മനുഷ്യസ്നേഹത്തിന്‍റെ മന്ത്രങ്ങള്‍

പ്രൊഫ.കെ.വി. തോമസ്

   നവകേരളത്തിന് മാര്‍ഗ്ഗദീപം തെളിയിച്ച മഹാത്മാവായ ശ്രീനാരായണഗുരുദേവന്‍റെ തൃപ്പാദങ്ങളില്‍ പ്രണാമം അര്‍പ്പിക്കുന്നു. ആചാരാനുഷ്ഠാനങ്ങളോടെ ശ്രീനാരായണമന്ത്രമുരുവിട്ടു പുണ്യം തേടി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഇത്തവണയും ശിവഗിരിക്കുന്നില്‍ എ ത്തിയിട്ടുള്ളത്. 79 വര്‍ഷം മുമ്പ് 1932 ല്‍ പത്തനംതിട്ടയി ലെ ഇലവുംതിട്ടയില്‍ നിന്നും പുറപ്പെട്ട  അഞ്ചു ശിവഗി രി തീര്‍ത്ഥാടകരില്‍ നിന്നു തുടങ്ങിയ ശിവഗിരി തീര്‍ത്ഥയാത്രയാണ് ഇന്ന് ലക്ഷങ്ങള്‍ പങ്കുചേരുന്ന മഹാതീര്‍ത്ഥാടനമായി മാറിയിട്ടുള്ളത്. മറ്റു തീര്‍ത്ഥയാത്രകളിലേതുപോ ലെ പുണ്യം തേടിയുള്ള യാത്ര മാത്രമല്ല കാലികമായ വിഷയവും ലക്ഷ്യവും മുന്‍നിര്‍ത്തിയുള്ള സംവേദനം കൂടിയാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ അന്തഃസത്ത. ഓരോ ശിവഗിരി തീര്‍ത്ഥാടനം സമാപിക്കുമ്പോഴും, കേരളീയസമൂഹം പുതിയ കരുത്തും, ജ്ഞാനവും നേടുകയാണ്. നാനാജാതി മതസ്ഥരായ ജനങ്ങളുടെ പങ്കാളിത്തം കൂടിവരുന്ന ശിവഗിരി തീര്‍ത്ഥാടനത്തിന് സമാനമായ മറ്റൊരു തീര്‍ത്ഥയാത്രയില്ല. ഇത്തവണത്തെ ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ആദ്യസമ്മേളനം ചര്‍ച്ച ചെയ്യുന്ന വിഷയം 'വിദ്യാഭ്യാസവും , മൗലികാവകാശവും' എന്നതാണ്.

   ഗുരുവിന് ഏറ്റവും പ്രിയപ്പെട്ട വിഷയം വിദ്യയായിരുന്നു. ഗുരു ഊന്നല്‍ നല്കിയിരുന്നതും വി ദ്യാഭ്യാസത്തിനും വിജ്ഞാന സമ്പാദനത്തിനുമാണ് . വിദ്യ കൊണ്ട്  പ്രബുദ്ധത നേടാനാണ് ഗുരുദേവന്‍ സമൂഹ ത്തെ പഠിപ്പിച്ചത്. അറിവാണ് ഈശ്വരന്‍ എന്നതായിരുന്നു ഗുരുവിന്‍റെ മതം. ജ്ഞാനത്തിന്‍റെയും അറിവിന്‍റെയും അ ക്ഷയഖനിയായ ഗുരുദേവന്‍റെ ഓരോ വാക്കുകളിലും വചനങ്ങളിലും സത്യത്തിന്‍റെയും നന്മയുടെയും പ്രകാശമാണ് തെളിഞ്ഞു കാണുന്നത്.

     വിദ്യാഭ്യാസം നമ്മുടെ മൗലികാവകാശമാണ്. സ്വാതന്ത്ര്യം നേടി ആറു പതിറ്റാണ്ട് പിന്നിട്ടശേഷവും അടിസ്ഥാനവിദ്യാഭ്യാസംപോലും ലഭിക്കാത്ത അനേകായിരങ്ങള്‍ ഇന്നും ഭാരതത്തി ന്‍റെ ഗ്രാമങ്ങളിലുണ്ട്. സാമൂഹ്യപരിഷ്കാരങ്ങളിലൂടെ മുന്നോട്ടു കുതിക്കു ന്ന കേരളം വര്‍ഷങ്ങള്‍ക്ക് മുമ്പ് സ മ്പൂര്‍ണ്ണ സാക്ഷരത നേടിയത് ഗുരുദേവനെപ്പോലുള്ള മഹാത്മാക്കളുടെ സാം സ്കാരിക നവോത്ഥാനരംഗത്തെ ഇടപെടലുകള്‍ മൂലമായിരുന്നു. കേരളീയ സമൂഹത്തെ ഇന്നും എന്നും വ്യത്യസ്തമായി നിലനിര്‍ത്തുന്നതും, നാം കൈവരിച്ച എല്ലാ സാമൂഹ്യപുരോഗതിക്കും പ്രേരകമായി നിലകൊള്ളുന്ന തും ഗുരുവിനെപ്പോലെയുള്ള പുണ്യാത്മാക്കളുടെ സംഭാവനകളാണ്.

