അമ്മ ജീവിച്ചിരിപ്പുണ്ടോ?

സ്വാമി ത്രിരത്നതീര്‍ത്ഥര്‍


         ആലുവയില്‍ അദ്വൈതാശ്രമം സ്ഥാപിതമായതിന് ശേഷം ചെറായി എന്ന സ്ഥലത്ത് ഗുരുസ്വാമികള്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ അച്ചന്‍ ബാബയുടെ വീട്ടില്‍ വിശ്രമിക്കുവാന്‍ ഇടയായി. ആ സന്ദര്‍ഭത്തില്‍ രചിച്ച കൃതിയാണ് ' ജീവകാരുണ്യപഞ്ചകം'. ആ കൃതിയില്‍ കൊല്ലാവ്രതം ഉത്തമമെന്നും തിന്നാവ്രതം അത്യുത്തമം എന്നും വായിക്കാനിടയായ ഭക്തന് ഒരു സംശയം! മൃഗങ്ങളുടെ പാല്‍ കുടിക്കാമെങ്കില്‍ അതുകളുടെ മാംസം കൂടി കഴിക്കുന്നതില്‍ എന്താണ് കുഴപ്പം? ഈ കൃതി വായിച്ചപ്പോള്‍ തന്‍റെ വിശ്വാസത്തിന് ഇളക്കം തട്ടിയിരിക്കുന്നു. സംശയനിവാരണത്തിന് ആ ഭക്തന്‍ ഗുരുസന്നിധിയിലെത്തിച്ചേര്‍ന്നു. അവിടെ വച്ച് ഭക്തന്‍ തന്‍റെ ഭക്ത്യാദരവുകള്‍ പ്രകടിപ്പിച്ചു. അതുകണ്ട് ഗുരുസ്വാമികള്‍ വിശേഷം തിരക്കി. അപ്പോള്‍ ഭക്തന്‍ തന്നെ അലട്ടിക്കൊണ്ടിരുന്ന വിഷയം ഇപ്രകാരം ഉണര്‍ത്തിച്ചു.

         'സ്വാമീ അടിയന് ഒരു സംശയം! നമ്മള്‍ ആട്ടിന്‍പാലും പശുവിന്‍പാലും ഒക്കെ കുടിക്കാറില്ലേ? എങ്കില്‍ പിന്നെ അതിന്‍റെ മാംസം കൂടി കഴിക്കുന്നതില്‍ വല്ല തരക്കേടുമുണ്ടോ?'

         ഗുരുസ്വാമിയില്‍ നിന്നും തല്‍ക്ഷണം മറുപടി ഉണ്ടായി. ' ഒരു തരക്കേടുമില്ലല്ലോ'. ഇതു കേട്ട് ഭക്തന്‍ വളരെ സന്തോഷിച്ചു. തന്‍റെ യുക്തി ഗുരുസ്വാമികള്‍ അംഗീകരിച്ചുവല്ലോ, ദൗത്യം വിജയകരമായതിനാല്‍ ഗുരുസന്നിധിയില്‍ നിന്നവരെയെല്ലാം ഭക്തന്‍ തന്‍റെ സന്തുഷ്ടി നയനങ്ങളിലൂടെ പ്രകടിപ്പിച്ചു.

         ഇനി ആ കവിത കൂടി ഒന്നു പുനഃപരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് പറയാന്‍ ഭാവിച്ചപ്പോഴാണ് ഗുരുമുഖത്തുനിന്നും ചോദ്യമുണ്ടായത്. 'അമ്മ ജീവിച്ചിരിപ്പുണ്ടോ?'

         തന്‍റെ സന്തോഷം അസ്ഥാനത്തായിരുന്നുവെന്ന് അയാള്‍ക്ക് നല്ല നിശ്ചയം ഇല്ലായിരുന്നു. അതിനാല്‍ ആ ഭക്തന്‍ കൂടുതല്‍ സന്തോഷവാനായി കാണപ്പെട്ടു. സ്വാമി തന്‍റെ യുക്തിയെ സമ്മതിക്കുക മാത്രമല്ല, ഇപ്പോള്‍ വീട്ടുവിശേഷം കൂടി ചോദിക്കുന്നു! ആ ഭക്തന്‍ വര്‍ദ്ധിച്ച ഭക്തിയോടെ ഇങ്ങനെ പറഞ്ഞു. 'ഇല്ല സ്വാമീ, മരിച്ചുപോയി'. എന്നിട്ട് ആ ഭക്തന്‍ ഗുരുവിന്‍റെ മുഖകമലം ആകെയൊന്നു നിരീക്ഷിച്ചു. തന്‍റെ അമ്മ മരിച്ചുപോയതില്‍ സ്വാമിക്കു വല്ല വിഷമവുമുണ്ടോ എന്നായിരുന്നു ആ നോട്ടത്തിന്‍റെ രഹസ്യം! എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് ഗുരുവിന്‍റെ അടുത്ത ചോദ്യമുണ്ടായത്. ' കുഴിച്ചിട്ടോ, അതോ തിന്നുവോ?' പകല്‍ സമയത്ത് സൂര്യന്‍ അപ്രത്യക്ഷമായതുപോലെ തന്‍റെ ഉള്ളില്‍ ഇരുട്ട് വ്യാപിക്കുന്നതായി ഭക്തന് അനുഭവപ്പെട്ടു. എങ്ങനെയാണ് ഗുരുസന്നിധിയില്‍ നിന്നും രക്ഷപ്പെടുന്നതെന്നുപോലും ഭക്തന് നിശ്ചയമില്ലായിരുന്നു.

         മടക്കയാത്രയില്‍ ഭക്തന്‍ സ്വയം ആലോചിച്ചു. മാംസക്കൊതി മൂലം ആ പവിത്രസന്നിധിയില്‍ എന്തെല്ലാം വിവരക്കേടാണ് വിളിച്ചുകൂവിയത്? ഇപ്പോള്‍ തന്‍റെ സംശയത്തിന് തക്കതായ ഉത്തരം കിട്ടിയില്ലേ? പിന്നീട്, ഗുരുവിന്‍റെ ചോദ്യം ഭക്തനില്‍ വലിയ പരിവര്‍ത്തനമാണ് ഉളവാക്കിയത്. അല്ലെങ്കിലും, ഗുരുസന്നിധിയില്‍ എത്തുമ്പോള്‍ അനിഷ്ടമെങ്കിലും ഹിതകരമായ ഉപദേശങ്ങള്‍ അപക്വമതിയായ ഒരുവനില്‍ ഇത്തരമൊരു പരിവര്‍ത്തനം ഉളവാക്കാറുണ്ട്. അതിനുശേഷം ആടിന്‍റേയും പശുവിന്‍റേയുമൊക്കെ മാംസം കാണുന്നിടത്ത് അമ്മയുടെ കാര്യമാണ് ഓര്‍മ്മ വരിക.വളര്‍ത്തുജന്തുക്കളുടെ മാംസം കണ്ടാല്‍  ആ ക്ഷണത്തില്‍ കുട്ടികളേയും ഓര്‍മ്മവരും. അതുകൂടാതെ താന്‍ നട്ടുവളര്‍ത്തിയ വൃക്ഷലതാദികളെപ്പോലും മുറിച്ചുമാറ്റേണ്ട സന്ദര്‍ഭമോ മറ്റോ ഉണ്ടായാല്‍ അവിടെ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞുനിന്നിരുന്നു. ഇത്തരം പരിവര്‍ത്തനം ഗുരുസന്നിധിയില്‍ നിന്നും ലഭിച്ച അനുഗ്രഹമായി ആ ഭക്തന്‍ കാ ത്തുസൂക്ഷിച്ചു.
         അതുപോലെ ഈ സംഭവം ഗുരുസ്വാമികളും മറന്നിരുന്നില്ല. അവിടുത്തെ കൃതികളിലൊന്നായ 'ദൈവചിന്തനം ഒന്നാം ഭാഗ'ത്തില്‍ ഇത് സംബന്ധിച്ച് വിവരിക്കുന്നത് നോക്കുക. 'പുത്രന് തള്ളയുടെ സ്തന്യത്തെ ഉപയോഗിക്കുന്നതിനല്ലാതെ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഉപയോഗിക്കണമെന്ന് ദൈവസങ്കല്‍പ്പം സംഭവിക്കുമോ? അത് ഒരിക്കലും വരുന്നതല്ല. ഇതുപോലെ ദൈവം മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ പ്രാണികളെ സൃഷ്ടിച്ചിരിക്കുന്നുവെന്നുള്ള വ്യവഹാരം അതുകളുടെ ക്ഷീരാദികളിലായിരുന്നുവെങ്കില്‍ എത്രയോ ന്യായമായിരിക്കുമായിരുന്നു. അപ്പോള്‍ അചരപദാര്‍ത്ഥങ്ങളായ ധാന്യാദികളൊക്കെയും മനുഷ്യരുടെ ഉപയോഗത്തിനായിക്കൊണ്ടുതന്നെ ദൈവം സൃഷ്ടിച്ചിരിക്കുന്നുവെന്നും ക്ഷീരാദികളുടെ ഉപയോഗത്തെ ഉദ്ദേശിച്ചിട്ടല്ലാതെ പശ്വാദികളെ സൃഷ്ടിച്ചിട്ടുള്ളതല്ലെന്നും സ്പഷ്ടമാകുന്നു. ' 
         പിന്നീട് തലശ്ശേരിയിലേക്കുള്ള ഒരു യാത്രയില്‍ ഒരാള്‍ ഗുരുവിനോട് പറഞ്ഞു: ' പശുവിന്‍റെ വാല്‍ സൂപ്പുവെച്ചു കുടിച്ചാല്‍ നല്ല രുചിയാണ്'. അതിന് ഗുരു മറുപടി പറഞ്ഞത് ഇങ്ങനെയാണ് : 'സൂപ്പിന് നല്ല രുചിയുണ്ടെങ്കില്‍ അതു കുടിക്കുന്നവന്‍റെ നാവ് പിഴുതെടുത്ത് പരിശോധിക്കണം.' 
         അങ്ങനെ ഒരു സന്ദര്‍ഭം ഉണ്ടായാല്‍ പിന്നെ ആ നാവുകൊണ്ട് പ്രയോജനമൊന്നും ഉണ്ടാകുകയില്ലല്ലോ. അപ്പോള്‍ മാതൃനിഗ്രഹം ചെയ്ത് മാംസത്തെ ഭക്ഷിച്ചതിനുശേഷമല്ലേ ആടിനേയും പശുവിനേയും കൊന്ന് മാംസം ഭക്ഷിക്കുവാനുള്ള യോഗ്യത ഒരുവന്‍ തെളിയിക്കേണ്ടത്?