മതാന്ധതയൊഴിഞ്ഞ ഒരു ലോകം
സ്വാമി ഋതംഭരാനന്ദ
ചോദ്യം: സ്വാമിജീ, ഇന്നത്തെ ലോകം മതാന്ധതയുണ്ടാക്കുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതില്‍ പരാജയപ്പെടുകയാണോ?
ഉത്തരം: ഇതിനുത്തരം കണ്ടെത്തണമെങ്കില്‍ അല്പം വിശദീകരണം ആവശ്യമാണ്.
ഭാരതത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള വിഷയം മതമാണെന്നു കാണാനാവും. എന്തെന്നാല്‍ ഓരോ മനുഷ്യനും മതവുമായി അത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു. മതത്തില്‍ നിന്നും ഒരാളെ വിമുക്തമാക്കുകയെന്നത് ഒരാളെ അയാളില്‍ നിന്നു തന്നെ വേര്‍പ്പെടുത്താനാവാതിരിക്കുന്നതുപോലെ അസാധ്യമാണ്. ഒരു മതാനുയായി അയാള്‍ വിശ്വസിക്കുന്ന മതത്തിന്‍റെ തത്ത്വങ്ങളും ആചാരങ്ങളും ശരിയായ വിധത്തില്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇതില്‍ 'കുറവു' ണ്ടായാല്‍ ആ മതത്തില്‍ ഒരു അനുയായി ആയി തുടരുവാന്‍ അയാള്‍ക്ക് ധാര്‍മ്മികമായോ തത്ത്വപരമായോ അര്‍ഹതയുണ്ടായിരിക്കുന്നില്ല. അര്‍ഹതയില്ലാത്ത-അനുയായികളെന്ന് അഭിമാനിക്കുന്നവരുടെ പെരുപ്പമാണ് ഇന്നു ലോകവ്യാപകമായിത്തന്നെ മതങ്ങള്‍ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇതു പരിഹരിക്കപ്പെടണമെങ്കില്‍ വേണ്ടത്ര മതബോധം ഉണ്ടാക്കുന്ന മതപഠനങ്ങള്‍ സാര്‍വത്രികവും അനിവാര്യവുമാകണം.
ഒരു ശലഭം തേന്‍ നുകരുന്നത് ഒരു ചെടിയുടെ തണ്ടില്‍ നിന്നോ വേരില്‍ നിന്നോ ഇലയില്‍ നിന്നോ അല്ല. അതിലെ പുഷ്പത്തിന്‍റെ ഹൃദയതലമായിരിക്കുന്ന തേന്‍സംഭരണിയില്‍ നിന്നാണ്. ഈ ചെടിയുടെ മറ്റെല്ലാ അവയവങ്ങളും ബാഹ്യദൃഷ്ടിക്കു ഗോചരമാണെങ്കില്‍ അതിലെ തേന്‍ മാത്രം ദൃശ്യമാകാതെ മറഞ്ഞിരിക്കുകയാണ്. ഇതുപോലെ മതങ്ങളുടെ ആചാരപരമായ വൈശിഷ്ട്യങ്ങളെല്ലാം അതിലെ ബാഹ്യതലങ്ങളാണ്. ഇവയെ അറിയുകയും പിന്‍തുടരുകയും ചെയ്യുന്ന അനുയായികള്‍ ആ മതത്തിന്‍റെ ഹൃദയമായിരിക്കുന്ന തത്ത്വങ്ങളെ വേണ്ടവിധം അറിയുന്നില്ല. ഈ അവസ്ഥമൂലം ഒരാളിനു അയാളുടെ സ്വന്തം മതം പോലും വാസ്തവത്തില്‍ അന്യമായിരിക്കുന്നു. ഇങ്ങനെ സ്വന്തം മതം തന്നെ അന്യമായിരിക്കുന്ന ഒരാളിനു മറ്റു മതങ്ങളെക്കുറിച്ച് എന്തറിയുവാന്‍ കഴിയും. ഈ സങ്കീര്‍ണ്ണതയാണ് ലോകത്ത് മതങ്ങള്‍ തമ്മിലുള്ള പോരുകള്‍ക്ക് അവസരമൊരുക്കുന്നത്. മതപ്പോരുകള്‍ ഇല്ലാതായാല്‍ മാത്രമേ മതദ്വേഷമില്ലാത്തതായ ഒരു ലോകം യാഥാര്‍ത്ഥ്യമാവൂ. അതിനുവേണ്ടിയാണ് ശ്രീനാരായണഗുരുദേവന്‍ 1924 ല്‍ ലോകത്ത് രണ്ടാമത്തേതും ഏഷ്യയില്‍ ആദ്യത്തേതുമായ സര്‍വ്വമതസമ്മേളനം ആലുവാ അദ്വൈതാശ്രമത്തിന്‍റെ പുണ്യഭൂമിയില്‍ വിളിച്ചുകൂട്ടിയത്.
