ആദ്ധ്യാത്മികമായ ഔന്നത്യം
സ്വാമി പ്രകാശാനന്ദ
ഈ പ്രപഞ്ചത്തിനു ആകവേ ഒരു വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥകള്‍ക്കെല്ലാം അധീശനും അധിഷ്ഠാനവുമായിരിക്കുന്ന ഒരു നിയാമകശക്തിയുണ്ട്. ഈ ശക്തിയുടെ പ്രാണസ്പന്ദനത്തില്‍ നിന്നുമാണ് ഇക്കാണുന്ന പ്രപഞ്ചഘടകങ്ങളും ജീവരാശികളുമെല്ലാം ഉണ്ടായിട്ടുള്ളത്. ഭാരതീയ ഋഷീശ്വരന്മാര്‍ സാക്ഷാത്കരിച്ച ഈ ഏകത്വദര്‍ശനത്തിന്‍റെ വെളിച്ചത്തിലല്ലാതെ പ്രപഞ്ചഘടകങ്ങളെക്കുറിച്ചുള്ള യഥാര്‍ത്ഥവസ്തുബോധം ഉണ്ടാകുന്നതല്ല. യഥാര്‍ത്ഥ വസ്തുവിന്‍റ സ്വരൂപമറിയാതെ ഒരു വസ്തു വിനിയോഗിക്കുന്നത് എങ്ങനെ? ഇനി അഥവാ വിനിയോഗിക്കുന്നതായാല്‍ത്തന്നെ അതിന്‍റെ പൂര്‍ണ്ണതയും സുനിശ്ചിതത്വവും വെളിപ്പെട്ടു കിട്ടുമോ? കിട്ടുകയില്ല. ഈ അനിശ്ചിതത്ത്വമാണ് ശാസ്ത്രലോകത്തെയും കുഴയ്ക്കുന്നത്.
അരണ്ട വെളിച്ചത്തില്‍ കിടക്കുന്ന ഒരു കയറിനെ കണ്ടിട്ട് അതു പാമ്പാണെന്ന് കരുതി പരിഭ്രമപ്പെടാറുണ്ടല്ലോ. കയറാണ് അവിടെ വാസ്തവത്തില്‍ ഉള്ളതായിരിക്കുന്ന വസ്തു. ആ വസ്തുവിലില്ലാത്ത പാമ്പ് എവിടെ നിന്ന് വന്നു? അതു കയറില്‍ പാമ്പിനെ കണ്ട് പരിഭ്രമിച്ചയാളുടെ മനസ്സില്‍ നിന്നും വന്ന ഒരു സങ്കല്പം മാത്രമാണ്. ഈ തെറ്റിദ്ധാരണ ഉണ്ടായത് കാഴ്ചയിലുണ്ടായ അപൂര്‍ണ്ണതയില്‍ നിന്നാണ്. ഈ അപൂര്‍ണ്ണതയ്ക്ക് കയര്‍ എന്ന വസ്തു ഒരിക്കലും ഒരു കാരണമായിരിക്കുന്നതേയില്ല. ഈ വിധം ഉള്ള വസ്തുവിനെ അറിയാതെ ഇല്ലാത്ത വസ്തുവിനെ ഉള്ളതില്‍ ആരോപിച്ച് കാണുകയാണ് സാധാരണ മനുഷ്യന്‍. ഈ കാഴ്ച ഒരിക്കലും സത്യമായിരിക്കുന്നില്ല. അവിദ്യയാണ് ഇവിടെ സത്യത്തെ മറച്ചു വെച്ചിരിക്കുന്നത്. ഗുരുദേവന്‍ ദര്‍ശനമാലയിലെ മായാദര്‍ശനത്തില്‍ 'രജ്ജു സര്‍പ്പതത്ത്വാവധാരണം' എന്നു വെളിപ്പെടുത്തിയിരിക്കുന്നു. കയറില്‍ കണ്ട പാമ്പിനെ അന്വേഷിച്ചു ചെല്ലുമ്പോള്‍ അതു പാമ്പല്ല കയറാണെന്നു ബോധ്യപ്പെടുന്നു. ഇതാണ് തത്ത്വാവധാരണം. ഈ ധാരണയുറയ്ക്കാതെ സത്യത്തില്‍ അസത്യത്തെ ദര്‍ശിച്ചു കൊണ്ടാണ് ആധുനികസമൂഹം 'ശാസ്ത്രാഭിമുഖ്യം മാത്രം മതി' എന്ന നിലയില്‍ ജീവിക്കുന്നത്. ഇവിടെയുണ്ടാകുന്ന വ സ്തുസുഖം കേവലം നൈമിഷികം മാത്രമാണ്. ഈ ജീവിതനിലയാണ് മ നുഷ്യന്‍റെ എല്ലാ അസന്തുഷ്ടികള്‍ക്കും മുഖ്യ ഹേതു. ഒരു വസ്തു എ ന്‍റേത് അല്ലെങ്കില്‍ അവന്‍റേത് എന്നു നമ്മള്‍ നിശ്ചയിക്കുന്നത് ആ വസ്തു എന്തെന്നും, എന്തിനെന്നും, അതെങ്ങനെ ഉണ്ടായി എന്നും, അതെവിടെ നിലനില്ക്കുന്നുവെന്നും അറിയാതെയാണ്. ഇത്തരം അവിദ്യകളുടെ ആകെത്തുകയായി ജീവിതം മാറിയാല്‍ ആ ജീവിതം നിരര്‍ത്ഥകമായിത്തീരും.
സാര്‍ത്ഥകമായ ജീവിതം നയിക്കുവാനാണ് എല്ലാ മനുഷ്യരെയും ഈശ്വരന്‍ ഭൂമിയിലേക്കയക്കുന്നത്. ജീവിതമെന്നത് ഈശ്വരന്‍റെ ഒരു മഹാദാനമാണ്. ആ ജീവിതം ധാര്‍മ്മികമായ കര്‍മ്മം കൊണ്ടും സദ്വചനങ്ങള്‍ കൊണ്ടും മഹത്വപ്പെടേണ്ടതാണ്. അപ്പോഴാണ് വിഷയസുഖങ്ങള്‍ക്കപ്പുറമുള്ള ആത്മസുഖ പ്രാപ്തിയിലേക്കു മനുഷ്യന് അടുക്കാന്‍ കഴിയുന്നത്. ഈ ആത്മസുഖാനുഭവം ഒരിക്കലും ശാസ്ത്രവിഷയങ്ങളില്‍ നിന്നുമാത്രം കിട്ടുന്നതല്ല. അതിനാല്‍ ആദ്ധ്യാത്മികമായ ആഭിമുഖ്യവും വളര്‍ച്ചയും സാര്‍ത്ഥകമായ ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്. വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ഏതു അഭ്യാസിക്കും പ്രാണവായുവിനായി മുകളില്‍ വന്നേ കഴിയൂ എന്നതുപോലെ ഏതെല്ലാം മേഖലയില്‍ വൈദഗ്ദ്ധ്യം നേടിയാലും ജീവിതം സാര്‍ത്ഥകമായിത്തീരുന്നതിനു ആത്മീയാഭിമുഖ്യം കൂടിയേ കഴിയൂ. ഗുരുദേവനെപ്പോലെയുള്ള സത്യദര്‍ശികളുടെ ദര്‍ശനങ്ങളാണ് സാര്‍ത്ഥക ജീവിതത്തിന്‍റെ പ്രാണവായുവായി നിലകൊള്ളുന്നത്. അതിനാല്‍ ഗുരുദേവന്‍റെ കൃതികള്‍ പാരായണം ചെയ്യുകയും ശ്രവിക്കുകയും മനനം ചെയ്യുകയും വേണം. ഇങ്ങനെ അവനവനിലുണ്ടാകുന്ന ആന്തരികമാറ്റത്തിലൂടെയല്ലാതെ ഒരിക്കലും ഒരാള്‍ക്കു ശാശ്വതമായ ഔന്നത്യനിലയെ പ്രാപിക്കുവാന്‍ കഴിയുന്നതല്ല.