  എല്ലാവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ എട്ടാംതരം വരെ നിര്‍ ബന്ധിതവും സാര്‍വ്വത്രികവുമായ പുതിയ വിദ്യാഭ്യാസപദ്ധതിക്ക് രൂപം നല്കിയിട്ടുള്ളത്. ഈയിടെ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ച ദേശീയ ഭക്ഷ്യ സുരക്ഷാപദ്ധതിയുടെ ഒരു പ്രധാന ഭാഗം വിദ്യാഭ്യാസ പ്രോത്സാഹനപദ്ധതിയാണ്. 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ഭക്ഷണം വരെ  സ്കൂളുകളില്‍ നല്കുന്നത്. സാധുക്കളായ കുട്ടികള്‍ക്ക് പോഷകാഹാരത്തോടൊപ്പം വിദ്യാഭ്യാസം കൂടി നല്‍ കുക എന്ന ലക്ഷ്യം വച്ചുകൊണ്ടാണ്.

     വിദ്യാസമ്പന്നതയുള്ള സമൂഹമാ ണ് രാജ്യത്തിന്‍റെ ശക്തി. ക്ലാസ്സുമുറികളില്‍ നിന്ന് നേടുന്ന ഔപചാരികമായ വിദ്യാഭ്യാസം മാത്രമല്ല, സമൂഹത്തില്‍ നിന്നും തലമുറകളില്‍ നിന്നും ആര്‍ ജ്ജിക്കുന്ന അറിവാണ് നമ്മുടെ കരുത്ത്. മലയാളവും തമിഴും സംസ്കൃതവും മാത്രം അറിഞ്ഞിരുന്ന ഗുരുദേവന്‍ മഹാത്മാഗാന്ധിയോട് സംവദിച്ചത് അപാരമായ  ജ്ഞാനത്തിന്‍റെ പിന്‍ ബലത്തിലാണ്. ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ലക്ഷ്യങ്ങളായി ഗുരുദേവന്‍ കല്പിച്ച എട്ടു വിഷയങ്ങളില്‍ ആദ്യത്തേതായി 'വിദ്യാഭ്യാസം' തെരഞ്ഞെടുത്തത് കാലഘട്ടത്തിന് അനുയോജ്യമാണ്. ഗുരുദേവദര്‍ശനവും, കാഴ്ചപ്പാടുകളും വരും തലമുറയ്ക്ക് കൈമാറുന്നതിനും അതേക്കുറിച്ച് ഗവേഷണം നടത്തുന്നതിനും സഹായകമാകുന്ന തരത്തില്‍ ശിവഗിരി  ട്രസ്റ്റിന്‍റെ നേതൃത്വത്തില്‍ കള്‍ച്ചറല്‍ ആന്‍റ് സ്പിരിച്വല്‍ സ്റ്റഡി സെന്‍റര്‍ സ്ഥാപിക്കണം. ഒരു പഠനകേന്ദ്രം എന്നതിലുപരി കല്പി ത യൂണിവേഴ്സിറ്റിയായി ഇതിനെ വളര്‍ത്താന്‍ കഴിയണം. 18-ാം  നൂറ്റാണ്ടിലും 19-ാം നൂറ്റാണ്ടിലും ജീവിച്ച എല്ലാ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ചിന്തകളും ഇവിടെ പാഠ്യവിഷയമാക്കണം.

     കേരളം സമ്പൂര്‍ണ്ണ സാക്ഷരത കൈവരിച്ചിട്ടുണ്ടെങ്കിലും തെറ്റായ ചി ന്തകളും പ്രാകൃതമായ ആചാരങ്ങളും ഇനിയും നമുക്കിടയില്‍ നിന്ന് പൂര്‍ണ്ണമായും തുടച്ചു നീക്കാന്‍ കഴിഞ്ഞിട്ടില്ല. അനാചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അയിത്തത്തിലും അകപ്പെട്ടു കി ടന്നിരുന്ന മലയാളികളെ പുതിയൊരു ലോകവീക്ഷണത്തിലേക്ക് നയിച്ചത് ഗുരുവിന്‍റെ ചിന്തകളായിരുന്നു. ആത്മീയതയും മനുഷ്യത്വവും മനുഷ്യനില്‍ ഉണ്ടാവണമെന്നും സാമൂഹ്യശാസ്ത്ര വും, ദൈവശാസ്ത്രവും ഒന്നിപ്പിച്ചുകൊ ണ്ടു പോകണമെന്നും മനുഷ്യനെ ഉപദേശിച്ചത് ഗുരുദേവനാണ്.  'ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്' എ ന്നത്  ഇരുപതാംനൂറ്റാണ്ടിലെ ഏറ്റവും ശ്രേഷ്ഠമായ വചനമാണ്. ഈ വചനം മാനവസമൂഹത്തില്‍ എന്നും പ്രോജ്ജ്വലിച്ചു നില്ക്കും. പതിറ്റാണ്ടുകള്‍ക്ക് മു മ്പ് ഗുരുദേവന്‍ ഉയര്‍ത്തിയ ഈ ചിന്തയിലേക്ക് മാനവരാശിയെ പൂര്‍ണ്ണമായും അടുപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന ദുഃഖസത്യം ഇന്നുമുണ്ട്. ജാതിയുടെയും മതത്തിന്‍റെയും പേരിലുള്ള സ്പര്‍ദ്ധ നമ്മുടെ സമൂഹത്തെ ഭയപ്പെടുത്തുന്നു. മതത്തിന്‍റെ പേരിലാണ് ഇന്നും നാട്ടില്‍ ഏറ്റവും കൂടുതല്‍ കലഹം നടക്കുന്നത്. മനുഷ്യന്‍റെ മതവും വേ ഷ വും ഭാഷയും വിഭിന്നമായിരിക്കാം. അവന്‍റെ ജാതി ഒന്നായിരിക്കണം - 'മനുഷ്യജാതി'. എല്ലാ മതങ്ങളുടെയും പരമമായ ലക്ഷ്യം മനുഷ്യനന്മയായിരിക്കണമെന്നും ഗുരു ഉപദേശിച്ചു.

     ശാസ്ത്ര- സാങ്കേതിക രംഗ ത്തു അടിസ്ഥാനപരമായി നമ്മുടെ നാട് ഒട്ടേറെ വികസിച്ചിട്ടുണ്ടെങ്കിലും സാമൂഹ്യമായി മനുഷ്യന്‍ ഇനിയും വളര്‍ച്ച നേടേണ്ടിയിരിക്കുന്നു. സാംസ്കാരിക, നവോത്ഥാന പ്രസ്ഥാനത്തിന്‍റെ സ്രഷ്ടാവായ ഗുരുദേവന്‍ ആധുനിക കേരളത്തിന്‍റെ പിതാവാണ്. ഗുരു ഉയര്‍ത്തിവിട്ട ചിന്തകളും വചനങ്ങളും മനുഷ്യസ്നേഹത്തിന്‍റെ മന്ത്രങ്ങളാണ്. ഇവ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരിക എന്നതാണ് ഏറ്റവും വലിയ ഗുരുഭക്തി.

     ഗുരുദേവന്‍റെ പാദസ്പര്‍ശമേറ്റ കു മ്പളങ്ങിയിലാണ് ഞാന്‍ ജനിച്ചത്. എന്‍റെ വീടിനടുത്തുള്ള ഇല്ലിക്കല്‍ അര്‍ദ്ധനാരീശ്വരക്ഷേത്രത്തില്‍ 1909 ല്‍ ഗുരുദേവന്‍ പ്രതിഷ്ഠ നടത്തി. ഏഴു നൂ റ്റാണ്ടിലേറെ പഴക്കമുള്ള ഈ ക്ഷേത്രം  ബ്രാഹ്മണരും പിന്നീട് ഗൗഡ സാരസ്വതരുമാണ് പരിപാലിച്ചു വന്നിരുന്നത്. എല്ലാവരും വിട്ടൊഴിഞ്ഞപ്പോള്‍ ഗ്രാമവാസികള്‍ ഗുരുദേവനെ സമീപിക്കുകയായിരുന്നു. ജന്തുബലിയും ആഡംബരരീതിയിലുള്ള പൂരാഘോഷങ്ങളും അവസാനിപ്പിച്ചാല്‍ പ്രതിഷ്ഠ നടത്താമെന്ന ഗുരുദേവന്‍റെ വാക്കുകള്‍ ഗ്രാമവാസികള്‍ അനുസരിച്ചു. ഗുരുദേവന്‍ പ്രതിഷ്ഠിച്ച വിഗ്രഹമാണ് ഇന്നും ഇല്ലിക്കല്‍ ക്ഷേത്രത്തിലുള്ളത്. കുമ്പളങ്ങിയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാകേന്ദ്രമാണ് ഇല്ലിക്കല്‍ ക്ഷേത്രം. ഗുരുദേവന്‍റെ ഓരോ പ്രവൃത്തികളും പ്രതിഷ്ഠകളും സാമൂഹ്യമാറ്റത്തിന്‍റെ ബിംബങ്ങളും പാഠങ്ങളുമാണ്.