ആത്മബോധത്തിന്‍റെ പ്രതിഷ്ഠ
സ്വാമി പ്രകാശാനന്ദ
മനുഷ്യന്‍ മനുഷ്യനെ മനുഷ്യനായി തിരിച്ചറിയാതിരിക്കുന്ന അവസ്ഥയിലാണു വിവേചനങ്ങളും അസമത്വങ്ങളുമുണ്ടാകുന്നത്. എല്ലാ മനുഷ്യരുടെയും ബാഹ്യപ്രകൃതിയും ആന്തരികപ്രകൃതിയും സാമാന്യമായി ഒന്നുതന്നെയാകയാല്‍ മനുഷ്യര്‍ തമ്മില്‍ ഭേദങ്ങളില്ല. മനുഷ്യന്‍റെ ആകൃതിയും ലക്ഷണവും ഗന്ധവും ഘടനയും ശാസ്ത്രീയമായും ജീവശാസ്ത്രപരമായും വെളിപ്പെടുത്തിക്കൊണ്ട് 'ജാതിലക്ഷണം' എന്ന കൃതിയിലൂടെ ഗുരുദേവന്‍ വെളിപ്പെടുത്തുന്നത് ഈ സത്യമാണ്. എല്ലാ മനുഷ്യരും സൃഷ്ടമായിട്ടുള്ളത് ഒരേ സാമഗ്രികളാലാണ്. അതിനാല്‍ സമന്മാരായ മനുഷ്യരെ ജാതിഭേദങ്ങളും വിവേചനങ്ങളും കല്പിച്ച് പല തട്ടുകളായി തിരിച്ചത് സ്വാര്‍ത്ഥമതികളായ ഒരു വിഭാഗം മനുഷ്യര്‍ തന്നെയാണ്. മഹാഭൂരിപക്ഷം വരുന്ന ജനസമൂഹത്തെ അധാര്‍മ്മികമായ അധികാരശക്തിയിലൂടെ, ആര്‍ക്കും ചോദ്യം ചെയ്യാനാവാത്തവിധം അടിമപ്പെടുത്തി അനേകനൂറ്റാണ്ടുകളായി ചൂഷണവിധേയമാക്കിക്കൊണ്ടിരുന്ന ജാതിവ്യവസ്ഥയാലാണ് കേരളമൊരു ഭ്രാന്താലയമായത്. ഈ ജാതിവിവേചനങ്ങളില്‍ നിന്നും അതുണ്ടാക്കിയ ഏറ്റവും ഹീനമായ സാമൂഹ്യതിന്മകളില്‍ നിന്നും മാനവസമൂഹത്തെ മോചിപ്പിക്കുകയെന്ന ചരിത്രദൗത്യത്തിനു അരുവിപ്പുറം പ്രതിഷ്ഠയിലൂടെ ഗുരു തുടക്കം കുറിച്ചു.
അതുകൊണ്ടുതന്നെ അരുവിപ്പുറം പ്രതിഷ്ഠ കേവലമൊരു ക്ഷേത്രപ്രതിഷ്ഠ മാത്രമല്ല. ആത്യന്തികമായി അത് സാമൂഹ്യനവോത്ഥാനത്തിന്‍റെയും ആത്മബോധത്തിന്‍റെയും പ്രതിഷ്ഠയാണ്. ആത്മബോധമില്ലാത്തവന്‍ കൂരിരുട്ടിലകപ്പെട്ടവനെപ്പോലെയാണ്. കണ്ണുകള്‍ തുറന്നിരുന്നാലും പുറംലോകത്തിന്‍റെ ദൃശ്യം അവന്‍റെ കണ്ണുകളില്‍ പതിയുകയില്ല. കണ്ണുണ്ടായിട്ടും കാണാതിരിക്കുന്നവനെക്കാള്‍ നിസ്സഹായനായി മറ്റാരുമില്ല. അവന്‍റെ ജീവിതമാകെ ഇരുട്ടുകൊണ്ടു മറയപ്പെട്ടിരിക്കുകയാണ്. ഈ ഇരുളില്‍ നിന്നും മോചനം ലഭിക്കാതെ മനുഷ്യനു സ്വാതന്ത്ര്യമോ ശാന്തിയോ ഉണ്ടാകുന്നതല്ല. ഇങ്ങനെ മഹിതമായ ജീവിതത്തിന്‍റെ മാര്‍ഗ്ഗവും ലക്ഷ്യവും മറയപ്പെ ട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നും മനുഷ്യനെയും സമൂഹത്തെയും ആത്മബോധത്തിന്‍റെ പ്രകാശലോകത്തേക്ക് നയിക്കുവാനാണ് ഗുരുദേവന്‍ 1888 ല്‍ അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തിയത്. ആത്മബോധത്തിന്‍റെ പ്രകാശവും സാമൂഹ്യനവോത്ഥാനത്തിന്‍റെ പ്രവാഹവും ഒന്നിക്കുന്നു എന്നതാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ കാലാതീതമായ പ്രസക്തിയും മാഹാത്മ്യവും.
മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത് എന്തൊക്കെയോ അതിന്‍റെയെല്ലാം ഉന്മൂലനമാണ് അരുവിപ്പുറം പ്രതിഷ്ഠയുടെ സന്ദേശം. ഈ സന്ദേശം വെളിവാക്കുന്ന മൗലികവും സനാതനവുമായ സത്യത്തെ ഉള്‍ക്കൊള്ളുവാനും സാക്ഷാത്കരിക്കുവാനും 124 സംവത്സരങ്ങള്‍ കഴിഞ്ഞിട്ടും കേരളീയസമൂഹത്തിനു പോലും പൂര്‍ണ്ണമായും കഴിഞ്ഞിട്ടില്ല. ഭൗതികമായ നേട്ടങ്ങളിലൂടെ താല്ക്കാലിക സുഖഭോഗങ്ങള്‍ക്കായി തിടുക്കപ്പെടുന്ന ഒരു ആധുനികസമൂഹം ശക്തിപ്പെട്ടു വരുന്നത് ഇതിനു ദൃഷ്ടാന്തമാണ്. ജീവിതത്തില്‍ മറ്റു പലതുമായിത്തീരാനാഗ്രഹിക്കുന്ന മനുഷ്യന്‍, ഒരു യഥാര്‍ത്ഥ മനുഷ്യനായിത്തീരാന്‍ മാത്രം ആഗ്രഹിക്കുന്നില്ലെന്നത് വലിയ ആശങ്കയുയര്‍ത്തുന്നതാണ്. ഈ ആശങ്കയിലകപ്പെട്ട അശാന്തചിത്തമായ ഒരു ലോകമല്ല മാനവസമൂഹത്തിനു വേണ്ടത്. ശാന്തചിത്തമായ എല്ലാവരും സോദരത്വേന വാഴുന്ന ഒരു മാതൃകാലോകമാണാവശ്യം. അതിനു ആത്മബോധവും നവോത്ഥാനശ്രമവും ഉണ്ടാകേണ്ടതുണ്ട്. അതുണ്ടാകാന്‍ ഗുരുദേവന്‍ അരുവിപ്പുറത്ത് തെളിച്ച തിരിയുടെ പ്രകാശം കൊണ്ട് നമ്മുടെ ഹൃദയങ്ങള്‍ നിറയണം. അത്തരമൊരു അനുഭവതലത്തിലേക്കുയരുവാന്‍ അരുവിപ്പുറം പ്രതിഷ്ഠാവാര്‍ഷികാഘോഷങ്ങള്‍ പ്രചോദനമായിത്തീരട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു.