മാതൃകാസ്ഥാനം
പ്രൊഫ. എം.കെ. സാനു
അരുവിപ്പുറം ശിവലിംഗപ്രതിഷ്ഠയുടെ പശ്ചാത്തലത്തെക്കുറിച്ച് കുമാരനാശാന്‍ എഴുതുന്നു. 'ഇങ്ങനെ സ്വാമിയുടെ സാന്നിദ്ധ്യം കൊണ്ടു തന്നെ വേഗത്തില്‍ അവിടം (അരുവിപ്പുറം) ഒരു പുണ്യസ്ഥലമായി പരിണമിച്ചു. സ്വാമിയില്ലാത്ത സമയങ്ങളില്‍ക്കൂടിയും ജനങ്ങള്‍ അവിടെ വന്നു സ്നാനം ചെയ്തു തൊഴുതു പോകാന്‍ തുടങ്ങി. അതിനുശേഷം അവിടെ ഒരു ആരാധനാസ്ഥലം ഉണ്ടായിരുന്നാല്‍ കൊള്ളാമെന്നു സ്വാമി ചിലരോട് പറയുകയും അങ്ങനെ എന്തെങ്കിലും ചെയ്യുന്നതില്‍ തനിക്കുള്ള ആഭിമുഖ്യത്തെ ഭക്തന്മാരായ ചില ചെറുപ്പക്കാരോട് സൂചിപ്പിക്കുകയും ചെയ്തു. 1063-ാമാണ്ടത്തെ (1888) ശിവരാത്രി സമീപിച്ചാണ് സ്വാമിയുടെ ഈ അഭിലാഷം പുറത്തായത്. വിഗ്രഹങ്ങളുണ്ടാക്കുവാനോ ക്ഷേത്രങ്ങളോ കെട്ടിടങ്ങളോ പണിയിക്കുവാനോ ആ കാട്ടുപ്രദേശത്തു യാ തൊരു സൗകര്യവുമുണ്ടായിരുന്നില്ല. സ്വാമി അതൊന്നും ആവശ്യപ്പെട്ടുമില്ല. നദിയുടെ കിഴക്കേത്തീരത്തുള്ള ഒരു പാറയെ പീഠമായി സങ്കല്പിച്ച് അതിന്മേല്‍ ഏതാണ്ട് ശിവലിംഗാകൃതിയില്‍ ആറ്റില്‍ക്കിടന്ന ഒരു ശിലാഖണ്ഡം എടുത്തു ഒരു ശിവരാത്രി ദിവസം പ്രതിഷ്ഠ നടത്താനാണ് സ്വാമിയുടെ ഭാവം എന്നറിയുകയും, അടുത്തുള്ള ജനങ്ങള്‍ തങ്ങളാല്‍ക്കഴിയുന്ന ചില ചെറിയ ഒരുക്കങ്ങള്‍ അതിനായി ചെയ്യുകയും ചെ യ്തു. പ്രതിഷ്ഠയുടെ സംഭാരമാ യി ഉണ്ടായിരുന്നത് കുറേ പുഷ്പങ്ങളും വിളക്കുകളും നാദസ്വരവായനയും മാത്രമായിരുന്നു. പീഠമായി സങ്കല്പിച്ചിരുന്ന പാറയുടെ മീതെ ഒരു ചെറിയ പന്തല്‍ കെട്ടിയിരുന്നു. അര്‍ദ്ധരാത്രിയോടുകൂടി സ്വാമി സ്നാനം ചെ യ്തു വന്ന്, അതിനകത്ത് കടന്ന്, പ്രതിഷ്ഠിക്കുവാനുള്ള ശിലയെ കയ്യിലെടുത്ത് ധ്യാനിച്ചുകൊണ്ട് രാത്രി മൂന്നുമ ണി വരെ ഒരേ നിലയില്‍ നിന്നു. സ്വാമിയുടെ തേജോമയമായ മുഖത്ത് ആ സ മയം അശ്രുധാരകള്‍ പ്രവഹിച്ചുകൊണ്ടിരുന്നു. കാണികള്‍ ഭക്തിപരവശരായി പഞ്ചാക്ഷര മന്ത്രം ഉച്ചത്തില്‍ ജപിച്ചു ഏക മനസ്സോടെ ചുറ്റും നി ന്നു. മൂന്നുമണിക്ക് സ്വാമി ശിലയെ പീഠത്തില്‍ പ്രതിഷ്ഠിച്ച് അഭിഷേകം ചെയ്തു.'
ശ്രീനാരായണഗുരുവിന്‍റെ ജീവിതത്തിലെ കര്‍മ്മകാണ്ഡം ആരംഭിക്കുന്നത് അരുവിപ്പുറം പ്രതിഷ്ഠ മുതലാകുന്നു. കേരളീയ ജീവിതത്തില്‍ പരിവര്‍ത്തനത്തിന്‍റെ ശംഖനാദം മുഴങ്ങുന്നതും ഇതോടുകൂടിയാണ്. നിശബ്ദമായി നിര്‍വഹിച്ച ഒരു പ്രതിഷ്ഠാകര്‍മ്മവുമായി പരിവര്‍ത്തനത്തിനെന്തു ബ ന്ധം? ഇങ്ങനെയൊരു ചോദ്യം ചിലരെങ്കിലും ഇവിടെ ഉന്നയിക്കാതിരിക്കയില്ല. ആ ചോദ്യത്തിന് ഉത്തരമായി ചി ല വസ്തുതകള്‍ ചൂണ്ടിക്കാണിക്കാന്‍ മാത്രമേ ഞാന്‍ മുതിരുന്നുള്ളൂ. ആദ്യമായി ചൂണ്ടിക്കാണിക്കേണ്ടത്, നിശബ്ദമായ ആ സംഭവം കേരളത്തിലെ ആ ഢ്യന്മാര്‍ക്കിടയില്‍ ഉളവാക്കിയ അമ്പരപ്പാണ്. 'ഈഴവന് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിക്കാന്‍ വിധിയില്ലല്ലോ. സനാതനമായ വിധിയെ ധിക്കരിച്ചുകൊണ്ട് ഇപ്രകാരമൊരു കര്‍മ്മം ചെയ്തത് വി ശുദ്ധാചാരലംഘനമല്ലേ?' കേരളീയ ജീവിതത്തെ ഭൗതികമായും ആത്മീയമായും നിയന്ത്രിച്ചവരില്‍ നിന്ന് പെ ട്ടെന്നുയര്‍ന്ന ഈ ചോദ്യത്തിന്‍റെ ഉറവിടം അമ്പരപ്പല്ലാതെ മറ്റൊന്നല്ല. അ തിന് ശ്രീനാരായണഗുരു നല്കിയ മറുപടിയാണ് തൊട്ടുപിന്നാലെ ഓര്‍മ്മിക്കേണ്ടത്. 'നാം ഈഴവ (നമ്മുടെ) ശി വനെയാണല്ലോ പ്രതിഷ്ഠിച്ചത്' എന്ന ആ മറുപടിയില്‍ അന്തര്‍ഭവിച്ചിരിക്കുന്ന സ്വാതന്ത്ര്യബോധം വ്യാഖ്യാനത്തിനപ്പുറം വ്യാപ്തിയുള്ളതാണ്. പാരമ്പര്യത്തിലൂടെ ദൃഢീഭവിച്ച ആചാരവിശ്വാസങ്ങളുടെ ലംഘനം സാഹസികമായ ഒരു കൃത്യമാണ്. ഇവിടെയാകട്ടെ 'തികച്ചും ലാഘവബുദ്ധിയോടെയാണ് അത് ചെ യ്തിരിക്കുന്നത്. ആ ലാഘവബുദ്ധിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മനോഭാവം നൈസര്‍ഗ്ഗികമായ സ്വാതന്ത്ര്യബോധത്തിന്‍റെ സീമാവിഹീനമായ കരുത്ത് മാ ത്രമാണ്. ആത്മീയശക്തി എന്നു പറയുന്നത് ഇതായിരിക്കാം. സമകാലിക യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയില്‍ നിന്നു ഭാസുരമായ ഭാവിയില്‍ ദൃഷ്ടിയുറപ്പിച്ചുകൊണ്ട്, മുന്നോട്ടു നീങ്ങാനുള്ള സഹജവാസനയും ഇവിടെ പ്രവര്‍ത്തിക്കുന്നതായി നാം അറിയുന്നു.
ജാതിഭേദവും മതദ്വേഷവുമില്ലാതെ മനുഷ്യരെല്ലാവരും സാഹോദര്യബുദ്ധിയോടുകൂടി ജീവിക്കുന്ന ഒരു ലോകമാണ് ആ ദര്‍ശനത്തിലുള്ളത്. തിരുവിതാംകൂര്‍ എന്ന ഭൂവിഭാഗത്തിലോ, ഈ ഴവജാതി എന്ന സമുദായവിഭാഗത്തി ലോ ഒതുങ്ങുന്നതല്ല ആ ദര്‍ശനം. ചരി ത്രത്തിന്‍റെ രഥം ഗംഭീരമായി ചലിപ്പിക്കുന്നതിന്‍റെ തുടക്കമായിരുന്നു അതെന്ന് തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ തെളിയിക്കുന്നു. അന്ധകാരത്തിന്‍റെ ആഴത്തില്‍ ക്ഷുദ്രജീവികളെപ്പോലെ അന്ധരായി കഴിഞ്ഞിരുന്ന അധഃസ്ഥിതരെ, ഒരു മഹാമാന്ത്രികന്‍റെ പിഞ്ചികാചാലനം കൊണ്ടെന്നപോലെ, അതു നൂറ്റാണ്ടുകളുടെ മോഹനിദ്രയില്‍ നിന്ന് ഉണര്‍ ത്തി. ഏതുരീതിയിലുള്ള പാരതന്ത്ര്യത്തിനെതിരായും പോരാടുന്നതിനുള്ള മന്ത്രമായിട്ടാണ് 'സംഘടിച്ചു ശക്തരാകുവിന്‍' എന്ന മുദ്രാവാക്യം ശ്രീനാരായണഗുരു മാനവരാശിക്ക് നല്കിയത്. പലരും ഇന്നു വ്യാഖ്യാനിച്ചു വരുന്നതിന്‍പ്രകാരം അതു സങ്കുചിതമായ ഈഴവ വര്‍ഗ്ഗീയത വളര്‍ത്തിയെടുക്കുന്നതിനുള്ള ആഹ്വാനമല്ല. സ്വന്തമായ സ്ഥാപിതതാല്പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനുവേണ്ടി ശ്രീനാരായണസൂക്തങ്ങള്‍ മുകളില്‍ സൂചിപ്പിച്ചതിന്‍ വിധം വികൃതമാക്കുന്നവര്‍ ആര്‍ഭാടമായി അരങ്ങുതകര്‍ക്കുന്ന ഇക്കാലത്ത് ഇക്കാര്യം ഊന്നിപ്പറയേണ്ടതാണെന്ന് ഞാന്‍ കരുതുന്നു.
ശ്രീനാരായണഗുരുവും കുമാരനാശാനും ജീവിച്ചിരുന്ന കാലത്തുതന്നെ ടി.കെ. നാരായണന്‍ എഴുതി പ്രസിദ്ധീകരിച്ച 'ബ്രഹ്മശ്രീ നാരായണഗുരുസ്വാ മി തൃപ്പാദങ്ങളുടെ ജീവിതചരിത്രസംഗ്രഹം' (1921) എന്ന ലഘുകൃതിയില്‍ പ്രസ്താവിച്ചിരിക്കുന്നത് നോക്കുക. 'അ രുവിപ്പുറം ക്ഷേത്രത്തോട് ചേര്‍ത്തു ഒരു സന്ന്യാസിമഠം സ്ഥാപിച്ച് അതുമൂലമായി ജനങ്ങളുടെ ഇടയില്‍ മതസംബന്ധമായ അറിവ് വര്‍ദ്ധിപ്പിക്കുകയും, ക്ഷേത്രങ്ങളില്‍ ഹിംസ മുതലായ അ കൃത്യങ്ങളെ തടുക്കുകയും ദുര്‍ ദ്ദേവതാരാധനകളെ ദൂരീകരിക്കുകയും സാത്വികമായ ആരാധനാക്രമങ്ങളെ പ്രചാരപ്പെടുത്തുകയും ചെയ്യണമെന്ന് സ്വാമി തീര്‍ച്ചയാക്കിയതായി അവിടുത്തെ പ്രവൃത്തികളില്‍ നിന്നും പ്രത്യക്ഷപ്പെട്ടു തുടങ്ങി. പറവൂര്‍ മുതല്‍ നെയ്യാറ്റിന്‍കര വരെ ഈഴവരുടെ പഴയ ദേവീക്ഷേത്രങ്ങളില്‍ പലതിലും നടന്നിരുന്ന ആട്, കോഴി മുതലായ ജന്തുക്കളെ ബലികൊടുക്കുന്ന അനാചാരം സ്വാമിയുടെ കല്പ ന അനുസരിച്ച് ജനങ്ങള്‍ പലസ്ഥല ത്തും വിട്ടുകളഞ്ഞിരിക്കുന്നു. ഹിംസയുടെയും ദുര്‍ദ്ദേവതാരാധനകളുടെയും ദോഷങ്ങളെപ്പറ്റി സ്വാമിതന്നെ സാരഗര്‍ഭങ്ങളായ പല ലഘുലേഖനങ്ങളും എഴുതി പ്രസംഗകന്മാരെ ഏല്പിച്ച് പരസ്യമായും മതപരിഷ്കരണ വിഷയത്തില്‍ പ്രസംഗങ്ങള്‍ നടത്തിച്ചിരുന്നു.' (ആ ലഘുലേഖനങ്ങളൊന്നും നമുക്ക് കിട്ടിയിട്ടില്ല. അവയൊക്കെയും സൂ ക്ഷിച്ചു വെയ്ക്കാന്‍ ആരും ശ്രദ്ധിക്കാ തെ പോയത് നിര്‍ഭാഗ്യമെന്നല്ലാതെ എന്തു പറയട്ടെ.)
അരുവിപ്പുറം പ്രതിഷ്ഠയുടെ പ്രാ ധാന്യം അശാസ്ത്രീയവും അന്ധവിശ്വാസജടിലവുമായ ആചാരങ്ങളോടുള്ള ധീരമായ ഒരു വെല്ലുവിളിയാണ് അത് എന്നുള്ളതാണ്. വിപ്ലവകരമായ സമൂഹപരിവര്‍ത്തനത്തിന്‍റെ നാന്ദികുറിക്കുന്ന ശംഖധ്വനിയായി അതിനെ കണക്കാക്കാം. ആ ഒരു പ്രതിഷ്ഠയിലൂടെ ഗുരുദേവന്‍ വരുത്തിത്തീര്‍ത്ത സമൂഹപരിവര്‍ത്തനത്തിന്‍റെ സ്വഭാവമെന്തായിരുന്നുവെന്ന് വ്യക്തമാക്കുന്ന ചില വാക്കുകള്‍ ഇവിടെ ഉദ്ധരിക്കട്ടെ.