എല്ലാ മതങ്ങളുടെയും പ്രധാനതത്ത്വങ്ങള്‍ പ്രകാശിപ്പിക്കുന്ന സാരം ഏകമാണെന്ന് ലോകത്തിനു ബോധ്യമാക്കിക്കൊടുക്കുകയെന്നതായിരുന്നു സര്‍വ്വമതസമ്മേളനത്തിന്‍റെ ലക്ഷ്യമായിരുന്നത്. ഇങ്ങനെ എല്ലാ മതസാരങ്ങളും അവധാനതയോടെ അറിയുന്ന ഒരാളിന് ഒരു മതവും അന്യമായിത്തീരുകയില്ല. 'ആദ്ധ്യാത്മികമോക്ഷത്തിനു എല്ലാ മതങ്ങളും പര്യാപ്തമാണെ'ന്നു ഗുരുദേവന്‍ ശിവഗിരിയിലെത്തിയ മഹാത്മജിക്ക് വ്യക്തമാക്കിക്കൊടുത്തതും ഈ സന്ദര്‍ഭത്തില്‍ പ്രസക്തമാണ്. അരുവിപ്പുറം സന്ദേശവും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.
88 വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്ന സര്‍വ്വമതസമ്മേളനത്തില്‍ ഗുരുദേവന്‍റെ നിര്‍ദ്ദേശാനുസരണം തയ്യാറാക്കി ദിവ്യശ്രീ സത്യവ്രതസ്വാമികള്‍ നടത്തിയ സ്വാഗതപ്രസംഗം ഗുരുദേവന്‍റെ മതദര്‍ശനത്തിന്‍റെ വെളിപാടുകളായി ശോഭിക്കുന്നവയാണ്. ഇന്നത്തെയും എന്നത്തെയും മതാചാര്യന്മാര്‍ അറിയേണ്ടതും അറിയിക്കേണ്ടതുമായ മതബോധത്തിന്‍റെ ഏറ്റവും പ്രകാശമാനമായ ഒരു സംഹിതയാണു ഈ സ്വാഗതപ്രസംഗം. ഈ പ്രസംഗത്തിന്‍റെ അവസാനഭാഗം നോക്കുക: 'എല്ലാ മതങ്ങളും എല്ലാവര്‍ക്കും പഠിക്കുവാനുള്ള സ്ഥാപനങ്ങളെയുണ്ടാക്കുകയും ഓരോ മതത്തിലും പ്രത്യേക വിദഗ്ദ്ധതയുള്ളവരെ അതാതു മതം വെളിപ്പെടുത്തുന്ന അദ്ധ്യാത്മതത്ത്വങ്ങളെയും മുക്തിമാര്‍ഗ്ഗത്തെയും വിശദീകരിച്ചുകൊടുക്കുന്ന ഉപദേഷ്ടാക്കന്മാരായി നിയോഗിക്കുകയും വേണം.'
ഈ ഉദ്ബോധനത്തിന്‍റെ പ്രായോഗികപരതയിലാണ് മതപ്പോരില്ലാത്ത ഒരു സമൂഹവും ലോകവും പിറവികൊള്ളുക. ഗുരുദേവന്‍റെ മതദര്‍ശനം മാത്രമാണ് അതിലേക്കുള്ള ഏകമാര്‍ഗ്ഗം. ഈ പരമാര്‍ത്ഥമറിഞ്ഞ് ഓരോ മതാനുയായിയും യഥാര്‍ത്ഥ അനുയായി ആയിത്തീരുന്നതിനു വഴിയൊരുക്കുവാനുള്ള കൂട്ടായശ്രമം ലോകവ്യാപകമായി ഉണ്ടായാല്‍ മതാന്ധതയൊഴിഞ്ഞ ഒരു ലോകം നമുക്ക് സാക്ഷാത്ക്കരിക്കാനാവും . അതാണു ഗുരു വിഭാവനം ചെയ്ത 'സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാലോകം' .