങളെയും മറികടക്കുന്നതിനുള്ള തികച്ചും സാങ്കേതികമായ ഓരോ പടികള്‍ മാത്രമാണത്.
മഹാത്മാക്കള്‍തന്നെ വിദ്യാഭ്യാസമുള്ള മഹാത്മാക്കളെന്നും വിദ്യാഭ്യാസമില്ലാത്ത മഹാത്മാക്കളെന്നും രണ്ടുവിധമുള്ളതായി ഗുരുദേവന്‍ വ്യക്തമാക്കിയിട്ടുണ്ട്. 'വിദ്യാഭ്യാസമുള്ള മഹാത്മാക്കള്‍ കോരിനിറച്ച വെള്ളമുള്ള കുളം പോലെയും വിദ്യാഭ്യാസമില്ലാത്ത മഹാത്മാക്കള്‍ ഉറവയൂറി വരുന്ന കുളം പോലെയുമാണെ' ന്ന ഗുരുദേവവചനം വലിയൊരു വെളിപാടിലേക്കാണ് നമ്മെ നയിക്കുന്നത്.
അതുകൊണ്ട് ഏതൊരു പരീക്ഷയെയും അന്തിമവിധിയായി കാണാതിരിക്കുക. തുറന്നിരിക്കുന്ന മുറിയിലിരിക്കുന്നതും അടച്ചിട്ടിരിക്കുന്ന മുറിയിലിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഒന്നു നമ്മുടെ മനസ്സിനെയും ബുദ്ധിയെയും ഓര്‍മ്മകളെയും ഇന്ദ്രിയങ്ങളെയും വെളിച്ചത്തിലേക്കു നയിക്കുന്നതാണെങ്കില്‍ മറ്റൊന്നു ഇവയെയെല്ലാം ഇരുളിലേക്കു കൂട്ടിക്കൊണ്ടു പോകുന്നതാണ്. അതിനാല്‍ മനസ്സിന്‍റെ വാതായനങ്ങളെയെല്ലാം തുറന്നിടണം. ആശയങ്ങള്‍ക്കും ചിന്തകള്‍ക്കും ഓര്‍മ്മകള്‍ക്കും വന്നുപോകുന്നതിനുള്ള സുഗമമായ അവസ്ഥ അങ്ങനെ കിട്ടും. മറ്റൊന്ന് മുന്‍വിധികളുണ്ടാക്കാതിരിക്കുക. കാരണം മുന്‍വിധികള്‍ അന്തരീക്ഷത്തില്‍ വരയ്ക്കുന്ന വരകള്‍ പോ ലെയാണ്. അതിനു രൂപവും നിലയുമില്ല, യാഥാര്‍ത്ഥ്യവുമായി ബന്ധവുമില്ല. അതിനാല്‍ പരീക്ഷ എഴുതും മുന്‍പേ മാര്‍ക്കുകള്‍ നിശ്ചയിക്കാതിരിക്കുക. പ്രകാശം ഒരു വസ്തുവില്‍ പതിക്കുന്നതുകൊണ്ടാണ് കണ്ണു ആ വസ്തുവിനെക്കാണുന്നത്. പ്രകാശം തന്നെയില്ലാതായാല്‍ പിന്നെ കണ്ണിന് വസ്തുദര്‍ശനമില്ല. അതുപോലെ സമ്മര്‍ദ്ദങ്ങളും പരിഭ്രമങ്ങളും ഏകാഗ്രതയില്ലായ്മയും നമ്മിലുള്ള വിഷയസംബന്ധമായ അറിവിനു മങ്ങലുണ്ടാക്കും. അപ്പോള്‍ അറിയാവുന്നവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വന്നാലും നിശ്ചിതനേരത്തിനുള്ളില്‍ ഉത്തരമെഴുതാനാവില്ല. അതിനാല്‍ ഭയാശങ്കകള്‍ ഒഴിവാക്കി ആത്മധൈര്യത്തോടുകൂടി ചോദ്യം ഗ്രഹിച്ച് അവയുടെ മാര്‍ക്കിന് അനുസരണമായി ഉത്തരമെഴുതണം. കൂടുതല്‍ ആലോചന വേണ്ടിവരുന്നവ അവസാനമെഴുതുന്നതാണുത്തമം. നമ്പരുകള്‍ കൃത്യമായി രേഖപ്പെടുത്താനും മറക്കാതിരിക്കണം. സംഘര്‍ഷമുണ്ടായാല്‍ അറിയാവുന്നവപോലും കീഴ്മേല്‍ മറിഞ്ഞു പോകും. അതിനാല്‍ മുതിര്‍ന്നവരുടെ ശ്രദ്ധയും സ്നേഹവും ഉപദേശവും പരീക്ഷാര്‍ത്ഥികള്‍ക്കുണ്ടാവണം. ഇനി ഈശ്വരനെയും ഗുരു വിനെയും, മാതാപിതാക്കളെയും സ്മരിച്ചുകൊണ്ട് ഒട്ടും ആശങ്കപ്പെടാതെ പരീക്ഷയ്ക്കിരിക്കുക, വിജയം നിങ്ങള്‍ക്കരികിലുണ്ട്. അതിനെ സ്വീകരിക്കുവാന്‍ സന്നദ്ധനായാല്‍ മാത്രം മതി.