'കാര്‍ഷികോല്പാദനരംഗ ത്തെ പ്രധാന കണ്ണി അന്ന് ഈഴവര്‍ തൊട്ടുള്ള അധഃകൃതരായിരുന്നു. ഉല്പാദനം അവരാണ് നടത്തിയിരുന്നത്. ചെറുകിട വ്യവസായങ്ങളില്‍ ഈഴവര്‍ ഏര്‍പ്പെട്ടിരുന്നു. വൈദ്യവൃത്തികൊണ്ടു മാന്യസ്ഥാനം നേടിയവര്‍ അവരില്‍ പലരും ഉണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും 'അന്ധകാരത്തിന്‍റെ ആഴത്തില്‍' ബന്ധനസ്ഥരായി അവര്‍ കേഴുന്നത് ഗുരു കണ്ടു. സമുദ്രത്തിലെ തിരമാലകളോട് ജീവന്‍ പണയം വെച്ച് പൊ രുതി ഉപജീവനമാര്‍ഗ്ഗം തേടുന്ന മുക്കുവന്‍ ബ്രാഹ്മണന്‍റെ 'ഹോയ്' വിളികേട്ടു പേടിച്ചോടുന്നതു കണ്ടു ഗുരു അത്ഭുതപ്പെട്ടു. ആത്മബോധരാഹിത്യമാണ് ഇതിനു കാരണമെന്നു ഗുരു മനസ്സിലാക്കി. ഇങ്ങനെ അജ്ഞതയില്‍ ആണ്ടുകിടന്നിരുന്ന ഒരു ജനതയുടെ ആത്മബോധത്തിന്‍റെ തിരികൊളുത്തലാണ് 1888 ലെ അരുവിപ്പുറം പ്രതിഷ്ഠ. ലളിതവും ശുദ്ധവും ശാന്തവുമായ ക്ഷേത്രപരിസരത്തെ പൂന്തോട്ടത്തില്‍ പൂക്കളുടെ സൗരഭ്യം നുകര്‍ന്ന് ശാന്തിയോടും സമാധാനത്തോടും കൂടി വന്നിരുന്നു, ഏകോദരസഹോദരങ്ങളെപ്പോലെ ലോകനന്മയ്ക്കുവേണ്ടി ജനങ്ങള്‍ കൂട്ടായി ചിന്തിക്കുന്നത് ഗുരു വിഭാവനം ചെയ്തു. ജാതിഭേദവും മതദ്വേഷവും തീണ്ടാത്ത അത്തരം മാതൃകാസ്ഥാപനങ്ങള്‍ നിര്‍മ്മിക്കാന്‍ ഗുരുമുന്‍കൈ എടുത്തു. ചുരുക്കത്തില്‍ മാ നവരാശിയുടെ മുഴുവന്‍ പൂര്‍ണ്ണത മു ന്നില്‍ കണ്ടുകൊണ്ടാണ് ഗുരു സ്വന്തം പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെ യ്തത്. (ഡോ. ടി. ഭാസ്കരന്‍, മുഖവുര- ശ്രീനാരായണഗുരുവിന്‍റെ സമ്പൂര്‍ണ്ണകൃതികള്‍)
ഒരു ജനതയുടെ ആത്മബോധത്തിനു തിരികൊളുത്തി എന്നതായിരുന്നു അരുവിപ്പുറം പ്രതിഷ്ഠയുടെ ഏറ്റവും ഉദാത്തവും ഭാവാത്മകവുമായ വശം. ബ്രാഹ്മണനോ അബ്രാഹ്മണനോ ആ യിക്കൊള്ളട്ടെ ആത്മസാക്ഷാത്കാരം നേടിക്കഴിഞ്ഞാല്‍ സമൂഹത്തിന് അ വരെ അംഗീകരിക്കാന്‍ തടസ്സമില്ല. ജാ തിയുടെയും മതത്തിന്‍റെയും വിലക്കുകള്‍ അവിടെ കൊഴിഞ്ഞുപോകുന്നു. അവരുടെ വാക്കുകള്‍ ആജ്ഞകളായി മാറുന്നു. അവരുടെ ജീവിതം ആദര്‍ശങ്ങളായി മാറുന്നു. അവരുടെ വാസസ്ഥാനം മാതൃകാസ്ഥാനമായും അംഗീകരിക്കപ്പെടുന്നു.